Sreedevi P

Horror

4.4  

Sreedevi P

Horror

ചെറു കുന്ന്

ചെറു കുന്ന്

4 mins
1.0K


രാജനും, വിജയനും, ദാസനും, ദേവനും വലിയ കൂട്ടുകാരും, അയൽക്കാരുമാണ്. ഒപ്പം പഠിച്ചു കളിച്ചു വളര്‍ന്നവർ. ജോലി കിട്ടിയപ്പോള്‍ വേറെ വേറെ സ്ഥലങ്ങളിലേക്കായി അവർ പോയി. ഇപ്പോൾ എല്ലാവരും കൂടി ഒന്നിച്ച് ലീവിൽ വന്നിരിക്കയാണ്. 

  

വൈകുന്നേരം അടുത്തുള്ള ഒരു ചെറു കുന്നിൻ ചെരുവിലൂടെ അവർ നടന്നു. കുറച്ചകലെയായി അവർ ഒരു പുതിയ വീടു കണ്ടു. അവർ തമ്മിൽ പറഞ്ഞു, ഈ വീട് ഇവിടെ മുമ്പുണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ടാക്കിയതാവാം. നമ്മൾ ഇവിടെ ഇല്ലാത്തതു കൊണ്ട് നമ്മളറിയാത്തതാകാം.


അപ്പോഴേക്കും അവർ ഒരു ചായക്കടയുടെ മുമ്പിലെത്തി. അവിടെക്കയറി ചുടുചായയും പരിപ്പു വടയും കഴിച്ച് അവർ പുതിയ വീടിനടുത്തേക്കു നടന്നു. ഓടിട്ട ഇഷ്ട്ടികകൊണ്ടുണ്ടാക്കിയ വീട്. നാലു പുറവും ഉള്ള പൊന്തയിൽ, നാലുമണി പൂക്കൾ വിരിഞ്ഞു കിടക്കുന്നു. അടുത്തെത്തി അവർ അങ്ങോട്ട് നോക്കി. ആരെയും കാണുന്നില്ല. വാതിൽ തുറന്നിട്ടിരിക്കുന്നു. “ഇവിടെ ആരുമില്ലേ... ആരുമില്ലേ?” അവർ വിളിച്ചു ചോദിച്ചു. ഒരു ശബ്ദവുമില്ല, അനക്കവുമില്ല. നാലു പേരും കൂടി വീടിനുള്ളിലേക്ക് പോയി. നല്ല വീട്, നമുക്കിന്നു രാത്രി ഇവിടെ കൂടാം, അവർ തീരുമാനിച്ചു. നാലു പേരും അവരുടെ വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞു, "ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ഇന്ന് ഒന്നിച്ചു കൂടുകയാണ്. നാളെ വരാം,” എന്നു പറഞ്ഞ് അവർ ഫോൺ ഓഫ് ചെയ്തു.


നാലു പേരും കൂടി എല്ലാമുറിയിലും കയറിയിറങ്ങി. നല്ല വിശാലമായ ഭംഗിയുള്ള റൂമുകൾ, അവർ തമ്മിൽ പറഞ്ഞു. അപ്പോഴാണ് ഒരു മുറിയുടെ മൂലയിൽ കിടക്കുന്ന ബോൾ അവർ കണ്ടത്. അതെടുത്ത്, മുറ്റത്തു പോയി അവർ കളിക്കാൻ തുടങ്ങി. സന്തോഷമായി കുറേ നേരം കളിച്ചു. സമയം ഏഴുമണിയായി. കട്ട ഇരുട്ട്, ലൈറ്റിടാമെന്ന് കരുതി അവർ വീടിനുള്ളിലേക്ക് കയറി നോക്കി. അപ്പോഴാണ് അവിടെ കറണ്ടില്ലെന്ന് അവർക്ക് മനസ്സിലായത്. മുബയിലിൻറെ വെളിച്ചത്തിൽ അവർ പരസ്പരം നോക്കി. ക്ഷീണിതരായതിനാൽ അവർ അവിടെ കിടന്ന് ഉറങ്ങി.


