Sreedevi P

Drama Tragedy Classics

4.5  

Sreedevi P

Drama Tragedy Classics

പിഞ്ചു കുഞ്ചു

പിഞ്ചു കുഞ്ചു

5 mins
576


പിഞ്ചുവും, കുഞ്ചുവും നല്ല കൂട്ടുകാരാണ്. ഒന്നിച്ചു സ്കൂളിൽ പോകും. ഒന്നിച്ചു പഠിക്കും. ഒന്നിച്ചു സ്കൂൾ വിട്ടു വരും. ഒരു ദിവസം പിഞ്ചുവിനേയും കുഞ്ചു വിനേയും ഫുട്ബോൾ കളിയിലേക് വിളിച്ചു. രണ്ടു പേരും സന്തോഷത്തോടെ കളിയിൽ ചേർന്നു. നന്നായി കളിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നന്നായി കളിക്കുന്ന ഒരു ടീമിനെ മുംബൈയിലേക്ക് മത്സരത്തിന് കൊണ്ടു പോകും എന്ന് ലീഡർ പറഞ്ഞു. എല്ലാവരും വാശിയോടെ കളിക്കാൻ തുടങ്ങി. 

നല്ല കളിക്കാരിൽ ഒന്നാമനായി പിഞ്ചുവിനെ തിരഞ്ഞെടുത്തു. കുഞ്ചുവിനത് വിഷമമായി. കുഞ്ചു പിഞ്ചുവിനോടു പറഞ്ഞു, "എന്നെ ടീമിൽ കൊണ്ടു പോകുന്നില്ല. അതു കൊണ്ട് നീയും പോകണ്ട.” 

"ഞാൻ പേരു കൊടുത്തു, അതു കൊണ്ടു പോകാതെ പറ്റില്ല,” പിഞ്ചു പറഞ്ഞു. 

“നമ്മൾ നല്ല കൂട്ടുകാരല്ലേ, അതുകൊണ്ട് ഞാൻ ഇല്ലാത്തിടത്ത് നീയും വേണ്ട,” കുഞ്ചു വീണ്ടും പിഞ്ചുവിനോടു പറഞ്ഞു. 

"നിനക്കിനി വേറെ വല്ല ചാൻസും കിട്ടും. അപ്പോൾ എനിക്ക് കിട്ടി എന്നു വരില്ല. നിനക്കു കിട്ടുമ്പോൾ നീ പൊയ്ക്കൊ! ഇപ്പോൾ ഞാൻ പോകട്ടെ," പിഞ്ചു പറഞ്ഞു. 

അതു കേട്ട് കുഞ്ചു ദേഷ്യത്തോടെ പറഞ്ഞു, "നിന്നെ ഞാൻ വിടില്ലെടാ!" 

“നല്ല ചങ്ങാതിമാർ ഒരാൾക്കു നല്ലതു വരുമ്പോൾ മറ്റേ ആൾ സന്തോഷിക്കുകയാണ് ചെയ്യുക. നീ എൻറെ നല്ല ചങ്ങാതിയാണെങ്കിൽ എന്നെ നന്നായി യാത്രയയക്ക്," പിഞ്ചു പറഞ്ഞു.

ഇതുകേട്ട് ദേഷ്യം സഹിക്ക വയ്യാതെ കുഞ്ചു പിഞ്ചുവിനെ തല്ലാൻ തുടങ്ങി. പിഞ്ചു ഓടി. കുഞ്ചു പിന്നാലെ ഓടി. ഓടി, ഓടി അവർ ഒരു നദി പാലത്തിന് മീതെ എത്തി. കുഞ്ചുവിനൊരു ഗൂഡ തന്ത്രം തോന്നി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "നിന്നെ ഞാൻ തല്ലില്ല. ഞാൻ കളിപ്പിച്ചതാണ്. നീ ഇങ്ങോട്ടുവാ.” പിഞ്ചു കുഞ്ചുവിൻറെ അടുത്തു വന്നു. 

