മുള്ളുകൾ
മുള്ളുകൾ
തൻ പ്രാണൻ തൻ രക്ഷാ-
കവചമാകും മുള്ളുകളോട്
പനിനീർ മലരിനെന്നും
മൗനാനുരാഗം.
മൃദുലമാം മലരിനെ-
ന്നും ഭയമാണവന്‍റെ
കൂർത്ത മേനിയും
കടുത്ത ദേഷ്യവും.
സംരക്ഷണമെന്ന തൻ
കർത്തവ്യത്തിലത്
അനിവാര്യമാണ്
പ്രണയമെന്ന ശക്തമാം
വികാരത്തില്‍ ഒരാളുടെ
കരങ്ങളില്‍ മറ്റെയാൾ
സുരക്ഷിതയാകണം.
പനിനീർ മലരിൻ
ഹൃദയം പ്രണയം
പറയാൻ മോഹിച്ചുവെ-
ങ്കിലും മൗനം പാലിച്ചു.
തന്നെ സ്പർശിക്കും
കരങ്ങളിലോരോന്നും
അവൻ മുറിവുകളേ-
കി ഭയപ്പെടുത്തി.
തൻ സംരക്ഷണ-
ത്തിനെങ്കിലും ആ
കൃത്യമവളെ
ഭീതിയിലാഴ്ത്തി.
എങ്കിലുമവൾ മോ-
ഹിച്ചവനുടെ പ്രണ-
യിനിയാകുവാൻ, ആ
കരവലയത്തില്‍
സുരക്ഷിതയാകുവാൻ.
കാലം ഒഴുകും തോറും
ആ മുള്ളുകൾ മനോഹര
ചിത്രശലഭങ്ങളായി-
യവളെ തഴുകും.
തൻ ജീവിതം സ്വർഗ്ഗ
തുല്യമാക്കുമവനുടെ
മാറ്റത്തിനായി പ്രതീക്ഷ-
യോടവളിരുന്നെന്നും.

