നിഴലും വെളിച്ചവും
നിഴലും വെളിച്ചവും
മഴ പെയ്തു തോർന്നയിടവഴിയിൽ
വഴിവിളക്കുകൾ കണ്ണു ചിമ്മി.
മായിക രാവിന്റെ മൗനം
മിഴികളിൽ മഷിയെഴുതി മാഞ്ഞു.
മധുര സ്വപ്നങ്ങളുടെ യാമം
മലരിതളിൽ മധുകണം തീർത്തു.
വരി മറന്നേതോ പാട്ടിൽ
നിൻ തളിരിലായ് കുളിർ മഴ പെയ്തു.
പടർന്നിറങ്ങുന്ന ചായങ്ങൾ
മോഹത്തിൻ തൂവൽ പൊഴിച്ചു.
തിരിനാളമുലയുന്ന കാറ്റിൽ
ഹൃദയതാളങ്ങൾ കലർന്നു.
വേരുകൾ ഹൃദയത്തിലാഴ്ന്ന്
വള്ളികൾ നിന്നിൽ പടർന്നു.
നിശാശലഭങ്ങൾക്കുമുയരെ
നിഴലും വെളിച്ചവുമിണ ചേർന്നു.

