STORYMIRROR

കഥ പറയുന്ന പയ്യൻ

Abstract

3  

കഥ പറയുന്ന പയ്യൻ

Abstract

ഗുരുത്വാകർഷണ ബോധം

ഗുരുത്വാകർഷണ ബോധം

7 mins
6

ഇരുട്ട്. കണ്ണടക്കുമ്പോൾ ഉള്ള ഇരുട്ട്. അത് കണ്ണ് അടച്ചപ്പോൾ ഉള്ള ഇരുട്ടാണോ അതോ തുറന്ന് പിടിച്ചപ്പോൾ ഉള്ള ഇരുട്ടാണോ എന്ന് പറയാൻ പറ്റുന്നില്ല. അച്ഛൻ വിളിക്കുന്നു, അമ്മ വിളിക്കുന്നു, ചായാമ്മ വിളിക്കുന്നു, അപ്പുറത്തെ വീട്ടിലെ അമ്മ വിളിക്കുന്നു, വേറെ ആരെല്ലാമോ വിളിക്കുന്നു. പ്രതികരികാൻ പറ്റുന്നില്ല. ശബ്ദം പ്രതിമയായി പോകുന്ന അവസ്ഥ.
ഇന്നത്തെ ദിവസം ഞാൻ മറക്കില്ല. ഒന്നിലേലും രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന സമയത്തുവെച്ച് കണ്ട സ്വപ്നം ഇപ്പോഴും ഓർത്തുവെച്ചു മറ്റുള്ളവരോട് പറയുന്ന എനിക്ക് ഏതായാലും ഈ ദിവസം മറക്കാൻ വഴിയില്ല. മറന്നാലും വരച്ച വര എന്നെ ഓർമിപ്പിക്കും. 

20 ഓഗസ്റ്റ് 2023, അത്തം.

പതിവ് പോലെ തന്നെ പതിയെ എഴുന്നേറ്റു. പരിപാടികൾ എല്ലാം കഴിഞ്ഞ് ചിക്കൻ വാങ്ങിക്കാൻ പോയി. ചവുട്ടി ചവുട്ടി ചിക്കൻ കടയിൽ എത്തി. കട, വീട്‌ കട. ചെന്നപ്പോൾ ഒരു ചേട്ടനും വേറെ ഒരു ചേച്ചിയും ചേച്ചിയുടെ കൂടെ വന്ന രണ്ട് പിള്ളേരും ഇറച്ചി വെട്ടുന്ന രണ്ട് ചേട്ടൻമാരും അടങ്ങിയ ആറംഗങ്ങൾ ഉണ്ടായിരുന്നു അവിടെ. ഞാനും കൂടെ ആയപ്പോൾ ഏഴായി. കുറച്ച് കഴിഞ്ഞ് ആദ്യം പറഞ്ഞ ചേട്ടൻ സാധനം വാങ്ങി തിരിച്ചുപോയി. ആ പോയ പുറകേ ഇറച്ചി വെട്ടുന്ന വേറൊരു ചേട്ടൻ സബ്സ്ടിട്യൂഷനായി. ചിലപ്പോൾ സെവെൻസ് കളിയായിരിക്കും. വന്ന ചേട്ടന്റെ മുഖം കോഴിയുടെ മുഖം പോലെ. ഇറച്ചി കോഴിയെ വെട്ടി വെട്ടി അങ്ങനെ ആയതായിരിക്കും. ചിക്കൻന്റെ വില 140/- എന്ന് കോഴിയെ അറക്കുന്നത്തിന് മുന്നേ കാലിൽ കയറിട്ടു കെട്ടി തൂക്കുന്ന ഡിജിറ്റൽ ത്രാസ്സിൽ എഴുതിയിരിക്കുന്നു. എനിക്ക് മുന്നേ വന്നത് അവിടെ നിന്നിരുന്ന ചേച്ചി ആണേലും ഞാൻ ആദ്യം 2 ½ കിലോ ചിക്കൻ വേണമെന്ന് പറഞ്ഞു. തൂക്കി വന്നപ്പോൾ 2 കിലോ ഉള്ളൂ. ഞാൻ അത് മതി എന്നു പറഞ്ഞു. അതുകഴിഞ്ഞു ആ ചേച്ചിയ്ക്ക് 2 കിലോ വേണമെന്ന് പറഞ്ഞു. തൂക്കി വന്നപ്പോൾ 2½ കിലോ. ആ ചേച്ചിയും അത് മതി എന്ന് പറഞ്ഞു. ലോകം മുഴുവൻ ഇങ്ങനെ ആണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണവരും ഉണ്ട് തൃപ്തിപ്പെടാത്തവരും ഉണ്ട്, ആഗ്രഹിച്ച പോലെ ജീവിക്കാൻ പറ്റാതെ മുട്ടിൽ ഇഴയുന്നവർ ഉണ്ട്. മുട്ടിൽ ഇഴയാതെ നടക്കണവർ ഉണ്ട്, ഓടണവർ ഉണ്ട്. 'മരിച്ചിട്ട് ജീവിക്കുന്നവർ'.

പൈസ കൊടുത്ത് സാധനം വാങ്ങി ആ ചേച്ചിയുടെ ഒപ്പം ഞാനും ഇറങ്ങി. ചേച്ചിയും ½ + ½ യും ചുവന്ന ഫസ്‌സിനോ സ്കൂട്ടറിൽ പോയി. ഞാൻ സൈക്കിളിലും. സാധനങ്ങൾ വേറെയും കടയിൽ നിന്ന് വാങ്ങാണമായിരുന്നു. ഒരു ബ്രെഡ്, വിം ബാർ സോപ്പ്, ഒരു ചിക്കൻ മസാല. കടയിൽ എത്തി. നേരത്തെ കണ്ട ചേച്ചിയുടെ സ്കൂട്ടർ കടയുടെ മുൻപിൽ കിടപ്പുണ്ട്. കടയിൽ ചേച്ചിയും പിന്നെ രണ്ട് അരയും നിൽപ്പുണ്ട്. ഞാൻ കേറി ചെന്ന് സാധനം വാങ്ങി കൈയിലാക്കി. ചേച്ചി സാധനം വാങ്ങിച്ചതിന്റെ പൈസ എണ്ണി കൊടുക്കുവായിരുന്നു. ചില്ലറ എണ്ണി രണ്ട്, അരക്കും രണ്ട് മിഠായി വാങ്ങിച്ചുകൊടുത്തു. ഞാൻ ബാക്കി പൈസ വാങ്ങി അവർ പോയി കഴിഞ്ഞിറങ്ങി. വീട്ടിൽ നിന്ന് കൊണ്ട് വന്ന തുണിസഞ്ചിയിൽ ബ്രെഡും ബാക്കി രണ്ടും കുത്തി കയറ്റി വെച്ച് പിന്നിട്ട് വന്ന വഴിയിൽ മുന്നോട്ട് പോയി. മുന്നേ ആ ചേച്ചിയും. കടയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വരെ ആ ചേച്ചി ഉണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞ് ഒരു വളവ് തിരിഞ്ഞ് വണ്ടി വളച്ച് ചേച്ചി പോയി. ഞാൻ, അതുകഴിഞ്ഞ് വന്ന വളവ് തിരിഞ്ഞ് സൈക്കിൾ വളച്ച് വീട്‌ ലക്ഷ്യമാക്കി. വളഞ്ഞ വഴി വളഞ്ഞ് തന്നെ പോകണം, നേരെ പോയാൽ അത് നേർവഴി ആയി.

