Haritha Arun

Horror

4.7  

Haritha Arun

Horror

ഭയം

ഭയം

2 mins
817


ഭയം എന്നും മനുഷ്യനെ പിന്നിലോട്ട് വലിക്കും. ശരിക്കും ഭയന്നു വിറച്ച ഒരുപാട് രാത്രികളിലൂടെ കടന്നു പോയവൾ.

എല്ലാ രാത്രികളും അവൾ ഭയത്തോടെയാണ് നേരിടുന്നത്. ഭയാനകമായ രൂപങ്ങൾ, ഭയാനകമായ ശബ്ദങ്ങൾ, അസാധാരണമായ സംഭവങ്ങൾ എല്ലാം അവളെ വല്ലാതെ ഭയപ്പെടുത്തുന്നു. ആരും അവൾ പറയുന്നത് വിശ്വസിക്കുന്നില്ല. ചില രാത്രികളിൽ നിലവിളിച്ചാൽ ആരും കേൾക്കുന്നില്ല. ചിലപ്പോൾ നിലവിളിക്കാൻ കൂടി കഴിയാതെ ശബ്ദം അടഞ്ഞു പോകുന്നു. ശ്വാസം നിലയ്ക്കുന്ന പോലെ ആരോ കഴുത്തിൽ വലിഞ്ഞു മുറുക്കുന്നു. രാത്രിയുടെ യാമത്തിൽ ശരീരം അസ്വാഭാവികമായി എന്തിൻ്റെയോ വരവറിയിക്കുന്നു.


ശരീരത്തിലുടെ തലച്ചോറിലേക്ക് നുഴഞ്ഞു കയറുന്ന ഭയം ചിലപ്പോഴൊക്കെ കണ്ണിൻ്റെ മുന്നിൽ കണ്ട ഭയാനകമായ രൂപം സത്യമാണെന്ന് കാണിക്കുന്നു. വിശ്വസിക്കുന്നില്ല, ആരും വിശ്വസിക്കുന്നില്ല. അവളുടെ ഭയമെല്ലാം വെറും ഭ്രാന്തായി കാണുന്നവരാണ് ചുറ്റുമുള്ളവർ. ആദ്യമൊക്കെ അവളും വിചാരിച്ചു അവൾക്ക് ഭ്രാന്താണെന്ന്. പക്ഷെ ഓരോ രാത്രിയിലും അവളെ തേടി വരുന്ന ആ ഭയത്തിന് ആരോടോ തോന്നിയ പക അവളിൽ അടിച്ചേൽപ്പിക്കുന്ന പോലെയാണ്. ഏറ്റവും ഭയാനകമായ അവസ്ഥയെന്തെന്നാൽ അവൾ കണ്ണു തുറന്നു കാണുന്ന ഭീതിജനിപ്പിക്കുന്ന വസ്തുതകൾ മറ്റാർക്കും കാണാനോ അറിയാനോ സാധിക്കുന്നില്ല.


പല രാത്രികളിലെയും ഉറക്കം അവളിൽ നിന്നും നഷ്ടപ്പെട്ടിട്ട് നാളേറെയായി. പ്രേതങ്ങളെക്കുറിച്ചും പ്രേത കഥകൾ കേൾക്കാനും ഇഷ്ടപ്പെടുന്നവൾ, അതൊക്കെ വെറും മിഥ്യയാണെന്നും താനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനക നിമിഷങ്ങളേക്കാൾ വലിയ പ്രേതകഥകളൊന്നും നാളിതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലെന്നവൾ മനസ്സിലാക്കുന്നു. ഓരേ രാത്രിയും ഇരുട്ടിൽ തൻ്റെ മുന്നിൽ വന്നണയുന്ന ആ രൂപം വെളിച്ചത്തിൻ്റെ പ്രഭയിൽ എവിടെ മറയുന്നു എന്നവൾ എത്ര തവണ ആലോചിച്ചിട്ടും മനസിലാകുന്നില്ല. പക്ഷെ ഒരു കാര്യം അവളുറപ്പിച്ചു. എവിടെ പോയി ഒളിച്ചാലും തൻ്റെ കൂടെയുള്ള ഈ ഭയാനകമായ അവസ്ഥ അവളെ തനിച്ചാക്കില്ല.


നിഴലായി അവളെ പിന്തുടരുന്ന ഈ ഭയാനകമായ അവസ്ഥയിൽ നിന്നും മോചനം നേടാൻ മന്ത്രവും തന്ത്രവും പയറ്റി നോക്കിയിട്ടും അവളെ വിട്ടു പിരിയാതെ ആ ഭയം അവളുടെ കൂടെയുണ്ട്. ചില രാത്രികളിൽ സ്നേഹത്തിൻ്റെ തലോടലായി കാലുകളിൽ സ്പർശിക്കുന്ന ആ ഭയം മറ്റു ചില രാത്രികളിൽ തൻ്റെ ശരീരത്തിൽ പ്രഹരമേൽപ്പിക്കുന്നു. കണ്ണുകൾ തുറന്നു കാണുന്നവ സത്യമാണെന്ന് വിശ്വസിക്കുന്നതിനു മുമ്പേ കൺമുന്നിൽ നിന്നും മാഞ്ഞു പോകുന്നതും കാണുന്നു. ഏതാണ് വിശ്വസിക്കേണ്ടത് എന്ന് അറിയില്ല.


