Binu R

Comedy Drama

3  

Binu R

Comedy Drama

പാമ്പുകൾ

പാമ്പുകൾ

3 mins
262


കർക്കിടവാവിന്റന്ന് തൃസന്ധ്യക്ക് ഗോവിന്ദനെ പാമ്പ് കടിച്ചു, നല്ല ഒന്നാംതരം വെള്ളിക്കെട്ടൻ. കിണറ്റുകരയിലിരുന്ന തൂമ്പ എടുക്കാനായി കിണറ്റിങ്കരയിലെ തിണ്ണയിൽ പൈപ്പിനു ചുവട്ടിലേക്ക് ചെല്ലുമ്പോഴായിരുന്നു, ആ സംഭവബഹുലമായ പാമ്പുകടി. നോക്കിയപ്പോൾ രണ്ടടി നീളമുള്ള വെള്ളിക്കെട്ടുകൾ നല്ലതുപോലെ തെളിഞ്ഞ ഒരു വമ്പൻ. 


കടിച്ചപ്പോൾ തന്നെ ഗോവിന്ദൻ സമയോചിതമായി പ്രതികരിച്ചു. സർവ്വശക്തിയും ഉപയോഗിച്ചു കാല് ശക്തമായി കുടഞ്ഞു. 


പാമ്പ് കുറച്ചു മാറി, കിണറിന്റെ പൊക്കമുള്ള തിണ്ടിൽ തട്ടി താഴെ വീണു. അത് ഒട്ടൊരു നേരം നിശ്ചലനായി കിടന്നു. എങ്കിലും കാലിൽ താഴ്ന്ന രണ്ടുപല്ലുകളുടെ പോഡുകളിൽ നിന്നും ചോര ചീറ്റിയൊഴുകി. അതുകണ്ടപ്പോൾ ഗോവിന്ദന് പാമ്പിനോട് പക തോന്നി. 


-- തന്റെ ചോര ചീറ്റിത്തെറിപ്പിച്ച പാമ്പേ,


എന്ന് മനസ്സിൽ അമർഷത്തോടെ പറഞ്ഞു കൊണ്ട് തൂമ്പയുടെ മടമ്പു കൊണ്ട് അതിന്റെ നാടുവിനു തന്നെ ഒന്നു കുത്തി. അത് നടുവൊടിഞ്ഞവിടെ കിടന്നു. ഓടിപ്പോകാൻ പറ്റാത്തതിനാൽ, അവിടെത്തന്നെ കിടന്ന് തന്റെ വീറും വാശിയും കാണിച്ചു കൊണ്ടേയിരുന്നു. ഗോവിന്ദൻ ഒട്ടും വൈകാതെ അതിന്റെ തലയും കുത്തിത്തിരിച്ചു. 


സമയം പാഴാക്കാതെ പൈപ്പിൻചുവട്ടിൽ തന്നെ കാല് നന്നായി ഞെക്കിപ്പീച്ചീ കഴുകി. തിണ്ടിന്മേൽ നിന്നിരുന്ന പച്ചമഞ്ഞൾ പറിച്ചു, നന്നായിക്കഴുകി ഞെക്കിഞെരടി ആ മുറിവിൽ പൊത്തിയങ്ങുവച്ചു. 


പിന്നെ, അകത്ത് ടീവിയും കണ്ടിരുന്ന ചേട്ടൻ ബലരാമനെ, ശബ്ദം താഴ്ത്തി വിളിച്ചു. ചേട്ടൻ തന്റെ ആംഗ്യം കണ്ട് തിടുക്കപ്പെട്ട് ഇറങ്ങി വന്നു. കാര്യം അറിഞ്ഞപ്പോൾ മൂപ്പരൊന്നു പരിഭ്രമിച്ചു. അകത്തു പോയി ഷർട്ടും മുണ്ടും മാറ്റി പെട്ടെന്ന് ഇറങ്ങി വന്നു. 


ഞങ്ങൾ തൊട്ടടുത്തുള്ള സ്നേഹസ്വരൂപരായ സന്യാസിനി അമ്മമാരുടെ ആശുപത്രിയിൽ ചെന്നു, കാര്യം പറഞ്ഞു. അന്വേഷണങ്ങൾ പറയുന്നവർ എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പേ, പണം വാങ്ങാൻ ഇരിക്കുന്ന, ഒരു മുതിർന്ന അമ്മ പറഞ്ഞു... 


-- അതിനെന്താ തീവ്രപരിചരണ വിഭാഗത്തിലേക്ക് പൊയ്ക്കൊള്ളൂ. 


അവർ പെട്ടെന്ന് എഴുന്നേറ്റ് ഒപ്പം വന്നു. തീവ്രപരിചരണവിഭാഗത്തിൽ എത്തിയപ്പോൾ അവർ പറഞ്ഞപ്രകാരം ഗോവിന്ദൻ ഒരു കട്ടിലിൽ കയറിക്കിടന്നു. 


