Jyothi Kamalam

Inspirational

4.5  

Jyothi Kamalam

Inspirational

"ഈന്തപ്പനയും സുലൈമാനിയും"

"ഈന്തപ്പനയും സുലൈമാനിയും"

2 mins
274


സല്ലല്ലാഹു മുഹമ്മദ് നബി; ബീവി ഖദീജയോട് ഒരിക്കൽ അരുൾ ചെയ്യുകയുണ്ടായി " ഇത്രയും കാലം അമിതവ്യയം ആയിരുന്നു എന്നല്ലേ ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ട പാഠം ? അമിതവ്യയം അത്യാപത്ത് വരുത്തും-ആയതിനാൽ ഇന്നുമുതൽ മിതവ്യയം പാലിക്കുക."

അഞ്ചാംക്ലാസിലെ മലയാളം ബാലപാഠത്തിൽ നിന്നും ആണെന്ന് തോന്നുന്നു സുധർമ്മടീച്ചർ ക്ലാസിൽ മുഹമ്മദ് നബിയുടെ കാഴ്ചപ്പാടുകളെപ്പറ്റി കഥാപൂർവം പറഞ്ഞുകൊടുത്തത്.

കഥയുടെ രത്നച്ചുരുക്കം ഇതാണ് - ബീവി ഖദീജക്കു തന്ടെ കൂട്ടുകാരികൾക്കായി ഒരു വിരുന്നു സൽക്കാരം കൊടുക്കണം. ദിവസവും നബിതിരുമേനി ഒഴിവുകൾ പറഞ്ഞു പണം കൊടുക്കുന്നത് നീട്ടി. കുറച്ചു ദിവസം കഴിഞ്ഞു ഗൗരവത്തോടെ വിരുന്നിനുള്ള പണം താൻ നിത്യച്ചിലവിൽ നിന്ന് മിച്ചം പിടിച്ചു ഉണ്ടാക്കിയെന്ന് ബീവി അറിയിച്ചു. ഇതുകേട്ട് നബിതിരുമേനി പുഞ്ചിരി തൂകി...തിരുമേനി തുടർന്നു ഇതിൽ നിന്നും എന്ത് മനസിലാക്കുന്നു. അമിതവ്യയം അല്ലെ അപ്പൊ ഇത്രയും നാൾ നമ്മൾ നടത്തിക്കൊണ്ടു പോന്നത്. ഈ വാക്കുകൾ ബീവിയെ ചിന്തിപ്പിച്ചു.

ആയതിനാൽ നിങ്ങളും വളരുമ്പോൾ മിതവ്യയം പിന്തുടരണം - ടീച്ചർ കൂട്ടിച്ചേർത്തു.

പലരോടും ഇങ്ങനെ ഒരു കഥയെ കുറിച്ച് പ്രിയ അനേഷിച്ചു നടന്നു. അവർക്കാർക്കും അങ്ങനെ ഒരു കഥ അറിവില്ലായിരുന്നു. സ്നേഹസേന വിൽക്കാൻ സിസ്റ്റർ ഗ്ലോറിയും ഇതുപോലെ ഓരോ ഗുണപാഠ കഥകൾ പറയുമാരുന്നു. ആരും അന്നേവരെ കേട്ടിട്ടില്ലാത്ത "അജ്ഞാതകർതൃകം" എന്ന ഗണത്തിൽ പെടുത്താവുന്ന സ്വന്തം രചനകൾ.

