മൂവന്തി
മൂവന്തി
" ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍ തേടിയ പ്രിയ സാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ '"
പാറിയകലുന്ന മുടിയിഴകളെ വകഞ്ഞൊതുക്കി പൂഴിമണലിൽ കാൽ പതിപ്പിച്ചു ആ സിമന്റ് ബെഞ്ചിന് ഓരം ചേർന്ന് ഞാനിരുന്നു... ഹെഡ് സെറ്റിലൂടെ ഇപ്പോളും എന്റെ പ്രിയപ്പെട്ടവന്റെ സ്വരം കർണ്ണപടങ്ങളിൽ ഒഴുകുന്നുണ്ട്...
ദൂരെ പകലെന്‍ ആഴിയുടെ മടിത്തട്ടിൽ ഒളിക്കാൻ തിരക്ക് കൂട്ടുന്നുണ്ട്... മേഘപാളികളിൽ എല്ലാം മൂവന്തിച്ചുവപ്പ് പടർന്നിരിക്കുന്നു...
കൂടണയാനായി പറന്നു പോവുന്ന പക്ഷിക്കൂട്ടങ്ങളിൽ നിന്നും കണ്ണെടുത്തപ്പോളാണ് ഞാനവനെ വീണ്ടും കണ്ടത്...
ഓരോ നോട്ടത്തിലും ഭാവത്തിലും എന്നിൽ പ്രണയം നിറച്ചവൻ...
ചുണ്ടിൽ ഒരു മൃദുമന്ദഹാസത്തോടെ കണ്ണിൽ അലതല്ലുന്ന പ്രണയത്തോടെ എന്നിൽ വസന്തം തീർത്തവൻ...
എന്റെ സാം.... സമന്യു...
ഋതുകൾ പലതും മാറിമറഞ്ഞിരുന്നു. വർഷങ്ങളുടെ കടന്നാക്രമണത്തിൽ അവനിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ഞാൻ കൊതിയോടെ നോക്കി. നീട്ടിവളർത്തിയ മുടിയെല്ലാം വെട്ടിയൊതുക്കിയിട്ടുണ്ട്...ആ അലസഭാവത്തിൽ നിന്ന് ഒരു പക്വതയൊക്കെ വന്നിട്ടുണ്ട് അവന്... അവന്റെ മാതളപഴം പോലെ ചുവന്ന ചുണ്ടിനു മുകളിൽ വളർന്നു നിൽക്കുന്ന കറുത്തകട്ടിയുള്ള മീശയ്ക്ക് ഒരു എടുപ്പൊക്കെ തോന്നിക്കുന്നുണ്ട്.
ഒരായിരം കഥകൾ പറയുന്ന ഓരോ നോട്ടത്തിലും എന്നെ ഉലച്ചു കളയുന്ന ആ ചെമ്പൻ മിഴികൾക്ക് മുൻപിൽ കറുപ്പും വെള്ളിയും കാലുകൾ ഉള്ള കണ്ണട സ്ഥാനം പിടിച്ചിട്ടുണ്ട്... ഇപ്പോളും മാറ്റമില്ലാത്തതായി കാണുന്ന അവന്റെ കട്ടിപുരികങ്ങൾ ആ മുഖത്തെ അലങ്കരിക്കുന്നുണ്ട്...
ഇന്നിന്റെ അവനിലെ മാറ്റങ്ങളെ എന്റെ കണ്ണുകൾ വീക്ഷിക്കുമ്പോഴും ഓർമ്മകളുടെ മലവെള്ളപ്പാച്ചിൽ എന്നെ കൊണ്ടെത്തിച്ചത് ഞങ്ങളുടെ കോളേജ്കാലഘട്ടത്തിലേക്കായിരുന്നു. കൊൽക്കത്തയിലെ പ്രശസ്തമായ ജദവ്പുര്‍ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ ആയിരുന്നു ഞങ്ങൾ ഇരുവരും.അവനെ ആദ്യമായി ഞാൻ ശ്രെദ്ധിച്ചു തുടങ്ങിയത് എന്ന് മുതലാണെന്ന് ഓർമയില്ല...
