അച്ഛൻ
അച്ഛൻ
മകളേ... നീ ഇന്നലെ കണ്ടൊരു
മിന്നാമിനുങ്ങിനേ ഓർമ്മിക്കുമോ
അങ്ങകലെ ഇരുളിൻ വിഹായസ്സിൽ
അന്ധകാരത്തിൽ തെളിയും ദീപമായ്
ജ്വലിക്കും താരകത്തെ നീയൊന്നു നോക്കിയോ
ജല്പനങ്ങൾക്കുമതിരില്ല
ജപങ്ങൾക്കുമാകാവുന്നതിനപ്പുറം
ജന്മങ്ങൾ താണ്ടിയ ജീവിതങ്ങളാണവ...
നീയൊന്നു കരഞ്ഞാലെൻ മനം
നീറിത്തുടങ്ങുന്നതറിഞ്ഞീല്ലയോ
കൈകാലിട്ടിളക്കി നീ പുഞ്ചിരി തൂകി
കൈതവമെന്തെന്നറിയാതെ നോക്കി നീ
അമ്മയെ വേദനിപ്പിക്കല്ലേ നീ
അമ്മതൻ അരുമയാം ഓമനക്കുഞ്ഞേ
അച്ഛൻറെ കുറവുകളൊന്നുമറിയിക്കാതെ
അരുമയായ് അമ്മ നിൻമനം നിറച്ചിടും
അച്ഛനങ്ങാകാശച്ചെരുവിലെ
അഗ്നി നക്ഷത്രമായ് ജ്വലിച്ചു നിൽക്കും
നിൻ വഴിത്താരയിൽ ദീപമായ് വന്നിടും
നിൻ ഭാവിയോർത്തെന്നും ആധി നുകർന്നീടും
അച്ഛനെക്കാണുവാനാശതോന്നീടും നേരം
അമ്മയോടുരചെയ്തു പേർത്തുകരയവേ
കൺ തടത്തിലൂടർന്നു വീണൊരാ
കണ്ണീർക്കണം നിൻ്റെ മൂർദ്ധാവിൽ പതിച്ചുവോ
അമ്മയെ വേദനിപ്പിക്കരുതെന്നോമനേ
അമ്മതന്നെയാണിനി നിനക്കച്ഛനുമമ്മയും
നിൻ ചിരി കാണാനും കവിളിൽ തലോടാനും
നിന്നച്ഛനൊരിക്കൽ നിൻ ചാരത്തണഞ്ഞിടും
അമ്മയെ വേദനിപ്പിക്കരുതൊരിക്കലും
അമ്മതൻ കണ്ണീർ ശാപമാണോർക്കണം
അമ്മതൻ കുസൃതിയിൽ നീ വെളുക്കെ ചിരിക്കവേ
അങ്ങകലെ ആകാശത്തൊരു താരമായ്
നിന്നച്ഛൻ ജ്വലിച്ചീടുമെന്നോർക്ക നീ
നിന്നുടെ നട വഴിയിൽ ദീപമായ്
രാവിന്നുരിളിൽ ശക്തിയായ്
രാക്കുയിലിൽ ഈണമായ്...
കൈകാലിളക്കി നീ വെളുക്കെ ചിരിക്കവേ
കൈയ്യെത്തും ദൂരത്തുനിന്നച്ഛനുണ്ടോർക്ക നീ
നിൻ കവിളിലൊരുമ്മ നൽകാനായി
നിന്നച്ഛനെത്ര കൊതിക്കുവതറിയുമോ
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ
അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും