STORYMIRROR

കഥ പറയുന്ന പയ്യൻ

Abstract

4  

കഥ പറയുന്ന പയ്യൻ

Abstract

ടോങ്ങ ഉം, സാമോഅ ഉം, കിരിബറ്റി ഉം & ബേക്കർ ഐലൻഡ് ഉം

ടോങ്ങ ഉം, സാമോഅ ഉം, കിരിബറ്റി ഉം & ബേക്കർ ഐലൻഡ് ഉം

9 mins
5

വര: ഭദ്രാ നൈജു 



 വർഷാവാസന ദിവസവും വർഷാരംഭവും ഞാൻ ഉണ്ടായിരുന്നത് എന്റെ പ്രീയപ്പെട്ട സ്ഥലത്തായിരുന്നു. കഥ എഴുതി തുടങ്ങിയതും പണിയെടുത്ത് ശരീരം പുഷ്പിച്ചതും, കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതും പഠിച്ചതും, മിന്നാമിനുങ്ങുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്ന, ഏകാന്തതയുടെ വിലങ്ങിന്റെ താക്കോൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന സ്വന്തം വളന്തക്കാട്.

വെയിൽ പെയ്തു വെയിൽത്തുള്ളികൾ കർചീഫ് കൊണ്ട് തുടക്കുമ്പോഴായിരുന്നു ചേച്ചിയുടെ വിളി. നേരത്തെ തീരുമാനിച്ചതും എന്നാൽ ഉപേക്ഷിക്കപ്പെട്ടതുമായ കാര്യമായിരുന്നു, അമ്മവീട്ടിലോട്ട് ന്യൂഇയർ ആഘോഷിക്കാൻ ചെല്ലുമെന്ന് പറഞ്ഞത്. അതൊരു ത്രാസ് ആയിരുന്നെ ഞാൻ അതിന്റെ ദീർഘത്തിൽ ( ാ ) നിന്നാനേ. വരുന്ന കാര്യം തിരക്കാൻ ആയിരുന്നു ചേച്ചി വിളിച്ചത്. അങ്ങനെ ത്രാസിന്റെ നടുക്ക് നിന്ന ഞാൻ പതിയെ പതിയെ തെന്നിമാറി. പല കാരണങ്ങൾ കൊണ്ടും ഇവിടെ സ്വന്തം വീട്ടിൽ നിൽക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ചേച്ചി വിളിച്ച സമയം ഞാൻ നിൽക്കുന്നത് എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു. അവന്റെ അച്ഛമ്മ മരിച്ച സഞ്ചയനത്തിന്റെ ചടങ്ങിനു വന്നതായിരുന്നു ഞാനും എന്റെ ഒരു കൂട്ടുകാരനും. ഉച്ചക്ക് ആയിരുന്നു ചേച്ചി വിളിച്ചതെങ്കിലും ഞാൻ വൈകുന്നേരം പോകാൻ തീരുമാനിച്ചു. അതിന് കാരണങ്ങൾ പലതുണ്ട്. എന്റേൽ ഒരു 50 kzech coruna ഒഴിച്ചാൽ ഒരു 2 രൂപയേയുള്ള് കൈയിൽ. പൈസ കിട്ടണെങ്കിൽ തൊഴിൽ കഴിഞ്ഞ് അമ്മയും, പണികഴിഞ്ഞു അച്ഛനും വരണം. ബസ്സിൽ യാത്ര ചെയ്യാൻ ഉത്തമം സൂര്യൻ താഴത്തോട്ട് പോകുമ്പോഴാണ്. അതും മാനിച്ചു. ഇതിന്റെ ഇടയിലെ സമയം കൂട്ടുകാരന്റെ അടുത്ത് ചിലവഴിക്കാമെന്ന് വെച്ചു. കുറേ നേരം അവിടെ നിന്ന് കറങ്ങിയ ശേഷം അവൻ ഞങ്ങളെ രണ്ടുപേരെയും കൊണ്ട് കടയിൽ പോയി. അവൻ ഒരു ബൈക്കിലും ഞങ്ങൾ ഒരു സ്കൂട്ടറിലും. ഹെൽമെറ്റ്‌ വെച്ചകൊണ്ട് അവന്റെ തുടുത്ത കവിൾ ചളുങ്ങി പിനോക്യോയുടെ മൂക്ക് പോലെ മുൻപിലോട്ട് നീണ്ടുവന്നു. ഞങ്ങൾ ആദ്യം സ്കൂട്ടറിൽ പകുതി ദൂരം വന്നു. കൈ റോഡിൽ നിന്ന് കയറിയ ഞങ്ങൾ പോകുന്ന വഴി ഈരണ്ട് പെൺപിള്ളേർ വീതം ഞങ്ങളുടെ പുറകിലും മുൻപിലുമായി സൈക്കിൾ ചവിട്ടി പോകുന്നുണ്ടായിരുന്നു. മുൻപിലുള്ളവരെ പിന്നിലാക്കി ഞങ്ങൾ മുൻപിലായി. ഇപ്പോൾ ആ നാലു പെണ്ണുങ്ങളും ഞങ്ങളുടെ പുറകിൽ. ആദ്യത്തെ രണ്ടുപേരെ പിറകിലാക്കിയത് കുതിര ചാടും പോലെ വണ്ടി ചാടിച്ചാണ്. അതിന്റെ പ്രധാന കാരണം ആ കവിള് തുടുത്ത മനുഷ്യനാണ്. അവനെ നോക്കി പതിയെ മന്ദഗതിയിൽ ഓടിച്ച വണ്ടി മുൻപിലുള്ള രണ്ട് പെൺപിള്ളേരുടെ ശ്രദ്ധ ആകർഷിച്ചു. ഞങ്ങളെ പിൻതുടർവാണെന്ന് സൈക്കിളിൽ ഇരുന്ന രണ്ട് പേർ വിചാരിച്ചു. അവർ വിചാരിച്ച കാര്യം ഓർത്ത് വണ്ടി ഓടിച്ച കൂട്ടുകാരൻ അവരെ പിന്നിലാക്കി. കുറച്ച് മാറി ഞങ്ങൾ വണ്ടി നിർത്തി. കവിൾ തുടുത്ത മനുഷ്യനെ കണ്ടില്ല. കുറച്ച് നേരം നോക്കി നിന്നു. അപ്പോഴേക്കും ആ രണ്ട് പെൺകുട്ടികൾ ഞങ്ങളെ കടന്ന് പോയി. ഫോൺ എടുത്ത് വിളിക്കാൻ കൈ പൊങ്ങിയപ്പോ അവൻ വന്നു. പിന്നെ അങ്ങോട്ട് ഒരു കാർ പോലെ രണ്ട് ഡ്രൈവറും ആയി സ്റ്റീറിംങ്ങിന് പകരം രണ്ട് ഹാൻഡിലുമായി യാത്ര തുടർന്നു. കട എത്തി. മൂന്നു മൂക്കുണ്ടായിരുന്ന അവനിപ്പോൾ ഒരു മൂക്കായി. ഒരു ചെറിയ വലിയ വളവിന് ഇരിക്കുന്ന ഒരു ചെറിയ കടയായിരുന്നു അത്. രണ്ട് കടകൾ ഉണ്ടായിരുന്നു ആ ഒരു വളവിൽ. വളവിന്റെ കിഴക്ക് മാറി പടിഞ്ഞോട്ട് മുഖമുള്ള ഒരു കടയും തെക്ക് മാറി വടക്കോട്ട് മുഖമുള്ള മറ്റൊരു കടയും. കിഴക്കുള്ള കട, ചെറിയ കട, നിലവിൽ അപ്പോൾ തുറന്ന കട. കടയും വീടും കൂടി ഇരട്ട പ്രസവിച്ച് ഇട്ടപോലെ ആയിരുന്നു ആ രണ്ട് കടകളും. 