Krishnakishor E

Comedy Drama Romance

3  

Krishnakishor E

Comedy Drama Romance

ഒരു ചായ കഥ - അവന്റെ ഭാഗം

ഒരു ചായ കഥ - അവന്റെ ഭാഗം

4 mins
578


പാതിവഴിക്ക് പെട്രോൾ തീർന്ന് നിന്നു പോയ ഒരു ബൈക്കാണ് ഞാൻ. ഉയർന്നു വരുന്ന പെട്രോളിന്റെ വില, കൂടയുള്ളവരുടെ വൈകുന്നേരങ്ങളിലെ പ്രിയതമൻ/പ്രിയതമ യോടൊപ്പമുള്ള നിമിഷങ്ങൾ നടത്തം, നീണ്ട ഫോൺവിളികൾ, ഇതൊക്കെ ആയിരുന്നു എന്നെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതൊന്നും പോരാഞ്ഞിട്ട് ഇതിന്റെ കൂടെ എഞ്ചിനീറിങ് പഠനവും. ആഹാ അന്തസ്സ്. ഇതിൽപ്പരം ഒന്നും പറയാനില്ല.


വീട്ടിലായിരുന്നേൽ രാവിലെ കളിക്കാൻ പോവും, പിന്നെ ചായ, വീണ്ടും കളി ചോറ് ( തിന്നാൽ ആയി ) വീണ്ടും കളി, പിന്നെ വീട്ടിൽ എത്തി കുളിച്ചു ചോറ് TV പിന്നെ ഉറക്കം. ഇങ്ങനെ ഒക്കെ ഒരു പക്കാ എന്റര്ടെയ്നർ ആയ എന്റെ കഥ ഹോസ്റ്റലിൽ എത്തിയതോടെ ക്ളീഷേ ആയെന്നു പറഞ്ഞാമതിയല്ലോ. 


ഹോസ്റ്റലിലെ പറ്റി പറയുമ്പോ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. മര്യാദയ്ക്ക് ചോറു കിട്ടില്ല, വെള്ളം വെള്ളം കറികൾ, ടേസ്റ്റ് ഇല്ലാത്ത ഭക്ഷണം ഒക്കെ ആയിരുന്നു. പക്ഷെ ഹോസ്റ്റലിൽ കേറിയപ്പോഴല്ലേ മനസ്സിലാവണേ. അടിപൊളി ഭക്ഷണം ബിരിയാണി പൊറോട്ട ചപ്പാത്തി സദ്യ പായസം നേടിച്ചോർ ഒക്കെ ആയിട്ട് 60 കിലോ ഉണ്ടായ ഞാൻ 70 കിലോ ആയി ആദ്യ സെമസ്റ്റർ കൊണ്ട് തന്നെ.


ഇങ്ങനെ പോയാൽ ഒരു സെഞ്ചുറി അടിക്കും എന്ന മട്ടിലെത്തിയപ്പോൾ എന്തെന്നില്ലാത്ത ഹോസ്റ്റൽ മാറി പുറത്തു നിൽക്കാൻ മോഹം. കൂട്ടുകാരെയും കൂട്ടി അങ്ങനെ പുറത്ത് വീടെടുത്തു. അടിമുടി ജീവിതശൈലി തന്നെ അങ്ങോട്ട് മാറി. ശമ്പളം കിട്ടി കഴിഞ്ഞു ആദ്യ ഒരാഴ്ച ഉണ്ടാവുന്ന വെപ്രാളം ഞങ്ങളിലും വന്നു. വീട്ടിൽ നിന്ന് പൈസ ഇടുന്ന ആദ്യ ആഴ്ച ഞങ്ങൾ രാജാവും ബാക്കി 3 ആഴ്ച പ്രജകളും. പാരമ്പര്യമായി കിട്ടിയ ത്കൊണ്ടാണോ എന്നത് സംശയമാണ് 70 കിലോ ഉണ്ടായ ഞാൻ 75. അത്ഭുതം. ആഹാരശൈലി തന്നെ മാറിന്നെ. രാവിലെ മിക്കവാറും കാലി ചായ, ഉച്ചയ്‌ക്ക് ഊണ്, വൈകീട്ട് ചായ രാത്രി മിതമായ എന്തേലും. മാസാവസാനം ആയാൽ ഉച്ചയ്ക്ക് ചോറു കഴിച്ചു വൈകീട്ട് ചായ, ഇതിൽ ഒതുങ്ങുമായിരുന്നു ജീവിതം.