അവനെ കാണുന്ന മാത്രയിൽ എല്ലാം ഞാൻ അത്രയും കൗതുകത്തോടെ നോക്കിയിരുന്നത് അവന്റെ കണ്ഠമുഴയുടെ ചലനത്തിൽ ആയിരുന്നു.. അവൻ മിടയിറക്കുമ്പോളും സംസാരിക്കുമ്പോഴും ഉയർന്നു താഴുന്ന അവന്റെ കണ്ഠമുഴ എന്നുമെനിക്ക് ഒരു അത്ഭുതം ആയിരുന്നു...
ഞാനിപ്പോഴും ഓർക്കുന്നു ആദ്യം അപരിചിതത്തിന്റെ ചങ്ങലപൊട്ടിച്ചു എന്നോട് സംസാരിച്ചു തുടങ്ങിയത് അവൻ തന്നെ ആയിരുന്നു.. പുസ്തകങ്ങൾ മാത്രം ഉള്ള എന്റെ ലോകത്തേക്ക് എത്രപെട്ടന്നാണ് അവനും അവന്റെ സ്വരവും ഇടിച്ചുകയറിയത്... എന്നായിരുന്നു എന്നിലെ സൗഹൃദത്തിൽ പ്രണയത്തിന്റെ വേരുകൾ മുളച്ചത്... അവന്റെ ഓരോ നോട്ടത്തിനും എന്നെ ഉലച്ചുകളയാൻ തക്ക ശക്തിയുള്ളതായിരുന്നു... എന്റെ കണ്ണിലെ പ്രണയം അവനിൽ നിന്നു ഞാൻ ഒളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും എന്റെ ചലനങ്ങളിൽ, അടുത്തുവരുമ്പോഴുള്ള പതർച്ചയിൽ താളം തെറ്റുന്ന ഹൃദയമിടിപ്പിൽ നിന്ന് അവൻ അത് മനസിലാക്കിയിട്ടുണ്ടാവാം. നല്ല അഭിനേതാക്കൾ ആയിരുന്നു ഞാനും അവനും..എന്റെ പ്രണയം അവനിൽ നിന്ന് ഒളിപ്പിക്കാൻ ഞാനും അത് മനസ്സിൽ ആക്കിയിട്ടും ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ എന്റെ സാമും... ഞങ്ങൾക്കിടയിലെ ഈ ഒളിച്ചുകളി അവസാനിപ്പിക്കാനും അവനായിരുന്നു മുൻകൈ എടുത്തത് എന്നത് മറ്റൊരു സത്യം...
ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഹൗറ ബ്രിഡ്ജിലെ അവനോടൊത്തുള്ള ആ രാവ് എന്നും എന്റെ ഉള്ളിൽ മഞ്ഞുപെയ്യിക്കും. ഹൂഗ്ലീ നദിയെയും മാനത്തെ താരകങ്ങളെയും ആ രാവിനെയും സാക്ഷിയാക്കി അവൻ എന്നോട് പ്രണയം പറഞ്ഞ ദിവസം അതെന്നെ കൊണ്ടെത്തിച്ചആഹ്ളാദം എത്രയാണെന്ന് പറയാനുള്ള വാക്കുകൾ ഇല്ല എന്നുള്ളതാണ് സത്യം.
