"ചമ്മൽക്കാട്"
"ചമ്മൽക്കാട്"
ഒരു ഏഴു എട്ടു വർഷം പുറകോട്ടു സഞ്ചരിക്കുകയാണ്. ദുബായിലെ പ്രസിദ്ധമായ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന കാലം. ഹോസ്പിറ്റൽ വിപുലീകരണത്തിന്ടെ ഭാഗമായി എക്വിപ്മെന്റ് ടെൻഡർ നടക്കുന്ന സമയം.
വർക്ക് ലോഡ് കാരണം കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ. പോരാത്തതിന് വാർഷിക അവധി കഴിഞ്ഞു നാട്ടിൻ നിന്ന് വന്നതിന്റെ മടുപ്പും ആദ്യത്തെ വർക്കിംഗ് ഡേയും.
പെട്ടെന്ന് എവിടെ നിന്നോ തീരെ ആകര്ഷകമല്ലാത്ത കുറുകിയ കറുത്ത ഒരു രൂപം മുന്നിൽ. എൻ്റെ ഓർമ്മ ശരി ആണെങ്കിൽ നീല ഷർട്ട്, പിങ്ക് ടൈ, ബ്രൗൺ പാന്റ്സ്, കളർ തന്നെ മടുപ്പിക്കുന്ന ജാക്കറ്റ്, കൂടാതെ ഏതോ പഴയ തമിഴ് സിനിമയെ ഓർമിപ്പിച്ചു കൊണ്ട് കയ്യിൽ ഒരു ബ്രൗൺ സിപ് ഫയലും.
പണ്ട് കോളേജ് കാലത്തു കൂട്ടുകാർ തമ്മിൽ പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്ന ഒരു കഥയുണ്ടായിരുന്നു. ചുവന്ന കുതിരപ്പുറത്തു അയാൾ വരും…. നീല കോട്ടും, മഞ്ഞ ഷർട്ടും, പച്ച തൊപ്പിയും ഒക്കെ വച്ച് നിന്നെ കൂട്ടാൻ .... അങ്ങനെ ലോജിക് തെരെ ഇല്ലാത്ത പൊട്ടകഥയുടെ വാലറ്റം എത്തുന്നതിനു മുൻപ് തന്നെ എൻ്റെ മുൻപിൽ പ്രത്യക്ഷപെട്ട ആ മാന്യദേഹത്തിൻ്റെ "excuse me madam" എന്ന ഓര്മിപ്പിക്കലിൽ ഉണർന്നു.
കൂടുതൽ എന്തെങ്കിലും ആശാൻ ചോദിക്കുന്നതിനുമുൻപ് തന്നെ ഞാൻ പറഞ്ഞു കാറ്റലോഗ് തന്നിട്ട് പൊയ്ക്കോളൂ ഇല്ലെങ്കിൽ ഇ മെയിൽ അയച്ചാലും മതി. അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തിട്ട് തീയതി ഞാൻ അറിയിക്കാം. ഓക്കേ എന്ന് സമ്മതം മൂളി വിസിറ്റിംഗ് കാർഡും വാങ്ങി ടിയാൻ മടങ്ങി. സാധാരണ എന്തൊക്കെ സർക്കസ് കാണിച്ചാൽ ആണ് suppliers നെ ഒന്ന് പറഞ്ഞു വിടാൻ സാധിക്കുന്നത്. പഹയൻ ഒരു മാന്യൻ തന്നെ എന്ന് മന്ത്രിച്ചു വൈകുന്നേരം ചപ്പാത്തി മതിയോ അതോ ചീര തോരനും ചമ്മന്തിയും തട്ടിക്കൂട്ടിയാലോ എന്നൊക്കെയുള്ള അന്താരാഷ്ട്ര പ്രശ്നനങ്ങള് ചിന്തിച്ചു ഞാനും ടാക്സി ലക്‌ഷ്യം പിടിച്ചു നടന്നു.
പിറ്റേ ദിവസം ഏകദേശം ഉച്ചയോടെ എൻ്റെ മനേജറിന്റെ കൂടെ ആ പഹയൻ കടന്നു വരുന്നു - അപ്പഴേ ഞാൻ ഊഹിച്ചു കോറിഡോറിൽ കാത്തു നിന്ന് സർനെ വീഴ്ത്തി കാണും ഇഷ്ടൻ.
