ശാലിനി
ശാലിനി
വീട്ടമ്മയുടെ ആത്മഹത്യയും ചിലരുടെ കമൻ്റ്സും ആണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത് .
×××××××× ×××××× ×××××× ×××××××
എന്നെ സ്നേഹിക്കുന്നവർ എന്നു ഞാൻ വിശ്വസിക്കുന്നവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരും എന്നു കരുതിയതല്ല...
മരണം ഞാൻ ആഗ്രഹിച്ചിരുന്ന കാലം ഉണ്ടായിരുന്നു. സാഹചര്യങ്ങൾ എന്നെ വിലക്കി ... ആത്മഹത്യ നടത്തിയാൽ ജീവിച്ചിരിക്കുന്നവർക്ക് നേരിടേണ്ടിവരുന്ന അപമാനം, തലമുറകൾ പിന്തുടരുന്ന ചീത്തപ്പേര് ഇതൊക്കെ ജീവിക്കാൻ പ്രേരിപ്പിച്ചു. കുട്ടികൾ, കടമകൾ എല്ലാം എന്നെ ചുറ്റിവരയാൻ തുടങ്ങി. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ജീവിച്ചിരിക്കുന്ന കാലത്തോളം പേരുദോഷം കേൾപ്പിക്കാതെ ജീവിക്കണം എന്നാണ്. ഞാനും അങ്ങനെ ആഗ്രഹിച്ചു.
എൻ്റെ ഈ മുപ്പതു വയസ്സിനിടയിൽ ഒരാൾ ഒഴികെ ആരും എന്നിൽ ദോഷാരോപണം നടത്തിയിട്ടില്ല. നിങ്ങൾ ആലോചിക്കുന്നുണ്ടാവാം.
ഈ ഒരാൾ ആരാണെന്ന്.പറയാം... വേറാരുമല്ല, എൻ്റെ കുട്ടികളുടെ അച്ഛൻ, എൻ്റെ ഭർത്താവ്.
ഇപ്പോൾ നിങ്ങൾ പറയും. അവൻ ഒരിക്കലും പറയില്ല ... നല്ലൊരു വ്യക്തിയാണ് എന്നൊക്കെ.
ഞാൻ ചോദിക്കട്ടെ, ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ ചെറുപ്പം തോന്നുന്നത് ഭാര്യയുടെ തെറ്റാണോ? അവൾക്ക് വൈരൂപ്യം ഇല്ലാത്തത് അവളുടെ തെറ്റാണോ...? അവൾക്ക് വിദ്യാഭ്യാസം ഉള്ളത് തെറ്റാണോ? ഭർത്താവിന്റെ കുറവുകൾ കണ്ടെത്തി കളിയാക്കാത്തത് തെറ്റാണോ?
കിട്ടിയ ജീവിതം സന്തോഷപൂർവ്വം സ്വീകരിച്ചു, ആരുടേയും മുന്നിൽ ഭർത്താവിന്റെ ശിരസ് താഴാതെ നിൽക്കാൻ, അവനെപ്പറ്റി ആരും മോശമായി പറയാതിരിക്കാൻ, ഇത്രനാളും എല്ലാം സഹിച്ചു. അതും തെറ്റാണോ?
ഇനിയും വയ്യ. ഇപ്പോൾ പറയുന്നു, ഞാൻ പിഴച്ചവൾ ആണെന്ന്. മറ്റുള്ള ആണുങ്ങളോട് കൊഞ്ചിക്കുഴയുവാണ്... കൂടാതെ അസഭ്യവാക്കുകളും.
അതും മക്കളുടെ മുന്നിൽ. എൻ്റെ മക്കളുടെ സങ്കടം... ഇതൊക്കെ കേൾക്കുന്നത് അവർക്ക് എത്ര വേദനയാവും! അവരുടെ മുഖത്തു പോലും നോക്കാൻ എനിക്കാവുന്നില്ല .
ഞാൻ ജീവിച്ചിരുന്നെങ്കിൽ അല്ലേ ഇതൊക്കെ കേൾക്കേണ്ടി വരൂ? ഒരു അമ്മയും മക്കളുടെ മുന്നിൽ വച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആണ് എൻ്റെ ഭർത്താവ് പറഞ്ഞത് .
ഇതൊക്കെ പറയാതെ ഞാൻ പോയാൽ, വേറെ കാരണമാവും മറ്റുള്ളവർ കണ്ടെത്തുക. തെറ്റു ചെയ്യാതെ ചീത്തപ്പേര് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റു ചെയ്യാത്തവരുടെ നേർക്ക് വിരൽ ചൂണ്ടിയാൽ ഇതേ മാർഗം ഉണ്ടാവു... ഇതൊരു ഒളിച്ചോട്ടമാവാം .
ഒരു സ്ത്രീ ആത്മഹത്യ ചെയ്താൽ, പ്രേമം മാത്രമല്ല വേറെയും കാരണങ്ങൾ ഉണ്ടാകും എന്നുകൂടി പറയാനാണ് ഈ കുറിപ്പ്.
നിർത്തട്ടെ,
മരണം ഉറപ്പാക്കിയ നിങ്ങളുടെ ശാലിനി
