തൂക്കു കയർ
തൂക്കു കയർ


മതഭ്രാന്ത് മഹാമാരിയെ പോലെ വീശിയടിച് ഉമ്മറപടിയിൽ വാളും കുന്തവും തോക്കുമായി ആരവം മുഴക്കി മനയുടെ വാതിൽ ചവുട്ടിപൊളിച്ച്
അതിക്രമത്തിന് കടന്നുകയറി.
1921 ഓഗസ്റ്റ് .
കൊച്ചു നമ്പൂതിരിയെ ഒക്കത്തിരുത്തി ഇരുട്ടിൻ്റെ മറവിൽ കാൽപെരുമാറ്റം കേൾപ്പിക്കാതെ ഹസ്സൻ കോയ പ്രാണരക്ഷാർഥം പിച്ചവെച്ചും ഓടിയും വയൽ താണ്ടി നിസ്കാരപള്ളിയുടെ പിന്നിൽ വളർന്നു പന്തലിച്ച കുറ്റികാടുകൾക്കിടയിൽ ഒളിച്ചിരുന്നു.
'ഉണ്ണി ഒച്ചവെക്കരുത്,'
ഹസ്സൻ കോയ അരുമയോടെ എഴുവയസ്സുകരനെ ഓർമിപ്പിച്ചു.
അതി ദയനീയമായ നിലവിളികൾ നേർത്ത വിലപങ്ങളായി കുറ്റിക്കാടുകളിൽ തട്ടി നിസ്കാര പള്ളിയും കടന്നു മുന്നോട്ട് മന്ദമായി ഒഴുകി.
കുറ്റിക്കാട്ടിലെ പുല്ലാഞ്ഞി കൂട്ടവും മുള്ളുളള ചൂരൽ വള്ളികളും ചാരുമരങ്ങളും വിലാപ കാറ്റിനൊപ്പം കണ്ണീർ പൊഴിച്ചു.
ഉടുത്ത തോർത്ത് അഴിച്ചു ഹസ്സൻ കോയ ഉണ്ണി നമ്പൂതിരിയെ കിടത്തി.
മയക്കം തെളിഞ്ഞുണർന്ന ബാലനെ വീണ്ടും ഒക്കത്തിരുത്തി അഞ്ചു നാഴിക അകലെയുള്ള അരീക്കര ഇല്ലത്ത് എത്തിച്ചു.
എല്ലാം അറിയുന്ന പോലെ ബ്രഹ്മ ദത്തൻ തിരുമേനി ബാലനെ ഏറ്റുവാങ്ങി.
നിരസിച്ചെങ്കിലും, നിർബധപൂർവം തിരുമേനി നൽകിയ നൂറുരൂപ വാങ്ങി, ഉണ്ണി നമ്പൂതിരിയെ ഗാഢമായി ഉമ്മ വെച്ചു ഹസ്സൻ കോയ പടികൾ ഇറങ്ങി.
1942 ഓഗസ്റ്റ്.
വധശിക്ഷ പുലർച്ചെ അഞ്ചുമണിക്ക് നടപ്പാക്കും. ജയിലർ അറിയിക്കുംപോഴും ഉണ്ണി നമ്പൂതിരിക്ക് മനസ്താപം തോന്നിയില്ല.
കറുത്ത വില്ലുവണ്ടിയിൽ ഉടുക്കു കൊട്ടി മരണമണി മുഴക്കി നീല പ്രകാശത്തിന്റെ മങ്ങിയ വെട്ടം തെളിയിച്ചു കോഴിക്കോട് സെൻട്രൽ ജയിലിലേക്ക് യാത്ര തിരിച്ചു ,
ആരാച്ചാർ വേദനായക പെരുമാൾ.
കുട്ടികളും സ്ത്രീകളും ഓടിഒളിച്ചു.
പട്ടികള്‍ നിർത്താതെ
കുരച്ചു.
നത്തിൻ്റെ കരച്ചിൽ മാറ്റൊലി ആയി മുഴങ്ങി.
കുറുക്കന്മാര്‍ ഓലിയിട്ടു.
വില്ലുവണ്ടി കാട്ടിലെ പാതയിലൂടെ ശബ്ദം ഉണർത്തി കുണ്ടിലും കുഴിയിലും കയറി ഇറങ്ങി മുന്നോട്ട് നീങ്ങി.
പാതയുടെ അപ്പുറമുള്ള മുള്ളുകൾക്കിടയിൽ, പ്രതിയുടെ കഴുത്തിൽ കൊലക്കയർ വീണു പിടയുന്ന ദൃശ്യം മനസ്സിൽ കണ്ടു തേങ്ങി, വേട്ട നായ്ക്കൾ കടിച്ചു കീറി കൊന്ന മാൻകുട്ടിയുടെ അമ്മ .
