ഒരുവകവണ്ടും ഞണ്ടും
ഒരുവകവണ്ടും ഞണ്ടും
ബഹുമാനപ്പെട്ട വട്ടത്തിൽ ഇൻസ്‌പെക്ടർ,
22.1.2023 ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്ന വഴി സ്ഥിരമായി (ഏകദേശം 1 വർഷം ) സൈക്കിൾ വെക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ 8 മണിയോട് അടുത്ത് സൈക്കിൾ വെച്ചിരുന്നു. ഉച്ചയോടുകൂടി തിരിച്ച് എടുക്കാൻ വന്നപ്പോൾ സൈക്കിൾ കാണ്മാനില്ല. ബി.എസ്.എ റോസ് കളർ ലേഡിബേർഡ് സൈക്കിൾ ആണ് മോഷണം പോയത്. വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന് പരാതിക്കാരൻ
ഒരു മനുഷ്യൻ
ഒപ്പ്
രാവിലെ എഴുന്നേറ്റത് വൈകിപ്പോയി. സൂര്യന്റെ ഇളംചൂടും കിളികളുടെ കളകളാരവും പ്രകൃതിയുടെ ശബ്ദവും കേട്ടല്ല ഞാൻ ഉണർന്നത് അത് അമ്മാമ്മ വന്ന് ഫാൻ ഓഫ് ചെയ്ത് തട്ടി വിളിച്ചപ്പോഴായിരുന്നു.കൈപ്പുഴമുട്ട് നിന്ന് വൈക്കം തൃപ്പൂണിത്തറ മരട് വഴി നേരെ ഇടക്കൊച്ചിൽ നിർത്തുന്ന ദേവികൃഷ്ണ-ബസ് പോയി കാണുമെന്ന് വിചാരിച്ചു. എഴുന്നേറ്റ ഉടനെ മാമനെയും ആന്റിയെയും കൊച്ചിനെയും കടവ് വരെ ആക്കി വഞ്ചി ഓടിച്ചു തിരിച്ചു പോന്നു. പെട്ടെന്ന് അല്ലേലും പതിയെ കുളിച്ചു റെഡിയായി കഞ്ഞികുടിച്ചു. ബസ് മിസ്സായ കാര്യം പറഞ്ഞു അമ്മാമ്മയുമായി വഴക്കായി യാത്ര പറയാതെ അവിടുന്ന് ഇറങ്ങി. സാധാരണ വഞ്ചി അടിപ്പിക്കുന്ന സ്ഥലത്തായിരുന്നു (ടോങ്ങ ഉം, സാമോഅ ഉം... എന്ന മുന്നേ ഉള്ള കഥയിലെ, കഥ നിർത്തിയ സ്ഥലം) വഞ്ചി കെട്ടിയത്. വെള്ളമിറക്കമായ കാരണം കിഴക്ക് മാറി തടി പാലത്തിന് കുറച്ച് പടിഞ്ഞാറു മാറിയാണ് അവരെ കൊണ്ടാക്കികഴിഞ്ഞ് വഞ്ചി കെട്ടിയിട്ടത്. കയറിന്റെ കെട്ടഴിക്കാതെ വഞ്ചിയിൽ കയറി. പുറകേ അമ്മാമ്മ വണ്ടി കാശുമായി ദൃതിയിൽ നടന്ന് വന്നു. അവിടുന്ന് പോരുമ്പോൾ ഒരു രൂപ എങ്കിൽ ഒരു രൂപ അത് തന്നില്ലേൽ അമ്മാമ്മയ്ക്ക് വ്യസനമാണ്. കണ്ടലിൽ കെട്ടിയ വഞ്ചിയുടെ കെട്ടഴിച്ചു. ചെറിയൊരു കണ്ടൽ. കുറേ നാൾ കഴിയുമ്പോൾ അവനും ഉറങ്ങി കിടക്കുന്ന കുംഭനെ പോലെ ഒരു ഭീമൻ കണ്ടലാകും. കണ്ടൽ സമർഥമായ വളന്തക്കാട് 'ഓക്സിജൻ പാർലർ ഓഫ് കൊച്ചി' എന്ന് അറിയപ്പെടുന്നെങ്കിലും അറിയപ്പെടുന്നില്ലായിരുന്നു. സൂര്യൻ കണ്ടലുകളുടെ ഇടയിൽ നിന്ന് എത്തി നോക്കുന്ന സമയത്ത് ഒരു ദിവസം അവിടെ നിന്ന് ഞാൻ ശ്വസിച്ചു. അങ്ങനെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നു. ഓർമയിൽ നിന്ന് പൊടി തട്ടി എടുത്താൽ പോലും അങ്ങനെ ഒരു അനുഭവം ഉണ്ടാകുമായിരുന്നില്ല. 916 കാരറ്റ് ശുദ്ധ വായു. ഉരച്ച് നോക്കിയിരുന്നേ അങ്ങനെ കണ്ടാനെ. ശ്വാസമെടുത്ത ഇരു ദ്വാരത്തിലൂടെയല്ല ശ്വാസം വിട്ടപ്പോൾ പോയത്, ശരീരത്തിലെ എല്ലാ ദ്വാരത്തിലൂടെയും, വായു തലയിൽ ബലൂൺ പോലെ വീർത്തു പൊട്ടാറായപ്പോൾ തലയിലെ ഒരു നട്ടഴിഞ്ഞു അതിലൂടെയും പോയി.
