സൈക്കിൾ
സൈക്കിൾ
നാലാം ക്ളാസിൽ പഠിക്കുകയാണ് അനന്തു. അവന് ഒരു സൈക്കിൾ വേണമെന്ന് വിചാരം തുടങ്ങി. അച്ഛനോടും, അമ്മയോടും പറഞ്ഞാൽ, അവർ പറയും, "നീ സൈക്കിളിൽ നിന്ന് വീഴും ഇപ്പോൾ വേണ്ട." എന്താണൊരു വഴി, അവൻ ആലോചിച്ചു കണ്ടുപിടിച്ചു.
അവൻ അച്ഛൻറെയും അമ്മയുടേയും അടുത്ത് ചെന്നു. അമ്മയുടെ മടിയിൽകിടന്ന് അച്ഛൻറെ കയ്യു പിടിച്ചു. അമ്മയുടെ മുഖത്തേക്കു നോക്കി അവൻ പറഞ്ഞു, "അമ്മേ, അപ്പുറത്തെ അനിൽ സൈക്കിൾ വാങ്ങി! സൈക്കിളിൽ പോയാൽ, അഞ്ച് മിനിറ്റിനുള്ളിൽ സ്കൂളിൽ എത്തുമെന്നാണവൻ പറഞ്ഞത്."
പിന്നെ അവൻ അച്ഛനെ നോക്കി പറഞ്ഞു, "എൻറെ ക്ലാസിലെ ഒരു കുട്ടി നീല കളറുള്ള സൈക്കിൾ വാങ്ങി. അവൻ സൈക്കിളിൽ വരുന്നത് ദൂരേ നിന്ന് കണ്ടാൽ പൂമ്പാറ്റ പാറി വരുകയാണെന്നേ നമുക്ക് തോന്നുകയുള്ളു. എൻറെ ക്ലാസിലെ കുട്ടികൾ നോക്കി നില്ക്കും.”
അപ്പോഴേക്കും അവൻറെ കൂട്ടുകാരൻ, അനിൽ അവൻറെ വീടിൻറെ ഗയറ്റിനടുത്തുനിന്നും അവനെ വിളിച്ചു. സൈക്കിൾ വാങ്ങണമെന്നു പറയാൻ ധൈര്യമില്ലാതെ അനന്തു അനിലിൻറെ അടുത്തേക്ക് നടന്നു. അവർ രണ്ടു പേരും അനിലിൻറെ വീട്ടിൽപോയി സൈക്കിളെടുത്ത്, സൈക്കിൾ റൈസ്പ്രാക്ടീസിന് പോയി.
പിറ്റേ ദിവസം അനിലിനോടു പറഞ്ഞ് അവൻറെ സൈക്കിളെടുത്ത്, അനന്തു പഞ്ചസാര വാങ്ങാൻ കടയിൽ പോയി. സമയം കഴിഞ്ഞിട്ടും അവനെ കാണാത്തതു കൊണ്ട് അനിൽ അനന്തുവിൻറെ വീട്ടിലേക്കു വന്ന് അവൻറെ അമ്മയോട് ചോദിച്ചു, "അനന്തു എവിടെ?”
അവൻറെ അമ്മ പറഞ്ഞു, "അവൻ കടയിൽ പോയിരിക്കുകയാണ്".
അതു കേട്ട് അനിൽ പറഞ്ഞു, "ഞങ്ങൾക്ക് സൈക്കിൾ റൈസ്പ്രാക്ടീസിന് പോകാനുള്ള സമയമായി. അവനെ കാണുന്നില്ലല്ലോ?"
അപ്പോഴേക്കും കാറ്റുപോലെ സൈക്കിൾ പറത്തികൊണ്ട് അനന്തു അവിടെ എത്തി. ഒപ്പം തന്നെ അച്ഛനും ഓഫീസിൽ നിന്നെത്തി.
"നീ നന്നായി സൈക്കിൾ ഓടിക്കുന്നുണ്ടല്ലോ!" അച്ഛൻപറഞ്ഞു.
അതുകേട്ട് അമ്മ അവനോട് ചോദിച്ചു, "നിനക്ക് സൈക്കിൾ വേണോ?”
"വേണം, എനിക്ക് സ്വന്തമായി സൈക്കിളുണ്ടെങ്കിൽ ഇടക്കിടക് പ്രാക്ടീസ് ചെയ്യാമല്ലോ," എന്ന് അനന്തു പറഞ്ഞു.
അപ്പോൾ അച്ഛൻ പറഞ്ഞു, "നിനക്കിപ്പോൾ സൈക്കിൾ വേണമെന്ന് നീ ഞങ്ങളോട് ‘നേരായ സംസാരം’ സംസാരിച്ചിരുന്നെങ്കിൽ ഞങ്ങൾ വാങ്ങിതരുമായിരുന്നല്ലോ," എന്നു പറഞ്ഞ് അച്ഛനും, അമ്മയും അവനെ ആശ്ലേഷിച്ചു.
എന്നിട്ട് അവർ ചിരിച്ചു കൊണ്ടു പറഞ്ഞു, "മോൻറെ എല്ലാ നല്ല ആഗ്രഹങ്ങൾക്കും ഞങ്ങൾ കൂട്ടു നില്ക്കും."
ഈ സംഭവം എല്ലാവരോടും ‘നേരായ സംസാരം’ സംസാരിക്കുവാൻ അനന്തുവിന് ആത്മ ധൈര്യം നല്കി.
#SeedhiBaat