വീട്ടിൽ എത്തി. സാധങ്ങൾ ഒക്കെ അടുക്കളയിൽ കൊണ്ടുവെച്ചു. ഉടുപ്പ് മാറി, വർക്കിംഗ്‌ ഡ്രസ്സ്‌ എടുത്തിട്ടു. കഴിഞ്ഞ ദിവസം നിർത്തി വെച്ച വീട്‌ പെയിന്റടിക്കണമെന്ന ലക്ഷ്യം ബാക്കി പൂർത്തിയാക്കണം. ഒരു ചതുരപ്പെട്ടി നാല് ദിവസം മുന്നേ അടിച്ചുതീർത്തു. ബാക്കി ഹാളിൽ. ആദ്യം തന്നെ ഹാളിൽ ഉണ്ടായിരുന്ന സാധനങ്ങൾ സ്ഥാനം തെറ്റിച്ച് വെച്ചു.അതുകഴിഞ്ഞ് പൊടിയും മാറാലയും തൂത്ത് വൃത്തിയാക്കി, ട്യൂബ് ലൈറ്റ് ഊരി, ശേഷം ഭിത്തിയിൽ പൊട്ടിയ ഭാഗം കൂട്ടിച്ചേർക്കാൻ പുട്ടിന് പൊടി കുഴക്കണത് പോലെ പുട്ടി കുഴച്ചു, . തുണിയിൽ വിടവ് നികത്താൻ ആവിശ്യം സൂചിയും നൂലുമാണേ, ഭിത്തിക്ക് പുട്ടിയും, സിമന്റും ഒക്കെയാണ്. പുട്ടിയുള്ള ബക്കറ്റും പുട്ടി ബ്ലേഡുമായി വീടിന്റെ വാതിക്കയിൽ വന്നു. നേരത്തെ പെയിന്റ് അടിച്ച മുറിയിൽ ഇരിക്കുന്ന ടി.വി ഓണാക്കി റിമോട്ടിൽ 3-4-1 ഞെക്കി വി. എച് .വൺ വെച്ചു. മ്യൂസിക് ഗിവ് ആൻ അനോൺയ്‌മസ് എനർജി എന്നാണല്ലോ പറയാറ്. 

"ആര് പറഞ്ഞു?"

"ഞാൻ പറഞ്ഞു".

എന്താ ശരിയല്ലേ?

ഒറ്റക്കായതുകൊണ്ട് തന്നെ മ്യൂസികിനെ തോളത്തു കൈയിട്ടു നടക്കാൻ പറ്റിയ ഒരു സുഹൃത്താണ്. പാട്ട് കേട്ട് കൊണ്ട് ഏണി ചാരിവെച്ച് പോക്കത്ത് കയറി പുട്ടി ഇട്ടു. കഴിഞ്ഞ് താഴെ ഇറങ്ങി പുട്ടി ഇട്ട്, വീണ്ടും ഏണി മാറ്റി, വലിയ വിടവിൽ ആദ്യം പേപ്പർ കുത്തി കയറ്റി അതിനുപുറമേ പുട്ടി ഇട്ടു. 12 മണി ആയി. പുട്ടി പണി പകുതിയായി. ടി.വിയിൽ ഡെമി ലോവട്ടോടെ ബര്ത്ഡേ ആയ കൊണ്ട് വി.ച്ച്.വൺ ബര്ത്ഡേ ബമ്പ്സ് നടക്കുന്നു. 'കോൺഫിഡന്റ്' പാട്ട് വന്നപ്പോൾ ഹാപ്പി ഡെത്ത് ഡേയിൽ ജെസ്സിക്ക റോത്തെ പൂർണ നഗ്നയായി കോളേജിന്റെ മുന്നിൽ കൂടെ നടന്നു പോകുന്ന രംഗം ഓർമ്മ വന്നു. അപ്പോ ഞാനും ഒന്ന് ഉഷാറായി. ഹാളിന്റെ നടുക്കാണ് പ്രവേശനം. രണ്ട് ചതുര തൂണ് കൊണ്ട് അത് ഭാഗിച്ചിരിക്കുന്നു. ഒരു മണി ആയപ്പോഴേക്കും പുട്ടി പരുപാടി തീർന്നു. കൈ കഴുകി ഇച്ചിരി ചോറും ഇച്ചിരി ചിക്കൻ കറിയും കഴിച്ചു. 

ഉച്ച ഉറക്കം ഇല്ല. നേരെ ബാക്കി പണിക്ക് കയറി.