കുഞ്ചു നദിയിലേക്കു നോക്കിയിട്ടു പറഞ്ഞു, "വെള്ളം ഒഴുകി വരുന്നതു കാണാൻ എന്തൊരു രസമാണ്." 

പിഞ്ചു നോക്കിയിട്ടു പറഞ്ഞു, "ഇത് നമ്മൾ എന്നും കാണുന്നതല്ലേ!"

"ഇന്നത്തെ ഒഴുക്കിനൊരു രസമുണ്ട്. നീ നന്നായി നോക്ക്," കുഞ്ചു പിഞ്ചുവിനോടു പറഞ്ഞു. 

എന്താണെന്നറിയാൻ പിഞ്ചു നോക്കിക്കൊണ്ടിരുന്നു. ആ തക്കത്തിന് കുഞ്ചു പിഞ്ചുവിനെ വെള്ളത്തിലേക്ക് തള്ളിയിട്ടു!

ധീം!!!…..പിഞ്ചു നദിയിലേക്കു വീണു. കുഞ്ചു വേഗത്തിലോടി. ഓടുമ്പോൾ അറിയാതെ എതിരെ വന്ന ബൈക്കിൽ തട്ടിത്തെറിച്ച് കുഞ്ചുവും നദിയിലേക്കു വീണു. പിഞ്ചു പേടിച്ചരണ്ടു നദിയിൽ നിൽക്കുമ്പോൾ, കുഞ്ചു മുങ്ങിത്താഴുന്നതു കണ്ടു. പിഞ്ചു നില്ക്കുന്നിടത്ത് മുട്ടോളം വെള്ളമേയുള്ളു. കുഞ്ചുവാകട്ടെ ആഴത്തിലുള്ള വെള്ളത്തിൽ മുങ്ങിത്താഴുകയാണ്. പിഞ്ചു സർവ്വ ശക്തിയുമെടുത്തു നീന്തി കുഞ്ചുവിൻറെ അടുത്തെത്തി അവൻറെ കൈ പിടിച്ചു നീന്തി, പിഞ്ചു നിന്നിടത്തേക്ക് കൊണ്ടു വന്നു. 

കുഞ്ചു കണ്ണീരോടെ പിഞ്ചുവിനോടു പറഞ്ഞു, "നിൻറെ ജീവൻ കളയാനാണ് ഞാൻ പാടു പെട്ടത്. നീയോ, എൻറെ ജീവൻ രക്ഷിക്കാൻ പാടുപെട്ടു. ഇനി നിന്നെ ഞാനൊരിക്കലും ഉപദ്രവിക്കില്ല കൂട്ടുകാരാ……." അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കുഞ്ചു വെള്ളത്തിൽ വീണു. പിഞ്ചു കുഞ്ചുവിനെ താങ്ങി പതുക്കെ നടത്തി…..നടത്തി….നദിയുടെ കരയിലെത്തിച്ചു. അപ്പോ ഴേയ്ക്കും ആളുകൾ ഓടിക്കൂടി കുഞ്ചുവിനെ ഹോസ്പിററലിലേയ്ക്കു കൊണ്ടു പോയി. പിഞ്ചുവിനെ പ്രശംസിക്കുകയും ചെയ്തു.      

പിഞ്ചു എന്നും ഹോസ്പിററലിലേയ്ക്കു പോകും കുഞ്ചുവിനെ കാണും. അന്നത്തെ വിശേഷങ്ങങ്ങൾ പറയും. ഒരാഴ്ച കഴിഞ്ഞപ്പോൾ കുഞ്ചു വീട്ടിലെത്തി. അവന് നടക്കാൻ കഴിയില്ല. അവൻ വീൽചെയറിലാണു വന്നത്. കുഞ്ചു കുറെ കരഞ്ഞു. പിഞ്ചു സമാധാനിപ്പിച്ചു, "കുറെ ദിവസം കഴിയുമ്പോൾ ശരിയാകുമെടോ!..." ചിലർ അവനെ പിരാകി. കുഞ്ചുവിൻറെ വീട്ടുകാർ കണ്ണുനീരോടെ ദിവസങ്ങൾ തള്ളി നീക്കി.  