പ്രിയയെ സ്വാധീനിച്ചത് അതൊന്നും തന്നെ ആയിരുന്നില്ല. കഥക്കിടയിൽ ടീച്ചർ എപ്പഴോ പറഞ്ഞു പോയ ഈന്തപ്പനതോട്ടത്തിനെ കുറിച്ചായിരുന്നു. സ്വർണവർണ്ണത്തിലും പിന്നെ ഇരുണ്ടു ബ്രൗൺ നിറത്തിലും അവസാനം കാപ്പിപ്പൊടി കളറിലും നിറഞ്ഞു തൂങ്ങുന്ന ഈന്തപ്പനക്കുലകൾ. എല്ലാര്ക്കും ഇഷ്ടംപോലെ പറിച്ചു കഴിക്കാം പോലും. മക്കൾ ആരോ ദുബായിൽ ഉണ്ട്. പൊടിപ്പും തൊങ്ങലുകളും ചേർത്ത് ടീച്ചർ ഒരു അറേബ്യ തന്നെ കുട്ടികൾക്ക് മുന്നിൽ പലപ്പോഴും തീർത്തു കൊടുത്തു. ഗൂഗിൾ പോലും ഇത്രയും മനോഹരമായി വർണ്ണിക്കുമോ എന്ന് സംശയം.

ദശാബ്ദങ്ങൾക്കു ശേഷം വിശാലമായ ദുബായ് എയർപോർട്ടിൽ പ്രിയയും വന്നിറങ്ങി. അന്ന് ബുർജ് ദുബായ്ക്കു (പിന്നീട് ബുർജ് ഖലീഫ ആയി) തറക്കല്ലിട്ടെന്നും ഏറ്റവും ഉയരമേറിയ ബിൽഡിംഗ് 163 നില എന്നും ഒക്കെ എയർപോർട്ടിൽ നിന്നും വിളിച്ചു കൊണ്ട് വരുന്ന വഴി ചേട്ടൻ പറയുന്നുണ്ടാരുന്നു. ഷിൻറ്റിഗ ടണൽ വഴിയാണ് പോന്നതെന്നും അതിനു മുകളിൽ ആണ് കടൽ എന്നും ഒക്കെ അവര് പ്രിയക്കായി വിവരിച്ചു കൊണ്ടേ ഇരുന്നു. എന്നാൽ ‘മായാസഭയിൽ എത്തിപ്പെട്ട ദുര്യോധനന്റെ’ അവസ്ഥ ആയിരുന്നു അവൾക്കു.

അപ്പോഴും അവളുടെ കണ്ണുകൾ പരതിയത് കൊതിയൂറും ഈന്തപ്പനതോട്ടങ്ങൾ ആയിരുന്നു. ഒരു മടിയും കൂടാതെ അവൾ ആരായുകയും ചെയ്തു. ഒരു കാർ നിറച്ചു പരിഹാസം ഊഹിക്കാൻ അവൾക്കു സാധിച്ചില്ല. കളത്തിൽ ഇറങ്ങിയിട്ടല്ലേ ഒള്ളു - തെറ്റുപറയാൻ ഒക്കില്ല.

“ഓ ഇനി ഈന്തപ്പന പൂക്കണമെങ്കിൽ മാർച്ച്-ഏപ്രിൽ ആവും വിളവെടുപ്പ് സാധാരണ ജൂൺ-ജൂലൈ മാസത്തിലെ കൊടും ചൂടിൽ റമദാൻ "നമ്മുടെ റംസാൻ" മാസത്തിൽ ആണ് - മറുപടിയും കിട്ടി.

ഇന്നും ഈന്തപ്പഴം ഊട്ടുന്ന - അന്നം തരുന്ന നാടിൻടെ നന്മ സ്മരിച്ചു കൊണ്ട് ബാൽക്കണിയിൻ നിന്ന് അറബ് ലോകത്തിന്റെ "സുലൈമാനി" നമ്മുടെ സ്വന്തം കട്ടൻചായ അവൾ ഊതി കുടിച്ചു ....അമിതവ്യയം ഒഴിവാക്കുന്നതിന്ടെ ഭാഗമായി തന്നെ…..

കൊടും ചൂടിലേക്കുള്ള കാറ്റു വീശിതുടങ്ങി ...ഈന്തപ്പഴങ്ങൾ പഴുത്തു തുടങ്ങട്ടെ ..ആവോളം...


Rate this content
Log in

Similar malayalam story from Inspirational