അവർ അവിടെ നിന്ന പെങ്ങന്മാരോടായി പറഞ്ഞു... 

-- പാമ്പുകടിയാണ്, പെട്ടെന്ന് തന്നെ ഡ്രിപ് ഇട്ടോളൂ. 


പുറകിൽ നിന്ന ബലരാമൻ അമ്മയുടെ അടുത്തു വന്നു ചോദിച്ചു... 

-- ഇവിടെ വിഷ ചികിത്സ ഉണ്ടല്ലോ അല്ലേ? 


സന്യാസിനി അമ്മ പറഞ്ഞു... 

"പിന്നെ , ഞങ്ങൾ ഒരാളുടെ ജീവൻ വച്ചു കളിക്കുമോ... !"


വളരേ സ്നേഹസ്വരൂപമായ മറുപടി. 


-- എങ്കിൽ വേഗം ഡോക്ടറെ വിളിക്കൂ. 

ചേട്ടൻ. 


സന്യാസിനിയമ്മയുടെ മര്യാദയോടെയുള്ള അടുത്ത മറുപടി ഇങ്ങനെയായിരുന്നു... 

-- ഒന്നരമണിക്കൂർ അകലെയുള്ള സന്യാസപിതാക്കന്മാരുടെ ആശുപത്രിയിൽ നിന്നും പ്രത്യേകവിഭാഗത്തിന്റെ തലവൻ വരും. 


ബലരാമൻ അന്ധാളിച്ചു നിന്നു... അപ്പോൾ അവർ തുടർന്നു, 

-- രണ്ടരമണിക്കൂർ അകലെയുള്ള ഞങ്ങളുടെ തന്നെ വിഷചികിത്സാലയത്തിൽ നിന്നും മരുന്നെത്തും... 


അപ്പോൾ മാത്രം ബലരാമൻ ചോദിച്ചു... 

--അപ്പോൾ ഇവിടെ ഇതൊന്നുമില്ലേ...? 


അപ്പോൾ അവർ പറഞ്ഞ മറുപടികേട്ട് പെങ്ങൾമ്മാർ ഗൂഢമായി ചിരിക്കുന്നതും അവരിലുണരുന്ന പരിഭ്രമവും ഗോവിന്ദൻ കണ്ടു. 


-- അതൊക്കെ ഇവിടെയുള്ളതു പോലെത്തന്നെയല്ലേ...? ഞങ്ങളുടെ സഹോദരസ്ഥാപനങ്ങളാണ് അതൊക്കെ. 


പിന്നത്തെ കാര്യം പറയുന്നതു കേട്ടപ്പോൾ ബാലരാമന്റെയും ഗോവിന്ദന്റേയും കണ്ണ് ചെറുതായി ഒന്നു തള്ളി വരുന്നുണ്ടായിരുന്നു. 


-- ഏതായാലും രണ്ടരലക്ഷം അടക്കണം. ഒരു ലക്ഷം ഇപ്പോൾ അടച്ചോളൂ... 


അപ്പോഴാണ്, തറവാട്ടിലെ മുതിർന്ന ചേട്ടൻമ്മാർ രണ്ടുപേർ, ഗോവിന്ദന്റെ വർത്തമാനം (വാർത്ത) കേട്ട് പെട്ടെന്നോടിയെത്തിയത്. 


വന്നവരിൽ ഇളയവൻ ബലരാമനെ മാറ്റി നിറുത്തി രഹസ്യമായിപറഞ്ഞു. 


-- ഇവിടെ പാമ്പുകടിക്കുള്ള ചികിത്സയില്ല. പതിനഞ്ചുമിനിറ്റു മാത്രമുള്ള ആ, നല്ലവനായ നല്ല ഇടയന്റെ ആശുപത്രിയിൽ പോകാം. അവിടെ ഡോക്ടറും ഉണ്ട്. പ്രതിരോധ മരുന്നും ഉണ്ട്. കടിച്ചപാമ്പിനെ തെളിവായി കൊണ്ടു ചെല്ലണം. 


അതുകേട്ട് ഗോവിന്ദൻ പറഞ്ഞു... 

-- പാമ്പിനെ ഞാൻ കിണറ്റിങ്കരയിൽ തല്ലിക്കൊന്നിട്ടിട്ടുണ്ട്. ചേട്ടൻ അതുമെടുത്ത് അങ്ങോട്ടേക്ക് പോരാമോ...? ഞങ്ങൾ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് പൊയ്ക്കൊള്ളാം. 


ഗോവിന്ദനും ബലരാമനും പോകാനായ് തുനിഞ്ഞപ്പോൾ സന്യാസിനി അമ്മ പറഞ്ഞു. 

--ഇതപകടമാണ്. ഞങ്ങൾ സമ്മതിക്കത്തില്ല. ഇയാൾക്കെന്തെങ്കിലും പറ്റിപ്പോയാൽ... 


