നന്മമനസ്സുള്ള ഇൻഷുറൻസുകാർ! (Udayachandran)
നന്മമനസ്സുള്ള ഇൻഷുറൻസുകാർ! (Udayachandran)
ഇൻഷുറൻസ്കാരവരെപ്പോലിത്രത്തോളം
നന്മയൂറും ഹൃദയങ്ങളുണ്ടോ വേറെയിദ്ദുനിയാവിൽ?
ഹാ കഷ്ടമെങ്കിലോ, തെറ്റിദ്ധരിക്കപ്പെടുന്നതേറെയും
ഞങ്ങൾ പാവമാ ഇൻഷുറസുകാർ മാത്രവും!
അഭിഭാഷകവൃത്തിയിലേർപ്പെട്ടവർക്കിഷ്ടം
മുട്ടനാടുകളാണെന്നൊരു കൂട്ടർ!
ആടുകൾ തമ്മിൽ അടിക്കേണമേ, ഇടിക്കേണമേ
എന്നായിരിക്കുമവരുടെ പ്രാർത്ഥനാസത്ത, എന്നത്രെ വ്യാഖ്യാനം!
അടി വേണ്ടേ ഇടിയാവാൻ? ഇടി വേണ്ടേ നിണമൊഴുകാൻ?
കുറുനരിക്കണ്ണുകളിൽ നിറയുന്നതെന്ത്?
ശോണസ്വപ്നങ്ങളോ? രക്തദാഹമോ?
ഭിഷഗ്വരന്മാരാവരുടെ വാഞ്ഛയും മറ്റൊന്നല്ലത്രെ!
അവരുടെ താഴ്മയോടുള്ളപേക്ഷയിൽ,
"സർവേ ഭവന്തു അസുഖിന:, സർവേ സന്തു ആമയാവിന:*"
എന്ന വരികളുണ്ടാവും എന്നുമുണ്ടൊരു പക്ഷം.
പീഢയും രോഗവും ഇല്ലാത്തൊരൂഴിയിൽ
എന്തുണ്ടതാർക്കുണ്ട് ചികിത്സക്കാവശ്യം?
വ്യാപാരികൾ തങ്ങൾ വിൽക്കുന്ന ചരക്കിനോ,
ആവശ്യമേറേണമേ, എന്നല്ലേ പ്രാർത്ഥിക്കാനാവൂ.
പറയാനാവുമോ പഴി?
പഞ്ഞമില്ലെങ്കില്ലെന്തു ധനലബ്ധി,
എന്ത് ലാഭക്കച്ചവടം?
എന്നാലോ, ഞങ്ങൾ ഇൻഷുറൻസുകാർ കരുണാർദ്രർ,
സുമനസ്സുകൾ, സമസ്ത-ലോകരുടെ ഗുണം കാംക്ഷിക്കുന്നവർ!
ഇടപാടുകാർ, നിങ്ങളുപഭോക്താക്കളുടെ
നന്മയല്ലാതെ മറ്റൊന്നുമാഗ്രഹിക്കാത്തവർ.
വ്യാധിയോ രോഗമോ,
ഇൻഷുറൻസ് പരിരക്ഷക്കുള്ളിൽ വരുന്നേതൊരു കാലക്കേടും
സ്പർശിക്കാൻ ഇടയാവല്ലേ എന്ന്
മുട്ടിപ്പായി പ്രതിദിനം പ്രാർത്ഥന ഉരുവിടുന്നവർ!
മറിച്ചിനിയെന്തെങ്കിലും സംഭവിച്ചു എന്നിരുന്നാലും,
നന്മകൊണ്ട് മാത്രം, നന്മയൊന്നുകൊണ്ട് മാത്രം,
നിങ്ങൾക്കതുണ്ടായിട്ടില്ലെന്നുറച്ച് വിശ്വസിക്കുന്നവർ ഞങ്ങൾ.
വിപത്തൊന്നും, വ്യാധിയൊന്നും,
കെടുതിയോ, കാലക്കേടോ,
ഞങ്ങൾ തൻ ഇടപാടുകാർക്കുണ്ടായെന്നു
ചെവികൊടുക്കാൻ മടിക്കുന്നതോ
ഞങ്ങൾ തൻ ദോഷമപരാധം?
അരുതരുത് സംശയം ഉദ്ദേശ്യശുദ്ധിയിങ്കൽ,
ഞങ്ങൾ തൻ മനസ്സലിവിൽ!
ഞങ്ങൾ തൻ ചിത്തത്തിൽ ക്ഷോഭമുണ്ടാക്കിയേക്കാം,
ക്ഷമിക്കേണ്ടതല്ലേ ഞങ്ങൾ?
തെറ്റിദ്ധരിക്കപ്പെടുമായിരിക്കാം ഞങ്ങൾ.
പൊറുക്കേണ്ടതല്ലേ ഞങ്ങൾ?
നന്മമനസുള്ളവർക്കിതു പതിവുള്ളതല്ലേ?
സവിനയം ഞങ്ങൾ, കരുണാർദ്രരിതു സഹിക്കേണ്ടതല്ലേ?
------------------------------------------------------------------------------------------------------
(* ഓം സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയാ:........എന്ന ശാന്തി മന്ത്രത്തിന്റെ എതിര് )