'ഒരു ഗ്ലാസ്‌ മുന്തിരി ജ്യൂസ്‌ 10 രൂപ /-' എന്ന് കറുപ്പ് മഷി കൊണ്ട് ഒരു ഇടത്തരം കൈയക്ഷരത്തിൽ എഴുതി, ആ കാറ്റത്ത് നൃത്തം ചെയ്യുന്ന വെള്ള കാർഡിലെ അക്ഷരങ്ങളായിരുന്നു ആ കുഞ്ഞ് കടയുടെ പ്രധാന ആകർഷണം. രണ്ട് കടയുടെ അടുത്ത് ഒരു കോളേജ് ഉണ്ട്. ആ കോളേജിന്റെ അടുത്ത് രണ്ട് കടകൾ ഉണ്ട്. കടയിലെ ചേച്ചിയോട് രണ്ട് ഗ്ലാസ്‌ മുന്തിരി ജ്യൂസ്‌ പറഞ്ഞു. മൂന്നു പേർക്കും കൂടി രണ്ട് മുന്തിരി ജ്യൂസ്‌ അല്ല. എനിക്ക് ഒരു ഗ്ലാസ്‌ ഫുള്ളും. അവർക്ക് രണ്ടുപേർക്കും കൂടി ഒരു ഗ്ലാസ്‌ ജ്യൂസും. കടയുടെ ഒരു വശത്ത് ഇരിക്കാൻ നല്ല വിശാലമായ ഒരു ഇരിപ്പിടം ഉണ്ട്. കുറച്ച് നേരം അവിടെ ഇരുന്ന് കാറ്റ് കൊണ്ടും പൊടി പറത്തിയും ഇരുന്നു. തിരിച്ച് പോരാൻ നേരം ഞാനായിരുന്നു വണ്ടി ഓടിച്ചത്. അവന്റെ കവിൾ മൂക്കാക്കിയ ഹെൽമെറ്റ്‌ എന്റെയും കവിൾ ഞെരുക്കി. എങ്കിലും ഞെരുക്കി മൂക്കാകാൻ പാകത്തിന് എനിക്ക് കവിൾ ഇല്ലായിരുന്നു. നാലഞ്ച് വർഷം മുൻപായിരുന്നേ ഇപ്പ എനിക്ക് മൂന്നു മൂക്കായാനേ. അവിടുന്ന് പുറപ്പെട്ട് കവിള്ളുള്ള മനുഷ്യൻ കളിക്കുന്ന ഗ്രൗണ്ടിലാണ് വണ്ടി ബ്രേക്കിട്ടത്. സ്കൂട്ടറിൽ വന്ന കൂട്ടുക്കാരനെ കുറേ നേരത്തേക്ക് കണ്ടില്ല. കവിൾ എന്നെ കളിക്കാൻ നിർബന്ധിച്ച കൊണ്ട് ഞാൻ കളിക്കാമെന്ന് വെച്ചു. കാൽപാദത്തിൽ തൊലി ഇല്ലാത്ത കൊണ്ട്, വരയും ചോരയുമാണ് കാലിൽ. അത് കാണിച്ചിട്ടും അവൻ കണ്ടപാടെ കാണാതെപാടെ നിന്നു. വെള്ള ബോൾ. കണ്ടിട്ട് അധികം പഴക്കം ഇല്ല. ബോൾ കൊണ്ടുവന്ന ചെറിയ പയ്യൻ ബോൾ കൊണ്ട് വന്നത് അവന്റെ ബനിയന്റെ ഉള്ളിൽ ഇട്ടോണ്ടായിരുന്നു. ക്രിസ്മസ് അപ്പുപ്പൻ വന്നിട്ട് തിരിച്ച് പോയില്ല എന്ന് വിചാരിച്ചു. ചെറിയ ഗ്രൗണ്ടിൽ ചെറിയ രണ്ട് ഗോൾപോസ്റ്റ്. ചരിഞ്ഞ ചതുരത്തിൽ ആയിരുന്നു ഗ്രൗണ്ട്. ഗ്രൗണ്ട് നേരെ ചതുരം ആണെങ്കിലും ഗോൾപോസ്റ്റുകൾ അതിനെ ചരിഞ്ഞതാക്കുന്നു. ആ ചതുരത്തിൽ തന്നെ മൂന്നു നാല് അടക്കാമരവും തൊട്ടാവാടിയും പന്തിന്റെ വേഗത കുറയ്ക്കുന്നതരത്തിൽ ഉള്ള പുല്ലും, നടുക്ക് ഭാഗത്ത് ചെളിയും തെന്നലും ഉണ്ടായിരുന്നു. അഞ്ചു പേർ ആയിരുന്നു തുടക്കത്തിൽ കളിക്കാൻ ഉണ്ടായിരുന്നത്. മൂന്നേ രണ്ടേ ആയി ഭാഗിച്ചു. മൂന്നഗം ഉള്ള ടീമിൽ ബോൾ തിന്ന പയ്യനെ ഇട്ട് ടാലി ആക്കി. കളി തുടങ്ങി. നിക്കറിന്റെ കവ കീറിയിരിക്കുന്ന കവിളിന്റെ കവ ഒന്നൂടെ കീറിക്കാനായി നടുക്കുള്ള ചെളി സഹായകമായി. കളി തുടങ്ങി അഞ്ച് മിനിറ്റ് ആയില്ല, അതിന് മുന്നേ ഒരാള് കൂടി കളിക്കാൻ വന്നു. ഇപ്പൊ സമാ സമം. മൂന്നേ മൂന്ന്. ആദ്യമേ എതിർ ടീം ആയിരുന്ന കവിൾ ഇപ്പോൾ എന്റെ ടീം ആയി. അങ്ങനെ വീണ്ടും കളി തുടങ്ങി. ഇതിനിടയിൽ സ്കൂട്ടറിൽ വന്ന കൂട്ടുകാരൻ വിളിച്ച് എവിടെയാണെന്ന് തിരക്കി. അത് കഴിഞ്ഞ് അവൻ ഗ്രൗണ്ടിലോട്ട് വന്നു. എന്നിട്ട് എനിക്ക് പകരം അവനെ കളിക്കാൻ ഇറക്കി. ഞാൻ ഒരു വശത്ത് ഇരുന്ന് കളി കണ്ടു. നോക്കിയും കണ്ടും ഇരുന്നിലേൽ തലക്ക് പകരം പന്ത് ഇരുന്നിട്ട്, തല ഉരുണ്ട് പോയി പിന്നെ അതിലായിരിക്കും കളി. സമയം-നാലേ മുക്കാലായി. പോകണ്ട സമയം ആയി. കവിളിനോടും ബോള് പയ്യനോടും യാത്ര പറഞ്ഞ് വണ്ടി തിരിച്ചു. വന്ന വഴിയിൽ കൂടെ തന്നെ ആണ് തിരിച്ച് പോയത്. വഴി മോശം ആയിരുന്നേലും അതൊരു എളുപ്പ വഴി ആയിരുന്നു. സ്കൂട്ടറിന്റെ മുന്പിലെ ടയറിന് എന്തോ പ്രശ്നം ഉള്ളക്കൊണ്ട് വളവ് ഒക്കെ ഒടിയാൻ പാടായിരുന്നു. ചുരുക്കം ചില കൂട്ടുകാരെ മാത്രേ ഞാൻ ബഹുമാനിക്കാറുള്ളു. അതിലൊരു അംഗം ആണ് സ്കൂട്ടർ ഓടിക്കുന്ന കൂട്ടുകാരൻ. ബഹുമാനിക്കുകയും അതിനോടൊപ്പം പേടിക്കുകയും ചെയ്യുന്ന ഒരു കൂട്ടുകാരൻ. ഭയ-ഭക്തി ബഹുമാനം എന്നൊക്കെ പറയില്ലേ. അതുപോലെ. അതുപോലെ തന്നെ താടിയുള്ള ഒരു കൂട്ടുകാരൻ. ബഹുമാനിക്കുന്ന കൂട്ടത്തിലെ വേറോരു അംഗം. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ജീവിക്കാൻ അറിയാവുന്ന കൂട്ടുകാരൻ, താടിയുള്ള കൂട്ടുകാരൻ. ടാ,വാടാ,പോടാ, നീ, അവൻ എന്നൊക്കെ വിളിക്കാതെ പേര് മാത്രം മനസറിഞ്ഞു വിളിക്കുന്ന കൂട്ടുക്കാരൻ.