ഉച്ചകഴിഞ്ഞ് പുകക്കറ കളയണ സാധനം അടിക്കാമെന്ന് വിചാരിച്ചു. അതിന്റെ പേരൊന്നും അറിയില്ല. ഇങ്ങനെ തന്നെയാ കടയിൽ നിന്ന് പറഞ്ഞ് വാങ്ങിച്ചത്. നേരത്തെ അളിയനോട് ഞാൻ ഇതിനെ പറ്റി ചോദിച്ചപ്പോൾ ഒരു പേര് പറഞ്ഞായിരുന്നു. മറന്നു പോയി. എഴുതുമ്പോൾ ഈ സന്ദർഭത്തിൽ മാത്രേ വരുന്ന കൊണ്ട് പുകക്കറ കളയണ സാധനം എന്ന് പറയാം.ഈ സന്ദർഭം കഴിഞ്ഞാൽ പിന്നെ ഇത് ആവിശ്യം ഇല്ലലോ. ഇത് പുകക്കറയുള്ള സ്ഥലത്ത് അടിച്ചിട്ട് അതിന്റെ പുറമേ വേണം പെയിന്റ് അടിക്കാൻ. ഏണിയിൽ കേറി പടിഞ്ഞാറെ വശത്തുള്ള ഭിത്തിയുടെ ഏറ്റവും മുകളിൽ ഈ പറയുന്ന സാധനം അടിച്ചു. ഇത് അടിച്ചിട്ട് പുകയുടെ കറുത്ത കളർ ഒന്നൂടെ കറുത്തു വന്നു. ഇനി വാങ്ങിയ സാധനം മാറി പോയോ എന്ന് കരുതി. എല്ലാത്തിനും ഒരു ക്ഷമ വേണോല്ലോ. പടിഞ്ഞാറ്-കിഴക്ക് ഇരുന്ന ഏണി വടക്ക്-തെക്ക് ആക്കി. വടക്കേ ചെറിയ ഭിത്തിയിൽ ചെറിയ പുക കറ കളഞ്ഞുകൊണ്ട് ഇരിക്കുമ്പോൾ അത് സംഭവിച്ചു. ഏണി പുറകോട്ട് തെന്നി. എന്റെ ഇടത് കൈയിൽ ചെറിയ പെയിന്റ് ബക്കറ്റും വലത് കൈയിൽ ബ്രഷും. ഏണി ഉരഞ്ഞ് താഴെ വീണു. എന്റെ ശരീരം മൊത്തം നിലം തൊട്ടു. ഏണി തെന്നി താഴെ വീണ ശബ്ദത്തിൽ അമ്മയും ചായമ്മയും ഓടി വന്നു. ഞാൻ അവര് വരുന്നതിന് മുന്നേ ചാടി എഴുന്നേറ്റു. മുടിയിലും ഷർട്ടിന്റെ ഒരു വശത്ത് മൊത്തം ആ സാധനം. ഞാൻ പോയി അത് കഴുകി. താടിയിൽ നല്ല വേദന. തൊട്ടു നോക്കി. ചെറുതായിട്ട് ചോര. ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞ് അമ്മ കുടിയ്ക്കാൻ വെള്ളം എടുക്കാൻ പോയ സമയത്ത് ഞാൻ അവിടെ പടിയിൽ ഇരുന്നു. പെട്ടെന്ന് ഇരുട്ട് വന്നു. കണ്ണടക്കുമ്പോൾ ഉള്ള ഇരുട്ട്. അത് കണ്ണ് അടച്ചപ്പോൾ ഉള്ള ഇരുട്ടാണോ അതോ തുറന്ന് പിടിച്ചപ്പോൾ ഉള്ള ഇരുട്ടാണോ എന്ന് പറയാൻ പറ്റുന്നില്ല. അച്ഛൻ വിളിക്കുന്നു, അമ്മ വിളിക്കുന്നു, ചായാമ്മ വിളിക്കുന്നു, അപ്പുറത്തെ വീട്ടിലെ അമ്മ വിളിക്കുന്നു, വേറെ ആരെല്ലാമോ വിളിക്കുന്നു. പ്രതികരികാൻ പറ്റുന്നില്ല. ശബ്ദം പ്രതിമയായി പോകുന്ന അവസ്ഥ.(ബോധം പോയി, അത് തന്നെ) പതിയെ കണ്ണ് തുറന്നു. ചുറ്റിനും ആൾ. എല്ലാവരുടെയും മുഖത്ത് ഭയഭാവം. ഇട്ടിരുന്ന ഷർട്ട്‌ മാറി വേറെ ഷർട്ടിട്ടു. കൂടെ നിക്കറും, ഇട്ടിരുന്ന നിക്കറിന്റെ പുറമേ.വീട്ടിൽ മാത്രം ഷർട്ടിടാണ്ട് അർദ്ധ നഗ്നനായിട്ട് ഛോട്ടാ ഭീംനെ പോലെ ഒറ്റ മുണ്ട് മാത്രം ഉടുത്ത് നടക്കുന്ന അച്ഛനും ഷർട്ടിട്ടു. വീട്ടിൽ നിൽക്കുമ്പോൾ അച്ഛനും അച്ചാച്ചിയും ചേട്ടനും അരയ്ക്ക് പൊക്കത്തോട്ട് ഒന്നും ഇടാറില്ല. ഇനി അവർ അവിടെ എന്തേലും ധരിച്ചാലോ, അവർ എവിടേലും പോകുകയാണെന്നാണ് അർത്ഥം. ഓട്ടോ കാത്ത് കുറച്ച് നേരം റോഡിൽ കസേര ഇട്ട് ഇരുന്നു. ഓട്ടോ വന്നു. ഞാനും അച്ഛനും അമ്മയും അപ്പുറത്തെ വീട്ടിലെ ഒരു വെല്യച്ഛനും കൂടെ ആ ഓട്ടോയിൽ കയറി. ഞാൻ അമ്മയുടെ മടയിൽ തല വെച്ച് കണ്ണടച്ച് കിടന്നു. പെട്ടെന്ന് തന്നെ കണ്ണുതുറന്നു. കണ്ണടച്ച് കിടന്നിട്ട് അവരെ എന്തിനാ പേടിപ്പിക്കണേ എന്നോർത്തു. ചുമ്മാ ഉറങ്ങി കിടക്കുന്നവരെ കണ്ടാൽ അവര് ശ്വാസം വിടുന്നുണ്ടോ എന്ന് നോക്കി നിൽക്കാറുണ്ട് ഞാൻ. ഇനി അവര് ശ്വാസം എടുക്കാൻ കുറച്ച് വൈകിയാൽ നെഞ്ചിൽ ഒരു ഓട്ടം ആണ്. അതുപോലെ തന്നെ കൂടെ വന്ന വെല്യച്ഛൻ എന്നെ അങ്ങനെ നോക്കുണ്ടായിരുന്നു. സ്വാഭാവികം. 