സമയം നീങ്ങി ക്കൊണ്ടിരുന്നു. ഭയപ്പെടുത്തുന്ന ഒരു ശബ്ദം കേട്ട് അവർ ഞെട്ടിയുണർന്നു. അവിടെ കണ്ട ഭയാനകമായ കാഴ്ച അവരെ വിറപ്പിക്കുവാൻ തുടങ്ങി!!! തലയില്ലാത്ത നാലു ശരീരങ്ങള്‍, ദാസൻറെ തല ദേവൻറെ കയ്യിൽ, ദേവൻറെ തല ദാസൻറെ കയ്യിൽ, രാജൻറെ തല വിജയൻറെ കയ്യിൽ, വിജയൻറെ തല രാജൻറെ കയ്യിൽ, ഒരു തല മറ്റൊരു തലയോട് ഉറക്കെ പറയുകയാണ്, “നിന്നെ ഞാൻ കൊല്ലും!!!” 


ഭയപ്പെടുത്തുന്ന കഥയിലെ പ്രേതങ്ങളുടെ താഴ്‌വരയിലാണ് നമ്മൾ അകപ്പെട്ടിരിക്കുന്നതെന്നോർത്ത്, അവർ ജീവനും കൊണ്ട് ഓടാൻ തുടങ്ങി. ഭയപ്പെടുത്തുന്ന ഭീകര മുഖമുള്ള ഒരു സത്വം അവരെ തടഞ്ഞുനിർത്തി "നിങ്ങളെ വിടില്ല!!!" എന്നു പറഞ്ഞ്, അവരെ വേട്ടയാടാൻ തുടങ്ങി. അവരുടെ തലച്ചോറിൽ ഭയാനകമായ അസ്വഭാവികമായ സംഭവങ്ങൾ മിന്നി മറഞ്ഞു. അവർ കുഴഞ്ഞു വീണു... നാവു പുറത്തേക്ക് നീട്ടി കൊണ്ട് ഡ്രാക്കുള അവരുടെ കഴുത്തിൽ ഇരുമ്പു കുഴലുകൾ കുത്തിയിറക്കി. കുഴലുകളിൽക്കൂടി രക്തം പ്രവഹിക്കുവാൻ തുടങ്ങി... പ്രേതങ്ങളും, ഡ്രാക്കുളയും ന്രത്തംചെയ്തു രസിച്ച്, അവരുടെ രക്തം കുടിക്കുന്ന ഭയാനകമായ രംഗങ്ങൾ കണ്ട് അയിസുകട്ടകളായ അവരുടെ മനസ്സു മന്ത്രിച്ചു, നമ്മൾ ഇനി ഈ ഭൂമിയിലില്ല! പ്രേതാത്മകങ്ങളായി മാറി. ആ ഭീകരമായ സത്വങ്ങൾ നാലു ശരീരങ്ങളേയും ഇഴച്ചിഴച്ച് മുറ്റത്ത് കൊണ്ടിട്ടു. പെട്ടെന്ന് ഘനഗംഭിരമായ മഴ പെയ്തു. മഴവെള്ളത്തിൽ ആ ശരീരങ്ങള്‍ ഒലിച്ച് എങ്ങോട്ടോ പോയ് മറഞ്ഞു...


ദേവൻറെ കണ്ണുകളിലേക്ക് ജനലിലൂടെ സൂരൃരശ്മികൾ അടിച്ചു കയറി. ദേവൻ കണ്ണുകൾ തുറന്നു. അവൻ അവൻറെ വീട്ടിലെ കിടക്കയിലാണ് കിടക്കുന്നതെന്നറിഞ്ഞപ്പോൾ, താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സന്തോഷത്തോടെ ദേവൻ ചാടി എഴുന്നേറ്റ് മുറ്റത്തിറങ്ങി, സൂരൃദേവനെ തൊഴുതു. അമ്മ ദേവനെ ചായ കുടിക്കാൻ വിളിച്ചു. അവൻ വന്നു. ചായ കുടിക്കുന്ന സമയത്ത്, അവൻറെ കണ്ണുകൾ മയങ്ങാൻ തുടങ്ങി. അവൻ വേഗത്തിൽ എഴുന്നേറ്റു വന്ന് കിടക്കയിലേക്ക് വീണു. പതുക്കെ, പതുക്കെ ദേവൻ ഉറക്കത്തിലാണ്ടു പോയി. മണിക്കൂറുകൾ നീങ്ങിക്കൊണ്ടിരുന്നു. സന്ധൃ കഴിയാറായി. ദേവൻ എണീറ്റു.  