വീടിന്റെ അടുത്ത് എത്തുന്നതിന് മുന്നേ ഉള്ള വഴിയിൽ വണ്ടി നിർത്താൻ പറഞ്ഞു. ശേഷം സ്കൂട്ടറുമായി കൂട്ടുകാരൻ യാത്ര പറഞ്ഞു പോയി. ഞാൻ തൊങ്ങി തൊങ്ങി വീട്ടിലേക്കും പോയി. അഞ്ചു മണി കഴിഞ്ഞിരുന്നു. ചെന്ന ഉടനെ തന്നെ കുളിച്ചു റെഡിയായി. എന്തേലും കഴിക്കാതെ പോയാൽ വിശക്കും. ഒരു മണിക്കൂർ അടുത്ത് യാത്ര ഉണ്ട്. കഴിക്കാനായി പാത്രം എടുത്തു. ഞാൻ എപ്പ പാത്രം എടുത്താലും ആ പാത്രമാണ് എടുക്കുന്നത്. ആ പാത്രം വന്ന ഒരു കഥ ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട പാത്രം അല്ല. അവശേഷിച്ച പാത്രമാണ്. 2018 ഡിസംബർ മാസം അവസാനം, ഞങ്ങൾക്ക് NSS സപ്ത ദിന ക്യാമ്പ് ഉണ്ടായിരുന്നു. ക്യാമ്പിൽ ആഹാരം കഴിക്കുവാൻ പാത്രം വേണമായിരുന്നു. എല്ലാവരുടെയും പാത്രങ്ങൾ ഒരു ഡെസ്കിന്റെ മുകളിലാണ് വെച്ചിരിക്കുന്നത്. 50 പാത്രങ്ങൾ. നമ്മുക്ക് നമ്മുടെ പാത്രമല്ല കഴിക്കാൻ നേരത്ത് കിട്ടുന്നത്. ആ ഏഴു ദിവസത്തിൽ ഒരു കുടുംബമാണ് അവിടെ രൂപപ്പെടുന്നത്. വീട്ടിൽ, ഭക്ഷണം കഴിക്കാൻ പാത്രം തിരഞ്ഞെടുക്കുവല്ലലോ. കിട്ടുന്നത് എടുക്കുവല്ലേ. അത് തന്നെയാണ് ക്യാമ്പിലും. വളരെ പ്രേത്യേകതകൾ ഉള്ള ഒരു ഏഴു വർഷ ക്യാമ്പ്. പറഞ്ഞു വന്നത് ഇതൊന്നുമല്ല, ക്യാമ്പിന്റെ അവസാന ദിവസം എല്ലാവരും അവരവരുടെ പാത്രം എടുത്തപ്പോൾ ആരോ ഒരാള് പാത്രം മാറി എടുത്തു. വലുപ്പത്തിൽ ഞാൻ കൊണ്ടുവന്നതിലും ചെറുതായിരുന്നെങ്കിലും അവശേഷിച്ചതിൽ സാമ്യം ഉള്ള ഒരേ ഒരു പാത്രമായിരുന്നു അത്. അതും ബാഗിൽ ഇട്ടോണ്ട് തിരിച്ച് പോന്നു. അമ്മ എനിക്ക് ചോർ എപ്പ എടുത്തുതന്നാലും ആ ചെറിയ പാത്രത്തിലാണ് എടുത്ത് തരണത്. എന്താന്ന് അറിയില്ല.