തലയ്ക്ക് ഒക്കെ എന്തോ പോലെ. 

ആശുപത്രിയിൽ എത്തി. വീൽ ചെയർ കൊണ്ട് വന്ന് എന്നെ അതിലിരുത്തി അത്യാഹിത റൂമിലോട്ട് കൊണ്ട് പോയി. ഡോക്ടറോട് കഥാ സന്ദർഭം പറഞ്ഞു. എന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചു. കൈ കറക്കിച്ചു. ഭാഗ്യം ഒടിവൊന്നുമില്ല. വലത് കൈമുട്ടിനും ഇടത് കൈപ്പത്തിക്കും കാലിലും ചെറിയ രീതിയിൽ വേദന ഉണ്ടായിരുന്നു. ചൂട് പിടിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. സ്റ്റിച് ഇടേണ്ടി വരുമെന്ന് പറഞ്ഞു. സ്റ്റിച് ഇടണ സ്ഥലത്തോട്ട് എന്നെ കൊണ്ട് പോയി.ഒരു ലേഡി ഡോക്ടറും ഒരു ലേഡി നഴ്സും. രണ്ടോ മൂന്നോ സ്റ്റിച് വേണ്ടി വരുമെന്ന് പറയുന്നത് കേട്ടു. പൊതുവെ മിണ്ടാതെ ഇരിക്കുന്ന ഞാൻ, വീഴ്ചയിൽ ഒന്നൂടെ മിണ്ടാതെയായി. മുറിവ് എന്തോ ഇട്ട് തുടച്ചു. ഇതിന്റെ ഇടയിൽ ഡോക്ടർ എന്നോട് എങ്ങനെ; ചാടിയതാണോ എന്ന്. ഞാൻ അപ്പോ ചാടാനോ, എന്ത് ചാട്ടം എന്ന് പറഞ്ഞു.ചാടാൻ ആയിരുന്നെ വെല്ല പത്തുനില കെട്ടിടത്തിൽ നിന്നോ, അല്ലെ വെല്ല വെളളത്തിലോട്ടോ ചാടിയിൽ പോരെ. അതാകുമ്പോൾ എനിക്ക് നീന്തലും അറിയില്ല. എന്ന് അവരോട് പറഞ്ഞില്ല. ഞാൻ സ്വയം പറഞ്ഞു. അവര് ഒന്ന് കോലിട്ട് ഇളക്കിയതായിരുക്കും. എനിക്ക് അത് ഇഷ്ട്ടപെട്ടില്ല. മരവിപ്പിക്കാൻ ഉള്ള ഇൻജെക്ഷൻ എടുത്തു. എന്നിട്ട് തുന്നാൻ തുടങ്ങി. ഭിത്തിയിൽ വിള്ളൽ കൂട്ടിച്ചേർത്ത എന്നെ അവര് കൂട്ടിച്ചേർത്തു. സൂചിയും നൂലും തുണി മാത്രമല്ല ശരീരവും കൂട്ടിച്ചേർക്കും. മൂന്ന് സ്റ്റിച്. അതിന്റെ മേലെ മരുന്ന്, അതിന്റെ മേലെ ബാൻഡ് എയ്ഡ്, നല്ല പശ ഉള്ള ബാൻഡ് എയ്ഡ്. തുന്നികഴിഞ്ഞ് എന്റെ കൈയിൽ ഒരു ഓയിന്മെന്റ് തന്നു. ഇനി വരുമ്പോൾ കൊണ്ട് വരണമെന്ന് പറഞ്ഞു.വീണ്ടും ഡോക്ടരുടെ അടുക്കൽ ആദ്യം വന്ന സ്ഥലത്തു വന്നു. ഞാൻ സൈലന്റ് ആയിരുന്നു. അവർക്ക് എന്തോ പന്തികേട് തോന്നി അച്ഛനോട്‌ തിരക്കി ഞാൻ എപ്പോഴും ഇങ്ങനെ ആണോ എന്ന്. അച്ഛൻ, ഞാൻ അങ്ങനെ അന്നെന്ന് ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ ആ കറങ്ങുന്ന സ്റ്റൂൾ പോലെ ഉള്ള ഇരിപ്പിടത്തിൽ ഒന്ന് അർദ്ധ വട്ടത്തിൽ കറങ്ങി. പൂർണ വട്ടം വേണ്ട എന്നു വെച്ചു. അപ്പൊ വേറെ ആരോ വന്നു. രോഗി ആണ്. ഞാൻ കതക് തുറന്ന് പുറത്തോട്ട് ഇറങ്ങി. അവിടെ കൂടെ വന്നവരും വീടിന്റെ അടുത്തുള്ള വേറെ കുറച്ച് പേരും വിവരം അറിഞ്ഞ് വന്നിരുന്നു. അതൊരു സ്വകാര്യ ആശുപത്രി ആയിരുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ ആണ് ആദ്യം പോയതെങ്കിൽ അവര് ഇരുപത്തിയേഴ്‌ കിലോമീറ്റർ അപ്പുറത്ത് കിടക്കുന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പറഞ്ഞവിട്ടാനെ! ബില്ല് ക്ലോസ് ചെയ്യാൻ അച്ഛൻ അങ്ങോട്ട്‌ മാറി. അവിടെ അടുത്ത വീട്ടിൽ ഉള്ള ചേട്ടൻ, അച്ഛന്റെ അനിയൻ സുഹൃത്ത്,ഏണിയുടെ ഉടമസ്ഥൻ. എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഇങ്ങനെ പറഞ്ഞു; പറ്റാവുന്ന പണിക്ക് പോയ പോരെ മോനെ എന്ന്. അത് കഴിഞ്ഞ് അത് നേരിട്ടും പറഞ്ഞു. തമാശ രൂപേണ. എനിക്ക് ബഹുമാനം ഉള്ള വേറൊരു കഥാപാത്രം. ഞാൻ അവിടെ ഇരുന്നു. 360° മൂങ്ങ കറങ്ങും പോലെ അവിടെ ഒന്നു കറങ്ങി. ഞാറാഴ്ചയായ കൊണ്ട് ആശുപത്രിയിൽ തിരക്കി കുറവായിരുന്നു. അച്ഛൻ വന്നു. കൈയിൽ കുറച്ച് ഗുളികയും ഉണ്ടായിരുന്നു. ആശുപത്രിയുടെ വെളിയിൽ ഇറങ്ങി. കൊണ്ടുവന്ന് വിട്ട ഓട്ടോ പോയിരുന്നു. അടുത്ത് തന്നെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നു. കൈകൊട്ടി അവരെ മാടി വിളിച്ചു. അതിൽ ഒരു പ്രാവ് പറന്നു വന്ന് വീട്ടിൽ പെട്ടെന്ന് എത്തിച്ചു.

