STORYMIRROR

കഥ പറയുന്ന പയ്യൻ

Tragedy Others

4  

കഥ പറയുന്ന പയ്യൻ

Tragedy Others

മരണവും കാത്തിരിപ്പും

മരണവും കാത്തിരിപ്പും

2 mins
8

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പുതുവത്സരം ആഘോഷിച്ചത് വളന്തക്കാട്ടിൽ തന്നെയായിരുന്നു. കഴിഞ്ഞ തവണകളിലും ഇത്തവണയും വരും തവണയിലും പുതുവത്സരം ആഘോഷിക്കാൻ പോകുന്നതും അവിടെ തന്നെയായിരിക്കും. 
              പാചകതിനിടെ ടോമി പൂച്ച മരിച്ചു പോയ കാര്യം ചേച്ചി പറയുകയുണ്ടായി. നാട്ടിലെ ഗുണ്ട ആയിരുന്നു അവൻ. എന്നും മുറിവും കീറലുമായിട്ട് വരും. ചേച്ചി മരുന്നൊക്കെ പുരട്ടി റെഡി ആക്കി വരുമ്പോഴേക്കും അടുത്ത വഴക്കിനു പോകും. ഇത് തന്നെ സ്ഥിരം പരിപാടി. ഒരിടയ്ക്ക് ചെവി തൂങ്ങി കിടന്ന് പോലും വരുകയുണ്ടായി. ആള് നല്ലൊരു ഇരപിടിയൻ ആയിരുന്നു. ഒരു ദിവസം കണ്ട കാഴ്ച്ച, സിംഹം വരുന്ന മാതിരി ഒരു ജിമിട്ടൻ എലിയെയും വായിൽ കടിച്ചുകൊണ്ട് വരുന്നതാണ്. മരണ കാരണം പക്ഷേ വാർദ്ധക്യമാണ്. 
             പരിസരത്തെ ഏറ്റവും സ്നേഹമുള്ള പട്ടി- ജിമ്മി. നൂറു മീറ്റർ അകലെ ആണേലും വിളിച്ച ഉടനെ വിളിപ്പുറത്തെത്തും. വെല്യച്ചയുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. രണ്ടുപേരും ഇപ്പോ ഒരുമിച്ചായിരിക്കും. വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കുക, നീന്തി വഞ്ചിയിൽ പോകുന്നവരെ അക്കരെ കൊണ്ടാക്കുക ഇതൊക്കെയായിരുന്നു അവന്റെ പ്രധാന വിനോദം. സാഹസികൻ ആണേലും പാത്ത താറാവിനെ പേടിയായിരുന്നു. അവനെ പോലെ തന്നെ എനിക്കും. ഇത്തവണ ചെന്നപ്പോൾ വാർദ്ധക്യം നന്നേ പിടിപെട്ടിരുന്നു. മങ്ങിയ കാഴ്ച്ചയും കേൾവിയും, കാലിന് മുടന്തും ഉണ്ടായിരുന്ന അവൻ ഒരേ സ്ഥലത്ത് തന്നെ മണിക്കൂറുകളോളം അനങ്ങാതെ അവിടെ തന്നെ നിൽക്കും. ഇരിക്കാൻ പോലും മറന്നു പോയിയിരിക്കുന്നു അവൻ. 
         ഞാൻ അവിടെ ചെന്നാൽ നടക്കാൻ സമാധാനം തരാത്തത് പാത്ത-ഗ്യാങ് ആണ് (വാത്ത/പാത്ത താറാവ്). എനിക്ക് മാത്രമല്ല. പുതിയതായി വരുന്ന ആൾക്കാർക്കും പഴയ ചുരുക്കും ചില ആൾക്കാർക്കും ഭീഷണിയാണ് പാത്ത ഗ്യാങ്. സിനിമയിൽ ഉള്ള പോലെ ഗ്യാങ്ങിന്റെ തലവൻ നോക്കി ഇരിക്കുകയും, ബാക്കി മെംബേർസ് പോയി ഫൈറ്റ് ചെയ്യുകയും പോലെ ക്ലിഷേ പരിപാടി അല്ലായിരുന്നു ഇവിടെ. ഗ്യാങ്ങിന്റെ തലവൻ നേരിട്ടിറങ്ങിയായിരുന്നു ഫീൽഡ് വർക്ക്‌ ചെയ്തിരുന്നത്. അതിലെ തലവൻ മാത്രേ കൊത്തുവുള്ള്. ബാക്കി ഉള്ളതൊക്കെ കൊത്തുവെന്നുള്ള അഭിനയം മാത്രം. പ്രിയ സഖി പറയും പോലെ എന്നെ കൊത്താൻ ഇട്ട് 'ഓട്ടി'ക്കുമെങ്കിലും അതിൽ നിന്ന് ഞാൻ ഓടി രക്ഷപ്പെടുമായിരുന്നു. എല്ലാവർക്കും അങ്ങനെ ഓടാൻ പറ്റിയില്ലെന്നും വരാം കൊത്ത് കിട്ടിയെന്നും വരാം. സ്ഥിരം അവിടെ തന്നെ ഉള്ള അമ്മാമ്മയെ കൊത്തിയെന്ന് പറയുമ്പോൾ മനസ്സിലാക്കാല്ലോ അവന്മാരുടെ പവറ്. ഇവിടുത്തെ യാകുസ ഗ്യാങ് ആണവർ. 
        എന്നാൽ ഗ്യാങ്ങിന്റെ അടവുകളൊന്നും നടക്കാത്തത് ജാങ്കോയുടെ അടുത്ത് മാത്രമാണ്. Django Unchained-ലെ ജാങ്കോ അല്ല. ഇത് Jango chained. വീട്ടിലെ വളർത്തുനായ. കൊത്താൻ വരുന്ന പാത്താ ഗ്യാങ്ങിന്റെ തലവനെ കൊക്കിൽ കടിച്ച് തൂക്കി എറിയും നമ്മുടെ ജാങ്കോ. യുവത്വത്തിന്റെ തിളപ്പും ശുൺഠിയും കാണായിരുന്നു ജാങ്കോയിൽ. എന്നാൽ ഇപ്പോൾ ആകെ ക്ഷീണിതനാണ്.
          പാത്താ ഗ്യാങ്ങിൽ ഇപ്പോൾ അവശേഷിക്കുന്നത് ഗ്യാങ്ങിന്റെ തലവനും തലവന്റെ ഭാര്യയുമാണ്. തലവന്റെ കാല് തളർച്ച വന്ന് ഇപ്പോ ഒരേ സ്ഥലത്തു തന്നെയാണ് കിടപ്പ്. ഭക്ഷണവും വെള്ളവും വിസർജനവും എല്ലാം ഒരേ സ്ഥലത്ത് തന്നെ. 
   ആദ്യമാസം പകുതിയായപ്പോഴേക്കും വീട്‌ വരെയൊന്നു പോകേണ്ടി വന്നു. ആ മാസം തന്നെ തിരിച്ചു വന്നപ്പോഴേക്കും ജിമ്മി എന്നന്നേക്കുമായി ഉറങ്ങിയിരുന്നു, കുറച്ചു ദിവസം കഴിഞ്ഞു തലവനും. തലവൻ ഉണ്ടായിരുന്ന സ്ഥലത്ത് വെള്ള മാറി കറുത്ത തൂവലുകളായി. ഏറ്റവും സങ്കടപ്പെടുത്തുന്ന വസ്തുത എന്തെന്ന് വെച്ചാൽ തലവന്റെ ഇണയ്ക്ക് ഇക്കാര്യം അറിയുകയില്ലെന്നാണ്. അവൾ ഇപ്പോഴും ഗതി കിട്ടാത്ത, മരിക്കാത്ത ആത്മാവിനെ പോലെ ഇവിടെ ഒക്കെ കറങ്ങി നടന്ന് തന്റെ പ്രാണനെ തപ്പുന്നു. അവരുടെ ഭാഷയിൽ അറിവുണ്ടായിരുന്നേ പറഞ്ഞു കൊടുക്കായിരുന്നു. മനുഷ്യ ഭാഷയിൽ എത്ര തവണ പറയും? 
     മരിച്ചതറിയുന്നതിലും കഠിനമാണ് അതറിയാതെ കാത്തിരിക്കുന്നത്. 
       കൃത്രിമ ലോകത്ത് കൃത്രിമമായി സ്നേഹിക്കുന്നവർക്കു വേണ്ടി സമർപ്പിക്കുന്നു. 


Rate this content
Log in

Similar malayalam story from Tragedy