മഞ്ഞ നിറമായി മാറിയ വെള്ള പൂക്കൾ
മഞ്ഞ നിറമായി മാറിയ വെള്ള പൂക്കൾ
"എടാ ചെറിയപ്പു, നീ അറിഞ്ഞോ? വലിയച്ചുവിന്റെ സ്വർണ്ണകമ്മലിന്റെ ആണി താഴെ വീണു." ചെറിയ അച്ചു പറഞ്ഞു.
"എന്നിട്ട്?" പഞ്ചസാര നുണയുന്നതിനിടെ ചെറിയ അപ്പു ചോദിച്ചു. ചെറിയ അപ്പു ഒരു മധുര പ്രിയനാണ്.
"എന്നിട്ടെന്താകാൻ, അത് കിട്ടിയില്ല. വെല്യപ്പുവും അവരുടെ അച്ഛനും അമ്മയും തിരിഞ്ഞും മറിഞ്ഞും കിടന്നും നിരങ്ങിയും നോക്കിയിട്ട് കിട്ടിയില്ല."
ഇന്നലെ ആയിരുന്നു സംഭവം. ജോലിക്ക് പോകാനുള്ള ധൃതിയിൽ വലിയ അച്ചു കണ്ണാടി നോക്കി കമ്മലിന്റെ ആണി ഇടുന്നതിനിടെ ആണി താഴെ വീണു. ധൃതിയിൽ എന്തും സംഭവിക്കും, കൊലപാതകം വരെ. ആണി നോക്കി സമയം കളയാതെ അപ്പുറത്തെ ചെവിയിൽ ഉള്ള കമ്മൽ അഴിച്ചു വെച്ചിട്ട് വലിയ അച്ചു പോയി.
"വലിയ-അച്ഛന്റെയും വലിയ-അമ്മയുടെയും കല്യാണം കഴിഞ്ഞ സമയത്ത് സ്ഥാനം പിടിച്ച അലമാരയുടെ അടിയിൽ പോയെന്ന് വലിയച്ചുവിന്റെ വാദം."
"ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ? "
"അതെങ്ങനാ, സൂര്യൻ ഉദിക്കും മുൻപ് ഊര് തെണ്ടാൻ ഇറങ്ങില്ലേ നീ."
ചെറിയപ്പു അവന്റെ രണ്ട് പല്ലും കാട്ടി ചിരിച്ചു.
സംഭവം നടക്കുന്ന സമയത്ത് ചെറിയ അപ്പു അവിടെ ഇല്ലായിരുന്നു. രാവിലെ തന്നെ സർക്കിട്ടിന് ഇറങ്ങുന്ന പതിവുണ്ടവന്. വലിയപ്പു ആണേൽ ഉച്ച ആകും ഉണരുമ്പോൾ.
കാര്യം അറിഞ്ഞ ചെറിയപ്പു അത് അന്വേഷിച്ചിട്ട് തന്നെ ഇനി കാര്യം എന്ന വാശിയിൽ സ്വർണ്ണം തേടിപോയി.
"എടാ, അതപകടമാണ്." ചെറിയച്ചുവും അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞു. "നമ്മളെ പോലെയുള്ളവർ നമ്മുടേത് അല്ലാത്തതത് തിരഞ്ഞും പോകരുത്, കൈവശവും വെക്കരുത്."
ജീവിതത്തിൽ ഒരു സാഹസികതയൊക്കെ വേണ്ടേ എന്നാണ് ചെറിയപ്പുവിന്റെ വാദം. ഒരു പ്രശ്നം വന്നാൽ പരിഹരിക്കണത് ചെറിയപ്പുവിന്റെ ഒരു ലഹരിയാണ് അതുപോലെ തന്നെ വലിയപ്പുവിനും. ഒരു വശത്ത് വലിയപ്പു അവന്റെ വലിയ ശരീരവും വലിയ കണ്ണും കൊണ്ട് സ്വർണ്ണം തിരയാൻ പുറപ്പെടുന്നു. മറുവശത്തു ചെറിയപ്പു തന്റെ ചെറിയ ശരീരരവും ചെറിയ കണ്ണും കൊണ്ട് പുറപ്പെടുന്നു.
തിരഞ്ഞു തിരഞ്ഞവസാനം ചെറിയപ്പുവിന് അലമാരയുടെ താഴെ തിണ്ണയുടെ ചെറിയൊരു വിടവിൽ നിന്ന് സ്വർണ്ണക്കമലിന്റെ ആണി കിട്ടി. വിജയശ്രീലാളിതനായി ചെറിയപ്പു കമ്മലാണി പൊക്കി പിടിച്ചുകൊണ്ടു അവന്റെ കുടുംബത്തെ കാണിക്കാനായി നടന്നു. ഈ സമയം വലിയപ്പു തന്റെ വലിയ കണ്ണുകൊണ്ട് ആണി നീങ്ങുന്നത് കണ്ടു. കണ്ടയുടനെ തന്നെ ആണി കയ്യിലാക്കുകയും ചെറിയപ്പുവിനെ വലിയപ്പു അവന്റെ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് അരച്ച് തിരുമുകയും ചെയ്തു. ഷർട്ടിന് പോക്കറ്റില്ലാത്ത കാരണം കമ്മലിന്റെ ആണി പാന്റിന്റെ പോക്കറ്റിൽ ഇട്ടിട്ട് വലിയപ്പു പുറത്തേക്കിറങ്ങി.
"അമ്മേ, ആ അലമാരയുടെ അടിയിൽ നിറച്ച് ഉറുമ്പാണ്. കുറച്ച് ഉറുമ്പുപൊടി വാരി വിതറ്."
മുറ്റത്ത് എത്തിയ ശേഷം വലിയപ്പു അമ്മയോട് പറഞ്ഞു. പറഞ്ഞ ഉടനെ തന്നെ അവൻ നടന്നകന്നു.പറഞ്ഞ താമസം, വലിയ അമ്മ വന്ന് ഉറുമ്പ് പൊടി അലമാരയുടെ അടിയിൽ വിതറി.
ജോലിക്ക് പോയിട്ടു തിരിച്ചെത്തിയ വലിയ അച്ചു, അവസാന തിരച്ചിൽ എന്നോണം അലമാരയുടെ അടിയിൽ കണ്ണ് മിഴിച്ചു. സ്വർണ്ണക്കമ്മലിന്റെ ആണി ഒഴിച്ച് ഉറുമ്പ് പൊടിയുടെ ഇടയിൽ മലർന്ന് കിടക്കുന്ന മൂന്നു ഉറുമ്പും, അതിന്റെ അടുത്തായിട്ട് ഒരു അരഞ്ഞ ഉറുമ്പും മാത്രം ബാക്കിയായി.
