പുഴയുടെ തേങ്ങൽ
പുഴയുടെ തേങ്ങൽ
പഴയപുഴയുടെ വഴികൾ തേടി
പണ്ടൊരുനാളിൽ കാടുകയറി
ചിലപല കാട്ടുനീരുകൾ കണ്ടതിൻ
ചപ്പിലകൾക്കടിയിൽ നിന്നും
നുരയ്ക്കുന്നു താഴേക്കൊഴുകും
വൻപുഴയുടെ തെളിനീരോട്ടങ്ങൾ.
മുകൾപ്പരപ്പിൽ നിഴലായ് കനക്കും
ഹരിതത്തിന്നിടയിലൂടെ നീണ്ടുവരും
സൂര്യപ്രഭയുടെ വർണ്ണജാലങ്ങളാലെ
ഇളംമഞ്ഞും തണുപ്പും നിറഞ്ഞ
വർണ്ണമനോഹര കാനനത്തിൽ!
ഇന്നു ഞാൻ പുഴതിരഞ്ഞുപോകവേ
കണ്ടതവിടെ കാടെല്ലാം
യന്ത്രവാളിനാൽ അരിഞ്ഞു മാറ്റി
ചെറുകുന്നെല്ലാം മൊട്ടക്കുന്നായ്
മാറിയ കദനങ്ങൾ കണ്ടു കൺ
ചിമ്മിപ്പോയ്! നീരൊഴുക്കങ്ങൾ വറ്റിയകണ്ണുനീർച്ചാലുപോൽ
വിടപറഞ്ഞകന്നുപോയ് തണ്ണീരും!
സൂര്യപ്രഭ തീക്കാറ്റിൽ പൊള്ളിയടർന്നു
ഭൂമിയിൽ മരുപ്പച്ചകൾ തീർക്കവേ,
വർണ്ണവും വർണ്ണജാലങ്ങളുമില്ലാതെ
ഇളംമഞ്ഞും കുളിർകോരും
തണുപ്പുമില്ലാതെ,
മണ്ണിൽപുതപ്പായ്നിറഞ്ഞിരുന്ന
ചപ്പിലകളില്ലാതെ
വരണ്ടുണങ്ങി ഭൂമിപ്പെണ്ണും ഒരുതുണ്ട്
ഹരിതമില്ലാതെ
ചിത്രപടത്തിനായ് നാണത്തോടെ-
യാരേയോ നോക്കിക്കേഴുന്നു പിന്തലമുറയ്ക്കൊരു
സ്വപ്നംപോലും നൽക്കാനാവാതെ!
മർത്യന്റെ ജഢിലതകൾ മൗനമായ്
കാറ്റത്തൂളിയിട്ടതുപോൽ നിറയവേ,
ആരോടും ഒന്നുമേ പറയുവാനില്ലാതെ
പുഴയൊഴുകുന്നു കളകളരവങ്ങളില്ലാതെ!
കാലമെല്ലാം ഓർത്തുവച്ചിരിപ്പുണ്ടാകും,
മർത്യചെയ്തികൾ പലതിൽ
നീറിപ്പുകയുന്നത്!
ശ്വാസവും നിശ്വാസവും ഇല്ലാതെ
കണ്ണുകൾ തുറിക്കുന്നത്!
തണുപ്പും കാറ്റുമില്ലാതെ വരണ്ടുവിണ്ട്
ഉണങ്ങി ചുങ്ങിപ്പോകുന്നത്!
കുടിക്കാനൊരുതുള്ളി വെള്ളമില്ലാതെ
ദാഹംകൊണ്ടു പൊറുതിമുട്ടുന്നത്!
പുഴയിപ്പോഴും ഒഴുകുന്നുകരയുടെ
മർമ്മരമറിയാതെ
കരയിൽ ഞാന്നുകിടക്കും പുല്ലിൻ
മർമ്മരമറിയാതെ
ആഴമില്ലാതെ പരക്കാതെ
ഒഴുകാനറിയാതെ
ചെളിയുടെയടിയിൽക്കിടക്കും
മണലിൻ മർമ്മരമറിയാതെ
ഒഴുക്കില്ലാതെ വറ്റി വരളാനുള്ള
മർമ്മരമറിയാതെ
പുഴയൊഴുകുന്നു സ്വപ്നത്തിൻ
മർമ്മരമില്ലാതെ,തേങ്ങലോടെ...!