സൗഹൃദത്തിന്റെ അകത്തട്ടിൽ ഞാൻ സൂക്ഷിച്ച എന്റെ പ്രണയം ഒരു മതിലുകളും ഇല്ലാതെ അവനിലേക്ക് എത്താൻ അവനും ആഗ്രഹിച്ചിരുന്നു എന്ന സത്യം അറിഞ്ഞപ്പോൾ അവനോട് സമ്മതം മൂളാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.അവന്റെ രോമരാജികൾ നിറഞ്ഞ വിരിമാറിൽ നാണം കൊണ്ട് ഞാൻ മുഖമൊളിപ്പിക്കുമ്പോൾ അവന്റെ സന്തോഷം പ്രകടിപ്പിച്ചത് എന്റെ നെറ്റിയിൽ അമർന്ന അവന്റെ ചുണ്ടിലെ തണുപ്പായിട്ടായിരുന്നു. വജ്രത്തിന്റെ തിളക്കവും ദൃഢതയും ഉണ്ടായിരുന്നു ഞങ്ങളുടെ പ്രണയത്തിന്... ഇണക്കങ്ങളും പിണക്കങ്ങളുമായി മൂന്നുവർഷം മൂന്ന് യുഗം പോലെ പരസ്പരം സ്നേഹിച്ചും അന്യോന്യം മനസിലാക്കിയും ജാഥവ്പുർ ക്യാമ്പസും പിന്നിട്ടു കൊൽക്കത്തയുടെ ആത്മാവിൽ അലിഞ്ഞു ഞങ്ങളുടെ പ്രണയരഥം യാത്രതുടർന്നുകൊണ്ടേയിരുന്നു.
-------------------------------------------------
" മലരേ.. മൗനമാ...
മൗനമേ.. വേദമാ...
മലർകൾ... പേശുമാ..
പേസിനാൽ ഓയുമാ അൻപേ
മലരേ.. മൗനമാ...
മൗനമേ.. വേദമാ..."
"എങ്ങനെ ഉണ്ട് " ഒറ്റപിരികം ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.. എന്നും എന്നെ പിടിച്ചുലക്കുന്ന അവന്റെ മധുരമാം ശബ്‌ദത്തിൽ എനിക്കായ് അവൻ പാടിതീർത്ത പാട്ടുകളിൽ ഒരെണ്ണം കൂടി. എന്തോ വല്ലാത്ത ഇഷ്ടമാണ് എനിക്കവന്റെ ശബ്‌ദം... ഏതൊരു പിരിമുറുക്കത്തിലും പെട്ട് മനസ് ഉലയുമ്പോഴും അവന്റെ സംഗീതം ഹൃദയത്തിൽ ആശ്വാസം നിറയ്ക്കും. കോഴ്സ് കഴിഞ്ഞു നാട്ടിലേക്ക് പോവുന്നതിന് മുൻപ് ഒന്നിച്ചൊരു യാത്ര പോവണം ഒരു സായാഹ്നം ഒന്നിച്ച് ചിലവഴിക്കണം എന്ന എന്റെ ആഗ്രഹത്തിന് അവൻ കുടപ്പിടിച്ചപ്പോൾ എന്നെന്നും ഓർമ്മയിൽ ഓളം തല്ലുന്ന ഒന്നായി മാറി ഞങ്ങളുടെ കന്യാകുമാരി യാത്ര.
" ഈ ലോകത്ത് എന്തിനെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു സാം " അലതല്ലുന്ന കടലിലേക്ക് നോക്കി പൂഴിമണലിൽ ഇരിക്കുന്നവന്റെ തോളിലേക്ക് ചാഞ്ഞ് ആ കാതോരം ഞാൻ മൊഴിഞ്ഞ നിമിഷം അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞ വശ്യതയുള്ള ഇളം ചിരി എന്നിലേക്ക് പകർന്നിരുന്നു. ആ നിമിഷം അവന്റെ കണ്ണുകളിൽ നിറഞ്ഞ പ്രണയം കാണാൻ എന്തൊരു ഭംഗിയായിരുന്നു... മിഴി ചിമ്മാതെ ഞാനത് നോക്കി നിന്നു. തമാശക്ക് എന്നോ പറഞ്ഞതാണ് ഞാൻ അവനോട് ഒരിക്കലെങ്കിലും കുങ്കുമചുവപ്പുള്ള ഒരു സായാഹ്നത്തിൽ കന്യാകുമാരിയിൽ ഒന്നിച്ചു ഒരു സൂര്യാസ്തമയം കാണണം എന്നത്... അവൻ അത് ഓർത്തുവെച്ചു സാധിച്ചു തരുമ്പോൾ ഉള്ളിൽ നുരപൊങ്ങുന്ന സന്തോഷം എങ്ങനെ പ്രകടമാക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
