ചിരി മായ്ച്ചവൻ
ചിരി മായ്ച്ചവൻ
•കുറച്ചു ദിവസങ്ങളായി അവൻ ചെയ്യുന്നതൊന്നും ശരിയല്ല. സമനില തെറ്റിയ ഒരാളെ പോലെ പെരുമാറുന്നു. ഡോക്ടറെ കാണാൻ പോയതിന് ശേഷമാണ് അവനിൽ ഇങ്ങനെ കണ്ടു തുടങ്ങിയത്.
••ഡോക്ടറെ കണ്ടു കഴിഞ്ഞതിനു ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ല. ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. സമയം വേണം എനിക്ക്. എന്തിനാ? - എന്തിനോ! ചിലപ്പോൾ പരിഹാരമില്ലാത്ത ഈ പ്രശ്നത്തിന് ഒരു ഫുൾ സ്റ്റോപ്പ് ഇടുവാനായിരിക്കും. അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഇക്കാര്യങ്ങൾ?
•••ഈ ദിവസങ്ങളിലായി അവൻ പണ്ടത്തെ പോലെ സംസാരിക്കുന്നില്ല. എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല. എന്നെ വേണ്ടാതായോ? മടുത്തോ അവൻ? ഏറെ നിർബന്ധത്തിനൊടുവിൽ എന്നെ കാണാൻ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
• അവൻ ഇന്ന് നല്ല സന്തോഷത്തിൽ ആണ്. ചിലപ്പോൾ അവളെ കാണാൻ പോകുന്നതു കൊണ്ടായിരിക്കണം. ഇപ്പോൾ ആ പഴയ അവനായി. അവൾ ബർത്ഡേയ്ക്ക് കൊടുത്ത ഷർട്ട് ഇട്ടുകൊണ്ടാണ് അവൻ പോകുന്നത്. ഞങ്ങൾ കൂട്ടുകാർ കൊടുത്തെന്നാണ് അവൻ വീട്ടിൽ പറഞ്ഞിരിക്കുന്നത്. ആരു പറഞ്ഞാലും വെട്ടാത്ത മുടി, വെട്ടി ഒതുക്കി ആൾ നല്ല മിടുക്കൻ ആയിട്ടുണ്ട്. അവൾക്ക് സർപ്രൈസ് കൊടുക്കാൻ ആണെന്ന് ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു.
••ഇന്ന് അവളെ കാണാൻ പോകണം. അതിന് വേണ്ടി മുടി വെട്ടി. മിടുക്കൻ ആയെന്ന് അവൻ പറഞ്ഞു. അവൻ അങ്ങനെയാണ്. ആര് മുടി വെട്ടിയാലും പറയാൻ ഈ വാക്കുകളെ ഉള്ളൂ അവന്റെ കൈയിൽ. ട്രെയിനിലാണ് പോകുന്നത്. എന്നെ സ്റ്റേഷൻ വരെ ആക്കാം എന്ന് അവൻ പറഞ്ഞു.
•••ട്രെയിൻ വന്നു. അവനെ ദൂരെ നിന്നേ കണ്ടു. മുടി വെട്ടിയിട്ടുണ്ട്. ഇതായിരിക്കും സർപ്രൈസ് എന്നൊക്കെ പറഞ്ഞത്. എപ്പോഴത്തെയും പോലെ സുന്ദരൻ ആയിട്ടുണ്ട്. അവൻ എന്താ, ഏതോ ഒരു പെണ്ണിന് ഒരു കത്ത് കൊടുക്കുന്നത്? എന്നെ വിരൽ ചൂണ്ടി എന്തോ പറയുന്നുമുണ്ട്. മറ്റൊരു ട്രെയിൻ വന്നതിന്റെ തിരക്കുമൂലം അവൻ അപ്രതീക്ഷനായി. അടുത്ത് ചെന്നതും കത്ത് തുറന്നു വായിച്ചു.
"നന്ദി, എന്നും കൂടെ ഉണ്ടായിരുന്നതിന്. കാരണങ്ങൾ നീ അറിയും. അറിയുമ്പോൾ ഞാൻ അവിടെ ഉണ്ടായിരിക്കില്ല.
നിന്നെ അഭിമുഖീകരിക്കുവാൻ പറ്റാത്ത ഒരു ഭീരുവായി ഞാൻ വിടവാങ്ങുന്നു"
ആളുകൾ ഓടുന്നു. നിലവിളികൾ ഉയരുന്നു. അവളുടെ കണ്ണുനീർ വറ്റാതെ ഒഴുകുന്നു.
(തലവേദന കൊണ്ട് തലപെരുത്ത് പെരുത്ത് എഴുതിയത്)