പിഞ്ചുവിൻറെ ടീം മത്സരത്തിൽ ജയിച്ചു വന്നു. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും പിഞ്ചുവിനു വേണ്ടി വേദി നടത്തി പിഞ്ചുവിനെ ആദരിച്ചു. പിഞ്ചുവിനും കുഞ്ചുവിനും സന്തോഷമായി. പിഞ്ചു, കുഞ്ചുവിൻറെ വീൽ ചെയർ ഉന്തി എന്നും കുഞ്ചുവിനെ സ്കൂളിലെത്തിച്ച് ബെഞ്ചിൽ ഇരുത്തും. താങ്ങിപ്പിടിച്ച് ടോയ്ലറ്റിൽ കൊണ്ടു പോകും. കൂട്ടുകാരും സഹായിക്കും. കളി സമയങ്ങളിൽ കുട്ടികൾ എല്ലാവരും അവനോടൊപ്പം കളിയ്ക്കും. അങ്ങനെ രണ്ടു കൊല്ലം കഴിഞ്ഞു. എന്തിനുമേതിനും പിഞ്ചു കുഞ്ചു വിനോടൊപ്പമുണ്ട്. പത്താംതരം കഴിഞ്ഞു. കുഞ്ചു തോറ്റു. പിഞ്ചു ഉയർന്ന മാർക്കോടെ പാസ്സായി. പിഞ്ചുവും മറ്റുള്ളവരും നിർബന്ധിചിട്ടും കുഞ്ചു രണ്ടാമത് പരീക്ഷക്കിരുന്നില്ല. "പഠിക്കാൻ വയ്യ," കുഞ്ചു പറഞ്ഞു.  

പിഞ്ചു കോളേജിൽ പോയി തുടങ്ങി. കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ, പിഞ്ചു കുഞ്ചുവിൻറെ വീട്ടിലേക്കോടും. കുഞ്ചുവിൻറെ വിശേഷങ്ങങ്ങൾ ചോദിച്ചറിയും. കുഞ്ചു പറയും, "ഞാൻ വീട്ടിലൂടെ വീൽ ചെയറിൽ കറങ്ങി. കുറേ നേരം ജനലിൽക്കൂടെ നോക്കിയിരുന്നു. അമ്മയെ കറിക്കരിയാൻ സഹായിച്ചു അങ്ങനെ പലതും" പിഞ്ചു വിൻറെ കോളേജിലെ വിശേഷങ്ങങ്ങൾ കുഞ്ചു ചോദിക്കും, പിഞ്ചു പറയും.  

പിഞ്ചുവിന് തിരുവനന്ത പുരത്ത് ഇങ്കംടേക്സിൽ ജോലി കിട്ടി. തൃശൂരിൽ നിന്നും പിഞ്ചു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പിഞ്ചുവിനും കുഞ്ചുവിനും അവരുടെ വീട്ടുകാർക്കും വളരെ സന്തോഷമായി. യാത്ര പറഞ്ഞ് പിഞ്ചുപോയി. ഇടക്കിടക്ക് അയാൾ വരും. കുറച്ചു ദിവസം വീട്ടിൽ താമസിക്കും. കുഞ്ചുവിൻറെ വീട്ടിൽ പോകും വർത്തമാനം പറഞ്ഞിരിക്കും. 

ഒരു ദിവസം പിഞ്ചു കുഞ്ചു വിനോടു ചോദിച്ചു, "നിനക്കു ഞാനൊരു കട ഇട്ടു തരട്ടെ?" 