“ദേവാ! ദേവാ!” ഗയിറ്റിനടുത്തു നിന്നും ശബ്ദങ്ങള്‍ കേട്ട് ദേവൻ അവിടേക്കു ചെന്നു. അവൻറെ കൂട്ടുകാർ രാജനും, ദാസനും, വിജയനും അവിടെ നില്ക്കുന്നു. അത്ഭുത സന്തോഷത്തോടെ ദേവൻ അവരോടു ചോദിച്ചു, “നിങ്ങൾ എപ്പോൾ വന്നു?” 

"ഞങ്ങൾ ഇന്നലെ വന്നു. നീ എപ്പോൾ വന്നു?" അവർ ചോദിച്ചു. 

"ഞാൻ വന്നിട്ട് രണ്ടു ദിവസമായി," ദേവൻ പറഞ്ഞു.

“ഓ... ഞങ്ങൾ നടക്കാനിറങ്ങിയതാണ്, നീയും വാ." 


ദേവനും അവരോടൊപ്പം നടന്നു. "നമുക്ക് സ്കൂളിൻറെ അടുത്തുള്ള വഴിയിൽ കൂടെ കടൽക്കരയിലേക്കു പോകാം," വിജയൻ പറഞ്ഞു. അവർ ആ വഴി നടന്നു. സ്കൂളിനടുത്ത് എത്തി അവർ സ്കൂളിലേക്കു നോക്കി. സ്കൂൾ കെട്ടിടം തല ഉയർത്തി നില്ക്കുകയാണ്. ഇനിയും അനവധി കുട്ടികൾക്കു വേണ്ടി. കൂട്ടകാർ അവരുടെ സ്കൂൾ ജീവിതം മനസ്സിൽ കണ്ടു. കണക്കു മാസ്റ്റർ ക്ളാസിൽ വന്ന് കണക്കു പഠിപ്പിച്ചതും, അവരുടെ തലയിൽ കയറാത്തതു കൊണ്ട് അവരെ എണീപ്പിച്ചു നിർത്തിയതും, അടി കിട്ടിയപ്പോൾ കണക്ക് തലയിൽ കയറിയതും, ഒക്കെ പറഞ്ഞ് അവർ ആർത്തു ചിരിച്ചു. സ്കൂൾ ഗ്രൗണ്ടിലേക്ക് നോക്കിയപ്പോൾ, ഫുട്ബോൾ കളിയിൽ സമർത്ഥരായിരുന്ന അവർ അവിടെ കളിയ്ക്കുന്നതായി അവർക്കു തോന്നി. ഗ്രൗണ്ടിൻറെ മൂലയിൽ ഒരു ബോൾ കിടക്കുന്നത് ദേവൻ കണ്ടു. ഈ ബോൾ കണ്ടതാണല്ലോ എന്നു വിചാരിച്ച് ദേവൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ ബോൾ കണ്ടില്ല. തോന്നിയതായിരിക്കും, ദേവൻ വിചാരിച്ചു. അവിടെയുള്ള മരത്തിൻറെ ചില്ലകൾ ആടി കളിക്കുന്നത് അവർക്കു കൗതുകമേകി. സ്കൂളിലേക്ക് വീണ്ടും, വീണ്ടും നോക്കിയിട്ട്, അവർ കടൽക്കരയിലേക്ക് നടന്നു. 