ഗോവിന്ദൻ പൊട്ടിയങ്ങു ചിരിച്ചു. എന്നിട്ട് ലാഘവത്തോടെ പറഞ്ഞു... 

-- ഒന്നരമണിക്കൂറിന് ശേഷമെത്തുന്ന ഡോക്റ്ററേയും രണ്ടരമണിക്കൂറിനു ശേഷമെത്തുന്ന മരുന്നിനുമിടയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ... അതു കൊണ്ട് ഞങ്ങൾ പോകുന്നതാണ് നിങ്ങൾക്കും നല്ലത്. 


ബലരാമനൊപ്പം ഗോവിന്ദൻ അവർക്ക് റ്റാറ്റയും നൽകി, നല്ലവനായ ആ ഇടയന്റെ ആശുപത്രിയിലേക്ക് യാത്രയായി. 


ആശുപത്രിയിൽ ചെന്ന് കാര്യം പറഞ്ഞു. പെട്ടെന്ന് തന്നെ കാഷ്വാലിറ്റിയിൽ അഡ്മിറ്റാക്കി. ചോദ്യങ്ങളും പറച്ചിലുകളും പിന്നെ ആയിരുന്നു. 


പാമ്പ് കടിച്ചവനെ കാണാൻ ആൾക്കാർ ജനാലകളിൽ കടിച്ചുതൂങ്ങി. ഗോവിന്ദൻ അത് കണ്ടു ചിരിച്ചു പോയി. ബലരാമൻ വിശേഷം പറഞ്ഞു കുഴഞ്ഞു തുടങ്ങി. മാലാഖമാർ ജനലുകളുടെ കർട്ടൻ മൂടിയിട്ടു. ആവശ്യമില്ലാതെ അകത്തുകടന്നവരെ പുറത്താക്കി. 


ഡോക്ടർ വന്നു പരിശോധന തുടങ്ങി. അപ്പോഴേക്കും കടിച്ചപാമ്പിനെ കുപ്പിയിലാക്കി ചേട്ടന്മാരും എത്തി. പാമ്പിനെ കണ്ട് ഡോക്ടർ രക്തം പരിശോധനക്കായി എടുത്തു. 


ബാലരാമനോട് പറഞ്ഞു... 

--"കൂടുതൽ വെള്ളം കുടിപ്പിക്കണം. ഉറങ്ങാതെ നോക്കണം. "


ബലരാമൻ പോയി രണ്ടു വലിയ കുപ്പി വെള്ളം വാങ്ങി വന്നു. ഗോവിന്ദൻ കുടി തുടങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. നാഡീ പരിശോധനയും പ്രെഷറും നോക്കി. എന്നിട്ട് ബാലരാമനോട് എന്ന പോലെ പറഞ്ഞു. 

--"വിഷത്തിന്റെ തീവ്രത രക്തത്തിൽ അതിർത്തിയിലാണ്. അയാളുടെ മനസ്സിന്റെ ധൈര്യം കൊണ്ടാവാം... ഏതായാലും ഈ രാത്രി ഉറക്കണ്ട. "


എന്നിട്ട് ഗോവിന്ദനോടായി പറഞ്ഞു... 

"വെള്ളം നല്ലതു പോലെ കുടിച്ചു നല്ലതു പോലെ മൂത്രം ഒഴിക്കണം. "


ഡോക്ടർ മാലാഖമാരോട് കുറേക്കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചു മടങ്ങിപ്പോയി. 


വെള്ളം കുടിക്കലും മൂത്രം ഒഴിക്കലും രക്തപരിശോധനയും അരമണിക്കൂർ ഇടവിട്ട് മുറയ്ക്ക് നടന്നു കൊണ്ടേയിരുന്നു. 


ഒടുവിൽ രാത്രി രണ്ടരമണിയെല്ലാം കഴിഞ്ഞു കാണും. ഗോവിന്ദൻ കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുന്നു. പാമ്പുകടിച്ചവനെ കാണാൻ ഒറ്റ തിരിഞ്ഞും മറ്റും കേറിവന്നവരോട് വർത്തമാനവും കഥകളും പറഞ്ഞിരിക്കുമ്പോൾ വന്നവരിൽ തൈക്കിളവനായിരിക്കുന്ന ഒരാൾ പോകുന്നതിനു മുമ്പ്, ഒരു സത്യം പറഞ്ഞു. 


--ഇതു പോലെ പാമ്പ് കടിച്ചവൻ ഒരാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്ന അന്ന്, കൊതിയോടെ കുടിച്ച ഒരു ഗ്ലാസ്സ് ചൂടു ചായയിൽ അയാളുടെ ജീവനും ചാടിപ്പോയി. 


ബലരാമനും ഗോവിന്ദനും പരസ്പരം നോക്കി നിന്നു. പിന്നെ അവരിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. 


ശുഭം. 


Rate this content
Log in

Similar malayalam story from Comedy