Jyothi Kamalam

Inspirational

4.3  

Jyothi Kamalam

Inspirational

"കെമിക്കൽ ബോണ്ടിങ്"

"കെമിക്കൽ ബോണ്ടിങ്"

2 mins
235


എൻ്റെ കസിൻ ബ്രദർ എന്നതിൽ ഉപരി എൻ്റെ ഉറ്റ ചങ്ങാതി കൂടി ആയിരുന്നു അവൻ. എന്നെക്കാളും 5 വയസ്സിനു ഇളപ്പം ഉണ്ടാരുന്നേലും ഒരിക്കൽ പോലും ഒരു ചേച്ചിയുടെ അധികാരം എടുക്കാൻ എന്നെ അവൻ അനുവദിച്ചിരുന്നില്ല. തട്ടിപ്പറിച്ചു നേടുന്ന മധുരത്തിന് ഒരു പ്രതേകതരം മധുരം ആണുപോലും.

വഴിയേ പോന്ന വയ്യാവേലികളിൽ ചെന്ന് ചാടുക മാത്രമല്ല എന്നേം കൂടി അതിൽ തള്ളി ഇടാനും അവൻ ഒരിക്കലും മറന്നില്ല - മനഃപൂർവമല്ലാത്ത നരഹത്യ എന്നൊക്കെ പറയുന്നപോലെ- വീട്ടിലെ ഏറ്റവും മൂത്ത പേരക്കുട്ടി ആയിട്ടും ഞാൻ ഈ തല്ലിപ്പൊളിത്തരത്തിനു കൂട്ട് നിക്കുന്ന ലോകതത്വം മാത്രം ഇന്നും എനിക്കോ വീട്ടുകാർക്കോ മനസിലായിട്ടില്ല. അവൻ്റെ ഭാഷയിൽ പറഞ്ഞാൽ അതാണ് കെമിക്കൽ ബോണ്ടിങ്. കെമിസ്ട്രിക്ക്‌ വട്ടപ്പൂജ്യം കിട്ടിയ എനിക്ക് അത് എന്താണെന്നു ഇതുവരെ മനസിലായിട്ടില്ല.

അവനെ പറ്റി പറയുമ്പോൾ ഞങ്ങൾ ഒന്നിച്ചു ഒപ്പിച്ച ‘കുരുത്തക്കേടുകൾ’ എന്ന് നാട്ടുഭാഷയിൽ പറയുന്ന കുസൃതികൾ അയവിറക്കാതെ വയ്യ.

ഒഴിവുകാലതിമിർപ്പിന്റെ കൂട്ടത്തിൽ പേരമരത്തിൽ കയറാനും പുളിയുറുമ്പുകടി കൊണ്ട് നിലവിളിച്ചു താഴെ വീണുമ്പോൾ അടികൊള്ളാതെ പടിഞ്ഞാറേ തോട്ടുവരമ്പിൻകരയിൽ ഓടി കയറാനുമുള്ള അവൻടെ സാമർഥ്യം സാക്ഷാൽ ഉസൈൻ ബോൾട്ടിന് മാത്രമേ എൻ്റെ കേട്ടറിവിൽ കാണുകയുള്ളു.

വരിഞ്ഞ കട്ടിലിൽ പകൽ മയക്കം നടത്താറുള്ള അപ്പൂപ്പനെ കട്ടിലിന്റെ അടിയിൽ പാത്തിരുന്നു ഈർക്കിൽ കൊണ്ട് കുത്താൻ ഞാനും അവനും കാണിച്ചിരുന്ന വൈദഗ്ധ്യം ഇന്നും എന്തിനാരുന്നെന്നു അറിയാൻ പാടില്ല.

തൊപ്പിക്കിളിയെ ഒളിച്ചിരുന്ന് പിടിക്കാനും ഞറുക്കീലിയെ പിടിച്ചു പൊരിക്കാനും അതിനു വീട്ടിലെ തല്ലു മുഴുവൻ കൊള്ളാനും എനിക്ക് കൂട്ട് നിന്ന പ്രിയ സഹോ…

ക്യൂട്ടിക്കുറ പൌഡർ ടിന്നുകൊണ്ടു അവൻ്റെ കയ്യിൽ നിന്നും നെറ്റിയിൽ തല്ലു കൊള്ളാത്ത ഒരു കസിൻ പോലുമില്ലാരുന്നു. വെക്കേഷന് അവൻ വന്നാൽ മുത്തച്ഛൻടെ വാച്ച് - ടോർച്-റേഡിയോ എന്നിവ പത്തായത്തിൽ ഒളിക്കുമാരുന്നു. മാത്രമല്ല വീട്ടിലെ കോഴി- മണിച്ചി താറാമക്കൾ ഒക്കെയും കൂടിനു വെളീൽ ഇറങ്ങില്ലാരുന്നു.