അങ്ങനെ പാത്രത്തിൽ ദോശ തിന്നാൻ എടുത്തു. ദോശ ഒരെണ്ണം കഴിച്ചു. അപ്പൊ തന്നെ മതിയായി. ഒരു ദോശയും കുറച്ച് സാമ്പാർ ന്റെ ചാറും ആ ചെറിയ പാത്രത്തിൽ മിച്ചം കിടക്കുന്നു. ഭക്ഷണം എപ്പഴും കളയാൻ വരുമ്പോൾ അവൻ വരും. ആര്? താടി ഇല്ലാത്ത എന്നാൽ കീഴ് താടി പോലെ രണ്ട്-മൂന്നു സ്പ്രിംഗ് രോമം ഉള്ള കൂട്ടുകാരൻ. അവൻ ഇപ്പോഴും പറയും അവൻ ഭക്ഷണത്തിന് മൂല്യം കൊടുക്കുണ്ടെന്ന്. ഭക്ഷണം മിച്ചം വരുമ്പോൾ എപ്പഴും വരും അവനും അവന്റെ വാക്കുകളും. ശേഷം മൊത്തം കഴിച്ചിട്ടേ അവിടുന്ന് എഴുന്നേറ്റ് പോകത്തുള്ളൂ. അവനും ബഹുമാനിക്കുന്ന കൂട്ടത്തിലെ ഒരഗം.