പങ്കായമെടുത്ത് വഞ്ചി തിരിച്ചപ്പോൾ കാർമേഘങ്ങൾ ഇല്ലാത്ത ആകാശത്ത് നിന്ന് ഈരണ്ട് മധുര തുള്ളികൾ കണ്ണിൽ വീണ്, കണ്ണിൽ നിന്ന് താഴെ ഭൂമിയിലെ ഉപ്പില്ലാത്ത വെള്ളത്തിൽ രണ്ട് ഉപ്പ് തുള്ളികൾ ആ പ്രതലത്തിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ കലർന്നു. വഞ്ചിയിലെ എഞ്ചിൻ വലിച്ചു. സ്റ്റാർട്ടായില്ല. അക്‌സെലിറേഷൻ ആമയുടെ അടുത്ത് നിന്ന് മുയലിന്റെ ചിഹ്നത്തോട് അടുപ്പിച്ചു ഒന്നൂടെ സ്റ്റാർട്ടാക്കി. സ്റ്റാർട്ടായി. പക്ക വെള്ളത്തിൽ ഇട്ട് കറക്കി വഞ്ചി മുന്നോട്ട് കുതിപ്പിച്ചു. വേഗത ആമയുടെയും മുയലിന്റെയും നടുക്കിട്ട്, വെള്ളത്തിൽ പാത്ത താറാവിന്റെ വെള്ള തൂവൽ വീണ മാതിരി കാറ്റിൽ വഞ്ചി ഒഴുകി. കേക്ക് മുറിക്കുന്ന പോലെ വഞ്ചി കത്തിയാക്കി ആ രണ്ട് ചതുര കണ്ടവും നേർ പകുതിക്ക് മുറിച്ചു പുഴയിലേക്ക് കടന്നു. വെള്ളമിറക്കമായ കാരണം നേർ രേഖയിൽ മാത്രേ വെള്ളമുണ്ടായിരുന്നുള്ളു. പുഴയിൽ കേറിയാൽ പ്രധാന കാഴ്ച അഞ്ചിൽ രണ്ട് ഭാഗം പൂർത്തിയായ വളന്തക്കാട്-മരട് പാലമാണ്. പാലം ഇവിടെ 'പാ' മാത്രം. 2023 ജനുവരി 3-ന് കൊണ്ടുവച്ച പാലത്തിന്റെ രണ്ട് കഷ്ണം, വളന്തക്കാട് നിവാസികൾക്കും അയൽനിവാസികൾക്കും വളന്തക്കാട് സന്ദർശിക്കാൻ വരുന്നവർക്കും വളന്തക്കാട് ആശുപത്രിയിൽ വരുന്ന അധികൃതർക്കും വഞ്ചിയിൽ കേറാൻ പേടിയുള്ള മനുഷ്യർക്കും വയോജനങ്ങൾക്കും കൊടുക്കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.
"ഹ..ഹ..ഹാ..."
"ആരാ അത്?" ഞാൻ ചുറ്റിനും നോക്കി. ഞാനും വള്ളവും വെള്ളവും മാത്രം.
"ഞാനാ, നിന്റെ ഉള്ളിന്റെ ഉള്ളിൽ കുറേ വർഷങ്ങൾക്ക് മുന്നേ നീ തന്നെ കുഴിച്ചു മൂടിയ മറ്റൊരു ഞാൻ."
"നീ എങ്ങനെ കുഴി തോണ്ടി വന്നു ശവമേ?"
"അതൊക്കെ ഒരു വെല്യ കഥയാ. നീ ഇപ്പോ ഈ കഥ എഴുത്"
"ശല്യം. അപ്പോ കുറേ നാൾ കാണുവല്ലേ നീ ഇവിടെ?"
"തീർച്ചയായും!".
"കുറച്ച് മുന്നേ ഘോരം ഘോരം അട്ടഹസിക്കുന്നണ്ടായിരുന്നല്ലോ. എന്താ കാര്യം?"
"നീ മുന്നേ പറഞ്ഞ പാലത്തിന്റെ കാര്യം കേട്ട് ചിരിച്ചതാണ്. പ്രതീക്ഷ ഒരു ചില്ല് കുപ്പിയിൽ വെച്ച് അടച്ചു വെച്ചേക്ക്. ഇല്ലേൽ അത് പൂപ്പൽ കേറി നശിച്ചു പോകും"
"പ്രതീക്ഷയ്ക്ക് കാലാവധി ഉണ്ടോ മറ്റൊരു ഞാനേ?"
"ഉണ്ട്. അത് നടക്കുന്നത് വരെ"
മാമനെയൊക്കെ അക്കരെ ആകാൻ പോയ സമയത്ത് കാണിച്ചു തന്ന സ്ഥലത്ത് തന്നെ വഞ്ചികെട്ടിയിട്ടു. വെള്ളത്തിൽ നിന്ന് കയറി വെള്ളത്തിപാറ്റ കാണാതെ കരയ്ക്ക് ഓടികയറി. ആകെ ഒരു മൂടൽ. വിണ്ണിനും ഉള്ളിലും. സൂര്യന് ഡ്യൂട്ടി സമയം കുറവായിരിക്കും. അല്ലെങ്കിൽ രാവിലെ വന്ന് ചെറുതായൊന്ന് തല കാണിച്ചിട്ട് പോകില്ലല്ലോ. കാൽ എടുത്ത് മുന്നോട്ട് വെച്ചു. റോഡും പായും കടവും വള്ളവും തലയ്ക്ക് പിറകിൽ അപ്രതീക്ഷമായി. പാമ്പ് വളഞ്ഞ് പുളഞ്ഞു കിടക്കണ പോലെ ഒരു വളവ് കഴിഞ്ഞ് ചെല്ലുമ്പോൾ ദേ കിടക്കുന്നു ഓർമ്മയുടെ ഒരു നെല്ലിപലക. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ബൈക്കിൽ നിന്ന് വീഴാൻ കാരണമായ ഒരു ചെറിയ കുഴി. കുറേ വർഷങ്ങൾ ആയി വലുതായി കൊണ്ട് ഇരിക്കുന്ന ഒരു കുഴി. കഴിക്കാൻ ഒന്നും കൊടുത്തില്ലേലും ചുമ്മാ കിടന്ന് അങ്ങനെ വളരുകയോ? നല്ല കഥ! പട്ടിണിയിൽ വളരുന്ന ഒരു പാവം കുഴി. ബൈക്കിൽ ഞാൻ മാത്രം ഉണ്ടായിരുന്നത് കൊണ്ടും എനിക്കും ബൈക്കിനുമെ പറ്റുമെങ്കിൽ എന്തേലും പറ്റുകയുള്ളൂ. ബൈക്കിന്റെ ശരീരത്തിൽ ഒരു പോറൽ. ചോര വരില്ലാത്തത് കൊണ്ട് കുഴപ്പമില്ല. പക്ഷേ അതുപോലെയല്ല, എന്റേൽ നിന്ന് ചോരയും വന്നു ഇട്ടിരുന്ന ഷർട്ട് ചെറുതായൊന്നു കീറുകയും ചെയ്തു. അത് പിന്നെ കൈ മടക്കി വെക്കുമ്പോൾ അറിയില്ല. വാർഷികം ആകാറായിട്ടും ഷർട്ടിലെ കുഴി റോഡിലെ കുഴിപ്പോലെ ഇപ്പോഴും വീണതിന്റെ രക്തസാക്ഷി കണക്കെ നിൽക്കുന്നു. ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് കുഴിയോട് പറഞ്ഞു കൊണ്ട് നൈജു മാമൻ അവിടെ ഉണ്ടാകണമേ എന്ന് പ്രതീക്ഷിച്ച് നടന്നു. "നൈജു". അപ്പോഴാണ് ആ കാര്യം ഓർത്തത്. പ്രാസത്തിൽ തുടങ്ങി അനുപ്രാസത്തിൽ അവസാനിക്കുന്ന പേരുകൾ കൊണ്ട് സമ്പന്നമായിരുന്നു അവരുടെ ശിഖരങ്ങൾ.