കൊറച്ചുകൂടെ വളർന്നപ്പോൾ ഞങ്ങടെ കുരുത്തക്കേടുകളും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. കശുമാവിൻപഴനീര് ഏതൊക്കെയോ സസ്യലതാദികൾ ചേർത്ത് കുഴിച്ചിട്ടു- വേറെ ദുരുദ്ദേശം ഒന്നും ഇല്ല- *ജീവത വരുന്ന വഴിയേ ശക്തിമത്തായ് പിന്തുണ കൊടുക്കുക. അങ്ങനെ ആദ്യ വാറ്റു ബാലപാഠം ഞങ്ങൾ കസിൻസിനു പറഞ്ഞു തന്നതും സാക്ഷാൽ ശ്രീമാൻ ഇല്ലി എന്ന് ഞങ്ങൾ വിളിക്കുന്ന അവൻ തന്നെ ആരുന്നു… ഇന്ന് ആരുന്നേൽ ഞങ്ങൾ കുട്ടിപ്പട്ടാളം വല്ല ദുർഗുണ പരിപാലന കേന്ദ്രത്തിന്റെ വാഗ്ദാനം ആരുന്നേനെ.

പറയുമ്പോൾ എല്ലാം പറയണമല്ലോ സുഖമില്ലാതിരുന്ന എന്നെ കോവാലൻ വൈദ്യൻ എന്ന് നാട്ടുകാരും എൻ്റെ അമ്മമ്മയും വിളിക്കുന്ന ഗോപാലൻ വൈദ്യൻടെ അടുത്ത് എത്തിക്കാൻ അവൻ ചെയ്തുകൂട്ടിയ കടമ്പകൾ വലുത് തന്നെ. സൈക്കിളിൽ ചാരിവച്ച് ചുറ്റി കെട്ടി ആളെ കൊണ്ട് പോകുന്ന വിദ്യ ചില പ്രിയദർശൻ സിനിമകളിലെ ഞാൻ കണ്ടിട്ടുള്ളു. കൊറ്റിയെ കല്ലെന്നറിഞ്ഞു വീഴ്ത്താൻ കണ്ണടപോലും വയ്ക്കാതെയുള്ള അവൻ്റെ ഉന്നം ഞാൻ തെല്ലു അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്

insta സ്റ്റോറിയും fb റിമൈൻഡറും ഇല്ലാതെ ഒരു പ്രധാന തീയതി പോലും ആർക്കും ഓർമ്മ ഇല്ലാതിരിക്കുന്ന ഈ ന്യൂജൻ കാലത്തു റിമൈൻഡറും അലാറവും ഒന്നും ഇല്ലാതെ ഇന്നും ഞങ്ങൾ പരസ്പരം വിളിക്കുന്നു...തോളോട് തോൾ ചേർന്ന് നിൽക്കുന്നു്.

കുടുബത്തിനെ മുഴുവൻ കരകയറ്റാനായി വൻമതിലിന്ടെ നാട്ടിലേക്ക് തിരിക്കുമ്പോൾ എനിക്ക് അയച്ചു തന്ന പാഴ്‌സലിൽ കേവലം ഒരു രാഖിച്ചരട് മാത്രം ആരുന്നില്ല...സാഹോദര്യത്തിന്ടെ...കരുതലിൻടെ ഒക്കെ ചങ്ങലതുണ്ടു തന്നെ ആയിരുന്നു.

എപ്പോഴെങ്കിലും ഒക്കെ എന്നെ ഏകാന്തത കീഴ്‌പ്പെടുത്തുമ്പോൾ എൻ്റെ ടെലിഫോൺ ചിലയ്ക്കും ... “കൂയ്‌ ചേച്ചിയെ ...”

ഇതാണോ ഇനി അവൻ്റെ കെമിക്കൽ ബോണ്ടിങ്….


*ജീവത- ദേവിയുടെ പ്രതീകാത്മകമായ ഭവന സന്ദർശനം


Rate this content
Log in

Similar malayalam story from Inspirational