"ഗെറ്റ് ടുഗെതർ"
"ഗെറ്റ് ടുഗെതർ"
മുഖം നിറയെ കുണ്ടും കുഴിയും ആരെയും വെറുപ്പിക്കുന്ന സംസാരരീതി. കറുത്ത് തടിച്ചു ഉരുണ്ടു ഛേ!! സ്ലിം ബ്യൂട്ടിയുടെ ഈ കാലഘട്ടത്തിൽ തന്നെ ഒക്കെ ആരെങ്കിലും ഇഷ്ടപ്പെടുമോ.
ആദ്യം അല്പം നീരസം തോന്നിയെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്നു അവൾക്കു തോന്നി.
തന്നെ കുറ്റം പറയുന്ന ഇവളുടെ നീണ്ടു കൊലുന്നനെയുള്ള രൂപം പക്ഷെ അത്ര ഭംഗിയുണ്ടോ ...ഒരു ചെറിയ കാറ്റടിച്ചാൽ മതി മൂന്നായി ഒടിയും ആശാട്ടി എന്നിട്ടാ തന്നെ കുറ്റം പറയാൻ വരുന്നത്.
മനസ്സിൽ അല്പം ഈർഷ്യ കൂടുന്നുണ്ടോ എന്ന് അവൾ സന്ദേഹപ്പെട്ടു.
ആരോ വരുന്നുണ്ട് ...ഓഹ് ഇനി ഒന്നും പറയാൻ ഒക്കില്ല കദനകഥ പറഞ്ഞു കരയിച്ചു കൊന്നു കളയും. പുതച്ചിരുന്ന സിൽക്ക് ശകലങ്ങൾ അവള് വന്ന വഴി മൊത്തം പാറിക്കളിക്കുന്നു. അതിനി ആര് മാറ്റും... രണ്ടാളും ഒന്ന് അമർത്തിചിരിച്ചു.
എല്ലാരോടും ഹായ് പറഞ്ഞു അടുക്കുന്നു …കാണാത്തപോലെ നിൽക്കാം …
അതാ വരുന്നു കൊറച്ചു മോശം ഭാഷയിൽ പറഞ്ഞാൽ തൊട്ടാൽ ഒട്ടി. ഒട്ടി ഒട്ടി അയ്യോ എന്തൊരു സ്നേഹം ഒഴുക്കൽ… വിരല് പോലെ സുന്ദരി എന്നാ വിചാരം ഒറ്റയ്ക്ക് നിക്കുമ്പോൾ കാണാം സ്വഭാവം-വഴുകിമാറിക്കളയും.
ദേ വരുന്നു ഉരുണ്ടുരുണ്ടു സ്വർണവർണ്ണം… ജാട കണ്ടാലോ ഏകദേശം എന്ടെ ശരീര പ്രകൃതി തന്നെയാ പക്ഷെ സൂര്യന്ടെ വെളിച്ചം ഒന്ന് കൊണ്ട് മാത്രം ആണ് ഈ സൗന്ദര്യം ഞാനും വെളീൽ ആരുന്നെങ്കിലോ പൊളിച്ചേനെ ഹ ഇനി പറഞ്ഞിട്ട് കാര്യമില്ല.
മറ്റവൾ വരുന്നുണ്ട് തലയിൽ ഒരു ക്യാപ്പും വച്ച്; കുട്ടികൾക്കൊന്നും ഇഷ്ടമല്ല എങ്ങനെ ഇഷ്ടപ്പെടാനാ മുന്തിരിടെ നിറം എന്നൊക്കെ വീമ്പു പറഞ്ഞിട്ട് അവസാനം കരുവാളിച്ചു എടുത്തു തൊട്ടിലിടും പിള്ളേർ...
നോക്കെടാ പുറകിൽ എന്തൊരു പൊക്കം ആണ് ...എന്ത് പൊക്കം ഉണ്ടായിട്ടെന്താ നട്ടെല്ലില്ല. കീഴ്പ്പോട്ടാ വളർച്ച. ശത്രുദോഷ പരിഹാരം ചെയ്തു കാണില്ല അല്ലെങ്കിൽ ദേഹം മുഴുവൻ മുള്ളുള്ള മറ്റവനെ കണ്ടിട്ടാവും...ഹും copy cat.
ആ സുന്ദരിക്കോതയെ നോക്ക് ചുവന്നു തുടുത്തിരിക്കുന്നതു …റൂഷ് തന്നെ… അവളുടെ പപ്പാ ഗൾഫ്ന്നു മേക്കപ്പ്സെറ്റ് കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു നടക്കുന്നത് ഞാൻ അറിഞ്ഞു.
ഒരു കാൽപെരുമാറ്റം…എല്ലാരും വാപൂട്ടി ഒന്നും അറിയാത്തപോലെ നിൽപ്പായി.
ലീലാമ്മ പയ്യെ പച്ചക്കറികൾ ഒന്നൊന്നായി വൃത്തിയാക്കി കഴുകി കഷ്ണിച്ചു പരിപ്പും മസാലകളും ഒക്കെ ചേർത്ത് അടുപ്പിൽ വച്ചു.
വഴിതെറ്റി അറിയാതെ കിച്ചണിൽ എത്തിയ പൊടിമോൾ തലയിൽ കൈവച്ചു നീട്ടി വിളിച്ചു ഓഓഓ ഇന്നും സാമ്പാറോ....