ബാഗിൽ ഡ്രസ്സ്‌ ഒക്കെ എടുത്ത് പോകാൻ തയ്യാറായി. കൊണ്ടാക്കാൻ ആരും ഇല്ല. നടന്ന് പോകാമെന്ന് തീരുമാനിച്ചു. നടന്ന് പോകണ്ട അവൾ(ചേച്ചി) കൊണ്ടാക്കും എന്ന് അമ്മ പറഞ്ഞു. കാറ്റില്ലാത്ത കരയുന്ന സൈക്കിൾ എടുത്തു. നേരത്തെ കരയുക ഒന്നും ഇല്ലായിരുന്നു. വയസായി അതിന്. എന്നിട്ടും ഞങ്ങളെ താങ്ങുന്നുണ്ട്. കാറ്റടിക്കാനായി അപ്പുറത്തെ വീട്ടിൽ ചെല്ലുമ്പോൾ കിഴക്ക് നിന്ന് വേറെ ഒരു കൂട്ടുകാരന്റെ സ്കൂട്ടറിന്റെ ശബ്ദം കേട്ടു. അപ്പൊ തന്നെ ഞാൻ വഴിയിലേക്ക് ഓടി കൈകാണിച്ചു. വണ്ടി നിർത്തി, കേറി, ബൈ പറഞ്ഞ്, വണ്ടി പറപ്പിച്ചു. പെട്ടെന്ന് തന്നെ ബസ് സ്റ്റാൻഡിൽ എത്തി. എത്തിയപ്പോ തന്നെ പോകാനുള്ള ബസ് അവിടെ കിടപ്പുണ്ടായിരുന്നു. കേറാൻ വേണ്ടി ഓടി. അതിന് മുന്നേ അവർ പോയി. തിരിച്ച്, കേറി ഇരിക്കാനുള്ള സ്ഥലത്ത് നിന്നു. അപ്പുറത്തും ഇപ്പുറത്തും കുറച്ച് പേർ ഇരിപ്പുണ്ട്. അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞ് ബസ് വന്നു. അതിൽ കേറി പുറപ്പെട്ടു .വലത് വശത്തെ സീറ്റിൽ ഇരുന്നു .കൃത്യം പറഞ്ഞാൽ സ്ത്രീകൾ ഇരിക്കുന്ന അതിർത്തിയുടെ എതിർ അതിർത്തിയിൽ. നടുക്ക് ഇരുന്നാൽ ഛർദിക്കാൻ വരില്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതാ.... 26 കിലോമീറ്റർ അടുത്ത് യാത്രയുണ്ട്. വണ്ടി കുറച്ചങ്ങോട്ട് നീങ്ങി. ഞാൻ ഒന്ന് മയങ്ങി. പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോൾ അപ്പുറത്ത് ഒരു മധ്യവയസ്കയായ ഒരു സ്ത്രീയും ഒരു കൊച്ചു കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മ എതിർ വശത്ത് ഇരുപ്പുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവരും ഇറങ്ങി. ഗർഭിണികൾ ഇരിക്കുന്ന സീറ്റിൽ ഒരു ചേച്ചി ഇരിപ്പുണ്ട്. കൈയിൽ ഉള്ള കേക്ക് കൊണ്ട് വന്ന കവർ പൊട്ടി ഇരിക്കുകയാണ്. പേപ്പർ കവർ ആണ്. ഇറങ്ങാൻ നേരത്ത് ബുദ്ധിമുട്ടായിരിക്കും എന്ന് വിചാരിച്ചു. ന്യൂ ഇയർ ആഘോഷിക്കാൻ ഉള്ള കേക്ക് ആയിരിക്കും.ആ ചേച്ചിയും ഇറങ്ങി. ഇറങ്ങിയത് കണ്ടില്ല. വണ്ടി വീണ്ടും നീങ്ങി. ഇടക്ക് ഇടക്ക് അളിയൻ വിളിച്ച് എവിടെയാണെന്ന് അന്വേഷിക്കുണ്ട്. പേട്ട യിൽ ഇറങ്ങിയിട്ട് അളിയനെ ആയിട്ട് വേണം വളന്തക്കാട്ടിലോട്ട് പോകാൻ. വീണ്ടും ബസ്സിൽ പുതിയ പുതിയ കഥാപാത്രങ്ങൾ വന്നുപോയികൊണ്ടേ ഇരുന്നു. ശേഷം വന്നത് ഒരു ആജാനുബാഹുവായ ഒരു ചേച്ചിയും ആ ചേച്ചിയുടെ അച്ഛനും ആണ്. രണ്ട് പേരുടെ കൈയിൽ ബാഗ് ഉണ്ട്. ആ ചേച്ചിക്ക് സീറ്റ്‌ കിട്ടിയില്ല. അച്ഛൻ എന്റെ തൊട്ട് പുറകിലും ഇരുന്നു. ചേച്ചി ഒരു കറുത്ത ഹൂഡീസും കറുത്ത ജീൻസും ആണ് ഇട്ടേക്കുന്നത്. അച്ഛൻ ഒരു കറുത്ത പാന്റും ഫുൾ കൈ നീളൻ വരകൾ ഉള്ള തയ്യ്പ്പിച്ച വെള്ള കളർ ഷർട്ടും. ചേച്ചിയുടെ തോള്‌ വരെ മുടി വെട്ടിയിട്ട് ക്ലിപ്പിട്ട് മുടി ഒതുക്കി വെച്ചേക്കുവാണ്. അച്ഛൻ കഷണ്ടിയും പിന്നെ ഒരു കണ്ണടയും. ചേച്ചിക്ക് സീറ്റ്‌ കിട്ടി. മുൻപിൽ ഉള്ള സീറ്റിന്റെ മുൻപിൽ ഉള്ള സീറ്റിൽ ആ ചേച്ചി ഇരുന്നു. ഇരുന്നു കഴിഞ്ഞ് തലയുടെ വാൽ പോലെ കിടക്കുന്ന ഹൂഡീസിന്റെ തൊപ്പി എടുത്ത് തലയിലോട്ട് ഇട്ടു. ആനയുടെ തലയെടുപ്പ് പോലെ ആ ചേച്ചി മുൻനിരയിൽ അധിപത്യം സ്ഥാപിച്ചു. കസേര കളി അന്നെന്ന് തോന്നി,പുറകിൽ ഇരുന്ന അച്ഛൻ എന്റെ തൊട്ട് അടുത്ത് വന്നിരുന്നു. കൈയിൽ പിടിച്ച ബാഗ് നിലത്തു വെച്ചു. ഉരുണ്ടിട്ട് നീളത്തിൽ ഉള്ള ഒരു ബാഗ്. അവർ എവിടെയോ ദൂര യാത്രക്ക് പോകുകയാണെന്ന് തോന്നുന്നു. ചേച്ചിയെ കണ്ടാൽ ഒരു കായിക താരത്തെ പോലെയൊക്കെയുണ്ട്. എങ്ങോട്ടാ യാത്ര എന്ന് അവരോട് ചോദിച്ചിക്കണമെന്ന് ഉണ്ടായിരുന്നു. പിന്നെ, ഇതൊക്കെ എന്തിനാ ചോദിക്കുന്നേ? ഇതിന്റെ ഇടയിൽ അച്ഛൻ വീണ്ടും കസേര കളിച്ച് മുന്നിലെ സീറ്റ്ലോട്ട് ചേക്കേറി.

