മൂക്കുത്തി
മൂക്കുത്തി
ഇരു നിറവും നീളൻ മുടിയും ഇടത്തെ കവിളിൽ ചിരിക്കുമ്പോൾ മാത്രം മിന്നായം പോലെ തെളിഞ്ഞു കാണുന്ന നുണകുഴിയും പിന്നെ രണ്ടു ഉണ്ട കണ്ണും ഉള്ള എന്റെ മുഖം കണ്ണാടിയിൽ കാണുമ്പോഴൊക്കെ മൂക്കിലൊരു മൂക്കുത്തി ആയാലോ എന്നൊരു ആഗ്രഹം മനസിൽ തോന്നി തുടങ്ങി.
ആദ്യമായി മൂക്കുത്തിയുടെ അപേക്ഷയുമായി അമ്മയുടെ അടുത്തു പോയി. അമ്മ എന്നെ നോക്കിട്ട് പറഞ്ഞു. ...." മൂക്കും തുളച്ചു ഇങ്ങോട്ടു വന്നാൽ അന്റെ കാലു രണ്ടും തല്ലിയോടിക്കും.... " ന്ന് (അല്ലെങ്കിലും അമ്മ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും )
അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു...
" അച്ഛന്റെ പൊന്നിൻ കുടത്തിനു എന്തിനാ പൊട്ട്.......ഇയ്യ് ന്റെ ചുന്ദരിമണി അല്ലെ...." അല്ലെങ്കിലും അച്ഛന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ ഇപ്പോഴും അലിഞ്ഞു ഇല്ലാതായി പോവാറാണ് പതിവ്.
ഹൈകോടതിയും സൂപ്രിം കോടതിയും ഒരേ പോലെ എന്റെ മൂക്കുത്തിന്റെ ഹർജി തള്ളി കളഞ്ഞെന്ന് മനസിനോട് ഒരായിരം വട്ടം പറഞ്ഞെങ്കിലും മനസു കേട്ടില്ല.
പല നിറങ്ങളിൽ ഉള്ള പൊട്ട് മൂക്കിൽ തൊട്ടും ഫാൻസി മൂക്കുത്തി വാങ്ങി വെച്ചും ഞാൻ എന്റെ മനസിനെ സമാധാനിപ്പിച്ചു.
പഠിത്തമൊക്കെ കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയപ്പോഴും അടങ്ങാത്ത ഒരു മോഹമായി മനസിൽ മൂക്കുത്തി ഉണ്ടായിരുന്നു. പലരും മൂക്ക് തുളച്ചു പല നിറത്തിൽ ഉള്ള മൂക്കുത്തി ഇട്ടു വരുന്നത് അസൂയയോടെ നോക്കി നിൽക്കാനായിരുന്നു എന്റെ വിധി.
ഒരിക്കൽ എന്തും വരട്ടെന്ന് വിചാരിച്ചു ശമ്പളം കിട്ടിയപ്പോൾ ഒരു വെള്ള മൂക്കുത്തി വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നു ആരും കാണാതെ ഒളിപ്പിച്ചു വെച്ചു.എന്നും രാവിലെയും രാത്രിയും മൂക്കുത്തി എടുത്തു തലോലിച്ചു കൊണ്ടിരുന്നു.തോൽക്കാൻ എനിക്ക് സമ്മതം അല്ലായിരുന്നു... മുൻപോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ പിന്നെ എന്റെ സമര മുറകളുടെ ദിനങ്ങളായിരുന്നു വീട്ടിൽ കരച്ചിലും നിരാഹാര സമരവും മൗന വൃതവുമൊക്കെ കണ്ടു വീട്ടുകാർ " "എന്തെങ്കിലും പോയി ചെയ്യ്" ന്ന് പറഞ്ഞു.