ചില ദിവസങ്ങളിൽ പകൽ വെളിച്ചത്തിലും അവൾ ഭയത്തെ നേരിട്ടു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന താൻ എത്രയൊക്കെ ശ്രമിച്ചിട്ടും ആ സ്ഥലം കഴിഞ്ഞു പോകാൻ സാധിക്കുന്നില്ല. വള്ളി ചെടികൾ കൊണ്ട് മൂടിയ പഴയ പോസ്റ്റായിരുന്നു അവൾ യാത്ര അവസാനിപ്പിക്കാൻ നോക്കി വച്ച അടയാളം. പക്ഷെ എത്ര നടന്നിട്ടും അവൾക്ക് അതിനടുത്തെത്താൻ സാധിക്കാത്ത പോലെ, താൻ നടക്കുന്നത് ഭൂമിയിലൂടെയാണോ എന്നവൾ ചിന്തിച്ചു. കാൽപാദങ്ങൾ ചുവടുവെയ്ക്കുന്നു. പക്ഷെ അവൾ നടക്കുന്നത് പിന്നിലോട്ടാണോ മുന്നാലോട്ടാണോ എന്നവൾക്ക് അറിയാൻ കഴിയുന്നില്ല. എന്നും നാലോ അഞ്ചോ പേർ വഴി നടക്കുന്ന വഴിയിൽ അന്ന് ഒറ്റ മനുഷ്യ കുഞ്ഞുപോലുമില്ല. ശരിക്കും ഭയം ശരീരത്തെ വിറകൊള്ളിച്ചു. ഇത്രയും ഭയം അതും ആ സൂര്യൻ്റെ കീഴിൽ അവൾ അനുഭവിച്ചിട്ടും അവൾ സർവ്വ ധൈര്യവും പുറത്തെടുത്തു മുന്നിലേക്ക് ആഞ്ഞു നടന്നു. അവളുടെ ആ ധൈര്യം ആ ഭയത്തെ പിന്നിലാക്കി കളഞ്ഞു.


എന്നാൽ എത്രയൊക്കെ ധൈര്യം കാണിച്ചിട്ടും രാത്രിയിലെ ഭയം അവളെ വിട്ടു പോകാൻ തയ്യാറാക്കുന്നില്ല. ഭയം ആദ്യം അവളുടെ കാലുകളിൽ തന്നെയാണ് സ്പർശിക്കുന്നത്. പിന്നെ അങ്ങോട്ട് രക്തം തലച്ചോറിൽ എത്താൻ വൈകുന്ന പോലൊരു മരവിപ്പാണ് ശരീരത്തിന് ... കണ്ണുകൾ പതുക്കെ തുറക്കുമ്പോൾ ആ ഭയത്തിന് ഒരു രൂപം കാണും ഇരുട്ടിൽ നിഴലെന്ന ശിൽപത്തെ ചിലപ്പോൾ സ്ത്രീരൂപത്തിലും, പുരുഷരൂപത്തിലും മറ്റു ചിലപ്പോൾ കുഞ്ഞു പെൺകുട്ടിയുടെ രൂപത്തിലും പിന്നെയും എടുത്തുപറഞ്ഞാൽ കൺമുന്നിൽ നിൽക്കുന്നത് ഒരു ഭീകര സത്വമായും തോന്നിയിട്ടുണ്ട്. ചിലപ്പോൾ സന്തോഷവും, ചിലപ്പോൾ സങ്കടവും, ചില ദിവസങ്ങളിൽ രൗദ്രഭാവത്തോടെ വരുന്ന ഈ രൂപങ്ങൾ അവളെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്ന് അവൾക്കറിയില്ല. ചില ദിവസങ്ങളിൽ ആ രൂപങ്ങൾ അവളുടെ പ്രതിബിംബമായി തെളിയുമ്പോൾ അവളുടെ ഉള്ളിലെ ഭയം വീണ്ടും വർദ്ധിക്കുന്നു. അവൾ കാരണം കുടുംബത്തിലെ ഓരോ ജീവനും ആപത്ത് വരുമെന്ന് അവൾ ഭയപ്പെടുന്നു. ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ കിട്ടണമെങ്കിൽ അവൾക്ക് ഈ ശരീരം തന്നെ ദഹിപ്പിക്കണമെന്ന ചിന്തയായി. കാരണം ഭയം അവളെ വിഴുങ്ങിയിരിക്കുന്നു. ഭയം അത് വല്ലാത്തൊരു പ്രതിസന്ധിയാണ്. അതിൽ നിന്നും അവൾക്കിനി രക്ഷ നേടാൻ കഴിയുമായിരിക്കാം.


Rate this content
Log in

Similar malayalam story from Horror