കടലിലെ തണുത്ത കാറ്റ് അവർക്ക് പുതിയ ഉന്മേഷം നല്കി. കുട്ടിക്കാലത്തെന്നപോലെ കടൽ തീരത്ത് അവർ ഓടിയോടി രസിച്ചു. "നമുക്കിപ്പോൾ കുട്ടിക്കാലം വന്നു, അല്ലേ കൂട്ടുകാരെ!" ദേവൻ എല്ലാവരോടുമായി പറഞ്ഞു. മൂന്നു പേരും സന്തോഷത്തോടെ ദേവനെ നോക്കി, അപ്പോൾ ഒരു വലിയ തിരമാല അവിടേക്കു വന്നു, രാജനും, വിജയനും, ദാസനും അതിൽ പെട്ടു...അവരെ കാണാതായി. ദേവൻ അന്ധാളിച്ചു നിന്നു. പെട്ടെന്ന് അവർ ദേവൻറെ പിന്നിൽ നിന്നും ഓടി വന്നു. "തിരയിൽ പെട്ട നിങ്ങളെങ്ങനെ എൻറെ പിന്നിൽ നിന്ന് ഓടി വന്നു?" ദേവൻ ചോദിച്ചു. അവർ പറഞ്ഞു, "നീ ഞങ്ങളെ തിരയുമ്പോൾ, ഞങ്ങൾ നിൻറെ പിന്നിലേക്കോടി." ദേവൻ വിശ്വാസം വരാതെ അവരെ നോക്കി. അവർ ദേവനെ നോക്കി ചിരിച്ചു. ദേവനും ചിരി വന്നു. വീണ്ടും കുറെ സമയം കടൽത്തിര നോക്കിനിന്ന്‌ അവർ മടങ്ങി. 


നേരം വളരെ ഇരുട്ടി. നടന്നു നടന്ന് അവർ ചെറു കുന്നിലെത്തി, ദേവൻ സ്വപ്നം കണ്ട അതേ സ്ഥലം… അതേ ഓടിട്ട വീട്…ദേവൻ ഇതു കണ്ട് അന്തിച്ചു നിന്നു. ആകാശത്ത് കറുത്ത പക്ഷികൾ റോന്തു ചുറ്റുന്നത് അവൻ കണ്ടു. കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിൻറെ ശക്തിയിൽ മരങ്ങളാടി കൂട്ടി മുട്ടുന്ന ശബ്ദങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു മരണക്കാട്ടിലാണ് എത്തിയിരിക്കുന്നതെന്ന് ദേവൻ വിചാരിച്ചു.

ദാസൻ പറഞ്ഞു, “ക്ഷീണിച്ചിട്ടു വയ്യ. ഈ വീട്ടിൽ കയറി കുറച്ച് വെള്ളം കുടിച്ചിട്ടു പോകാം." 

ഇതു കേട്ട് ദേവൻ പരിഭ്രമത്തോടെ പറഞ്ഞു, "നമുക്ക് വഴി തെറ്റി!"

“എന്തായാലും ഈ വീട്ടിൽനിന്ന് തൊണ്ട നനച്ചിട്ട് നമുക്ക് നടക്കാം,” രാജൻ പറഞ്ഞു. 

ദേവൻറ മനസ്സിൽ ഭയം പെരുമ്പറ കൊട്ടി. അതിനിടയിലൂടെ ഒരു നീലവെളിച്ചം കടന്നു വന്നു. മഹാവിഷ്ണു ഭഗവാൻൻറെ വെളിച്ചം! ആവെളിച്ചത്തിലിരുന്ന് ഭഗവാൻ പറയുന്നതു പോലെ അവന് തോന്നി, "അവിടേക്ക് പോകരുത്…പോകരുത്…" അവൻ കൂട്ടുകാരോട് ഭയത്തോടെ പറഞ്ഞു, "അവിടേക്കു പോകണ്ട! നമുക്ക് ഇവിടെ നിന്ന് പെട്ടെന്ന് പോകാം...” ദേവൻ വേഗം, വേഗം മുന്നോട്ടു നടന്നു. 

വിജയൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു, “ഈ വീടിന് എന്താണ് കുഴപ്പം? ഞങ്ങൾ ഇന്നലെ രാത്രി ഇവിടെയാണ് തങ്ങിയത്!” 

അതു കേട്ട് ദേവൻ അവിടെ വിറങ്ങലിച്ചു നിന്നു…               


Rate this content
Log in

Similar malayalam story from Horror