മൂത്ത ജേഷ്ഠൻ നാരായണൻ
തൊട്ട് താഴെ പടിയിൽ കുഞ്ഞപ്പൻ
മൂത്ത ജ്യേഷ്ഠൻ മകൻ ബിജു
നാരായണൻ പെങ്ങൾ മകൻ നൈജു
നൈജുവിൻ വെല്യച്ഛൻ മകൻ റെജി
മൂത്ത ചേച്ചിയുടെ മകൻ സജി
റെജിയുടെ പെങ്ങൾ ഷൈനി
അവരുടെ മൂത്ത കൊമ്പ് മിനി
സജിയുടെയും മിനിയുടെ പെങ്ങൾ സിനി
സിനിയുടെ മകൾ അശ്വിനി
മൂത്ത ചേച്ചി വിലാസിനി.
പേര് കവിത ആക്കി അത് കവിത അന്നെന്ന് അറിയാൻ പാടില്ലാത്ത കവികളും കവിയത്രികളും ഉള്ളിൽ എവിടെയോ മരിച്ചു കിടക്കുന്ന ഒരു കവിത കുടുംബം.
"എടാ അത് അത്രോം അംഗ ബലം ഉള്ളത്കൊണ്ടായിരിക്കും പേരിന് പ്രാസത്തിൽ ഒരു യഥാർച്ഛികത." അത് പറഞ്ഞത് മറ്റൊരു ഞാൻ.
"എന്നിട്ട് ഈ യഥാർച്ഛികത ഇതിലും അംഗ ബലം ഉള്ള അച്ഛന്റെ കുടുംബത്തിൽ കണ്ടിട്ടില്ലലോ?."
എഴുതിയ വരി മറന്ന് മറ്റൊരു ഞാൻ പിന്നെ ഒന്നും എഴുതിയില്ല.അവൻ ഇനിയും വരും .
പ്രാസത്തിൽ അവസാനിച്ചു എന്ന് കരുതിയിട്ടാകണം മാമൻ, സജി തിരുത്തി പിന്നീട് സജീവ് എന്നാക്കിയത്.
അവിടെ എത്തിയപ്പോൾ മാമൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. കുണ്ടന്നൂർ വരെ ആക്കണമെന്നും ഇടക്കൊച്ചിയിൽ പോയി അവിടെ ഇരിക്കുന്ന സൈക്കിൾ എടുത്ത് വൈക്കത്തേക്ക് കൊണ്ടുപോകുവാണെന്നും പറഞ്ഞു. അർദ്ധ നഗ്നനായി നിന്ന മാമൻ പെട്ടെന്ന് തന്നെ ഉടുപ്പ് ഇട്ട് വണ്ടിയെടുത്തു. ചിറ്റാമ്മാമ്മയോടും ആന്റിയോടും യാത്ര പറഞ്ഞ് ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച് വണ്ടിയുടെ പുറകിൽ കയറി. കുറേ ദൂരം സൈക്കിളിൽ പോകാനുള്ളതു കാരണം സൈക്ലിങ്ന് വേണ്ടി അവിടെ ഉണ്ടായിരുന്ന ഗ്ലൗസ് നോക്കിയിട്ട് കണ്ടില്ലെന്നു മാമൻ പറഞ്ഞു. മാമൻ ശേഷം പറഞ്ഞത് മാമന്റെ നിറം മങ്ങിയ ഒരനുഭവമായിരുന്നു.80-90 കാലഘട്ടത്തിലെ ഒരു ഹർത്താൽ ദിനത്തിൽ മരടിൽ നിന്ന് ഇടക്കൊച്ചി വരെ ഒരു കൂട്ടുകാരനുമായി സൈക്കിൾ ചവിട്ടി ക്രിക്കറ്റ് ടൂർണമെന്റ് കാണാൻ പോയതും, ഇടക്കൊച്ചി പാലത്തിൽ വെച്ച് ഒരു കൊമ്പൻ മീശക്കാരൻ കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചു നിർത്തിയതും, വെറുതെ നിന്ന മൂന്നാമനായ സൈക്കിളിന്റെ കാറ്റുരി വിട്ട് പോലീസുകാരുടെ തനികൊണം കാണിച്ചതും, കഴപ്പ് തീരാഞ്ഞിട്ട് സൈക്കിളിന്റെ വാൾട്യൂബ് എടുത്ത് പാലത്തിന്റെ താഴെ വെള്ളത്തിൽ ഇട്ടതും, കുറേ അലഞ്ഞു തിരിഞ്ഞ് അവസാനം സൈക്കിൾ ശരിയാക്കി ടൂർണമെന്റ് കാണാതെ വീട്ടിൽ തിരിച്ചെത്തിയത് ഇല്ലിക്കാടിന്റെ ഇല്ലി മാറ്റി മുന്നോട്ട് പോയി ഓർമ്മയെ ചികഞ്ഞെടുത്ത് മാമൻ പറഞ്ഞു.
