STORYMIRROR

NITHINKUMAR J PATHANAPURAM

Fantasy

4  

NITHINKUMAR J PATHANAPURAM

Fantasy

ഈ വഴി പറയുമൊരു കഥ

ഈ വഴി പറയുമൊരു കഥ

1 min
256

മുൾച്ചെടിക്കാടുകൾ കടന്നും

മരുഭൂമിക്കഥകൾ പറഞ്ഞും

ഇളം തെന്നലിനെ തഴുകിയും 

കൊഞ്ചൽ ചിരിയോടെ

മറഞ്ഞൊരുക്കുളിർ രാവായിരുന്നുവത്.


കണ്ടൽക്കാടുകളുടെ

നടുവിലായിയൊരു ഓലപ്പുരയുണ്ട്,

അരസെന്റിൽ ഉന്തിനിൽക്കുന്നൊരുപ്പുര.

നാല് ദിക്കിലും വെള്ളം തൂകി

നിന്ന മഴക്കാലമുണ്ട്,

ഇലയനക്കങ്ങൾ ശ്രവിച്ചും ഇഴയുന്ന

ജീവനുകൾ ഏറെ പതിഞ്ഞിരുന്നു 

ഓലപ്പുരയ്ക്ക് ചുറ്റും.


നനഞ്ഞു തീർത്ത ദിനരാത്രങ്ങൾ

ഒപ്പിട്ട കടലാസ് തുണ്ടുകൾ കളി

വള്ളങ്ങളായി ചതുർദിശയിൽ ഒഴുകിയലഞ്ഞു,

മഴ ചാറു മുക്കി കഴിച്ചു തീർത്ത

റേഷനരി ചോറും

ചെളിമണ്ണുക്കൂട്ടി കുഴച്ചു വെന്ത

മരച്ചീനിയും

പൊന്തിയാ മിഴികളോടെ തറച്ചു നോക്കി.


ഇവിടം മരുഭൂമിയായി മാറിടുമെന്ന്

അന്നാരോ പറഞ്ഞിരുന്നു,

കണ്ടൽ വനങ്ങൾ മണൽക്കാടുകൾക്ക്

ഇടം നൽകുമെന്നും,കെട്ടിടക്രൂര വനങ്ങൾ

മുളച്ചു പടർന്ന രാവുകൾ പകലുകൾ.

എന്റെ ഭൂമിയൊരു വന്യ ഭൂമിയായി

തീർന്ന ചുവന്ന ചിത്രങ്ങൾ.

ഇന്നിവിടെ ഓലപ്പുരയുടെ

നാല് ദിക്കും ജലമില്ല,

നാല്പത് ദിക്കിലുമില്ല!


ഗോപുരങ്ങൾ തിങ്ങി

ജീവിതം തുടങ്ങിയതിൽ പിന്നെ

മുഖങ്ങൾ കാണാതെയായ്,

ജലക്കുഴികൾ മൂടപ്പെട്ടതിൽ കയ്ക്കാത്ത

കെട്ടിട തൈകൾ നിറഞ്ഞു.

കാലങ്ങൾ നീങ്ങിയത്

കലണ്ടർ അക്കങ്ങൾ

ചൊല്ലി തന്നുകൊണ്ടിരുന്നു,

അവയൊന്നും ഏറെ കാലം

ചിന്തകളിൽ കൂടിയില്ല.


ഇന്നിവിടെ ഈ മുൾചെടികൾ

മാത്രമുള്ള ഒരിടം കണ്ടപ്പോൾ

പുതിയതായി കുന്നു കൂടിയ

മണൽ കുന്നുകൾ ചൊല്ലിയ

പഴമയുടെ കഥകൾ കേട്ടപ്പോൾ

എങ്ങോ മറഞ്ഞിരുന്ന

ഓർമകളുടെ അറകൾ

പതിയെ മലർക്കേ തുറന്നു.


ഭിത്തിയുടെ കിഴക്കെ കോണിൽ

ഒളിഞ്ഞു നോക്കിയൊരു ഗൗളി

തന്റെ ശബ്ദമുയർത്തി പറഞ്ഞു.

ഇന്നലയുടെ കിനാവുകളിൽ ജീവിച്ചൊരുവൻ

നാളെയുടെ കിനാവുകളിൽ മരണമടയും.


ഓലപ്പുരയുടെ ചോരാത്ത

ഒരിടം നോക്കി പുതച്ചിരുന്ന

ബാലന്റെ കവിളിൽ

അന്നും ഒരു ഗൗളി വന്നു വീണിരുന്നു,

നാളെയുടെ കഥകൾ പറയുവാൻ.


Rate this content
Log in

Similar malayalam poem from Fantasy