ആത്മാവിൻ്റെ വ്യഥകൾ
ആത്മാവിൻ്റെ വ്യഥകൾ
കാലം കരുതി വയ്ക്കുന്ന മാറ്റമില്ലാത്ത സത്യം മരണം. വിധുവിന്റെ അരികിൽ മാറ്റമില്ലാത്ത ആ സത്യം കടന്നു വന്നിരിക്കുന്നു. ഇന്നലെ തല ചായ്ച്ചുറങ്ങുമ്പോൾ ഈ സത്യം അവളെ തേടി വരുമെന്ന് അവൾ പ്രതീക്ഷിച്ചു കാണില്ലായിരിക്കാം... ഒന്നും ഇപ്പോൾ അവൾക്ക് അറിയാൻ കഴിയുന്നില്ല, അനുഭവിക്കാൻ കഴിയുന്നില്ല... പഞ്ചേന്ദ്രിയങ്ങളുടെ സ്വാധീനം തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അവൾ അറിയുന്നില്ല. തന്റെ ഭാരം അറിയിച്ചിരുന്ന തന്റെ ശരീരം ഇപ്പോൾ തന്നോടുകൂടെയില്ലെന്ന് അവൾ അറിയുന്നില്ല... ഒരു ഭാരവും താങ്ങാൻ കഴിയാത്ത വെറുമൊരു ആത്മാവ് മാത്രമാണവൾ. തന്റെ ജീവിതം എന്തായിരുന്നുവെന്നോ, എന്തായി തീർന്നന്നോ അറിയാൻ കഴിയാത്ത വെറുമൊരു ആത്മാവ്...
(രണ്ടു ദിനത്തിനു മുൻപ് )
വിധു തന്റെ ഉദരത്തിലെ പൊന്നോമനയോട് വാത്സല്യത്തോടെ പറഞ്ഞു. " നാളെ എന്റെ പൊന്നോമനയുടെ മുഖം ഈ അമ്മ കാണും...എന്റെ കുഞ്ഞാവ വരാൻ അമ്മ എത്ര ദിവസമായി കാത്തിരിക്കുന്നു."
ഓപ്പറേഷൻ ടീയറ്ററിലേക്ക് കൊണ്ടു പോകുമ്പോൾ അവളുടെ മനസ്സു നിറയെ തന്റെ കുഞ്ഞാവയുടെ ചിന്തകളായിരുന്നു. പതിയെ പതിയെ ചിന്തകൾ പുറകിലോട്ടു നീങ്ങി തുടങ്ങി. വിധു തന്റെ അമ്മയെക്കുറിച്ച് ഓർക്കാൻ തുടങ്ങി... എന്തു കരുതലോടെയാ അമ്മ തന്നെ വളർത്തിയത് എന്നവൾ ചിന്തിച്ചു... അമ്മ അവളെ താലോലിച്ചതും, ശിക്ഷിച്ചതും അവളുമായി വഴക്കിട്ടതും, ഉപദേശിച്ചതും, ആർത്തവമറിയച്ചതിനു ശേഷം അവളെ കൂടുതൽ കരുതലോടെ വളർത്തിയതും, ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാൻ അമ്മയെ വേദനിപ്പിച്ചതും...
അവസാനം തന്റെ പേര കുട്ടിയെ താലോലിക്കാൻ നൂറിരട്ടി സ്നേഹത്തോടെ ഓടി എത്തിയിരിക്കുകയാണ്...
വിധുവിന്റെ മനസ്സിൽ തന്റെ പ്രിയന്റെ ചിന്തകൾ കടന്നു വന്നു. തന്നെ സ്നേഹിക്കാൻ ഇതിൽ കൂടുതൽ ആർക്കും കഴിയില്ല. അവളുടെ മനസ്സു നിറയെ തന്റെ പ്രിയന്റെ ജീവനെ താങ്ങുന്നതിന്റെ അഭിമാനമായിരുന്നു.
ഓപ്പറേഷൻ ടീയറ്ററിലെ ബെഡിൽ അവളെ പതിയെ കിടത്തി... പതിയെ പതിയെ അവളുടെ കണ്ണുകൾ മയക്കത്തിലേക്ക് വീണു... അവൾക്കൊരു പെൺകുഞ്ഞ് ജനിച്ചു... അവളുടെ ഭർത്താവ് കുഞ്ഞിനെ ഏറ്റുവാങ്ങി... അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി... അയാൾ കുഞ്ഞിനെ വിധുവിന്റെ അമ്മയെ കാണിച്ചു... കുഞ്ഞിനെ കണ്ടതും വിധുവിന്റെ അമ്മ മാറോട് ചേർത്തു പിടിച്ചു...
വിധുവിനെ കാണാൻ രണ്ടുപേരും ആഗ്രഹിച്ചു... 'പക്ഷെ ഇന്നൊരു ദിവസം കഴിഞ്ഞേ കാണാൻ കഴിയത്തുള്ളൂ' എന്ന് നേഴ്സ് അവരോട് പറഞ്ഞു. പക്ഷെ അടുത്ത ദിവസം കഴിഞ്ഞ് അവർ കണ്ടത് ജീവനറ്റ ശരീരവുമായി കിടക്കുന്ന വിധുവിനെയാണ്...! തന്റെ പിഞ്ചു കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണാൻ കഴിയാതെ, തന്റെ ഇഷ്ട പ്രാണേശ്വരനെയും,സ്നേഹനിധിയായ അമ്മയേയും കാണാതെ അവൾ യാത്രയായി... ഓർമകളില്ലാത്ത, ഭാരങ്ങളില്ലാത്ത, സ്നേഹിക്കാൻ ആരുമില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി, ഭാരമില്ലാത്ത അവളുടെ ആത്മാവിന് ഇപ്പോൾ അവൾ ആരായിരുന്നു എന്ന് അറിയില്ല. ആരൊക്കെ ഉണ്ടായിരുന്നു എന്നറിയില്ല, എവിടെ ജീവിച്ചിരുന്നു എന്നറിയില്ല. സ്നേഹവും ദേഷ്യവും പ്രതികാരവും അനുകമ്പയും, ചതിയും നേരും കാപട്യവും ഒന്നും എന്തെന്നറിയാത്ത വെറുമൊരു ആത്മാവ് മാത്രമാണവൾ.
ഈ ഭൂമിയിൽ അവൾ ഉണ്ടായിരുന്നു എന്നു ഓർക്കാൻ അവളെ ജീവനു തുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ...
സ്നേഹം മരണത്തിനപ്പുറവും അതിജീവിക്കുന്ന സത്യം.