ഞാൻ ഇറങ്ങേണ്ട സ്ഥലമായി. ഇറങ്ങി, ഫോൺ എടുത്ത് അളിയനെ വിളിച്ചു. മുന്നോട്ട് നടന്ന് ചെല്ലാൻ പറഞ്ഞു. അങ്ങനെ നടന്ന് കുറച്ച് നീങ്ങിയപ്പോൾ അളിയനെ കണ്ടു. കൈയിൽ കവറിൽ രാത്രിലെത്തേക്ക് ആഘോഷിക്കാൻ ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു. സാധങ്ങൾ കൈമാറി എനിക്ക് തന്നിട്ട് അളിയൻ വണ്ടി സ്റ്റാർട്ടാക്കി. കുറച്ച് ദൂരം ചെന്നപ്പോൾ ജാസൂന് ഫ്രൂട്ട്സ് വാങ്ങിക്കാൻ വഴിയോരത്തുള്ള കടയിൽ നിർത്തി. പെട്ടിയോട്ടോയിലായിരുന്നു ചലിക്കുന്ന കട. പെട്ടിയിലോട്ട് നോക്കുമ്പോൾ ഏതോ ഒരു ഭംഗിയുള്ള ഫലം, ഞാൻ അത് ആദ്യമായിട്ട് കാണുകയായിരുന്നു. അളിയനോട് തിരക്കിയപ്പോൾ, അതിന്റെ പേർ ഡ്രാഗൺ ഫ്രൂട്ട് എന്നാണെന്നും കാണാൻ ഭംഗി മാത്രേ ഉള്ളെന്നും അളിയൻ വിശദീകരിച്ചു. പുറമേ ഉള്ള ഭംഗിക്ക് പുറകേ പോകുന്നവർ അങ്ങനെ പോകട്ടെ, ഉള്ളിലെ ഭംഗി അറിഞ്ഞു പോകുന്നവർ അങ്ങനെയും പോകട്ടെ! വണ്ടി അവിടെ നിന്ന് എടുത്തു. വഴിയിലൊക്കെ നല്ല തിരക്കായിരുന്നു. കുറച്ച് മാറി വീണ്ടും ഒരു കടയിൽ നിർത്തി. അവിടെ അളിയൻ കടയിൽ പണമിടപാടുകൾ നടത്തുന്നത് കണ്ടു. അവിടുന്ന് വീണ്ടും മുന്നോട്ട് നീങ്ങി. കാഴ്‌ച കാണുന്ന ഇടയിൽ പുതിയ ഒരു ഫ്ലാറ്റ് കണ്ണിൽ ഉടക്കി. മണ്ണിൽ നിന്ന് മരത്തിന് പകരം ഇപ്പോ മുളച്ച് വരുന്നത് ഫ്ലാറ്റുകൾ ആണല്ലോ. പ്രധാന റോഡിൽ നിന്ന് ഉൾവഴിയിലോട്ട് കയറി വണ്ടി നിർത്തിയത് ആന്റിയുടെ കടയുടെയും വീടിന്റെയും മുന്നിലാണ്. കടയിലേക്ക് ആവിശ്യമായ സാധനങ്ങൾ വാങ്ങികുന്നതിനെ പറ്റി ആശയകുഴപ്പത്താൽ ഒഴിഞ്ഞ പലഹാര-സ്പടിക പെട്ടിയിലെക്ക് നോക്കികൊണ്ട് ഇരിക്കുവായിരുന്നു ആന്റി. സഹായം കൃതമായി സ്വീകരിച്ചു. എന്റെ കൈയിലുണ്ടായിരുന്ന കവർ വീടിന്റെ മുന്നിൽ കൊണ്ട് വെക്കാൻ പോകുമ്പോൾ അനിയത്തി അവിടെ നിന്ന് ഇറങ്ങി വരുന്നു, BTS ന്റെ പാട്ടുകൾ കാത് കൊണ്ട് കണ്ടും കണ്ണ് കൊണ്ട് കേട്ടും, കണ്ണ് ബലൂൺ പോലെ വീർത്തിരുപ്പുണ്ടായിരുന്നു. ബലൂണുകൾ, സംഗീതത്തിന്റെ ബലൂണുകൾ. ഒരു മൊട്ടു സൂചി എടുത്ത് അത് കുത്തി പൊട്ടിച്ചാലും 'ഠോ' എന്ന ഒറ്റപ്പദത്തിന് പകരം ഒഴുകുന്നത് മഞ്ഞുരുകിയ സംഗീതമായിരിക്കും. സാധങ്ങൾ അവിടെ താഴെ വെച്ച് വണ്ടി തിരിച്ച്, വാങ്ങാൻ പറഞ്ഞ സാധനങ്ങൾ വാങ്ങിച്ച് തിരിച്ച് വന്നു. താഴെ വെച്ച സാധനങ്ങൾ തിരിച്ചെടുത്ത് ഒരു റ്റാറ്റായും പറഞ്ഞ് അവിടുന്ന് വീണ്ടും മുന്നോട്ട് പോയി. കുറച്ച് മാറിയപ്പോൾ വലത് വശത്ത് 12 മണിക്ക് കത്തിക്കാൻ ക്രിസ്തുമസ് അപ്പുപ്പനെ നിർത്തിയിരിക്കുന്നു. കത്തിക്കാൻ ആണെന്ന് അറിഞ്ഞാൽ അപ്പുപ്പൻ എന്നേ ഓടി രക്ഷപ്പെട്ടാനെ. അല്ലേലും ക്രിസ്മസിന് സമ്മാനങ്ങൾ തരാൻ വന്ന അപ്പുപ്പനെ പിടിച്ച് കെട്ടി ചാരമായി കാറ്റിൽ പറത്തണ്ട കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അളിയനോട് ചോദിച്ചപ്പോൾ അളിയനും അറിയില്ല എന്ന് പറഞ്ഞു. 