ഒടുവിൽ ആ ദിനം എന്നെ തേടിയെത്തി. അച്ഛനെയും കൂട്ടി പിറ്റേന്ന് തന്നെ ജ്വല്ലറിയിൽ ഗൺ വെച്ചു മൂക്ക് കുത്താൻ പോയി. ഗൺ മൂക്കിൽ വെച്ചപ്പോൾ സകല ധൈര്യവും ചോർന്നു പോകുന്നത് പോലെ തോന്നിയെങ്കിലും അതു മുഖത്തു കാണിക്കാതെ പിടിച്ചു നിന്നു. (എന്റെ മുഖമൊന്നു മാറിയാൽ അച്ഛൻ തീരുമാനം മാറ്റും.) ഗൺ പോയിന്റിൽ വെച്ചപ്പോൾ പേര് അറിയാത്ത എല്ലാ ദൈവങ്ങളെയും വിളിച്ചു..." പേടി ഇണ്ടങ്കിൽ തിരിച്ചു പോവാം മോളെ "ന്ന് അച്ഛൻ പറഞ്ഞെങ്കിലും..."ഇതൊക്കെ എന്ത് " എന്ന മട്ടിൽ ഞാൻ ഇരുന്നു. ടപ്പ്....
മൂക്കിൽ ഒരു തരിപ്പ്..
കണ്ണിലൂടെ കണ്ണു നീർ ഒഴുകുന്നു.അച്ഛന്റെ മുഖത്തു നോക്കിയപ്പോൾ അച്ഛൻ പറഞ്ഞു.
"അനോട് പറഞ്ഞല്ലേ പോവാ... വേദനിക്കും എന്നൊക്കെ. എന്നിട്ട് ഇയ്യ് ഇപ്പൊ കരയാ".
കരഞ്ഞത് അല്ല സന്തോഷശ്രു ആണെന്ന് അച്ഛനോട് കള്ളം പറഞ്ഞു.സത്യത്തിൽ വേദന എടുത്തിട്ടു കരഞ്ഞു പോയതാ.
പഴുക്കുമ്പോൾ ഉപ്പു വെള്ളം വെച്ചാൽ മതിയെന്നും പറഞ്ഞു. ഞങ്ങൾ ഇറങ്ങി.
വീട്ടിൽ എത്തി മുഖം കഴുകിയപ്പോൾ അറിയാതെ മൂക്കിലൊന്നു കൈ കൊണ്ടു.. ഒന്ന് തുള്ളി പോയി ഞാൻ വേദന കൊണ്ടു. മുഖം തുടക്കുമ്പോഴും ഡ്രസ്സ് ഇടുമ്പോഴുമൊക്കെ നല്ല വേദന. വേദനയൊക്കെ ഒരുവിധം കടിച്ചു പിടിച്ചു സഹിച്ചു. പിന്നെ അടുത്ത കലാപരിപാടി മൂക്കിൽ ചൊറിച്ചിലും ജലദോഷവും..ഒന്ന് രണ്ടാഴ്ച അങ്ങനെ പോയി. ദാ പോയി ദാ വന്നു എന്ന് പറഞ്ഞപോലെ അടുത്തത് പനിയായിരുന്നു.തലവേദനയും ഛർദിയും തലകറക്കവും കൂട്ടത്തിൽ ചിക്കൻ പോക്സും... അടിപൊളി...ദോഷം പറയരുതല്ലോ.. മൂക്കിന്റെ ഉള്ളിൽ വരെ വന്നു ചിക്കൻ പോക്സിന്റെ വെളുത്ത കുരുകൾ.
ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ. മൂക്ക് ജലദോഷം കൊണ്ടു ചീറ്റിയാപ്പോൾ എങ്ങോട്ടാ തെറിച്ചു പോയി മൂക്കുത്തിന്റെ ആണി.തിരഞ്ഞു നടന്നിട്ടും കിട്ടിയതും ഇല്ല.
ആശിച്ചു മോഹിച്ചു മൂക്കും കുത്തി മൂക്കുത്തിയും ഇട്ടു.. അതിപ്പോ ഇങ്ങനെയും ആയി......തോൽവികൾ ഏറ്റു വാങ്ങാൻ പിന്നെയും എന്റെ ജീവിതം ബാക്കി.വർഷങ്ങൾ ഒരുപാട് കഴിഞ്ഞു..മൂക്കിലെ തുളയും അടഞ്ഞു. പക്ഷേ മൂക്കുത്തിയോടുള്ള പ്രണയം ബാക്കി.ഒരുപാട് നാൾക്ക് ശേഷം ആണി പോയാ മൂക്കുത്തി കണ്ടപ്പോൾ ഉള്ളിലൊരു പിടച്ചിൽ..പറഞ്ഞിട്ടു കാര്യമില്ല യോഗം ഇല്ല ഉണ്ണി.