എത്തിയപാടെ കേറി കിടന്നു, മുകളിലോട്ടും നോക്കി. തലയ്ക്ക് വേദന. ഉറങ്ങാൻ പറ്റുന്നില്ല. ഫാൻ ഇട്ടു. ഫാൻന്റെ കട..കട ശബ്ദം. ഫാനിന്റെ ശബ്ദം കേട്ടേലും ഉറങ്ങാല്ലോ എന്നു കരുതി. ഇത്രയും മാത്രേ പറ്റിയുള്ളൂ എന്നോർത്തു മുകളിൽ ഇരിക്കുന്നവനോട് നന്ദി പറഞ്ഞു. എന്തൊക്കെയോ ആലോചിച്ചു. വീണത് ഒന്നൂടെ ആലോചിച്ചു. അപ്പോൾ മനസ്സിന് നല്ല മരവിപ്പ്. ശേഷം ചിന്തിച്ചത്, ഇനിയിപ്പോ വീണത്തിന്റെ അഘാധത്തിൽ എന്തേലും ശക്തി കിട്ടുവോന്നാണ്. മനസ്സിലെ ഞാനോട്, ഞാൻ പറഞ്ഞു; നീ സ്വപ്നം ലോകം വിട്ട് പുറത്ത് വാടാ എന്ന്. സ്വപ്ന ലോകത്തിലെ പറവകൾക്ക് ചിറക് മാത്രമല്ല കൈയും കാലും ഉണ്ട്. പുക കറ കളയുന്ന സാധനത്തിന്റെ മണം മൂക്കിൽ നിന്ന് പോകുന്നില്ല. (നേരത്തെ പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നു. പുക കറ കളയണ സാധനം ഇവിടെ മാറ്റി നിർത്താൻ പറ്റാത്ത ഒരു കഥാപാത്രമായി മാറുകയാണ്) ഏതേലും ഒരു മണം മൂക്കിൽ നന്നായിട്ട് ഒന്നുടക്കിയാൽ പിന്നെ അത് മരിക്കുവാൻ കുറച്ച് ദിവസമെടുക്കും. പുളി ജാംമിന്റെ മണം സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉടക്കിയതാ. പിന്നെ കട്ടൻചായയിൽ വരെ പുളിജാംമിന്റെ മണം. പിന്നെ ഒരു എലി ചത്തു ചീഞ്ഞ മണം. അത് അത് ഓർക്കാനും ആഗ്രഹിക്കുന്നില്ല പറയാനും ആഗ്രഹിക്കുന്നില്ല. ഇതൊക്കെ ഓർത്ത് ഉറക്കത്തിലോട്ട് പതിയെ തെന്നി വീണു. ആ സമയത്ത് ആരല്ലാമോ വന്നിട്ട് വിവരം തിരക്കിയിട്ടു പോയി.

വീണ്ടു എന്തൊക്കെയോ സംഘർഷങ്ങൾ....