"വേണ്ട," കുഞ്ചു പറഞ്ഞു. 

"നിനക്കു ഞാനൊരു ഷർട്ടു കട ഇട്ടു തരാം. നീ അതു നോക്കി നടത്തണം," പിഞ്ചു പറഞ്ഞു. "നോക്കട്ടെ," കുഞ്ചു പറഞ്ഞു. പിഞ്ചു കുഞ്ചു വിനൊരു ഷർട്ടു കട ഇട്ടു കൊടുത്തു. കടയിൽ കുഞ്ചുവിനൊപ്പം കുറച്ചു ദിവസം പിഞ്ചുവും നിന്നു. ആളുകൾ ധാരാളം കടയിൽ വരാൻ തുടങ്ങി. കുഞ്ചുവിന് പൈസ വന്നു തുടങ്ങി. സന്തോഷം കൊണ്ട് കുഞ്ചു പിഞ്ചുവിനെ കെട്ടിപ്പിടിച്ചു. രണ്ടു പേരുടേയും കണ്ണിൽക്കൂടി സന്തോഷകണ്ണീരൊഴുകി.

പിഞ്ചു ജോലി സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. അവിടെ നല്ല തിരക്കാണ്. പിഞ്ചു ജോലിയിൽ മുഴുകിക്കൊണ്ടിരുന്നു. മൂന്നു വർഷം കടന്നു പോയി. പിഞ്ചുവിൻറെ വീട്ടുകാർ പിഞ്ചുവിനെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നു. 

"എൻറെയും കുഞ്ചുവിൻറെയും വിവാഹം ഒരുമിച്ചു നടത്തണം,"പിഞ്ചു പറഞ്ഞു. പിഞ്ചുവിൻറെ വീട്ടുകാർ പിഞ്ചുവിനുള്ള കുട്ടിയെ കണ്ടു പിടിച്ചു. 

കുഞ്ചു പിഞ്ചു വിനോടു ഫോണിൽക്കൂടെ പറഞ്ഞു, "എനിക്കെവിടന്നു പെണ്ണു കിട്ടാനാണ്? നീ കല്യാണം കഴിച്ചു സുഖമായി ജീവിക്ക്. വാശി പിടിക്കരുത്," 

"നിനക്കുള്ള പെൺകുട്ടിയെ ഞാൻ കണ്ടു പിടിക്കും. ഇതൻറെ വാശി തന്നെ!," പിഞ്ചു പറഞ്ഞു. 

പിഞ്ചു നാട്ടിലെത്തി. കുഞ്ചുവിൻറെ അകന്ന ബന്ധത്തിലുള്ള ഒരു പാവം പെൺകുട്ടിയെ പിഞ്ചു കുഞ്ചുവിനായി കണ്ടെത്തി. രണ്ടു പേരുടേയും വിവാഹം ഒരേ അമ്പലത്തിൽ വെച്ച് ഒരു ദിവസം തന്നെ നടന്നു. അവർ രണ്ടു ജോഡികളും സന്തോഷത്തോടെ ജീവിച്ചു.                

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ പിഞ്ചുവിന് ഒരു ആൺകുട്ടി ജനിച്ചു. പിറ്റത്തെ കൊല്ലം കുഞ്ചുവിന് ഒരു പെൺകുട്ടി ഉണ്ടായി. രണ്ടു കുടുബവും അവരവരുടെ കുട്ടികളെ നന്നായി വളർത്തി. പിഞ്ചുവിൻറെ മകൻ ഹരനും കുഞ്ചു വിൻറെ മകൾ ഹരിണയും ഒരുമിച്ചു സ്കൂളിൽ പോകും. രണ്ടു പേരും നന്നായി പഠിക്കും. സംശയമുള്ള ഏതു കാര്യവും പരസ്പരം ചർച്ചചെയ്യും. അങ്ങനെ അവർ കളിച്ചും പഠിച്ചും പിണങ്ങിയും ഇണങ്ങിയും വലിയ കുട്ടികളായി.      

ഹരൻറേയും ഹരിണയുടേയും വീട്ടുകാർ അവരെ തമ്മിൽ കല്യാണം കഴിപ്പിക്കണമെന്ന് നിശ്ചയിച്ചു. ഹരനും ഹരിണയും ജോലിക്കു പോകാൻ തുടങ്ങി. രണ്ടു പേർക്കും നേവിയിൽ ജോലി കിട്ടി. 

ഒരു ദിവസം ഹരൻ ഹരിണയോടു പറഞ്ഞു, "നിന്നെ എന്നെക്കൊണ്ട് കെട്ടിക്കാൻ പോകുയാണ് പെണ്ണേ, വിവാഹം കഴിഞ്ഞാൽ നിൻറെ കുറുമ്പ് ഞാനിങ്ങെടുക്കും," 

"ചേട്ടൻറെ ദേഷ്യം ഞാൻ എടുത്തു കളയും," ഹരിണ പറഞ്ഞു. രണ്ടു പേരും തമ്മിൽ നോക്കി കിലുകിലാ ചിരിച്ചു.   

നാട്ടുകാരെയും, വീട്ടുകാരെയും, കൂട്ടുകാരെയും, എല്ലാവരേയും കല്യാണത്തിന് വിളിച്ചു. അവരുടെ മുന്നിൽ വെച്ച് മനോഹരമായ വിവാഹ പന്തലിൽ തിളങ്ങുന്ന ഹരൻ വിളങ്ങുന്ന ഹരിണയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാവരും സന്തോഷത്തോടെ അനുഗ്രഹിച്ചു. വിവാഹ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വിഭവ സമൃദ്ധമായ സദ്യ കഴിച്ച് ആളുകൾ യാത്രയായി. നവ വധുവും വരനും രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു.    

ഒരു ദിവസം പിഞ്ചുവിന് ഇടുപ്പു വേദന വന്നു. ഭയങ്കര വേദന…പിഞ്ചു ഡോക്ടറുടെ അടുത്തെത്തി ഡോക്ടറോട് പറഞ്ഞു. ഡോക്ടർ പരിശോധിച്ചു. 

"നിങ്ങൾ ചെറുപ്പത്തിൽ ഉയരത്തു നിന്നും താഴേക്ക് വീണിട്ടുണ്ടോ?” ഡോക്ടർ ചോദിച്ചു. ഒരല്പസമയം ആലോചിച്ചതിനു ശേഷം പിഞ്ചു പറഞ്ഞു, "വീണിട്ടുണ്ട്." 

"അപ്പോൾ വേദന തോന്നിയില്ലേ?" ഡോക്ടർ ചോദിച്ചു. 

"കാര്യമായ വേദന തോന്നിയിരുന്നില്ല," പിഞ്ചു പറഞ്ഞു. 

ഡോക്ടർ പറയാൻ തുടങ്ങി, "നിങ്ങൾ വീഴുമ്പോൾ നിങ്ങളുടെ ഇടുപ്പെല്ലൊന്നു തെന്നി പിന്നെ നിന്നു. വേദന വന്നിരിക്കും. നിങ്ങളതു കാരൃ മാക്കിയിട്ടുണ്ടാവില്ല. അപ്പോൾ ഡോക്ടറുടെ അടുത്ത് പോയില്ലേ?" 

"പോയി, വേദനയുണ്ടോ എന്നു ചോദിച്ചു, ഇല്ല ഞാൻ പറഞ്ഞു. കുഴപ്പമില്ലെന്ന് അന്നത്തെ ഡോക്ടർ പറഞ്ഞു.” 

"ചെറുപ്പക്കാലത്ത് എന്തെങ്കിലും പറ്റിയാൽ ചിലപ്പോൾ അത് വയസ്സു കാലത്ത് പ്രകടമാവും." ഡോക്ടർ പറഞ്ഞു. 