കടവിനോടടുത്തു ബൈക്ക് അടുപ്പിച്ചു, കെട്ടഴിച് വഞ്ചിയിൽ കയറി. വഞ്ചി തുഴയുന്നതിന് മുൻപ് ഒരു തുള്ളി വെള്ളം രുചിച്ചു നോക്കി. നല്ല ഉപ്പ്! പായലിന്റെ കാലിലെ ഉപ്പുവെള്ളം കൊണ്ടും, തലയിലെ ചൂട് കൊണ്ടും മരണത്തോട് അടുത്തിരിക്കുന്നു. മരിക്കാനായിരിക്കുന്നവന്റെ ആഗ്രഹം എന്ന പോലെ പായൽ സുഹൃത്ത് വഞ്ചിയുടെ അടിയിൽ കയറി വഞ്ചിയുടെവേഗത കുറച്ചു. ഞാൻ വഞ്ചി പുറകോട്ട് തുഴഞ്ഞ്, പിന്നെ മുന്നോട്ട് തുഴഞ്ഞു. അമിങ്ങി അമരാനുള്ള അതിന്റെ ആത്‍മഹത്യ ശ്രമം പാളി പോയി. കൂട്ടമായിട്ട് നിൽകുമ്പോൾ അതിഭീകരനും, ഒറ്റയ്ക്ക് നിൽക്കുമ്പോൾ വെറും ഒരു ശിശുവുമാണ് പായലുകൾ. ചന്ദ്രന്റെ നുറുങ്ങ് വെട്ടമുള്ളത്കൊണ്ട് മുന്നിലുള്ള ജലപാത പ്രത്യക്ഷമായിരുന്നു. അപ്രതീക്ഷ്യമായിരുന്നേ, പച്ച പായലിന്റെ തുടക്കത്തിൽ പായൽ പുഴയിൽ നിന്ന് കണ്ടത്തിലോട്ട് പോകാതിരിക്കാൻ കയറിൽ കുപ്പി കെട്ടാനുള്ള കുറ്റിയിൽ ചെന്നിടിച്ചാനെ. 

