*കുഞ്ഞാറ്റക്കിളി*
*കുഞ്ഞാറ്റക്കിളി*
എന്തിനു വേണ്ടി നീ കണ്ണീർ വാർക്കുന്നു,
എന്തീയസ്വാസ്ഥ്യമിങ്ങനെ നിനക്കിന്ന്.
ഈറനാം കണ്ണു തുടച്ചു കൊണ്ടേ
ജീവിതമധു നീയൊന്നാസ്വദിക്കൂ
കണ്ണുനീരിന്നുപ്പ് നുകർന്നതേറെ
നഷ്ടശാന്തിയെത്തേടിതളർന്നുവോ നീ
ഉൾക്കരുത്തൊന്നു നേടുവാൻ മാത്രം
മറ്റു ചിന്തകളതെല്ലാം മാറ്റി നിർത്താം.
കനിവിന്നുറവ നിനക്കേകുവാനായിന്ന്
കദനങ്ങളതെല്ലാം മാററി നിർത്തി
ചിത്രപൗർണ്ണമിപോലെയെന്നുമാ
ചിരിതൂകുമൊരു മുഖം നിന്നോടൊപ്പമില്ലേ.
വെറുതെ പലതരം സ്വപ്നങ്ങളെല്ലാം
കണ്ടു വിലപിച്ചിടാതെ തന്നെ
ഇരുൾവിങ്ങും നിൻ്റെ മനസ്സിൽ നിന്നും
ഒരു സുഗന്ധ സ്മൃതിയാകും സ്വപ്നങ്ങൾ മാത്രം
ഞങ്ങൾക്കായിനിയും നെയ്തെടുത്താലും
അർദ്ധ ബോധത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് നീ
മുമ്പെന്നും പോലൊരു ഉന്മേഷവതിയായ് തന്നെയും,
ഉള്ളിലെരിയും തീയണച്ചെന്നുമൊരു
ഒരു കുഞ്ഞു കിളി പോലെന്നരികെ വരുമോ നീ
ഇനിയെങ്കിലുമെൻ ചാരത്തു വന്നീടുമോ
കുഞ്ഞാറ്റക്കിളിക്കായൊരുക്കി വെക്കാം
ഒരു വല്ലം നിറയെ പൂക്കൾ കൂടി
അതിൽ നിന്നുമേറെയും തേൻ നുകരാം
വീണ്ടുമാ പഴമയെ തിരിച്ചെടുക്കാം.