"ഇനി എന്തു സംഭവിക്കും ഡോക്ടർ? എല്ലാം തെളിച്ചു പറയൂ. എല്ലാം എനിക്കുൾകൊള്ളാൻ കഴിയും," പിഞ്ചു ശാന്തമായി പറഞ്ഞു.

ഡോക്ടർ വളരെ നല്ല നിലയിൽ പിഞ്ചുവിനോടു പറഞ്ഞു, "പേടിക്കണ്ട, ചിലപ്പോൾ അങ്ങിനെയങ്ങു പോകും. വീഴാതെ നോക്കണം. ഒരു ചെറിയ വീഴ്ചപോലും പാടില്ല" ഡോക്ടർ മരുന്നെഴുതികൊടുത്തു. പിഞ്ചു മരുന്നും വാങ്ങി വീട്ടിലേയ്ക്കു നടന്നു. നടക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ നിലത്തു വീണുടഞ്ഞു. പിഞ്ചു വീട്ടിലെത്തിയപ്പോൾ ഭാര്യ ജെനി കാത്തിരിക്കുന്നു. 

പിഞ്ചുവിനെ നോക്കി ജെനി പറഞ്ഞു, "കണ്ടിട്ടൊരു വല്ലായ്മ, എന്തു പറ്റി?" 

"ഓ…….. ഒന്നു മില്ല, ഇടുപ്പിനൊരു വേദന. ഡോക്ടറെ കണ്ടു. കുഴപ്പമില്ലെന്നു ഡോക്ടർ പറഞ്ഞു. മരുന്നും തന്നിട്ടുണ്ട്. രണ്ടു ദിവസം കഴിയുമ്പോൾ മാറും," പിഞ്ചു പറഞ്ഞു. 

എന്തോ വയ്യായ ഉണ്ട്. പറയുന്നില്ല. എത്ര ചോദിച്ചാലും, പറയില്ല എന്നു വിചാരിച്ചാൽ പറയില്ല. ജനി വിചാരിച്ചു.     

ഹരൻ പുറത്തു നിന്നും വന്നപ്പോൾ ജനി പറഞ്ഞു, "അച്ഛനെന്തോ... വയ്യായ ഉണ്ട്. ചോദിച്ചിട്ട് പറയുന്നില്ല. റിപ്പോർട്ട് നോക്കാൻ സമ്മതിച്ചില്ല. ഒന്നു മില്ലെന്നു പറഞ്ഞു. റിപ്പോർട്ട് അലമാരയിലുണ്ട്. നീ നോക്ക്." 

ഹരൻ റിപ്പോർട്ട് നോക്കി. അതിൽ വ്യക്തമായി എഴുതിയിരിക്കുന്നു. ചെറുപ്പത്തിൽ മുകളിൽ നിന്ന് താഴെ വീണപ്പോൾ എല്ലിന് പരുക്ക് പറ്റി. വയസ്സാകും തോറും എല്ലിന് ബലം കുറയും. 

"അച്ഛൻ ചെറുപ്പത്തിൽ എപ്പോഴാണ് വീണത്?...അതിതു വരെ പറഞ്ഞിട്ടില്ലല്ലോ, പറയൂ അച്ഛാ," ഹരൻ പിഞ്ചുവിനോടു ചോദിച്ചു. 

"ഓ! എനിക്കൊന്നും ഓർമ്മയില്ല," പിഞ്ചു നിസ്സാരമട്ടിൽ ഹരനോടു പറഞ്ഞു. ഹരനും ജനിയും വളരെ അധികം വിഷമിച്ചു. 

"വയ്യായയുണ്ട്, പറയുന്നില്ല," ജനി മകനോടു പറഞ്ഞു. 

