അഞ്ചു മണി
അഞ്ചു മണി
അവൾ പതിയെ തിരിഞ്ഞു കിടന്നു. വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഓ.."ആൺകുട്ടിയായി ജനിച്ചിരുന്നെങ്കിൽ മാസം തോറുമുള്ള ഈ വേദന സഹിക്കേണ്ടതില്ലായിരുന്നു".ദേ.. അങ്ങേരു എന്തു സുഖമായിട്ടാണ് ഉറങ്ങുന്നത്. ഒരു നെടുവീർപ്പോടെ അവൾ ചിന്തിച്ചു. ഇതിനിടയിൽ കാലുകൾ നനയുന്നതവൾ ശ്രദ്ധിച്ചു. ഹോ…
വേദനകൾക്കിടയിൽ കിടക്കുമ്പോൾ അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു.ചൂടുവെള്ളം കൊണ്ടു വന്ന് പുറവും ഉഴിഞ്ഞ് ഉറങ്ങുന്നതുവരെ നോക്കി ഇരിക്കും. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. "സ്വന്തം കുടുംബം ഭംഗിയായി നോക്കേണ്ടവൾ" ഉം.. അവൾ ചെറിയ ദേഷ്യത്തോടെ പിറുപിറുത്തു.
"എടീ നീയെന്താ പിറുപിറുക്കുന്നേ" … ഉറക്കത്തിൽ നിന്നും പതിയെ തലയുയർത്തി അയാൾ ചോദിച്ചു. " ഇവിടെ വന്നു കിടക്ക് ..ക്ഷീണത്തിൽ ഉറങ്ങി പോയി വാ ശബ്ദമുണ്ടാക്കാതെ കുട്ടികൾ എണീക്കും" . തെല്ലു ചിരിയോടെ അയാൾ വീണ്ടും കിടന്നു. അവളുടെ കണ്ണുനീർ ധാരധാരയായി ഒഴുകി. ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. അപ്പോഴെകും അലാറാം നിർത്താതെ അടിച്ചു.അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കുന്നുണ്ടായിരുന്നു ."അഞ്ചു മണിയായിരിക്കുന്നു".
