Haritha Arun

Drama Inspirational

4.0  

Haritha Arun

Drama Inspirational

പ്രതീക്ഷ

പ്രതീക്ഷ

2 mins
959


അമ്മയുടെ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ജീവയ്ക്കു കഴിഞ്ഞില്ല. അവൻ അമ്മയുടെ മുന്നിൽ നിന്നു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. അമ്മ അവനോട് പറഞ്ഞു: ''അയ്യേ എന്റെ കുഞ്ഞിന് ഇപ്പോ എത്രയാ പ്രായം, വയസ്സ് പതിനെട്ടായി ഇപ്പഴും കുഞ്ഞാണന്നാ വിചാരം? എന്താ എന്റെ മോന് എന്തു വിഷമമുണ്ടെങ്കിലും അമ്മയോട് പറയടാ... ഇനി എന്ത് വിഷമമാണേലും എന്നെ കൊണ്ട് പരിഹരിക്കാൻ കഴിയുമെങ്കിലും ഇല്ലെങ്കിലും ഈ അമ്മയോട് പറയൂ മേനേ... എന്താ നിന്റെ വിഷമത്തിനു കാരണം?"


ജീവ പതിയെ കണ്ണുനീർ തുടച്ചു. അമ്മയോട് പറയാൻ ആദ്യം മടി കാണിച്ചെങ്കിലും അവൻ പതിയെ പറയാൻ തുടങ്ങി: "അമ്മേ... അമ്മ എന്നോട് പലതവണ ചോദിച്ചിട്ടില്ലേ ഞാൻ ആരോടാ ഫോണിൽ ഇത്രയ്ക്കു സംസാരിക്കുന്നതെന്ന്...? പലതവണ ഞാൻ അമ്മയോട് നുണ പറഞ്ഞു, യഥാർത്ഥത്തിൽ ഞാൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു".

ജീവയുടെ വാക്കുകൾ കേട്ട് അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: "എടാ മോനേ അമ്മയ്ക്കറിയാമെടാ ഇതൊക്കെ... ഒരമ്മയ്ക്ക് തന്റെ മക്കളുടെ മനസ്സു വായിച്ചെടുക്കാൻ എളുപ്പമാണ് . നീ എന്നോട് എല്ലാം തുന്നു പറയുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ഇടറാതെ നിന്റെ വിഷമത്തിന്റെ കാരണം പറയെടാ...

ജീവ പൊട്ടി കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു: "അമ്മേ അവളെന്നെ തേച്ചു...."

ഇതു കേട്ട് ചിരിച്ച് കൊണ്ട് അമ്മ ജീവയെ നോക്കി പറഞ്ഞു :" തേച്ചുവോ അതിനു നീ എന്താടാ തുണിയാണോ ...?"

ജീവയ്ക്ക് പെട്ടെന്ന് അരിശം വന്നു. അവൻ കരച്ചിൽ നിർത്തിയിട്ട് അമ്മയോട് പറഞ്ഞു: " അയ്യോ അമ്മേ തേച്ചു എന്ന് പറഞ്ഞാ അവളെന്നെ ചതിച്ചു... അവളുടെ അച്ഛനെയും അമ്മയേയും അവൾക്കു വിഷമിപ്പിക്കാൻ കഴിയില്ല എന്നു എന്നോട് പറഞ്ഞു... മാത്രവുമല്ല അവൾക്ക് ഇനി ഞാനുമായി ഒരു ബന്ധവും ഇല്ലെന്നും പറഞ്ഞു... ഞാൻ എന്റെ ജീവനേക്കാൾ ഏറെ അവളെ സ്നേഹിച്ചു... പക്ഷെ അവളെന്നെ ചതിച്ചു.... എനിക്കീ വിഷമം താങ്ങാൻ കഴിയുന്നില്ല അമ്മേ...."


അമ്മ പുഞ്ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു:"എടാ മോനേ അവൾ നിന്നെ എങ്ങനെ ചതിച്ചു എന്നാ ഈ പറയുന്നത്... ?അവൾക്ക് അവളുടെ അച്ഛനേയും അമ്മയേയും വിഷമിപ്പിക്കാൻ കഴിയില്ല എന്നു പറയുന്നതാണോ ചതി...? അവൾ അവളുടെ അച്ഛനേയും അമ്മയേയും അത്ര മാത്രം സ്നേഹിക്കുന്നുണ്ട്. നീ അവളുടെ പുറകെ നടന്ന് സ്നേഹം പിടിച്ചു വാങ്ങിച്ചപ്പോൾ തന്നെ സ്നേഹം കൊടുത്ത് വളർത്തിയ അച്ഛനേയും അമ്മയെയും വിഷമിപ്പിക്കാത്തതാണോ അവളുടെ ചതി... ഒരിക്കലും അല്ല മോനേ അവൾ നല്ലൊരു ഹൃദയത്തിനുടമയാ... നീ ഇവിടെ നിന്നു വിഷമിക്കുന്നതിന്റെ ആയിരം ഇരട്ടി അവൾ അവിടെ നിന്നും അനുഭവിക്കുന്നുണ്ടാകും..."