"ശരിയാണമ്മേ എനിക്കും അങ്ങനെ തോന്നുന്നുണ്ട്," മ്ളാനമായ മുഖത്തോടെ ഹരൻ പറഞ്ഞു.     

ഹരൻ ഈ വിവരം വളരെ സങ്കടത്തോടെ ഹരിണയോടു പറഞ്ഞു. 

"നമുക്ക് വേറൊരു ഡോക്ടറെകൂടികാണിക്കണം,"ഹരിണ പറഞ്ഞു. 

"നാളെ ത്തന്നെ പോകണം," ഹരൻ ഹരിണയോടു പറഞ്ഞു.  

ഹരിണ വീട്ടിലെത്തുമ്പോൾ അവളുടെ അമ്മ രേണു, അച്ഛന് കഷായം കൊടുക്കുകയാണ്. ഹരിണയെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ രേണു പറഞ്ഞു, "മോൾ എത്തി യല്ലോ." അവൾ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചു. 

കുഞ്ചു പറഞ്ഞു, "മോളിനി കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി." 

ഹരിണ പറഞ്ഞു "അതു പോര അച്ഛാ……നാളെ തന്നെ പോകണം. അവിടത്തെ അച്ഛനെ നാളെ ദൂരേയുള്ള ഒരു ഡോക്ടറെ കാണിക്കണം. 

"എന്തു പറ്റി?" കുഞ്ചു ചോദിച്ചു. അവൾ കാര്യങ്ങളൊക്കെ പറഞ്ഞു. അതു കേട്ട ഉടനെ കുഞ്ചു, “എൻറെ പിഞ്ചു!……..പിഞ്ചു!……….പിഞ്ചു!……..” എന്ന് നീട്ടി വിളിച്ചു കൊണ്ട് വീൽചെയർ ഉരുട്ടി പിഞ്ചുവിൻറെ വീട്ടിലെത്തി അയാളുടെ കരങ്ങൾ ഗ്രഹിച്ചു കൊണ്ടു പറഞ്ഞു, 

"ഞാൻ കാരണമാണ് നിനക്കു വയ്യാതായത്! എന്നോടു ക്ഷമിക്കൂ!…………...ക്ഷമിക്കൂ!………….പിഞ്ചൂ!……………" 

അതി ദയനീയമായ അയാളുടെ വാക്കുകൾ കേട്ട് പിഞ്ചു പറഞ്ഞു, "സാരമില്ലെടോ!...സാരമില്ലെടോ കുഞ്ചു. ഇതൊക്കെ അങ്ങു മാറി ക്കൊള്ളും," എന്നു പറഞ്ഞ് കുഞ്ചുവിൻറെ മുതുകിൽ തട്ടി പിഞ്ചു ആശ്വസിപ്പിച്ചു. പെട്ടെന്ന് പിഞ്ചുവിൻറെ വേദന കൂടി അയാൾ താഴെ വീണു. അച്ഛൻ കിടന്നു പിടയ്ക്കുന്നതു കണ്ട് ഹരൻ ഡോക്ടർക്കു ഫോൺ ചെയ്തു. ഡോക്ടർ ഓടിയെത്തി. 

നിശ്ചലമായ ആ ശരീരത്തെ പരിശോധിച്ച് ഡോക്ടർ പറഞ്ഞു, "ഈ ശരീരത്തിൽ ജീവനില്ല." അതു കേട്ട് അവിടെ ഒരു കൂട്ടക്കരച്ചിലുയർന്നു.

"എൻറെ പിഞ്ചു!……..പിഞ്ചു!………..പിഞ്ചു!……….." എന്നുള്ള കുഞ്ചുവിൻറെ ഭ്രാന്തമായ ശബ്ദം കൂട്ടക്കരച്ചിലിനിടയിലൂടെ ഉയർന്നു……ഉയർന്നു……കേട്ടു.   

                              



Rate this content
Log in

Similar malayalam story from Drama