STORYMIRROR

Udayachandran C P

Comedy Drama

4  

Udayachandran C P

Comedy Drama

ഒരു ചില്ലറ ഈച്ചപ്രശ്‍നം

ഒരു ചില്ലറ ഈച്ചപ്രശ്‍നം

1 min
203

പുറമെ മുഴുവൻ അഴുക്കും ബഹളവും! 

ഞാനും എന്റെ വീടും ഒഴിച്ച്!


എന്റെ വീട്ടിനു പുറത്തെ ലോകം 

മൊത്തമായി മലീമസമാണെന്നു 

ഞാൻ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണോ?

എനിക്കെൻറെ വിശ്വാസമല്ലേ കാര്യം?

മറ്റുള്ളവർ എന്ത് പറയുന്നു, 

എന്ത് വിശ്വസിക്കുന്നു എന്നത് 

എങ്ങനെ എന്റെ ബാധ്യതയാകും?


അതുകൊണ്ടു ഞാൻ എന്റെ വീടിനു ചുറ്റും 

വല കെട്ടി, ഗ്ലാസ്‌ പിടിപ്പിച്ച്, കീടങ്ങളെ തടുത്തു നിർത്തിയും, 

വെളിച്ചത്തിന്റെ അതിപ്രസരവും, 

മലിനാന്തരീക്ഷവും, കാറ്റും, കാതടപ്പിക്കുന്ന ബഹളവും 

അകത്തേക്ക് കേറുന്നത് പ്രതിബന്ധിച്ചുകൊണ്ടിരിക്കുമ്പോഴും, 

ഏതോ ഒരു സമർത്ഥൻ ഈച്ച 

ഇതെല്ലാം തരണം ചെയ്ത്, 

എന്റെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന്,

ഹൂങ്കാരത്തിൽ പൊതിഞ്ഞ 

ഒരു ചോദ്യമെറിഞ്ഞുകൊണ്ട് 

എനിക്ക് ചുറ്റും പറന്നു കളിക്കുന്നു.


ഞാൻ ഈച്ചക്കെതിരെ 

എന്റെ ദ്രുതശിക്ഷാ-കോടതിയിൽ

കേസ് ഹാജരാക്കി. 

അതിലെ വാദിയും, വക്കീലും, ന്യായാധിപനും, 

ഒരേയൊരാൾ. ഒറ്റയാൾ! ഞാൻ! 

കൂടുവിട്ട് കൂടുമാറ്റം എനിക്ക് സുപരിചിതമല്ലോ! 


പ്രതി ഈച്ച, 

സന്നിഹിതനാവാൻ വിസമ്മതിക്കുന്ന 

കോടതി-സമ്മൻസിനെ തൃണവൽ ഗണിക്കുന്ന, 

അഹങ്കാരി, ഓങ്കാരപ്പൊരുളിന്റെ സത്ത മൂളിനടക്കുന്നവൻ! 


ഈച്ചക്കെതിരെ കൊടിയ പരാതിയും ആവലാതിയും 

അവതരിപ്പിച്ചു ഞാൻ പറഞ്ഞൂ:

"മലമുള്ളേടത്തു വേണം ഈച്ച. മാലിന്യമുള്ളേടത്ത്!

ഞാൻ മാലിന്യം പുറത്തു തടുത്തു നിർത്തുന്നവൻ. 

ഈച്ച അതിക്രമിച്ചു കടന്നു 

എന്റെ ജീവിതം മലീമസമാക്കുന്നു, മലിനപൂർണമാക്കുന്നു."


ഈച്ച കയ്യകലത്തിരുന്നു, കണ്ണുരുട്ടി, 

മൂക്കില്ലാത്തതുകൊണ്ട്, കൈ തിരുമ്പി കണ്ണിൽ വെച്ച് പറഞ്ഞു, 

"കഷ്ടം, നാണമില്ലേ നിനക്കിതു പറയാൻ? 

നിന്റെ ആവാസസ്ഥലം മാലിന്യമുക്തമെന്നല്ലേ നീ പറഞ്ഞത്?

നോക്ക് മനുഷ്യാ, നിന്റെ മനസ്സിൽ നോക്ക്. 

നിന്റെ മാത്രമോ, നിന്റെ ഗണത്തിലൊരോരുത്തന്റെയും മനസ്സിനുള്ളിൽ!

ടൺ കണക്കിനല്ലേ, മാലിന്യം കിടക്കുന്നത്. 

മാലിന്യം ഞങ്ങൾക്കവകാശപ്പെട്ടതല്ലേ? 

നിങ്ങൾക്കെങ്ങിനെ ഖണ്ഠിക്കാനാവും, ഞങ്ങളുടെ അവകാശം?"


പിന്നെ ഞാനൊന്നും ആലോചിച്ചില്ല. 

ഒരു കൂടുമാറ്റം ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. 

വാദിഭാഗം വക്കീലിൽനിന്നൊരു 

ഉടൻ വേഷ-മാറ്റം, ന്യായാധിപനിലേക്കു!

ഉടൻ വിധി, മരണശിക്ഷ.

അടുത്ത കൂട് മാറ്റം ആരാച്ചാരിലേക്ക്! 

അത് വളരെ അനായാസവും!


ഇലക്ട്രിക്ക് ബാറ്റെടുത്ത് വെട്ടിയും വീശിയും 

ഈച്ചയെ വൈദ്യുതാഘാതം ഏല്പിച്ചു 

വധശിക്ഷ നടപ്പിലാക്കും വരെ അത് തുടർന്നുകൊണ്ടേയിരുന്നു, 


പാവം ഈച്ച ഓങ്കാരം മൂളിക്കൊണ്ടാണ് അന്തിമശ്വാസം വലിച്ചത്.

സത്യം പറയണമല്ലോ, ഈച്ചക്കു പരമപദം ലഭിക്കേണമേ 

എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് കൃത്യം അവസാനിപ്പിച്ചത്.

എല്ലാം ശുഭമായി അവസാനിപ്പിക്കുക എന്നത് 

നമ്മൾ സുമനസ്സുകളുടെ, നല്ല സമരിയാക്കാരുടെ സ്വഭാവമല്ലെ?

അത് നമുക്ക് മാറ്റാനാവില്ലല്ലോ!


Rate this content
Log in

Similar malayalam poem from Comedy