മരണം വരെ നിന്നോടൊപ്പം
മരണം വരെ നിന്നോടൊപ്പം
ശ്രീദേവി ആ കിടപ്പു കിടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.. തുണിയലക്കികൊണ്ടിരിക്കുമ്പോൾ ശരീരം തളർന്ന് പിന്നിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് പുറകിൽ കാര്യമായ ക്ഷതം പറ്റിയിരുന്നത് കൊണ്ട് കോമാ സ്റ്റേജിൽ ആയിരുന്നു കുറേ നാൾ. ഒടുവിൽ ഹോസ്പിറ്റലിൽ അധികം നാൾ ഇട്ടിട്ടു കാര്യമില്ല എന്ന് മനസിലാക്കി ബെന്നി അവളെ വീട്ടിലേക്കു കൊണ്ടു വന്നു...
വാടകക്കായിരുന്നു അവരുടെ താമസം. ഇരു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചുള്ള ഒരു പ്രണയ വിവാഹമായിരുന്നു അവരുടേത്... ബെന്നിക്കൊരു വെൽഡിങ് വർക് ഷോപ്പിൽ ആയിരുന്നു ജോലി. കൈയിൽ ഉള്ളതും കടം മേടിച്ചുമൊക്കെ ശ്രീദേവിയെ ഒരുപാട് ചികിൽസിച്ചു . പക്ഷേ ജീവൻ തിരിച്ചു കിട്ടിയതല്ലാതെ യാതൊരു പ്രയോജനവും ഇല്ലായിരുന്നു.. ശ്രീദേവി ചുറ്റുപാടും നടക്കുന്നത് എല്ലാം ഉള്ളിൽ അറിഞ്ഞു കൊണ്ട് അനക്കമില്ലാതെ കിടക്കുകയാണ്. ബെന്നി ശ്രീദേവിയുടെ അടുത്തുനിന്നും മാറാതെ ഓരോ കാര്യങ്ങളും ചെയ്ത്കൊടുത്തു കൊണ്ടിരിക്കുന്നു. അത്രക്ക് ഇഷ്ട്ടമായിരുന്നു ബെന്നിക്ക് ശ്രീദേവിയെ. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ഇരുവർക്കും കഴിയില്ലായിരുന്നു.. ശ്രീദേവിയുടെ ഈ അവസ്ഥ ബെന്നിയെ വല്ലാതെ തളർത്തികളഞ്ഞിരുന്നു.
കുറേ മാസങ്ങൾ കഴിഞ്ഞു. ശ്രീദേവിയുടെ അവസ്ഥ മാറ്റമില്ലാതെ അങ്ങനെ തുടർന്നു . ബെന്നിക്ക്കൃത്യമായി ജോലിക്ക് പോകാൻ പറ്റാത്തത് കൊണ്ട് വീട്ടിലെ അവസ്ഥ വഷളായികൊണ്ടിരുന്നു. മരുന്നോ, ആഹാരമോ കൃത്യമായി കൊടുക്കാൻ പോലും പറ്റാത്ത ആ അവസ്ഥയിൽ ഒരു സഹായത്തിനു പലരുടെ അടുക്കലും കൈനീട്ടി. ചിലർ സഹായിച്ചു.. ചിലർ പുച്ഛത്തോടെ ഒഴിവാക്കുക തന്നെ ചെയ്തു... അങ്ങനെ കുറെ നാളുകൾ കൂടി കാര്യങ്ങൾ തട്ടിയും മുട്ടിയും പോയ്.....പക്ഷേ....
--------------------------------------------------
അയൽ വാസികൾ ആണ് ആ കാര്യം പോലീസിനെ അറിയിച്ചത്.. ബെന്നിയുടെ വീട്ടിൽ കുറേ നാളുകളായി ആളും അനക്കവും ഒന്നും കാണുന്നില്ലായിരുന്നു. പിന്നെ വല്ലാത്ത ദുർഗന്ധം വരാൻ തുടങ്ങിയപ്പോൾ അവർക്കു എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അയൽക്കാർക്ക് മനസിലായി.. പക്ഷേ
പേടികൊണ്ട് ആരും അങ്ങോട്ട് അടുത്തില്ല...
പോലിസ് വന്നു പൂട്ട് പൊളിച്ചു അകത്തുകയറി. അകത്തു അവർ കണ്ട കാഴ്ച്ച അവരെ അത്ഭുതപ്പെടുത്തി.. അവിടെ ബെഡിൽ പട്ടുസാരിയും ഒക്കെ അണിഞ്ഞു പഴുത്തു ചീർത്ത് ശ്രീദേവിയുടെ മൃതദേഹം... അവളുടെ അടുത്ത് ഇരുന്നു ശുശ്രൂഷിക്കുന്ന ബെന്നി.. അവൾ മരിച്ചതോ, പഴുത്തു ചീഞ്ഞു പുഴു അരിക്കുന്ന പരുവത്തിലായതോ ഒന്നും ബെന്നി അറിഞ്ഞിരുന്നില്ല.. ശ്രീദേവിയോടുള്ള ഭ്രാന്തമായ സ്നേഹം ബെന്നിയെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. പോലീസ്കാരും മറ്റും ഏറെ പണിപ്പെട്ടു അവളുടെ അടുക്കൽ നിന്നും ബെന്നിയെ മാറ്റാൻ.. അത്രക്കും ഇഷ്ട്ടമായിരുന്നു ബെന്നിക്ക് ശ്രീദേവിയെ.. ബെന്നിയെ അവിടെ ഉണ്ടായിരുന്ന ആംബുലൻസിലേക്ക് മാറ്റി. അപ്പോൾ ബെന്നി കൈയിൽ എന്തോ ഒന്ന് മുറുക്കിപ്പിടിച്ചിരുന്നു.
പോലീസ് ഇൻക്യുസ്റ്റിനു ശേഷം ശ്രീദേവിയുടെ മൃതദേഹവും ആംബുലൻസിലേക്ക് മാറ്റി... ശ്രീദേവിയെ കൊണ്ട് ആംബുലൻസ് മറയുന്നത് ബെന്നി നിറകണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു. ആംബുലൻസ് മറഞ്ഞ ശേഷം ബെന്നി പതുക്കെ ആ കൈനിവർത്തി.. \"പൊന്നിൽ തീർത്ത ഒരു മിന്നു താലി\"ആയിരുന്നു അത്. ബെന്നിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ താലിക്കു മുകളിലായി ഊർന്നു വീണു....
കാളിന്ദി