"ഇതേപോലെ അല്ലാലോ മാമൻ അപ്പോൾ പറഞ്ഞത്" മറ്റൊരു ഞാൻ.
"സംഭവം ഇത് തന്നെ. വരി എന്റെത്"
സൈക്കിളിന്റെ ഒരു കാര്യം അപ്പോൾ ഓർത്തിലേലും ഇപ്പോൾ എഴുതുമ്പോ ഓർത്തു. ഒരു ദിവസം കക്ക വാട്ടുന്നതിനു വേണ്ടിയിട്ടുള്ള ചൂട്ടെടുക്കാൻ ഗ്രിഗോറിയൻ സ്കൂളിന്റെ പരിസരത്ത് പോയപ്പോൾ ഇതേ മാമൻ തന്നെ വേറൊരു കാര്യം പറഞ്ഞു. ഈ പറക്കും തളിക സിനിമ ഷൂട്ടിംഗ് ഈ പറഞ്ഞ സ്കൂളിന്റെ അടുത്തുള്ള റോഡിൽ നടക്കുന്ന സമയത്ത്, സുന്ദരൻ കഥാപാത്രമായ ഹരിശ്രീ അശോകൻ ചാണാക്കുഴിയിൽ വീണിട്ട്, ഒരു സൈക്കിള്കാരൻ ബസ്സിന്റെ അടുത്തു കൊണ്ടുവന്നാക്കുന്ന ഒരു രംഗമുണ്ട്. അതിലെ സെലിബ്രിറ്റി ആയ സൈക്കിളിന്റെ വാൾട്യൂബ് ആണ് നിക്കറിൽ നിന്ന് പാന്റിലേക്ക് കയറിയ ആ കോപ്പ് (COP) എടുത്ത് വെള്ളത്തിൽ ഇട്ടത്.
"ഓ... വാൾട്യൂബ് വീണിടം വിഷ്ണുലോകം എന്ന് എഴുതാൻ വരുവായിരിക്കുവല്ലേ."
"അല്ല. വാൾ ട്യൂബ് വീണിടം കൊല്ലം-കോട്ടപ്പുറം ദേശിയ ജലപാത."
കുണ്ടന്നൂർ എത്തി.അവിടെ ബസ്സ് കിടപ്പുണ്ടായിരുന്നു. പതിവ് പോലെ ആയിരുന്നേ ഞാൻ ഹെൽമെറ്റും വെച്ചോണ്ട് ബസ്സ് കയറാൻ ഓടിയാനേ. ആ റൂട്ടിൽ അടിക്കടിക്ക് ബസ്സുള്ള കാരണമായിരിക്കണം ദൃതി വെക്കാതെ ഹെൽമെറ്റ് ഒക്കെ ഊരി മാമ്മനോട് യാത്രപറഞ്ഞ്, എത്തുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു ബസ് ലക്ഷ്യമാക്കി ഓടിയത്. ബസ്സ് കേറുന്നതിന്റെ കിഴക്ക് മാറി മൂലയിൽ നിന്ന് തൊട്ടുമാറി ഒരു മരം നിൽപ്പുണ്ട്. എന്ത് മരമാണെന്ന് അറിയില്ല. KSTRC ബസ്സ് പോലെ ഞാൻ കാണുമ്പോൾ എല്ലാം പൊടിയിൽ കുളിച്ചാണ് നിൽപ്പ്. പച്ച ഇലക്ക് പകരം ജനിക്കുന്നത് മൊത്തം പൊടി ഇല! മഴയത്തു കുളിക്കുകയല്ലാതെ തേച്ചു കുളിപ്പിക്കാൻ ആരും ഇല്ല, ഉണ്ടേ തന്നെ മണൽക്കാറ്റ് ഞൊടിയിടയിൽ വീശിയാനേ. അരൂരേക്ക് ടിക്കറ്റെടുത്തു. ഒരു രൂപ ഇല്ലായിരുന്നു ചില്ലറ ബാക്കി കൊടുക്കാൻ. ചില്ലറ ഇല്ലേ കുഴപ്പമില്ലെന്ന് കണ്ടക്ടർ ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മുന്നേ യാത്ര പോയ ബസുകളിൽ നിന്നും കിട്ടാത്ത ചില്ലറ ആയിരിക്കും ഇതിൽ വരവ് വെച്ചത്. അരൂർ ഇറങ്ങി റോഡ് മുറിച്ച് കടന്ന് പള്ളിയുടെ വാതിക്കൽ എത്തി. കുറച്ച് നേരം നിന്നു. ശേഷം ഒരു തോപ്പുംപൊടി KSRTC ബസ് വന്നു. അവിടുന്ന് ഇടക്കൊച്ചിയിലും എത്തി. ഇനി കുറച്ച് ദൂരം നടക്കണം. ഇടക്കൊച്ചി പള്ളിയുടെ സെമീറ്റെറി സൈഡിലെ ഷോർട്കട്ട് പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ പരിചയപ്പെട്ട വഴിയായിരുന്നു അത്. വഴിതെറ്റി പോയാലും തുടങ്ങിയടുത്ത് തന്നെ അവസാനിക്കാം. ഒരുപക്ഷേ കുറുക്കൻ വരച്ച കുറുക്കുവഴിയായിരിക്കണം. ചേച്ചിയമ്മയുടെ വീടെത്തി. നവജാതവീട്ടിൽ നവവധുവായ ചേച്ചിയും ചേച്ചിയമ്മയും ഉണ്ടായിരുന്നു.അകത്തു കയറിയില്ല. നിൽക്കാൻ സമയം ഇല്ലാത്ത കൊണ്ട് വാതിക്കയിൽ ഇരുന്നു. എന്തേലും കഴിച്ചിട്ട് പോകാമെന്നു പറഞ്ഞു ചേച്ചിയും ചേച്ചിയമ്മയും. കഞ്ഞി കുടിച്ചിട്ട് അവിടം വരെ എങ്ങനെ പോകുമെന്ന് വഴക്കും പറഞ്ഞു. കടൽ പോലെ കഞ്ഞി വെള്ളവും അതിൽ നീന്തി രസിക്കുന്ന അരിമണികളെയും സ്പൂൺ വഴി നാക്കിലൂടെ ഒഴുക്കി തീരുന്നിടത്ത് വെള്ളച്ചാട്ടം ആരംഭിക്കും. കടല് വറ്റിച്ചു വയറ്റിൽ ഇട്ടാൽ പിന്നെ എന്ത് വിശപ്പ്,കൂടെ നീന്തല്കാരും. സൈക്കിൾ അവിടെ ഇല്ലായിരുന്നു. ചേട്ടന്റെ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഒരു കുപ്പി വെള്ളവും തന്ന് ചേച്ചിയമ്മ യാത്രയാക്കി.