അങ്ങനെ ഒരു വർഷം കഴിഞ്ഞു. 75 എന്നത് കൂടി കൂടിയില്ല എന്ന മട്ടിൽ ഒരു 76 ആയി. ജീവിതം അങ്ങോട്ട് ആസ്വദിച്ചുവരികയായിരുന്നു കൂട്ടുകാരുടെ ഒപ്പം. ദേ വന്നു ആദ്യത്തെ അടി. കൂട്ടത്തിൽ ഒരുത്തന് ലൈൻ സെറ്റായി. മുടിഞ്ഞ പ്രണയം. നേരം ഇരുട്ടുന്നത് ഒക്കെ അവനറിഞ്ഞതേയില്ല. അങ്ങനെ അടിച്ചുപോളി ടീമിൽ നിന്നും അവൻ മെല്ലെ അകന്നുപോയി. അധികം കഴിഞ്ഞില്ല മറ്റവനും മുടിഞ്ഞ പ്രേമം. ഇത് പക്ഷെ അവനു മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് ഒരു ക്ളീഷേ തെലുഗു സിനിമ പോലെ ആയിരുന്നു. നായകൻ നായികയെ ഇമ്പ്രെസ് ചെയ്യാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നു. നായിക ചിരിക്കുന്നു. പക്ഷെ പ്രണയം മാത്രം ഏഹെ!


നായകന്റെ കൂടെയുള്ള സ്‌ഥിരം കൂട്ടുകാരനായി ഞാൻ ടൈപ്പ്കാസ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാലും അതൊക്കെ കാണാൻ നല്ല രസമായിരുന്നു. അവന്റെ ചളിയും അത് കെട്ട് കരഞ്ഞുകൊണ്ട് പുറമെ ചിരിക്കുന്ന ഞാനും ഒക്കെ ആയിട്ട് സംഭവം കളറായി വന്നു കൊണ്ടിരിക്കെ പതിവുപോലെ മാസാവസാനം വന്നു. ഒരുത്തൻ പിന്നെ സ്വയം അംബാനി ആണെന്ന് വിചാരിച്ചിരിക്കുന്നത് കൊണ്ട് അവനെ കാര്യമാക്കാറെയില്ല. മറ്റവന്റെ കരച്ചിൽ ഒക്കെ കാണുമ്പോ ഞാൻ കൈയിലുണ്ടായിരുന്നത് എടുത്തുകൊടുക്കുകയും ചെയ്തു. അങ്ങനെ ഞാൻ പലപ്പോഴും ഒറ്റയ്ക്കുമായി.


ചായ വെള്ളമായി, വെള്ളം കഞ്ഞിയായി ചോറ് ബിസ്ക്കറ്റ് ഉം. ഇക്കാൻറെ കടയിലെ പറ്റുമാത്രം കൂടിക്കൊണ്ടേയിരുന്നു. പിന്നീട് വൈകുന്നേരങ്ങളിൽ കടയിൽ പോയിരിക്കുന്നത് ചുമ്മാ വായിനോക്കാൻ മാത്രമായി. അതും ചുരുക്കിപ്പറഞ്ഞാൽ ഒരു രസമായിരുന്നു. എന്റെ ക്ലാസ് കഴിഞ്ഞ് നേരെ അവിടേക്ക് പോവും. ഇക്കയോട് സംസാരിച്ചിരിക്കും കൃത്യം 5 മണി കഴിഞ്ഞാൽ മഴവില്ലുപോലെ കുറെയെണ്ണം നടന്നുനീങ്ങും. ചിലർ നോക്കി ചിരിക്കും ചിലർ നോക്കാതെയും. അങ്ങനെ 3 വർഷം കഴിഞ്ഞു. 76 70 ലേക്ക് ചുരുങ്ങി. വൈകുന്നേരങ്ങൾ ഇന്നും പതിവ് തെറ്റാണ്ട് അങ്ങനെ പോയിക്കൊണ്ടേയിരുന്നു. ആദ്യത്തെ ബ്രേക്കപ്പ് കഴിഞ്ഞ് പുതിയ പ്രണയവുമായി ഒരുത്തൻ ഇപ്പോഴും, മര്യാദക്ക് തുറന്ന് പറയാൻ വയ്യാതെ ചായയും കുടിച്ച് നടക്കുന്ന മറ്റൊരുത്തൻ.


അങ്ങനെയിരിക്കെ നല്ല കിടിലൻ മഴ അങ്ങോട്ട് പെയ്തു. 2 ദിവസം നിർത്താതെ പെയ്തത് കൊണ്ടു തന്നെ ഞങ്ങൾക്ക് ഒഴികെ എല്ലാ സ്ഥാപനങ്ങൾക്കും കളക്ടർ അവധി കൊടുത്തു. ഞങ്ങൾക്ക് ഇതൊന്നും ബാധകമല്ലല്ലോ. അങ്ങനെ ഉച്ച ആയപ്പോഴേക്കും മടുപ്പ് ആയി. ക്ലാസ് അങ്ങ് cut ചെയ്താലോ എന്ന പ്ലാൻ ഒടുവിൽ സഫലമായി. അങ്ങനെ ഉച്ചയ്ക്ക് ക്ലാസും കളഞ്ഞ് നേരെ റൂമിൽ പോയി. സാധാരണ ഈ സമയത്തു കൂട്ടുകാരുടെ ഒക്കെ ചോറു പങ്കുവെച്ചായിരുന്നു കഴിച്ചിരുന്നത്. ഉച്ചക്ക് cut ചെയ്തത്കൊണ്ടും രാവിലെ കഴിക്കാത്തത് കൊണ്ടും വിശപ്പ് അങ്ങേയറ്റം ഉണ്ടായിരുന്നു. നേരെ ഇക്കാൻറെ കടയിലോട്ട് വിട്ടു. ഉള്ള മഴ ഏകദേശം നനഞ്ഞു. ചായ കുടിക്കാം എന്നോർത്ത് എടുത്ത ആകെയുണ്ടായിരുന്ന 10 രൂപ നോട്ടും കീറി. ഭാഗ്യക്കേട് എന്തെന്നാൽ ഇക്ക അവിടെ ഇല്ലായിരുന്നു. വേറെ ആരോ. അതും പോരാഞ്ഞിട്ട് കടയിലാണെങ്കിൽ മുടിഞ്ഞ തിരക്കും. അതിന്റെ ഒക്കെ ഇടയിൽ 10 രൂപയയുടെ ചായക്ക് കടം പറയാൻ മനസാക്ഷി അനുവദിച്ചില്ല. അങ്ങനെ മഴയെ ആസ്വദിച്ചു ചുമ്മാ അയവിറക്കികൊണ്ടേയിരുന്നു. 