പറയാൻ കാരണം അങ്ങനെ ഒരു ദിവസം ഇടിച്ചിട്ടുണ്ട്. ഇടിച്ചിട്ടുണ്ട് എന്ന് പറയുന്നതിലും നല്ലത് ചെന്ന് കയറി എന്ന് പറയുന്നതായിരിക്കും. ഗ്യാസ് എടുക്കാൻ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം. വെള്ളം ഏറ്റത്തിന്റെ സമയമായിരുന്നു. പോരാത്തതിന് ചന്ദ്രൻ ഓഫ്‌ ഡ്യൂട്ടിയും ആയിരുന്നു. ഞാൻ ആയിരുന്നു വഞ്ചി തുഴഞ്ഞത്. നേരെ കൊണ്ട് കുറ്റിയുടെ മേലെ കയറ്റി. ഞാനും അവിടുത്തെ ചേച്ചിയും പിന്നെ ഒരു ഗ്യാസ്കുറ്റിയും, പുഴയുടെയും തൂമ്പും കുഴിയുടെയും നടുക്ക്. അങ്ങോട്ടോ ഇങ്ങോട്ടോ ചരിഞ്ഞാൽ വഞ്ചി മറിയും കൂടെ ഒരു നിറകുറ്റിയും. ഒരു മുപ്പത് സെക്കന്റോളം പ്രതിമ പോലെ ഇരുന്നു. ഉടലും തലച്ചോറും ഒരേ പോലെ മരവിച്ചു. ഈ സാഹചര്യത്തിൽ ആ ചൊല്ല് ഓർമ്മ വന്നു. "പിന്നിട്ട വഴിയിലൂടെ സഞ്ചരിക്കരുതെന്ന്". അർത്ഥം വേറെ ആണെങ്കിലും ഒറ്റ വരി നമ്മുക്ക് ഫലപ്രതമാകും. വഞ്ചി നേരെ പുറകോട്ട് ആഞ്ഞ് വലിച്ചു. കുറ്റിയിൽ നിന്ന് അങ്ങനെ വഞ്ചി ഇറങ്ങി. 

പഴയ ഓർമ്മകളിലേക്ക് ഉറ്റു നോക്കികൊണ്ട് ഞാനും അളിയനും യാത്ര തുടർന്നു. പ്രകൃതിയോളം പോന്ന ഒരു കലാകാരൻ വേറെ ഇല്ല. കണ്ണുനീർതുള്ളികൾ കൊണ്ട് തീർത്ത നൂലുമാലകൾ, ആകാശത്തിൽ വിണ്ട്കീറിയ ഡിംലൈറ്റുകൾ, മിന്നാമിന്നികളെ വാരി വിതറിയ ആകാശങ്ങൾ, കാറ്റിന്റെ സഹായത്താൽ രൂപം മാറുന്ന പഞ്ഞിക്കെട്ടുകൾ, കളർ പെൻസിൽ കൊണ്ട് ആകാശം വരച്ച ഏഴ് വരകൾ. ഈ കൂട്ടത്തിൽ കൂട്ടാൻ പറ്റിയ, ഇരുട്ടിൽ തീർത്ത രൂപങ്ങളാണ് ഞാനും സാക്ഷ്യം വഹിക്കുന്നത്. പുഴയിൽ നിന്ന് കണ്ടത്തിലോട്ട് കയറിയാൽ ഇടത് വശത്തെ വരമ്പിൽ ഒരു നൂഡിൽസ് തലയുള്ള ഒരു പയ്യൻ ഉണ്ട്. ഉടലും തലയും ചെറിയ മരവും മുടി നൂഡിൽസ് പോലുള്ള വള്ളികളും. വലത് വശത്ത് ഒരു ജിറാഫ് ഉണ്ട്, ഏറ്റവും വലുതായിട്ട് കണ്ടലിൽ ഇരുട്ടിന്റെ സഹായത്തോട്കൂടി തീർത്ത ഒരു കുംഭകർണൻ കിടപ്പുണ്ട്. കണ്ടൽ ഉള്ള നാൾകേ കുംഭൻ ഉറക്കത്തിലാണ്. ആരും എഴുന്നേൽപ്പിക്കുന്നുമില്ല തനിയെ എഴുന്നേൽക്കുന്നുമില്ല. അത്മാവും ശരീരവും വിശ്രമിക്കുന്നത് ഉറക്കത്തിൽ ആണെന്ന് ആണല്ലോ പറയാറ്. ഇതിൽ ആത്മാവ് വിശ്രമിക്കുണ്ടോ എന്ന് സംശയമാണ്. സ്വപ്നമായും ദുഃസ്വപ്നമായും ആത്മാവും സംഘർഷത്തിലാണ്. 

എത്രയോ ദിവസങ്ങൾ, പല സമയങ്ങളിൽ, ഒരേ തോണികൾ അടുപ്പിച്ച കടവിൽ ഞങ്ങൾ തോണിയടുപ്പിച്ചു!



കടപ്പാട്: ഭദ്രാ നൈജു























Rate this content
Log in

Similar malayalam story from Abstract