ചേട്ടന്റെ സ്കൂട്ടറിന്റെ പുറകേ കയറി കൂട്ടുകാരന്റെ വീട്ടിൽ എത്തി സൈക്കിൾ പൊക്കി. രണ്ടുപേരോടും യാത്രപറഞ്ഞ് അവിടുന്ന് ചവിട്ടി നീങ്ങി. കുറച്ച് നാൾ മുന്നേ അവിടെ വന്നപ്പോൾ ഈ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. അന്ന് ആട്ടമുണ്ടായിരുന്ന പെടൽ ചേട്ടൻ ശരിയാക്കി.ചേച്ചിയമ്മ തന്ന കുപ്പിവെള്ളം കുപ്പി വെക്കുന്ന സൈക്കിളിന്റെ അവിടെ വെച്ചു. കൈവഴിയിൽ നിന്ന് മെയിൻ റോഡിൽ കേറി. പാലവും തലയ്ക്ക് മുകളിലൂടെ പോകുന്ന പാളവും കടന്ന് ട്രാഫിക് സിഗ്നലിൽ എത്തി. സൈക്കിൾ വലത്തോട്ട് തിരിക്കണോ ഇടത്തോട്ട് തിരിക്കണോ എന്ന് ആലോചിക്കാൻ ചുവപ്പിൽ നിന്ന് പച്ചയിലേക്ക് നിറം മാറുന്ന വരെ സമയമുണ്ട്. ഇടത്തേക്ക് 33+ കിലോമീറ്റർ, പിന്നിട്ട വഴി, ദേവികൃഷ്ണ ബസ് പോകും പോലെ പോകണം. വലത്തേക്ക് 23-24 കിലോമീറ്റർ, കുറഞ്ഞ തിരക്ക്, അരൂർ-പള്ളിപ്പുറം-തവണക്കടവ് ജങ്ങാറ് വൈ വൈക്കം. ഉള്ളിലെ സാങ്കേതിക തടസ്സം കാരണം മറ്റൊരു ഞാൻ വലത് ദിശ തിരഞ്ഞെടുത്തു. സിഗ്നലിലെ നിറം മാറി. ഹൈവേയിൽ കയറി കുറച്ച് മാറി ഇടത്തോട്ട് കയറി. ടയറിലെ കാറ്റ് കുറവാണെന്നു തോന്നുന്നു. പാലം കയറാൻ നല്ല പാട്. മറ്റൊരു ഞാൻ ഉള്ളത് കൊണ്ട് പകുതി ദൂരം ആയത് അറിഞ്ഞില്ല.എല്ലാവർക്കും എല്ലാ കാര്യവും എല്ലാവരോടുമായി പറയാൻ പറ്റിയെന്നു വരില്ല. എല്ലാ കാലവും എല്ലാവർക്കും എപ്പോഴും കൂടെ ഉണ്ടാവുക മറ്റൊരു ഞാനായിരിക്കും.
ശരീരത്തിലെ ഊർജം കുറഞ്ഞു. വഴിവക്കത്തെ ബേക്കറിയിൽ കയറി കുടിക്കാൻ പ്രേഡേറ്റർ ഉണ്ടോന്ന് തിരക്കി. പ്രേഡേറ്റർ ഇല്ല റെഡ്ബുൾ ഉണ്ടെന്നു കടയിലെ ചേച്ചി പറഞ്ഞു. റെഡ്ബുൾ വാങ്ങിച്ചു. വില 120/-, വാങ്ങിച്ചതിന് ശേഷമാണ് നോക്കിയത്. മറ്റേതിന് 50/-തെ ഉള്ള്. അഞ്ച് മിനിറ്റ് ബേക്കറിയിൽ ഇരുന്നു വിശ്രമിച്ച ശേഷം വീണ്ടും സൈക്കിളിൽ കയറി. ചേച്ചിയമ്മ തന്ന കുടിവെള്ള കുപ്പി കാലി കുപ്പിയായത് എടുത്തു ബാഗിൽ ഇട്ടു. പകരം ചുവന്ന കാള കുട്ടനെ വെച്ചു. വീട്ടിൽ നിന്ന് അമ്മയും അമ്മവീട്ടിൽ നിന്ന് അമ്മാമ്മയും വിളിച്ച് എവിടെ വരെ ആയെന്ന് തിരക്കി. തവണക്കടവ് ജെട്ടിയിലോട്ട് പോകുന്നതിന് പകരം പൂച്ചാക്കൽ ജെട്ടിയിലോട്ടുള്ള ഒരു റോങ്ങ് ടേൺ എടുത്തു. സംശയം തോന്നിയത്കൊണ്ട് ഒരു ചേച്ചിയോട് ചോദിച്ചു അവിടുന്ന് യു-ടേൺ എടുത്തു.അവിടുന്ന് റോഡ് പണി നടക്കുന്ന കാരണവും തുടക്കത്തിൽ ഉള്ള ആവേശത്തിന്റെ ഗ്രാഫ് താഴോട്ട് പോയത്കൊണ്ടും പതിയെ ആണ് പിന്നങ്ങോട്ട് ചവിട്ടിയത്. കടവെത്തി, തവണക്കടവ്. ജങ്ങാറ് കിടപ്പുണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഞാനും സൈക്കിളും അവസാനം കയറി. ഈ കാര്യത്തിൽ അവസാനം കയറിയവനെ ആദ്യം ഇറങ്ങാൻ പറ്റുള്ളൂ. ജങ്ങാറ് തിരിച്ച ഉടനെ തന്നെ ഫോൺ എടുത്ത് മാമൻ, നൈജു മാമ്മൻ, ചേച്ചിയമ്മ, സൈക്കിളിന്റെ എക്സ് ഉടമസ്ഥനായ ഇളയ ചേട്ടനെയും വിളിച്ച് പറഞ്ഞു. ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് ഇടക്കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് കാല് കുത്താതെ സൈക്കിളിന്റെ ടയറ് കുത്തി.
