കാളിന്ദി 🔥

Fantasy Inspirational

4.3  

കാളിന്ദി 🔥

Fantasy Inspirational

കുഴിയാന

കുഴിയാന

2 mins
29


വിറക്കുപുരയിൽ നിന്നും വിറക്കെടുക്കുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…..

പൂഴി മണ്ണിൽ നിറയെ കുഞ്ഞു കുഴിയാനകളുടെ കുഴികൾ.

വല്ലാതൊരു സന്തോഷം തോന്നി.


പണ്ടു എന്റെ അവധി ദിനങ്ങൾ എല്ലാം കടമെടുത്ത വിരുതനാണ്.....എത്ര ഓടിയാലും കിതച്ചു തളരാത്ത ഒരു ബാല്യമുണ്ടായിരുന്നു നമുക്ക് ഓരോരുത്തർക്കും...


 ഇനി എത്ര കൊതിച്ചാലും തിരിച്ചു കിട്ടാത്ത നാളുകളിലെ ഇത്തിരി നോവുള്ള ഓർമ്മ…


ഓടിട്ട വീടിന്റെ തറയോട് ചേർന്നു ഉള്ള തരി മണ്ണിൽ നിറയെ കുഞ്ഞു കുഞ്ഞു കുഴിയാനകളുടെ കുഴികളിലേക്ക് നോക്കി നിന്നിരുന്ന ഒരു അഞ്ചു വയസുകാരി എന്റെ ഉള്ളിൽ ഉണ്ടിപ്പോഴും.എനിക്കും എന്റെ ഏട്ടനും ചെറുപ്പത്തിലെ ഉണ്ടായിരുന്ന വലിയൊരു വിനോദമായിരുന്നു കുഴിയാനയെ പിടിക്കൽ.


ആദ്യമായി കുഴിയാനയെ കാണിച്ചു തന്നത് ഏട്ടനായിരുന്നു. വീട്ടിന്റെ തറയോട് ചേർന്നു ഉള്ള ഇടത്തു ചുവന്ന മണ്ണിൽ ചെറിയ ചെറിയ കുഴികൾ.

(എന്തും കണ്ടാലും നോക്കി നിക്കുന്ന അതായത് വായി നോക്കുന്ന സ്വഭാവം പണ്ടു മുതലേ ഉണ്ടായിരുന്നു.

പണ്ടേ കൗതുകം കുറച്ചു കൂടുതലാ.)


അമ്പലത്തിലെ ഉത്സവത്തിന് കൊണ്ടു പോവുന്ന ആന നമ്മുടെ വീട്ടിൽ കുഴി ഉണ്ടാക്കി കൂടുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞു പറ്റിച്ചപ്പോൾ അതും വിശ്വസിച്ചു ഞാൻ നടന്നു പിന്നിട് ഒരിക്കൽ അമ്മ പറഞ്ഞു 

“ അത് കുഴിയാനയാ …” ന്ന്.

    

      കുഴിയാനയുടെ കുഴിയിൽ വരി വരിയായി പോകുന്ന കുഞ്ഞു ഉറുമ്പിനെ പിടിച്ചു ഇട്ടു നോക്കെന്ന് ഒരിക്കൽ ഏട്ടൻ പറഞ്ഞത് കേട്ടു. ഞാൻ ഒരു കുഞ്ഞു ഉറുമ്പിനെ തേടി പിടിച്ചു കുഴിയാനയുടെ കുഴിയിൽ കൊണ്ടു പോയി ഇട്ടു.

വലിയൊരു കുഴിയിൽ വീണത് പോലെ ഉറുമ്പ് കരക്ക് കയറാൻ നോക്കുമ്പോഴേല്ലാം കുഴിയിലേക്ക് ചുറ്റുമുള്ള മണ്ണ് അടർന്നു വീണു ഉറുമ്പിനു രക്ഷപെടാൻ കഴിയുന്നുണ്ടായിരുന്നില്ല.

പെട്ടെന്ന് ഒരു ഇത്തിരി പൊന്ന ഒരു ജീവി പുറത്തേക്ക് വന്നു ഉറുമ്പിനെ പിടിച്ചു.ആ ഇത്തിരി പൊന്ന ജീവിയായിരുന്നു കുഴിയാന.

     പിന്നീട് ഉള്ള എന്റെ വിനോദം കുഴിയാനയുടെ കുഴികൾ തേടി കണ്ടുപിടിക്കലായിരുന്നു.

കുഴി കണ്ടെത്തിയ പിന്നെ അടുത്ത പണി കുഴിയിൽ ഇടാൻ ഉറുമ്പിനെ തപ്പൽ ആയിരുന്നു. കുഴിയിൽ വീണു കിടക്കുന്ന ഉറുമ്പ് രക്ഷപ്പെടാൻ നോക്കുമ്പോൾ കുഴിയിലെ മണ്ണ് ഇളക്കും. മണ്ണ് ഇളക്കുന്നത് കണ്ടു കുഴിയിൽ നിന്നും കുഴിയാന മെല്ലെ വരും അപ്പൊ ഒരു ഈർക്കിലി കൊണ്ടു അതിനെ തോണ്ടി എടുത്തു കൈയിലോ, ചിരട്ടയിലോ, ഒന്നും കിട്ടിയില്ലെങ്കിൽ തീപ്പെട്ടി കൂടിനുള്ളിൽ ആക്കി വെക്കും..

  

ഇന്നു ഇതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു വൈബ് തോന്നുന്നു.

കാലം എത്ര കടന്നു പോയതനുസരിച്ചു എനിക്കും മാറ്റങ്ങൾ വന്നു.

എങ്കിലും ചില ഓർമ്മകൾ മനസിലേക്ക് കടന്നു വരുമ്പോൾ വല്ലാതൊരു നഷ്ട ബോധം തോന്നുന്നു…

ദൈവം വല്ലാത്തൊരു പണിയാണ് തന്നത്…ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ കൂടിയാണ് ജീവിക്കുന്നതെന്ന് ഒരു ക്ലൂ കുട്ടികാലത്തു തന്നിരുന്നുവെങ്കിൽ ഞാൻ അതൊക്കെ നല്ലത് പോലെ അടിപൊളി ആയി ആസ്വദിച്ചേനെ.

      



Rate this content
Log in

Similar malayalam story from Fantasy