അവസാനത്തെ ഇല
അവസാനത്തെ ഇല


ശുഷ്കിച്ച തളർന്ന മരം കെഞ്ചിക്കേണുകൊണ്ടിരുന്നു,
“അരുത്, നീ പോവരുത്”.
“നീ എന്റെ പ്രാണനാണ്, എന്റെ പ്രണയമാണ് നീ.
നീ കൂടെ വിട്ടു പോയാൽ എനിക്കാരുണ്ട് പിന്നെ?”
ചുങ്ങി വരണ്ട ദേഹവുമായി, വിറങ്ങലിച്ച മനസ്സുമായി
അവസാനത്തെ ഇല കാറ്റിൽ കിലുങ്ങിക്കൊണ്ടിരുന്നു.
വിശ്വസിക്കാനാവാത്ത ആ വാക്കുകളിൽ കടിച്ചു പിടിച്ച്.
വിശ്വസിക്കാൻ പ്രയാസമായിരുന്നല്ലോ.
തന്നിലും പച്ചയായിരുന്ന എത്രയോ മറ്റിലകളോട്,
ഇതേ വാക്കുകൾ ഇതിലും ലാഘവത്തോടെ,
പറഞ്ഞിരുന്ന ഒരുത്തനാണിവൻ.
അവയെല്ലാം അതേ ലാഘവത്തോടെ അവനെ വിട്ടുപോയപ്പോഴും,
വിശ്വസിക്കാൻ ആവില്ലെന്നറിഞ്ഞു കൂടെ,
തനിക്കെന്തേ ഇവനെ വിട്ടുപോവാനായില്ല?
മഞ്ഞച്ച ദുർബലമായ ഞെട്ടുകൊണ്ടു
അവസാനത്തെ ഇല,
മരത്തിനെ അള്ളിപ്പിടിച്ചിരുന്നു.
അതിന്നിടയിലാണ്,
ചീറിയമറി, കുത്ത
ിയിളക്കി കാറ്റെത്തിയത്.
ആകാശത്തിന്റെ ഉയരങ്ങളിൽനിന്ന്
ആ ക്രൂരവിനോദം
ദേവതകൾ കാണാതിരിക്കാനാവാം,
ചെങ്ങാതി മഴ, തിരശ്ശീല കെട്ടി ആട്ടം തുടങ്ങിയതും.
പിടി വിട്ടു താഴെ ഭൂമിയിലേക്ക് വീഴുമ്പോളും
പാവം ഇല മരത്തിനെ ഓർത്തു കേണുകൊണ്ടിരുന്നു.
നാളുകൾക്കപ്പുറം, അവസാനത്തെ ഇല,
ആ മരത്തിന് കാല്കീഴില് കണ്ണുതുറന്നു,
ചത്തുമലച്ചു കിടക്കുമ്പോഴും,
മരം ഉല്ലാസപൂർണമായ്,
തൻ ചില്ലയിൽ കിളിർത്ത
പുത്തൻ നാമ്പുകളുമായ്
ശൃംഗാരപദം പാടുകയായിരുന്നു.
ഭൂമിയോ, അവസാനത്തെ ഇലയെ
തന്റെ മാറോടു ചേർത്തു
ആ അടഞ്ഞ കാതുകളിൽ
പറഞ്ഞുകൊണ്ടേയിരുന്നു,
"നീ എന്തെ ഇത്ര വൈകിയത്, തോഴീ?
ചിലരിങ്ങിനെയാണ്.
ഇഷ്ടം തിരഞ്ഞു നടക്കുമ്പോഴും,
തന്നെ തേടിയെത്തുന്ന ഇഷ്ടത്തെ
കാണാനാവുന്നതേയില്ല, കാണുന്നതേയില്ല."