വീട്ടിലേക്ക് പോകാതെ വീടിന്റെയും ഞാൻ നിൽക്കുന്ന സ്ഥലത്തിന്റെയും മദ്ധ്യത്തിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് പോയി. അവിടെ അവരല്ലാതെ ആന്റിയും ചേട്ടനും ഉണ്ടായിരുന്നു. വെയിലും കൊണ്ട് ഇത്രേം ദൂരം സൈക്കിൾ ചവിട്ടി വന്നതിന് ആന്റി വഴക്ക് പറഞ്ഞു. വെയിലില്ലായിരുന്ന എന്ന് ഞാൻ പറഞ്ഞു. ആന്റി വിചാരിച്ച വഴി ദേവികൃഷ്ണ പോകുന്ന വഴിയായിരിക്കും. ഞാൻ അത് തിരുത്താൻ നിൽക്കാതെ അവിടെ ഇരുന്നു. പതിയെ വന്ന കൊണ്ട് ക്ഷീണം ഒന്നും തോന്നിയില്ല. മൊത്തലിൽ പതിയെയാണ് വന്നതെങ്കിലും മറ്റൊരു ഞാൻ ഉള്ളത് കൊണ്ട് മനം മടുക്കാതെ വേഗത്തിൽ പോന്നു. ചോറ് കഴിച്ചു കഴിഞ്ഞായിരുന്നു താടിയുള്ള കൂട്ടുകാരൻ വിളിച്ചത്. കൂട്ടുകാരൻ വൈക്കത്ത് ഉണ്ടെന്നും രാവിലെ കാറ്ററിംഗന് പോകാൻ നേരം വലിയകവലയിൽ വെച്ച സൈക്കിൾ കാണ്മാനില്ല എന്നും പോലീസ് സ്റ്റേഷൻ വരെ പോയി പരാതി കൊടുക്കാമെന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അവിടുന്ന് സൈക്കിൾ എടുത്തു വിട്ടു. തോളത്തിരുന്ന ബാഗ്, പോകും വഴി വീട്ടിൽ കേറുമ്പോൾ വെച്ചോളാൻ പറഞ്ഞു ചേട്ടന്റേൽ കൊടുത്തു. വലിയ കവലയിൽ എത്തി കൂട്ടുകാരനെ കണ്ടു. സൈക്കിളിൽ കേരിയർ ഇല്ലാത്ത കാരണം ഞാൻ ഇരിക്കുന്നത്തിന്റെ മുന്പിലെ ബാറിൽ ഇരിക്കാൻ പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് പോകും മുൻപായി അവിടെ പരിസരത്തൊക്കെ നോക്കാമെന്നു കൂട്ടുകാരൻ പറഞ്ഞു. ആദ്യം പോയത് കണിയാംതോടുള്ള മദ്യകടയിലായിരുന്നു. മദ്യം വാങ്ങാനുള്ള ആവേശത്തിൽ ഏതേലും കുടിയന്മാർ എടുത്തതും ആകാല്ലോ എന്ന പ്രതീക്ഷിയിൽ അവിടെ ചെന്നു. പ്രതീക്ഷയുടെ മദ്യകുപ്പി താഴെ വീണ് പൊട്ടി. അതിന്റെ തൊട്ടടുത്ത് ഒരു ആക്രിക്കട ഉണ്ടായിരുന്നു. കൂട്ടുകാരൻ ആദ്യം വളഞ്ഞ വഴിയും പിന്നീട് നേരായ വഴിക്കും ചോദിച്ചു. ആട് കിടന്നിടത്തു ആടിന്റെ പൂട പോലും ഇല്ലായിരുന്നു. ഒരാളുടെ മുതല് കട്ടെടുത്ത്, കട്ട മുതല് വിൽക്കാൻ കൊടുത്ത്, വേറൊരാളത് കട്ടതാണെന്ന് അറിയാതെ വാങ്ങിക്കുമ്പോൾ വിഡ്ഢിയാകുന്നത് യഥാർത്ഥ ഉടമസ്ഥൻ മാത്രമായിരിക്കും. ഇവിടെ ഈ കാര്യത്തിൽ അങ്ങനെ ആണോ എന്നും അറിയില്ല അല്ല എന്നും അറിയില്ല. മോക്ഷണം പോയ സ്ഥലത്ത് നിന്ന് കുറച്ച് മാറിയുള്ള ഇംഗ്ലീഷ് മരുന്നു കടയിൽ CCTV ഉണ്ടായിരുന്നു. ജോലിക്ക് നിൽക്കുന്ന അവർക്ക് നേരിട്ടൊന്നും ചെയ്യാൻ പറ്റില്ലെന്നും മുതലാളിനെ വിളിച്ച് അനുവാദം വാങ്ങിക്കാൻ ഫോൺ നമ്പറും തന്നു. വിളിച്ചിട്ട് മുതലാളി ഫോൺ എടുത്തില്ല. പ്രതീക്ഷയുടെ മെഴുകുതിരികൾ ഊതി കെടുത്തിയും തനിയെ കെട്ടും മെഴുക്ക് തീർന്ന് കരിന്തിരി കത്തുകയും ചെയ്തു. ഞായറാഴ്ചയായത് കൊണ്ട് മിക്ക കടകളും തുറന്നില്ലായിരുന്നു. അടുത്തുള്ള ഓട്ടോ ചേട്ടന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവര് കണ്ടില്ലെന്നും, കവലയുടെ നടുക്ക് നിൽക്കുന്ന പോസ്റ്റിൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ക്യാമറ കണ്ണുകൾ കാണിച്ചു തന്ന് പ്രതീക്ഷയുടെ കൂട്ടത്തിലെ ഒരു പടകൂറ്റൻ മെഴുകുതിരി പണിതു തന്നു. ഈ കഴിഞ്ഞ ഇടയ്ക്ക് വന്നു പോലീസ്കാരുടെ മൂന്നാമത്തെ കണ്ണ് പ്രവർത്തനരഹിതമാണോന്ന് നോക്കിയതാണെന്നും അവര് ഉറപ്പ് പറഞ്ഞു. ആ സമയത്ത് മെഴുകുതിരിയിലേക്ക് കുറച്ച് മണ്ണെണ്ണ വീണ് ആളി കത്തി. പോലീസ് സ്റ്റേഷനിൽ എത്തി. നടന്ന കാര്യം നടന്ന പോലെ, ഓടിയ വേഗത്തിൽ പറഞ്ഞു. കൂടെ അവരുടെ മൂന്നാമത്തെ കണ്ണിന്റെ കാര്യം കൂടി പറഞ്ഞു. അത് പറഞ്ഞ ശേഷം എല്ലാവരെയും നിശബ്ദത മൂടി . ആ നിശബ്ദതയിൽ അവർ തമ്മിൽ താഴ്ത്തിയ ശബ്ദത്തിൽ പറയുന്നത് ഞങ്ങൾ കേട്ടു. മൂന്നാമത്തെ കണ്ണിന് കാഴ്ച്ച ഇല്ല. ഈ കണ്ട മുഴുവൻ ജനങ്ങളും സത്യമാണെന്ന് വിചാരിച്ചു കണ്ടുകൊണ്ടിരുന്ന അവരുടെ ഇരുകണ്ണും കൃത്രിമത്തം നിറഞ്ഞതാണെന്ന് അവർ അറിയുന്നുമില്ല ആരും അറിയിക്കുന്നുമില്ല. അതോ അറിഞ്ഞിട്ട് അറിയാത്തവരെ പോലെ നടിക്കുകയാണോ എന്നും അറിയില്ല. ഓട്ടോ ചേട്ടന്മാർ പടുത്തുയർത്തിയ കൂറ്റൻ മെഴുകുതിരി ഉരുകാതെ തന്നെ കാറ്റില്ലാതെ കെടുകയും അതിന്റെ കൂടെ മണ്ണെണ്ണയ്ക്ക് പകരം പച്ചവെള്ളം ഒഴിച്ച് പോലീസ് ഭാഷയിൽ "നീ ഇനി അങ്ങനെ കത്തണ്ട കു**" എന്നും പറഞ്ഞു. ശേഷം അവർ ഞങ്ങളോട് അവിടെ ഒക്കെ ഒന്നൂടെ നോക്കാൻ പറഞ്ഞു.ഇവിടെ കുന്തം പോയാൽ കുടത്തിലും കാണില്ല, ലുട്ടാപ്പിയുടെ കൈയിൽ ഉണ്ടേ അവൻ തരുകയും ഇല്ല. കത്തിച്ചിട്ടും കത്തിച്ചിട്ടും പ്രകാശം തരാത്ത നനഞ്ഞ മെഴുകുതിരിയുമായി ഞങ്ങൾ ബോട്ട് ജെട്ടിയുടെ പരിസരത്തു ഭൂതകണ്ണാടി വഴി നോക്കി. അവിടെയും ആട്, പൂട ഒക്കെ തന്നെ. അവസാനത്തെ മെഴുകുതിരി എന്ന കണ്ണക്കെ, നക്കംതുരുത്ത് ഞങ്ങളുടെ കൂട്ടുകാരന്റെ അടുത്തുള്ള ആക്രികടയിൽ അവൻ വഴി അന്വേഷിപ്പിച്ചു. അതൊരു കത്താത്ത എന്നാൽ കത്തിക്കാത്ത മെഴുകുതിരിയായിരുന്നു. വീണ്ടും സ്റ്റേഷനിൽ എത്തി.നേരത്തെ അവിടെ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ അവിടെ ഇല്ലായിരുന്നു.ശേഷിച്ചവർ പരാതി എഴുതി തരാൻ പറഞ്ഞു. പേപ്പറും പേനയും അവരുടെ കൈയിൽ നിന്ന് തന്നെ വാങ്ങി.എഴുതുന്നതിന് മുൻപായി ഫോൺ എടുത്തു ഡെമോ എഴുതി.എഴുത്ത് പകുതി ആയപ്പോൾ കൂട്ടുകാരൻ പറഞ്ഞു "വേണ്ട. പോകാം" എന്ന്. ഞാൻ ഒരു പ്രാവിശ്യം നിർബന്ധിച്ചു. പേന തിരിച്ചും കൊടുത്തു പേപ്പർ എടുത്തു നാലായി മടക്കി പോക്കറ്റിലും ഇട്ടു. ഇറങ്ങാൻ നേരം ആദ്യം വന്നപ്പോൾ ഉണ്ടായിരുന്ന ലേഡി ഉദ്യോഗസ്ഥയെ കണ്ടു. രണ്ടാമതെ ചുറ്റിയിട്ട് കണ്ടില്ലെന്നും കൂടെ ഓട്ടോ ചേട്ടന്മാർ പറഞ്ഞ, ഈ അടുത്ത് പോലീസ് ഏമാന്മാർ പരിശോധിച്ച ക്യാമറ കണ്ണിന്റെ കാര്യം ഒന്നൂടെ പറഞ്ഞു. സ്വന്തം കാര്യനിർവഹണത്തെ ചോദ്യം ചെയ്തപ്പോൾ അവർ കുരച്ചു ചാടി പറഞ്ഞു; "എന്നാ ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ" എന്ന്. വിളിച്ചുകൊണ്ടു വന്നാൽ, സത്യം പറഞ്ഞതിന് ആ പാവത്തിനെ ഇടിച്ച് അവർ ഇഞ്ചി നീരാക്കും. കുരയ്ക്കും പട്ടി കടിക്കില്ലേലും, കാക്കി ഇട്ട പട്ടി കടിക്കുകയും കുരയ്ക്കുകയും ചെയ്യും. എന്നാലും തൊടൽ ഏതേലും വെള്ളയും വെള്ളയും ഇട്ട കള്ളന്മാരുടെ കൈയിലായിരിക്കും. ഞങ്ങൾ അവിടുന്ന് ഇറങ്ങി.ഞാൻ പുറകിലേക്ക് തല തിരിച്ചു ഉള്ളിൽ നിന്ന് രണ്ട് കഫകട്ട വലിച്ചെടുത്ത്, ജനമൈത്രി പോലീസ് എന്ന ബോർഡ് ഇല്ലേലും,
"ഒരു ജനമൈത്രി പോലീസ്. ത്ഫൂ...."