കടൽ കാറ്റേറ്റ് അവന്റെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ കൈ കൊണ്ട് ഞാൻ മാടി ഒതുക്കാൻ ശ്രമിക്കുമ്പോൾ ഓരോ തവണയും അവ എന്നെ പരാജയപ്പെടുത്തി മുന്നേറി കൊണ്ടിരുന്നു. എന്റെ കാട്ടികൂട്ടലുകളിൽ അവൻ സ്വയം മറന്നു ചിരിക്കുമ്പോൾ ഞാൻ അവനെ കണ്ണുരുട്ടി നോക്കി.. വാ പൊത്തി ഇനി ചിരിക്കില്ല എന്ന രീതിയിൽ ചുണ്ടിനു കുറുകെ കൈ വെച്ച് അവൻ ഇരിക്കുമ്പോൾ എനിക്ക് അന്നേരം അവനിൽ കാണാൻ കഴിഞ്ഞത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു. എന്നിരുന്നാലും എന്നെ കളിയാക്കി ചിരിച്ച അവനിട്ടു ഒരു പണി കൊടുക്കാൻ കള്ളപിണക്കം അഭിനയിച്ചു ഞാൻ തിരിഞ്ഞിരിക്കുമ്പോൾ വലം കൈയ്യാൽ എന്നെ ആ ആണുടലിലേക്ക് ചേർത്തുപിടിച്ചു അവൻ.. കുതറിമാറാൻ ശ്രമിച്ച എന്റെ കവിളിൽ അവന്റെ ചുണ്ടൊന്നുരസി കടന്നുപോയി.. അത് മതിയായിരുന്നു എന്റെ പിണക്കം മാറാൻ. മൂവന്തിച്ചുവപ്പിനെക്കാൾ അരുണിമ ഇപ്പോൾ എന്റെ കവിളിൽ ഉണ്ടെന്നു അവൻ പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞ നാണത്തിൽ കുതിർന്ന പുഞ്ചിരിയെ ചുണ്ടുകൾക്ക് ഇടയിൽ തന്നെ ഞാൻ അടക്കിനിർത്തി . അവന്റെ വലം കൈ എന്നെ വിടാതെ ചേർത്ത് പിടിക്കുമ്പോളും ഇടം കൈ എന്റെ മുടിയിഴകളെ വകഞ്ഞൊതുക്കി കൊണ്ടിരുന്നു.. പ്രിയപ്പെട്ടവന്റെ തോളോട് ചേർന്ന് പ്രണയം അലതല്ലുന്ന ഹൃദയത്തോടെ ആ സൂര്യസ്തമയം ഞാൻ എന്റെ മിഴികളിൽ നിറച്ചു ഒരുപാട് പുലരികളും ഒരുപാട് അസ്തമയങ്ങളും ഒന്നിച്ചു അവനോടൊത്ത് കാണണം എന്ന ആഗ്രഹവും പേറി.
"നമ്മുക്ക് ഒന്ന് കറങ്ങിയാലോ? " ചുവപ്പായ ആകാശത്തേക്ക് നോക്കി ഞാൻ ചോദിച്ചു.
"ഊം "
പതിയെ ഞാൻ ആ മണൽപരപ്പിൽ നിന്നും എഴുന്നേറ്റു കൂടെ അവനും. പരസ്പരം വിരൽ കോർത്തു കന്യാകുമാരിയുടെ മണ്ണിലൂടെ നടക്കുമ്പോൾ എന്റെ ഭ്രാന്തൻ ചിന്തകൾക്ക് എന്നത്തേയും പോലെ അവൻ നല്ല കേൾവിക്കാരൻ ആയി.
അതും ഒരു ഭാഗ്യമാണ് നമുക്ക് പറയാൻ ഉള്ളത് കേൾക്കാൻ ഒരാൾ ഉണ്ടാവുന്നത്.
