എൻ്റെ ഗ്രാമം
എൻ്റെ ഗ്രാമം
പുതുമണ്ണിൻ നറുമണവും,
പൂമ്പാറ്റകൾ തേൻനുകരും
പകലുകളും ഇരവുകളും, ഇരുൾ
പരന്നാൽ കൂടണയാൻ
പാറിവരും വാനമ്പാടിയും
പുഴയുടെ നീരും തണുത്ത മൂടൽ മഞ്ഞും
എന്റെ ഗ്രാമം, എനിക്ക് പ്രണയമാണെന്നും
നിലാവിൻ വെളിച്ചം മഞ്ഞിൻ
കണങ്ങളിലിക്കിളികൂട്ടും യാമങ്ങളും
കാറ്റിൻ കുശുമ്പിൽ മഞ്ഞിൻ
കണങ്ങളിടറി വീഴും പുലർകാലവും
വഴിയിലൊരു ബാല്യം, കളിയിലും പാട്ടിലും
എന്റെ ഗ്രാമം, എനിക്ക് പ്രണയമാണെന്നും
പുഴയൊരുവളവു തീർത്തു
പുളഞ്ഞൊഴുകുന്ന മണ്പാതകളും
കുന്നുകൾ മദ്ധ്യേ തലയാട്ടും പുല്ലുകളും
കുയിലിന്റെ കിളിയുടെ കളകളാരവങ്ങളും
എന്റെ ഗ്രാമം, എനിക്ക് പ്രണയമാണെന്നും
തുമ്പപ്പൂവിൻ നൈർമല്യമായൊരു നാവിൻ
തുമ്പിലൊരിത്തിരി സ്നേഹച്ചൂടിൽ
എന്നച്ഛനുമമ്മയും താരാട്ടു കഥകൾ
പാടിയുറക്കിയ രാവുകളും
എന്റെ ഗ്രാമം, എന്നോർമ്മകളിലെ
പച്ച പുതച്ചൊരു ബാല്യകാലം
എന്റെ ഗ്രാമം, എനിക്ക് പ്രണയമാണെന്നും