ആ രണ്ട് കാക്കി നിറത്തിലുള്ള കഫക്കട്ട ചെന്ന് വീണത് മറ്റൊരു ഞാൻ-ന്റെ ഉള്ളിൽ. വ്യക്തമായ ഒരു മുഖവും ശരീരവും ഇല്ലാത്ത മറ്റൊരു ഞാനിന് ഈ രണ്ട് കഫ കട്ട കൂടി ചെന്നു വീണപ്പോൾ ഏതാണ്ട് ഒക്കെ ഒരു രൂപമായി. മറ്റുള്ളവർക്കുള്ള ആട്ടും തുപ്പുമെല്ലാം അവസാനിക്കുന്നത് മറ്റൊരു ഞാനിൽ. അതിന്റെ രോക്ഷമെന്നോണം മിണ്ടാതെ ഇരുന്ന മറ്റൊരു ഞാൻ സംസാരിച്ചു തുടങ്ങി.
"ഈ കാരണം ഒക്കെ കൊണ്ട് തന്നെയാണ് ഞാൻ കുഴിമാടം തുരന്ന് നിന്റെ അടുത്തേക്ക് വരാതിരുന്നത്."
"എന്നിട്ട് എന്തേ വന്നത്?"
"ഞാൻ ഒരു ചിരഞ്ജീവിയാണ്. നീ എത്രയൊക്കെ കുഴി കുത്തിയാലും അതിൽ എത്രയൊക്കെ മണ്ണിട്ട് മൂടിയാലും അതിന്റെ മേൽ നീ ഇനി കോൺക്രീറ്റ് ഇട്ടാലും, ഒരു നീർകുമിള പൊട്ടിക്കുന്ന ലാഘവത്തോടെ ഞാൻ അവിടെ നിന്ന് പുറത്തുചാടും."
"ഇത് ഒരു കാരണമല്ലലോ"
വിഷയം മാറ്റാൻ വേണ്ടി മറ്റൊരു ഞാൻ ആവിശ്യമില്ലാത്ത, എന്നാൽ ആവിശ്യമുള്ള കാര്യം ചോദിക്കാൻ തുടങ്ങി.
"നീ പറയും പോലെ കാക്കികളെല്ലാം ഒരു പോലെ ആയിരിക്കില്ലലോ."
"ആയിരിക്കില്ലായിരിക്കും. എല്ലാവരും ഭൂരിഭാഗം തന്നെയല്ലെ നോക്കുന്നത്. ഈ പറഞ്ഞ കാക്കി ഏമാന്മാർ തന്നെ മുടിയുള്ളവരെയും കറുപ്പ് നിറം വേഷമണിഞ്ഞവരെയും അല്ലേ മയക്കുമരുന്നിനും കഞ്ചാവിനും ആദ്യം സംശയിക്കുന്നത്. എന്നുവെച്ചു അങ്ങനെ വേഷമണിഞ്ഞവർ എല്ലാം അങ്ങനെ തന്നെ ആയിരിക്കും എന്നാണോ?"
"അതെന്താ, നിനക്ക് മുടിയുണ്ടായിരുന്ന സമയത്തു അവര് നിന്നെ പിടിച്ച് വിരട്ടിയോ? ഹാ!
"എന്നെ വിരട്ടിയിട്ടില്ല. പക്ഷേ ഇനി വിരട്ടാൻ പാകത്തിന് ഞാൻ എഴുതി പിടിപ്പിച്ചിട്ടുണ്ട്."
"വായിൽ വിരലിട്ട് ഊമ്പുന്ന ഇന്നാട്ടിലെ പിള്ളേർക്ക് പോലും അറിയാവുന്ന കാര്യാ ഇത്. അതുകൊണ്ട് ഇക്കാര്യം നീ വിട്."
കൂട്ടുകാരനെ കൂട്ടുകാരന്റെ വീടിന്റെ അടുത്തുള്ള വഴിയിൽ കൊണ്ടാക്കി സൈക്കിൾ നിർത്തി, ഞങ്ങൾ നടുവൊന്നു നിവർത്തി. കളിപ്പാട്ടം കളഞ്ഞുപോയ നിരാശയിൽ ഇരിക്കുന്ന കുഞ്ഞുകുട്ടികളെ പോലെ പ്രിയ കൂട്ടുകാരൻ നടന്നകന്നു. ഉള്ളിന്റെ ഉള്ളിലെ ഒരു പാവക്കുട്ടിയുടെ വയറ് കീറി അതിൽ നിന്ന് പഞ്ഞി പുറത്തു ചാടികൊണ്ടേ ഇരുന്നു.
സൈക്കിളിൽ ചിറക് മുളപ്പിച്ചു എറണാകുളത്ത് നിന്നു തുടങ്ങി ആലപ്പുഴ വഴി കോട്ടയം- വൈക്കം എത്തിയ ശേഷം രണ്ടു ചിറകും അരിഞ്ഞു കളഞ്ഞു. പറക്കാൻ ചിറകുകളല്ല, പറക്കാനായിട്ടുള്ള ഒരു മനസ്സാണ് വേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അഞ്ചു സെന്റ് സ്ഥലത്തിനുള്ളിൽ തിങ്ങി പാർക്കുന്ന ഒരു വീടും ചുറ്റിനും കാവലായി കുറേ മരങ്ങളും, വീടിന്റെ ഉള്ളിൽ കൂടുതൽ അംഗ ബലവും എന്നാൽ ഒരുമയിൽ ദുർബലമായ മനുഷ്യർ പാർക്കുന്ന എന്റെ വീട്ടിലേക്ക് പുതിയ അംഗമായ 'ക്രാബ്' എന്ന എന്റെ സൈക്കിൾ സുഹൃത്തിന്റെ പുറത്തുകയറി ഞാൻ ഇഴഞ്ഞു നീങ്ങി.