കണ്ണ് തുറന്നു. കാലിലും കാലിന്റെ അടിയിലും പുക കറ കളയുന്ന ആ സാധനം. പശ പോലെ ഒട്ടി അവിടേം അവിടേം ഇരിക്കുന്നു. കാലിന്റെ അടി കല്ലിൽ ഉരച്ച് ഭൂരിഭാഗവും അത് കളഞ്ഞു. മേല് തുടച്ചു, ഇട്ടിരുന്ന ഉടുപ്പ് മാറി, ചായ കുടിക്കാൻ ഒരുങ്ങി. കഴിക്കാൻ രാവിലെ വാങ്ങിച്ച ബ്രഡും ചിക്കനും ഉണ്ടായിരുന്നു. ഒരു ഇച്ചിരി മുറിച്ചു വായിൽ വെച്ചു. ചവക്കുവാൻ പറ്റുന്നില്ല.വേദനയുണ്ട്. സാഹസം കാണിക്കാതെ അത് തിരിച്ചു അടുക്കളയിൽ കൊണ്ടുവെച്ച് ചായ മാത്രം കുടിച്ചു. വിശപ്പും ഇല്ലായിരുന്നു. ആ സമയം അച്ഛന്റെ ഒരു സുഹൃത്ത് വന്നു. വിവരം അറിഞ്ഞ് വന്നതായിരുന്നു. ഏണിയിലൊക്കെ കേറാനുള്ള പ്രായമായോ എന്ന് എന്നോട് ഒരു അടഞ്ഞ ശബ്ദത്തിൽ പതുക്കെ ചോദിച്ചു. അവരുടെ കണ്ണുകളിൽ ഞാൻ ഇപ്പോഴും ഒരു കൊച്ചു കുട്ടിയായിരുന്നു. ആന മെലിഞ്ഞാലും ആന തന്നെ.

ഞാൻ അതുകഴിഞ്ഞ് വീണ സ്ഥലം നോക്കി. ഏണി തെന്നി ഉരഞ്ഞ പാടുണ്ട്. തറയിൽ പുക കറ കളയുന്ന സാധനം പശ പോലെ ഒട്ടിപിടിച്ചിരിക്കുന്നു.അത് ഭിത്തിയിലും കാണുന്നുണ്ട്. ഏഴ്മണി ആകാറായി. അവള് വന്നു. വന്നപാടെ വേദന ഉള്ള സ്ഥലത്തൊക്കെ തിരുമിച്ചു. ആ സമയത്ത് താടി ഉള്ള കൂട്ടുകാരൻ വിളിച്ചു.പതിവ് വിളിയാണ്. ശബ്ദത്തിന് വ്യത്യാസം വന്ന കാരണം, അതിന്റെ കാരണം തിരക്കി. പനിയാണോ എന്ന് ചോദിച്ചു. കാര്യങ്ങൾ ഒക്കെ പറഞ്ഞ് അടുത്ത ദിവസം വരാമെന്ന് പറഞ്ഞു കൂട്ടുകാരൻ ഫോൺ കട്ട്‌ ആക്കി. അത് കഴിഞ്ഞ് ചേട്ടൻ വിളിച്ചു. ആന്റിയുടെ മകൻ. ഇടയ്ക്ക് വിളിക്കും. അന്നു വിളി വന്നു. സംസാര വണ്ടി കുറച്ച് അങ്ങ് നീങ്ങിയപ്പോൾ നടുക്കത്തെ ബോഗിയായപ്പോൾ ഉന്മേഷ കുറവ് കാരണം ചേട്ടനും തിരക്കി. അവിടെയും കാരണങ്ങൾ വിശദമാക്കി. ഇനി അങ്ങനെ പതിവ് വിളിക്കാൻ അവശേഷിക്കുന്നത് താടി ഇല്ലാത്ത എന്നാൽ കീഴ് താടി പോലെ രണ്ട്-മൂന്നു സ്പ്രിംഗ് രോമം ഉള്ള കൂട്ടുകാരനാണ്. 

കഞ്ഞി കുടിച്ചിട്ട് നേരത്തെ കിടക്കാമെന്ന് വെച്ചു. കഞ്ഞി കുടിച്ച്, ഗുളിക കഴിച്ച്, വേദനയുള്ള ഭാഗത്ത് ചൂട് പിടിച്ച് ഉറങ്ങാൻ കിടന്നു. കിടന്ന ഉടനെ കണ്ണടഞ്ഞു. സ്വപ്നങ്ങൾ ഇല്ല, തിരിഞ്ഞ് മറിച്ചിൽ ഇല്ല. ആത്മാവും ശരീരവും ഒരേ പോലെ വിശ്രമിച്ചു.





Rate this content
Log in

Similar malayalam story from Abstract