സ്വപ്നം
സ്വപ്നം


ഒരിക്കൽ ഞനൊരു സ്വപ്നം കണ്ടു, എന്റെ സ്വപ്നത്തിൽ എന്റെ പ്രിയപ്പെട്ടവരെ ഞാൻ കണ്ടു, അവരുടെ അടുക്കൽ എത്താൻ ഞാൻ വഴിതേടി... അതിനിടയിൽ അവർക്കിടയിലെ സന്തോഷവും ദു:ഖങ്ങളും ആഹ്‌ളാദ പ്രകടനങ്ങളും സ്നേഹവും ദേഷ്യവും ഒരിമിച്ചു ചേരലും വിരഹവും എല്ലാം ഞാൻ കണ്ടു കൊണ്ടിരുന്നു. പക്ഷെ ഞാൻ മാത്രം ആ സ്വപ്നത്തിൽ ഒരു പ്രേക്ഷകയായി ഇരുന്നു.എല്ലാവരും ഇടയ്ക്ക് എന്നെക്കുറിച്ച് പറയുന്നുണ്ട്, എന്നാൽ ആരും എന്നെ വിളിക്കുന്നില്ല ... എന്താ എന്നെ ആരും വിളിക്കാത്തെ, ഞാനും ആ കുടുംബത്തിലെ അംഗം തന്നെയല്ലേ? അങ്ങനെ വിഷമിച്ചു ഞാൻ ഇരുന്നു... എന്റെ സ്വപ്നത്തിൽ നിന്നും ഉണരണമെന്നു ഞാൻ ആഗ്രഹിച്ചു.
... പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേട്ടു... ''അമ്മേ... അമ്മേ... എനിച്ചെന്റ അമ്മേ കാണണം. അമ്മ, എന്നിച്ചെന്നാ പാപ്പ തരാത്തെ കുളിപ്പിച്ചത്തെന്താ അമ്മ എവിടെ? അമ്മേ വാ... അമ്മേ, അമ്മേ..." ആ വിളി കേട്ട് ഞാൻ അവിടേക്ക് നോക്കി, എന്റെ മിഴികൾ അറിയാതെ നിറഞ്ഞു കവിഞ്ഞു. എന്റെ മകൻ അവൻ എന്നെ വിളിച്ചു കരയുന്നു... എനിക്ക് അവന്റെ അരികിലെത്തണം പക്ഷെ വഴിയൊന്നും കാണുന്നില്ല. അവനെ ആരും ശ്രദ്ധിക്കുന്നില്ല, ആശ്വസിപ്പിക്കുന്നില്ല... എന്റെ മനസ് വേദന കൊണ്ട് നിറഞ്ഞു ... അപ്പോഴാണ് ഞാൻ ഓർത്തത് ഇതു വെറും സ്വപ്നമാണെന്ന്, പക്ഷെ എനിക്ക് ആ സ്വപ്നം കണ്ടു നിൽക്കാനായില്ല.
പതുക്കെ സ്വപ്നത്തിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. ഞെരിപിരിഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു, ഉണരാൻ കഴിയുന്നില്ല ദൈവമേ... എനിക്ക് എന്റെ ശരീരത്തെ ചലിപ്പിക്കാൻ കഴിയുന്നില്ല ... എനിക്കെന്തുപ്പറ്റി? ഇത് സ്വപ്നമല്ലേ! ഈ സ്വപ്നത്തിൽ നിന്നും എനിക്ക് ഉണരാൻ സാധിക്കുന്നില്ല ... കുഞ്ഞിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇത് സ്വപ്നമല്ലെങ്കിൽ എനിക്ക് കുഞ്ഞിന്റെ അടുത്തെത്തണം. ഞാൻ സർവ്വ ശക്തിയോടെ അവിടേക്ക് പോകാൻ ശ്രമിച്ചു, കഴിയുന്നില്ല ...
ഈശ്വരാ? എനിക്കെന്തു സംഭവിച്ചു? എന്നെക്കൊണ്ട് ഒന്നിനും സാധിക്കുന്നില്ല. എനിക്കെന്റെ മകന്റെ അടുത്തെത്തണം ... എനിക്കെന്റെ മകന്റെ അടുത്തെത്തണം ഈശ്വരാ... പെട്ടെന്ന് എന്റെ അടുത്തേക്ക് ഒരാൾ വന്നു. അയാൾ പറഞ്ഞു: "നീ എന്തിനാണു സങ്കടപ്പെടുന്നേ, അതിന്റെ ആവിശ്യം ഇനി നിന്നക്കില്ല. നീ ഇപ്പോൾ ജീവിതം എന്ന വിപഞ്ചികയിൽ നിന്നും മുക്തയായിരിക്കുന്നു ... " ഞാൻ കണ്ട സ്വപ്നം അതൊരു സത്യമായിരുന്നു...! മരണമെന്ന സത്യം. പക്ഷെ ജീവിതം വെറും മിഥ്യയായിരുന്നു... യാഥാർഥ്യം മരണമെന്ന സത്യത്തെ തിരിച്ചറിയിച്ച സ്വപ്നം.