ജീവ പെട്ടെന്ന് അമ്മയോട് പറഞ്ഞു: ''ഇല്ല. അവൾ ചതിച്ചതാണ് എന്നെ ഒഴിവാക്കി അങ്ങനെ അവൾ ജീവിക്കണ്ട.... അവളെ ഞാൻ കൊല്ലും... എന്നിട്ട് ഞാനും ചാവും ..."


പെട്ടെന്ന് ജീവയുടെ കരണത്തിൽ ശക്തമായി അമ്മയുടെ കൈപ്പത്തി പതിഞ്ഞു .... പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ സകലതും മറന്നവൻ കരണം തടവി നിന്നു പോയി..., അമ്മ നേരെ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളവുമായി അവന്റെ അരികിലേക്ക് വന്നു.

അമ്മ അവനോട് പറഞ്ഞു:"മോൻ ഈ വെള്ളം കുടിക്ക്, എന്നിട്ട് സമാധാനമായി കുറച്ചു നേരം അമ്മയുടെ അടുത്തിരിക്കണം. മനസ്സിലായോ നിനക്ക് ?"

ജീവ വായും പൊത്തി അനുസരണയോടെ അമ്മയുടെ അടുത്തിരുന്നു...


അമ്മ ജീവയോട് പറഞ്ഞു:" എടാ മോനേ നിന്റെ പ്രായത്തിലുള്ള മിക്ക കുട്ടികൾക്കും അറിഞ്ഞു കൂടാത്ത ഒരു സത്യമാണ് പ്രണയം.... പ്രണയം എന്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ കൊല്ലുമെന്നും, ജീവനെടുക്കും എന്നുള്ള വാചകങ്ങൾ നിന്റെ വായിൽ നിന്നും വീഴില്ലായിരുന്നു.... അങ്ങനെയുള്ള വാചകം നിന്റെ വായിൽ നിന്നു വീഴുമ്പോഴെ മനസ്സിലാക്കാം നിനക്ക് ആ പെൺകുട്ടിയോട് തോന്നിയത് പ്രണയമല്ല മറിച്ച് ഈ പ്രായത്തിലുണ്ടാകുന്ന ഒരു കൗതുകം മാത്രമാണെന്ന്... നീ അവളുടെ ശരീരത്ത സ്നേഹിച്ചതുകൊണ്ടാണ് അവളെ കൊല്ലണമെന്ന ചിന്ത നിന്നിലുണ്ടായത്... യഥാർത്ഥത്തിൽ അവളല്ല നീയാണ് അവളോട് പ്രണയമില്ലെന്ന് തെളിയിച്ചിരിക്കുന്നത്...


മോനേ യഥാർത്ഥ പ്രണയം എന്താണെന്നറിയാൻ നീ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. പ്രണയം എന്നത് കൊല്ലാനും ചാവാനുമുള്ള ആയുധമല്ല... അത് ഒരു പ്രതീക്ഷയാണ് എനിക്ക് നീയും നിനക്കു ഞാനും താങ്ങായി തണലായി ഉണ്ടാകുമെന്ന പ്രതീക്ഷ... ആ പ്രതീക്ഷയിലാണ് യഥാർത്ഥ പ്രണയം ജീവിക്കുന്നത്... മരണത്തിനു പോലും പ്രണയമെന്ന പ്രതീക്ഷയെ തളർത്താൻ കഴിയില്ല.... നമ്മൾ പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് നമ്മുടെ കൗതുകം തീരുമ്പോൾ വരെ ആയുസുള്ളു... യഥാർത്ഥ സ്നേഹം നമ്മെ തേടി വരും. ആ സ്നേഹം നമ്മുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നു... അവൾക്ക് നിന്നോടുള്ള പ്രണയം സത്യമാണെങ്കിൽ അവൾ നിന്നെ തേടി വരും, മറിച്ചാണെങ്കിൽ നിന്നെ തേടി ഒരു നാൾ ഒരുവൾ വരും. അവളിൽ നീ യഥാർത്ഥ പ്രണയം തിരിച്ചറിയും. അതുവരെ പ്രതീക്ഷയോടെ കാത്തിരിക്കൂ..."


Rate this content
Log in

Similar malayalam story from Drama