പിന്നീട്, ശ്മശാന മൂകതയിലൂടെ നീല വെളിച്ചം മെല്ലെ മുന്നോട്ട് നീങ്ങി, സെൻട്രൽ ജയിലിൽ ലക്ഷ്യമിട്ട്.
പുഴയിലെ പാലം കടന്ന് കടലുണ്ടിയിൽ എത്തുന്നതിനു മുൻപേ ആരാച്ചാരുടെ വില്ലു വണ്ടി തടഞ്ഞു,
ഹസ്സൻ കോയ യുടെ മകനും കൂട്ടാളികളും.
വേദനായാക പെരുമാൾ വില്ലുവണ്ടിയിൽ നിന്ന് ഇറങ്ങി.
നാസർ കോയ തോക്ക് ചൂണ്ടി പെരുമാളോടെ തിരികെ പോകാൻ ആജ്ഞാപിച്ചു, പിന്നിൽ വാളുമായി എന്തിനും പോന്ന അനുയായികൾ പത്തുപേർ.
"ജഡ്ജി സായിപ്പിൻ്റെ കൽപനയാണ്, തടയാൻ ആർക്കും അധികാരമില്ല." പെരുമാൾ .
"തോക്ക് മറുപടി പറയും മുൻപേ പെരുമാൾ പോയിക്കൊള്ളൂ."
നാസർ കോയ അന്ത്യ ശാസനം നൽകി.
പെരുമാൾ വില്ലു വണ്ടി തിരിച്ചു മടങ്ങി. തൂക്കികൊല സമാഗതമായില്ല.
1941. സായിപ്പ് ജഡ്ജി യുടെ കോടതി.
"നിങ്ങൾ, ആരാധനാലയത്തിൽ നിന്ന് മടങ്ങി വന്ന മീരാൻ കുഞ്ഞു ഹാജിയെ നിഷ്ഠൂരമായി വെടിവെച്ചു കൊലപ്പെടുത്തി.
" (1) ഉപ്പേരൻ കേളപ്പൻ
(2) നേടിയ കണ്ടം വേലായുധൻ കണ്ടൻ
(3) കുന്നില കോരി കുഞ്ഞഹമ്മദ് ഉൾപ്പെടെ 24 സാക്ഷി തെളിവുകൾ നിങ്ങൾക്കെതിരെ ഉണ്ട്.
നിങൾ കുറ്റം ചെയ്തിട്ടുണ്ടോ ?
പ്രതി സുബ്രമണ്യൻ മഹേശ്വരൻ നമ്പൂതിരിയോടു , ജഡ്ജി ജോൺ മാനിങ് ഹിച്കോക്കു ചോദിച്ചു."
ഇല്ല. ഉണ്ണിനമ്പൂതിരി അറിയിച്ചു.
എൻ്റെ പിതാവിനെ നിഷ്കരുണം വധിച്ച, എൻ്റെ മാതാവിനെയും സഹോദരിയെയും ക്രൂരമായി പീഡിപ്പിച്ചു വധിച്ച , ഞങ്ങളുടെ ഇല്ലം സ്വന്തമാക്കിയ മീരാൻ കുഞ്ഞു ഹാജി യെ ഞാൻ വെടിവെച്ചു കൊന്നു.
അത് കുറ്റമല്ല.
ആംഗല ഭാഷയിൽ ഉണ്ണി നമ്പൂതിരി പറഞ്ഞത് കേട്ട് സായിപ്പ് അമ്പരന്നു. ഇംഗ്ലീഷ് ഭാഷ ഇത്രയേറെ ഒഴുക്കോടെ മനോഹരമായി
നാട്ടുകാർ സംസാരിക്കുന്നത് ഹിച്ച് കോക് കേട്ടിട്ടില്ല.
പ്രതിയെ, മരിക്കും വരെ തൂക്കിലേറ്റി കൊല്ലാൻ വിധി പറഞ്ഞു കോടതി പിരിഞ്ഞു.
പെരുമാൾ മുരുകൻ കൊലക്കയർ മുറുക്കാൻ പിന്നെ വന്നില്ല.
സുബ്രഹ്മണ്യൻ മഹേശ്വരൻ ആർക്കും വേണ്ടി കാത്തിരിക്കാതെ ഏകാന്ത തടവറയിൽ നിന്നും മുക്തി നേടി.
അന്ന്, കൊന്നു കൊലവിലിച്ച് തള്ളിയ കിണറ്റില് നിന്ന് ഒച്ചവെച്ച് കഴുകന്മാർ പറന്നുയർന്നു.
രക്തം ചിന്തിയ മതിലുകളിൽ വെള്ള ചായം പൂശി പുതിയ ചരിത്രകാരന്മാർ വെള്ളരി പ്രാവുകളെ വരച്ചു,