പ്രേതം
പ്രേതം


പ്രിയ ഡയറി,
ഇന്ന് 30 ആം തിയതി. ഞാൻ പതിവ് പോലെ ജോലി ചെയ്തു കൊണ്ടിരുന്നു. വീട്ടിലെ ചൂട് സഹിക്കാൻ വയ്യാതെ അച്ഛനും അമ്മയും ടെറസിൽ പോയി. ഞാൻ മാത്രം വേറെ വഴി ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ ഇരുന്നു. രാത്രിയിൽ തനിച്ചിരിക്കുന്നതു എനിക്ക് പുതിയകാര്യമൊന്നുമായിരുന്നില്ല. പക്ഷെ ഇന്നത്തെ ദിവസം തികച്ചും വ്യത്യസ്തമായിരുന്നു .
രാത്രി ഒരു 11 മണി ആയിട്ടുണ്ടാവും, നല്ല നിശബ്ദത. ഞാൻ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആരോ എന്റെ വലതു വശത്തു ഇരിക്കുന്നതായി തോന്നി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. ചെറുപ്പം മുതലേ പ്രേത കഥകൾ കേൾക്കാനും കാണാനും താല്പര്യം കാട്ടുന്ന എനിക്ക് പ്രേതത്തിനെ ഒന്നും അധികം വിശ്വാസം ഇല്ല. പക്ഷെ പെട്ടെന്ന് തൊട്ടടുത്ത മുറിയിൽ നിന്ന് പ്രകാശം വരുന്നുണ്ടായിരുന്നു. പോയി നോക്കാൻ ഒരു ചെറിയ പേടി. അപ്പോഴാണ് അടുക്കളയിൽ ടാപ്പിൽ നിന്ന് വെള്ളം വരുന്ന ശബ്‌ദം, ഞാൻ വേഗം പോയി അത് നിർത്തി. പക്ഷെ അത് ആരാണ് തുറന്നതു എന്ന് എന്നെനിക്കറിയില്ലായിരുന്നു. പേടി ഇല്ലാത്ത എന്റെ ഉള്ളിൽ എന്തെന്ന് അറിയാത്ത ഒരു പേടി. ഞാൻ വീണ്ടും ജോലി തുടർന്നു.വീണ്ടും അടുക്കളയിൽ നിന്ന് പാത്രത്തിൻറെ ശബ്‌ദം കേൾക്കുന്നുണ്ടായിരുന്നു. എത്തിനോക്കിയപ്പോൾ ആരുമില്ല. തോന്നലല്ല ഇതെന്ന് എനിക്ക് മനസ്സിലായി. പക്ഷെ തോന്നലാണെന്നു എന്നെ തന്നെ ഞാൻ വിശ്വസിപ്പിച്ചു .
വേഗം ടെറസിൽ പോയ അമ്മയും അച്ഛനും വരാൻ ഞാൻ ആശിച്ചു. അപ്പോൾ പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്‌ദം. പേടിച്ച ഞാൻ മെല്ലെ നോക്കിയപ്പോൾ അമ്മയും അച്ഛനും വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. ഇപ്പോഴും എന്താണു ശരിക്കും നടന്നതെന്ന് എനിക്കറിയില്ല. പ്രേതം ഉണ്ടോ ഇല്ലയോ...?