കയ്യേറ്റം
കയ്യേറ്റം
എന്റെ തല എനിക്കൊരു സംഭവം തന്നെയാണ്.എന്നെ കണ്ടാൽ പുറമെ കുഴപ്പമില്ല എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും ഒറ്റക്ക് ഇരുന്നു
സംസാരിക്കുക, വെറുതെ ചിരിക്കുക, ആരുടേങ്കിലും മേലെ ചുമ്മാ മേക്കിട്ടു കയറുക, ഒരു കാര്യവും കാരണവും ഇല്ലാതെ സങ്കടപ്പെട്ടിരിക്കുക അനാവശ്യമായി ചൂടാവുക, വെറുതെ വാശി പിടിച്ചു ഇരിക്കുക...ഇങ്ങനെയുള്ള കുൽസിത
പ്രവർത്തികൾ ചെയ്യുമായിരുന്നു. നിങ്ങൾക്ക് അറിയോ ഈ പ്രവർത്തികൾ എന്നെ കൊണ്ട്ചെയ്യിപ്പിക്കുന്നത് വേറെ ആരുമല്ല എന്റെ തലയിലെ തലച്ചോറാണ് ഗെയ്‌സ്.....
Can you believe it.
അപ്പോഴാണ് എന്റെ അച്ഛമ്മ എന്റെ അമ്മയോട് നല്ല ചൂരൽ കഷായം recommend ചെയ്തത്. അതു കുറേശെ കിട്ടി തുടങ്ങിയപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ടായി തുടങ്ങി...
പിന്നെ എനിക്ക് കുരുട്ട് ബുദ്ധിയാണെന്നും
തലയിൽ ചെളി ആണെന്നും അരണയെ പോലെ ആണെന്നും എല്ലാവരും പറയാറുണ്ടെങ്കിലും ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല.
( അരണക്ക് ബുദ്ധിയില്ലെന്ന് ചെറുപ്പം മുതലേ കേൾക്കുന്നതാണ് . അത് ഇര പിടിക്കുന്നുണ്ട്. ഇണ ചേരുന്നുണ്ട്. കുട്ടികൾ ഉണ്ടാവുന്നുണ്ട്. പ്രകൃതിയിലെ ഉരഗ ജീവി എന്ന നിലയിൽ ഇനി അതിനു എന്തു ബുദ്ധിയാണ് വേണ്ടത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല.)
ഒരാഴ്ച്ചയായി എന്റെ തലയിൽ ഒരു കുടുംബം കുടിയേറി പാർക്കുന്നു. എവിടുന്ന് വന്നുവെന്ന് എനിക്ക് ഇതു വരെ മനസിലായില്ല.
വെറുതെ ഇരിക്കുമ്പോൾ ചൊറിഞ്ഞു എന്നെ ശല്യം ചെയുക. കാര്യമായി എന്തെങ്കിലും എഴുതി കൊണ്ടിരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ അങ്ങോട്ടും ഓടി ഇങ്ങോട്ടും ഓടി നടക്കുക. ഭക്ഷണം കഴിക്കുമ്പോൾ നെറ്റിയിലൂടെയോ കഴുത്തിലൂടെയോ ഏന്തി നോക്കി പോവുക.
ആരാണ് എന്ന് കണ്ടുപിടിക്കാൻ നോക്കിയപ്പോൾ മുതിർന്നവർ ഒളിച്ചിരുന്ന് പിള്ളേരെ ഇറക്കി വിട്ടു എന്നോട് യുദ്ധം ചെയ്തു കൊണ്ടിരുന്നു. പഴശ്ശിയുടെ യുദ്ധമുറകൾ ഒന്നും അവരു കണ്ടിട്ടില്ല.. എന്റെ കൈയിൽ കിട്ടിയ പിള്ളേരെ ഞാൻ രണ്ടു നഖങ്ങൾക്ക് ഇടയിൽ വെച്ചു അമർത്തി കൊന്നു. പിന്നെയും കൈയിൽ കിട്ടിയ പിള്ളേരെ ഞാൻ നിലത്തു വെച്ചു അമർത്തി കൊന്നു. ഞാൻ ചോര കണ്ടു അറപ്പ് മാറിയവൾ ആണെന്ന് അവർക്ക് അറിയില്ലല്ലോ..
ഇനിയിപ്പോ ഞാൻ അറിയാതെ വില്ലേജ് ഓഫീസിൽ പോയി എന്റെ തലയിലൂടെ പോക്ക് വരവ് കടലാസ് വാങ്ങിച്ചോ.
ഈശ്വര..... ഇനി പട്ടയം പതിച്ചു വാങ്ങുമോ..
എന്റെ തല.... എന്റെ മുടി..
എന്റെ ക്ഷമ പരീക്ഷിക്കാൻ വേണ്ടിയാണോ എന്തോ അവർ മുട്ടയും ഇട്ടു വെച്ചിട്ടുണ്ട്.. ഇടക്കൊക്കെ മുടിയിലൂടെ കൈ വിരൽ കൊണ്ടു കോർത്തു വലിക്കുമ്പോൾ രണ്ടു മൂന്നു മുട്ടകൾ എനിക്ക് കിട്ടി.
ദുഷ്ടന്മാർ.... എന്റെ തലയിൽ മുട്ട ഇട്ടു വെച്ചിരിക്കുന്നു. ആര് അടയിരിക്കും.. ഞാനോ...?
അവർക്ക് കൂടിയേറി പാർത്തു മുട്ടയും ഇട്ടു വിരിയിച്ചു താമസിക്കാൻ എന്റെ തല എന്താ പൊതു വഴി ആണോ...?
ഒരു മരിയാദ വേണ്ടേ...?
അമ്മ പറയാറുണ്ട് ഇപ്പോഴും " ഫോണിൽ അടയിരുന്നോ "? ന്ന് ഇനി അതെങ്ങാനും കേട്ട് താമസം തുടങ്ങിയതാണോ....?
ഞാൻ കുളം കലക്കിയാണ് എന്നൊക്കെ വീട്ടുകാർ പറയുമെങ്കിലും ഞാൻ മൈൻഡ് ചെയ്യാറില്ല. അതു പകൽ പോലെ സത്യമാണ്. അവരുടെയൊക്കെ താമസം ഞാൻ ഒഴിപ്പിക്കാനും .കുടുംബം കലക്കി മറിക്കാനും ഞാൻ തീരുമാനിച്ചു ...
രണ്ടു മൂന്നു ദിവസം മെനക്കിട്ട് ഇരുന്നു മൂടി ചികി എല്ലാത്തിനെയും അടിച്ചിറക്കി വിട്ടു.
പിന്നെ ഷാമ്പൂ തേച്ചു ശുദ്ധിയാക്കി.
അങ്ങനെ ആരും എന്റെ സമ്മതം ഇല്ലാതെ കുടിയേറി പാർക്കാൻ വരണ്ട.
കാളിന്ദി എന്ന മിത്രത്തെ മാത്രമേ നിങ്ങൾക്ക് അറിയൂ...
കാളി എന്നാ ശത്രുവിനെ നിങ്ങൾക്ക് അറിയില്ല..
ഹാറാസ്മെന്റ് ഈസ് എ ഡേർട്ടി ബിസിനസ്.