ഒട്ടും പ്രതീക്ഷിക്കാതെ സർ എന്നെ ഇൻട്രൊഡ്യൂസ് ചെയ്തു. ഇതാണ് നമ്മുടെ പുതിയ കാർഡിയോ തൊറാസിക് സർജൻ. പേര് ഒരു അശരീരി പോലെ അവ്യക്തമായി ഞാൻ കേട്ടു. പിന്നെയും എന്നെ ഞെട്ടിച്ചു കൊണ്ട് ആ മഹാൻ പറഞ്ഞു ഇന്നലെ ഞങ്ങൾ പരിചയപ്പെട്ടു. സർ തിരക്കായ കൊണ്ട് പിന്നീട് കാണാം എന്ന് ഞാൻ വിചാരിച്ചു….. 19 ഡിഗ്രി AC യിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഡോക്ടർസ്നെ എപ്പഴും ഒരു പ്രത്യേകം പരിഗണന കൊടുത്തിരുന്നു എൻ്റെ ബോസ്; കാരണം അവർ ജീവൻദാതാക്കൾ ആണ്. അവരുടെ ഒരു സെക്കന്റ് പോലും വേസ്റ്റ് ആക്കാൻ പാടില്ല. സർ എങ്ങാനും ഇതറിഞ്ഞാൽ ...ദൈവമേ...watsapp സ്റ്റാറ്റസ് ആരുന്നേൽ ഏതു ഇമോജി മാച്ച് ആവും എന്ന് എനിക്ക് അറിയില്ല.
പിറ്റേ ദിവസം ആണോ അതോ അന്ന് വൈകുന്നേരം തന്നെ ആണോ ഓർക്കുന്നില്ല. പുതിയ ജനറൽ മെഡിസിൻ ഡോക്ടറിന്റെ ക്ലിനിക്കിൽ പോകേണ്ട ആവശ്യം ഉണ്ടായി. അവരുമായി സംസാരിച്ചിരിക്കുമ്പോൾ ദാ പിന്നെയും കയറി വരുന്നു നീല ഷർട്ട്. ഇവൻ ആരെടാ എല്ലാടോം ഇടിച്ചു കയറി ...ഒരു മര്യാദ ഇല്ലാതെ...ഇങ്ങനെ ഒക്കെ ചിന്തിച് എന്റെ tic tic പേനക്ക് പണി കൊടുത്തുകൊണ്ടിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു സ്കൂളിംഗ്, അഡ്മിഷൻ എന്നൊക്കെ ചില വാക്കുകൾ പിടി കിട്ടി. ഇടക്ക് സംസാരം നിർത്തി അവർ പുഞ്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു ഇതാണോ 'ആ' കക്ഷി. സോറി ജ്യോതി ഞങ്ങൾ പുതിയ ഡോക്ടർസ് couple ആണ്. ഇന്നലെ ജോയിൻ ചെയ്തു. UAE ആദ്യം ആയിട്ടാണ്. അവരുടെ ചിരിയിൽ ഞാനും പങ്കു ചേർന്നു. പക്ഷെ അപ്പഴും എൻ്റെ കണ്ണുകൾ AC റൂം temperature മോണിറ്ററിൽ ആരുന്നു. അതെ 20 ഡിഗ്രി - പക്ഷെ എനിക്ക് 45 ഡിഗ്രി ആരുന്നു. തിരിച്ചു വരുന്ന വഴി മുഴുവൻ "ആ" എന്ന അക്ഷരത്തിനു ഒരു കാലത്തും തോന്നാത്ത എന്തോ ഒരു പ്രസക്തി ഉണ്ടല്ലോ എന്ന് ആരുന്നു എൻ്റെ ആലോചന.
ഒന്ന് രണ്ടു വർഷങ്ങൾ അങ്ങനെ കടന്നു പോയി. ഇന്നലെ കിട്ടിയ ജോബ് ഓഫർ ലെറ്റർ സൈൻ ചെയുന്ന കൂട്ടത്തിൽ പുതിയ ഹോസ്പിറ്റൽ വെബ് സൈറ്റിൽ ആ പേരും രൂപവും ... എൻ്റെ കണ്ണ് ഒന്നുടക്കി ...മാന്നാർ മത്തായി പറയുന്ന പോലെ "നിനക്ക് ഇനിയും മതി ആയിട്ടില്ല അല്ലെ...."
വൽകഷ്ണം: എത്ര തന്നെ തിരക്ക് ആണേലും ലീവ് കഴിഞ്ഞു ജോയിൻ ചെയ്യുമ്പോൾ ആദ്യം ഇ മെയിൽ ചെക്ക് ചെയുക. or at least വാട്സാപ്പ് ഗ്രുപ്പിൽ എങ്കിലും എത്തി നോക്കുക . ഇല്ലെങ്കിൽ ഇതുപോലെ അക്ഷരമാല യിലെ ഓരോ അക്ഷരങ്ങളും നെഞ്ചത്ത് ഓരോന്ന് ആയി ആഞ്ഞു കുത്തും.
