വാത്സല്ല്യം
വാത്സല്ല്യം
തെക്കേതൊടിയിൽ രൂപം
കൊണ്ടയെൻ പുതുകുഴിമാടം
അമ്മയിൽ തേങ്ങലുണർത്തി.
ദിനവും പൊഴിച്ചിടും അമ്മതൻ തേങ്ങലുകൾ എന്നാത്മാവിൻ
ശാന്തി കെടുത്തി.
വീണ്ടുമാ തീരാസ്നേഹം
നുകരുവാൻ,
അമ്മതൻ കയ്യാലുരുളകൾ
കൊതിയോടെ ഭക്ഷിക്കുവാൻ,
ഹൃദയസ്പർശിയാം കഥകൾ കേൾക്കാൻ,
മാറ്റേകും കളികളിൽ ഉല്ലസിക്കുവാൻ,
പിണക്കങ്ങളിൽ പങ്കുചേരാൻ
എൻ ആത്മാവിനും തീരാകൊതി.
കൊതി തീരും മുന്നേ ആയുസ്സ്
വെടിഞ്ഞോരാത്മാവ് ഞാൻ,
തേടി ഒരു ജീവൻ തുടിക്കും ശരീരം.
വിശന്നൊട്ടിയ വയറുമായൊരു
യാചക ബാലൻ പടികടന്നെത്തിടുന്നു
മുപ്പത്തൊന്നാം നാൾ.
താമസമേതുമില്ല ഞാനവനിൽ അലിഞ്ഞു.
ഹൃദയത്താളം കാതോർത്തു
മണിമുഴക്കം കണക്കെ അവനിൽ
പ്രകമ്പനം കൊള്ളിച്ചു.
കഥയറിയാതെ ബാലൻ ഇറയത്തെത്തി
ഭിക്ഷ ചോദിച്ചിടും നേരം
പ്രേതരൂപീണിയായെൻ അമ്മതൻ
നയനങ്ങളിൽ തുളുമ്പും വാത്സല്യം
അവനിലേക്കൊഴുകി.
ഒരിറ്റ് കണ്ണീർ ചാലുകൾ വെട്ടി
കവളിലേക്കൊഴുകിടും നേരം
വാത്സല്ല്യകരങ്ങളാലമ്മ വാരി പുണർന്നു.