പെട്ടെന്ന് ആരോ വിളിച്ച പോലെ തോന്നി. " ക്ലാസ് ബങ്ക് ചെയ്തല്ലേ ! " അല്ല ഞാൻ ബങ്ക് ചെയ്തത് ഇവിടെ ആർക്കറിയാനാ എന്ന് തിരിഞ്ഞ് നോക്കി. തട്ടം ഒക്കെ ഇട്ട് ഒരു കുട്ടി. ഏകദേശം എന്റെ അതേ ഉയരം ഒക്കെയുണ്ട്. പക്ഷെ ആളെ അങ്ങോട്ട് മനസിലായില്ല. അങ്ങോട്ട് വല്ലതും ചോദിക്കുന്ന മുന്നേ അടുത്ത ചോദ്യം വന്നു. " എന്നെ മനസിലായില്ലേ?" ഇത് നല്ല കഥ. അങ്ങോട്ട് ഒന്നും ചോദിക്കാൻ പറ്റുന്നുമില്ല ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നുതാനും.

"കുട്ടി ഏതാ? "

"ആഹ്, ബെസ്റ്റ്. അപ്പൊ ആളെ അറിയാതെ ആണല്ലേ ഇൻസ്റ്റാഗ്രാംൽ ഒക്കെ റിക്വസ്റ്റ് ആയയ്ക്കുന്നത്. അയ്യേ. " ഇപ്പോഴാ സംഭവം പിടികിട്ടിയെ. കുട്ടിയെ ഞാൻ അങ്ങോട്ട് follow ചെയ്യുന്നുണ്ടായിരുന്നു. ബങ്ക് ചെയ്ത വിവരം സ്റ്റോറിയിൽ നിന്ന് കണ്ടതാക്കണം. അറിയാതെ റിക്വസ്റ്റ് അയച്ചതിന് ഒരു ചമ്മിയ ചിരി അങ്ങോട്ട് വച്ചുകൊടുത്തു. 


"എന്റെ പേര് സന, നിങ്ങടെ ഫോട്ടോസ് ഒക്കെ അടിപൊളി ആട്ടോ. ഞാൻ കരുതി വൈകീട്ട് ഞാൻ ക്ലാസ് കഴിഞ്ഞ് പോകുമ്പോ നിങ്ങൾ ഇവിടെ നിൽക്കാറുണ്ടല്ലോ, അപ്പൊ അങ്ങനെ കണ്ടിട്ട് അയച്ചതാകും റിക്വസ്റ്റ് എന്ന്." എന്ത് മറുപടി പറയണം എന്നറിയാതെ വീണ്ടും ചിരിയിൽ ഞാൻ ഒതുങ്ങി. " എന്നാൽ ഞാൻ പോവട്ടെ. ഇനി പേര് ഓർമയുണ്ടാകുമല്ല, ല്ലേ? സന സതീഷ്. അവൾ പോകാൻ നേരം വെറുതെ ചോദിച്ചതാണോ എന്നറിയില്ല, " ഒരു ചായ കുടിക്കുന്നോ?" കേട്ട പാതി കേൾക്കാത്ത പാതി കട്ടൻ മതി എന്ന് ഞാനും. "

അങ്ങനെ ആ മഴയത്ത് എനിക്ക് കട്ടഞ്ചായയും വാങ്ങി തന്നു അവൾ വീട്ടിലേക്ക് പോയി.


റൂമിലേക്ക് എത്തിയപാടെ ആദ്യം ഫോൺ എടുത്ത് തിരഞ്ഞു നോക്കി. സന സതീഷ്. എന്തോ. അങ്ങനെ ഒരാളെ കാണാനെയില്ല. വൈകുന്നേരങ്ങളിൽ ആ മുഖത്തിനായി ഞാൻ ഇടയ്ക്കിടെ തിരഞ്ഞു കൊണ്ടേയിരുന്നു. പതിയെ ആ മുഖം മായാതെ എന്റെ വാളിലേക്ക് പതിഞ്ഞു. 70 വീണ്ടും 75 ആയി, ക്യാമ്പസ് ജീവിതം 3 മാസവും കൂടെ ബാക്കിയായി. സന സതീഷ് ഇന്നും ഓരോ കട്ടഞ്ചായയിലും മിന്നിമായുന്നു.


ചായ കഥ ( അവളുടെ കഥ ) തുടരും...


Rate this content
Log in

Similar malayalam story from Comedy