ഇരുൾ
ഇരുൾ
ഒരു പിടി മണ്ണിലലിയുവാൻ
വെമ്പുന്ന കുഞ്ഞുപൂവേ തമ്പുരാട്ടി
ആത്മനൊമ്പരമേറിയതിനാലോ
ആത്മാഭിമാനത്തിൽ ക്ഷതമേറ്റതിനാലോ
ചൊല്ലിയാലും നിൻ സഖിയോട്.
ഉലകത്തിൽ സുന്ദരിയായി വാഴ്ത്തിടുമ്പോഴും,
സുഗന്ധത്തിനാൽ മനം നിറച്ചിടുമ്പോഴും
പുഞ്ചിരിതുകിയ പൂമുഖത്തിൽ
കണ്ണൂനീർ ഒളിപ്പിച്ചതെന്തിനാണ്?
ഉദ്യാനത്തിൽ വാണീടും രാജ്ഞിയായ്
മിത്രങ്ങൾക്കോ വിനയാന്വിതയും
രാവിൻ്റെ മാറിൽ തലചായ്ച്ചുറങ്ങുമ്പോഴും
കണ്ണുനീർ ധാരധാരയായി ഒഴുകിയതെന്തിന്?
ചുടുകിരണങ്ങളേറ്റു തളർന്ന നിൻ
വദനം ആടിയുലഞ്ഞ തോണിപോലെ...
സ്നേഹം കൊണ്ടെന്നെ മൂടിയവൻ
തഴുകിയുണർത്തി മന്ദമാരുതനെ പോൽ
വാരിപുണർന്നെന്നെ കരവലയത്തിലാക്കിയപ്പോൾ
അപ്സരസിനെപോൽ ഞാൻ നിന്നു.
മുഖമൂടിയണിഞ്ഞ ചെന്നായയെപോൽ
മൃദുമേനി വ്യണപെടുത്തിയപ്പോൾ
ഞാനറിഞ്ഞു ആ പൊയ്മുഖം.
പിത്യതുല്യമാം പൂജിച്ചവരൊക്കെയും
ആട്ടിയിറക്കിവിട്ടപ്പോൾ
അപമാനഭാരത്താൽ തലകുനിച്ചു നിന്നു.
എൻ പ്രിയസഖി നീയറിഞ്ഞാലുമെൻ
ആത്മനൊമ്പരം തുളസിക്കതിരായി കണ്ണൻ്റെ
കാൽക്കലണയുവാൻ വെമ്പുന്ന കുഞ്ഞുപൂവിൻ
ഹ്രദയഭേദകമാം വാക്കുകൾ ഈ
ഇരുളിലണഞ്ഞ് പോകുമോ?