ശരീരം
ശരീരം
ശരീരം ജനനം മുതൽ മരണം വരെ ജീവൻ താങ്ങുന്ന യന്ത്രം. പിന്നെ എന്തിന് ഞാനവന്റെ ഭീഷണിക്ക് വഴങ്ങണം ... എന്റെ ശരീരം എന്റെ ജീവനെ താങ്ങുന്ന യന്ത്രം ... എന്റെ ശരീരം എന്റെതു മാത്രം ... അവൾ ഫോൺ എടുത്തു അതിലെ ഫോട്ടോകൾ ഓരോന്നായി നോക്കി, ഇപ്പോൾ അവൾക്ക് ഭയമില്ല... ഇന്നലെ വരെ ജീവൻ ശരീരത്തിൽ നിന്നും വേർപെടുത്തണമെന്നു ചിന്തിച്ചു നടക്കുകയായിരുന്നു. പക്ഷെ ഇന്ന് അവളിൽ വല്ലാത്തൊരു ധൈര്യം വന്നിരിക്കുന്നു. അവളുടെ ശിരസിന്റെ താഴെ മറ്റാരുടേയോ ശരീരം, ആ ശരീരവും ഒരു സ്ത്രീയുടെ തന്നെയാണ്.
അവൾ ആ ഫോണിലുടെ തന്നെ സമൂഹത്തെ അറിയിച്ചു. എന്റെ പേര് സ്ത്രീ, പത്തു മാസം വയറ്റിൽ ചുമന്ന് പ്രാണൻ പോകുന്ന വേദനയോടെ നിങ്ങളെ പ്രസവിച്ചവളും സ്ത്രീ, നീ പിറന്ന വഴിയേ വന്ന നിന്റെ പെങ്ങളും സ്ത്രീ. നിന്റെ കുഞ്ഞുങ്ങളെ പ്രാണവേദനയോടെ പ്രസവിച്ച നിന്റെ ഭാര്യയും സ്ത്രീ... നിന്റെ ചോരയിൽ ജനിച്ച നിന്റെ പ്രിയപ്പെട്ട മകളും ഒരു സ്ത്രീ തന്നെയാണ്... എന്റെ തലയുടെ കീഴയുള്ള യന്ത്രത്തെ കണ്ട് നിങ്ങൾ ആസ്വദിക്കുന്നില്ലേ .... ഒന്നു സങ്കൽപിച്ചു നോക്കു... യന്ത്രമെന്ന നഗ്ന ശരീരത്തിൻ മേലെ ഇരിക്കുന്നത് നിങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ തലയാണെങ്കിൽ ഇത്രയും ആസ്വദിച്ചു കാണുമോ? നിനക്ക് ഈ ഭൂമിയിലേക്ക് വരാനുള്ള ഒരു വഴിയും, എന്തെന്നറിയാത്ത പ്രായത്തിൽ നിന്റെ വിശപ്പടക്കുവാൻ നൽകിയ മുലപ്പാലുമടങ്ങുന്നതാണ് ഒരു സ്ത്രീ ശരീരം... നിനക്കു വേണ്ടി സ്ത്രീകൾ സംരക്ഷിക്കുന്ന യന്ത്രമാണ് അവളുടെ ശരീരം... ആ ശരീരത്തെ ബഹുമാനിക്കണം ... അല്ലാത്തപക്ഷം നിന്റെ വീട്ടിലെ സ്ത്രീകളുടെ ശിരസിന്റെ കീഴേ നീ എനിക്കായി നൽകിയ ഈ ശരീരത്തെ നൽകൂ...
ഇത്രയും പറഞ്ഞ് അവൾ ഫോൺ താഴെ വച്ചു... കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു അഭിമാനത്തോടെ പറഞ്ഞു. ഞാൻ സ്ത്രീ ,ഈ ശരീരമെന്ന യന്ത്രം എന്റെ മരണം വരെ സംരക്ഷിക്കും.