വഴിയരികിലെ കരിക്ക് വിൽപ്പനക്കാരനിൽ നിന്നും ഇളനീർ വാങ്ങി കുടിക്കുമ്പോൾ അതിന്റെ തണുപ്പ് ഉള്ളകങ്ങളിലും നിറഞ്ഞു. തൊട്ടടുത്തുള്ളവൻ സ്ട്രോ മാറ്റി ഇളനീർ മൊത്തി കുടിക്കുന്നതിലേക്ക് എന്റെ നോട്ടം പാറി വീണു. ഇളനീർ തുള്ളികൾ ഇറങ്ങി പോകുബോൾ ഉള്ള അവന്റെ കണ്ഠമുഴയുടെ ഉയർച്ചതാഴ്ചകളെ ഞാൻ കൊതിയോടെ നോക്കി. അടക്കിനിർത്താൻ പറ്റാത്ത അഭിനിവേശം തോന്നുന്നു.ചുറ്റുമുള്ളവരെ ഇടം കണ്ണാൽ വീക്ഷിച്ചു ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി. അവനെ ഞാൻ എന്റെ നേരെ തിരിച്ചു നിർത്തി.കാലിന്റെ പെരുവിരൽ നിലത്ത് ഊന്നി അവന്റെ കണ്ഠമുഴയിൽ ഞാൻ ചുണ്ടുകൾ മൃദുവായി അമർത്തി... ആ നിമിഷം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഉള്ളിലെ പിടപ്പ് അങ്ങനെ അവസാനിപ്പിച്ചില്ല എങ്കിൽ ഞാൻ ശ്വാസം തിങ്ങി പിടഞ്ഞേനേ......
അപ്രതീക്ഷിതമായി കിട്ടിയ മുത്തത്തിൽ അവനും ഒന്ന് ഞെട്ടിയിരുന്നു.. അവന്റെ ഞെട്ടൽ പിന്നെ നറുമന്ദഹാസമായി മാറി.
അവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പതറിപോയിരുന്നു ഞാൻ ആ നോട്ടത്തിൽ. ഒരു ആവേശത്തിന്റെ പുറത്ത് ചെയ്തതാ.. എന്തോ ജാള്യത തോന്നുന്നു ഇപ്പോൾ..
"ചമ്മണ്ട.. ഒന്നുമില്ലെങ്കിലും നിന്റെ ഭാവി കെട്ടിയോന് അല്ലെ ഞാൻ.."
" ആണോ ഞാൻ അറിഞ്ഞില്ല ട്ടോ... " ചുണ്ടുകോട്ടി അവന് ഞാൻ മറുപടി കൊടുത്തു.
എന്റെ ചമ്മൽ മാറ്റാൻ അവൻ മനഃപൂർവം പറഞ്ഞത് ആയിരുന്നു അത്.
കരിക്ക് വില്പനക്കാരന് പണം കൊടുത്തു കന്യാകുമാരിയുടെ മണ്ണിലൂടെ ഞങ്ങൾ നടന്നു. രാവ് വെളുക്കുവോളം ഭാവിയെ പറ്റി യാത്രകളെ പറ്റി സ്വപ്നങ്ങളെ കുറിച്ച് അങ്ങനെ ഒരുപാടൊരുപാട് സംസാരിച്ചുകൊണ്ട് പുതിയൊരു പുലരിയെ ഞങ്ങൾ ഒന്നിച്ച് വരവേറ്റു. കന്യാകുമാരിയിലെ സൂര്യോദയവും കണ്ടിട്ടാണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചത്.
" ഇനി എന്നാ ഇതുപോലെ ഒന്നിച്ച് സാം " അത് ചോദിക്കുമ്പോൾ കണ്ണുകളിൽ നിന്ന് ഇറ്റ് വീഴാനായി മിഴിനീർകണങ്ങൾ രൂപം കൊണ്ടിരുന്നു.
" നിനക്ക് കാണാൻ തോന്നുമ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാവും ഇന്ദു.."
എന്റെ മിഴിനീർകണങ്ങൾ വലം കൈയാൽ തുടച്ചുകൊണ്ട് അവൻ പറഞ്ഞു
" എന്നെ മറക്കുമോ സാം "
" ഇന്ദുലേഖയെ മറകുകയെന്നാൽ സമന്യുവിന്റെ മരണമാണ് അത്.. "
" ഇങ്ങനെ ഒന്നും പറയല്ലേ സാം "
അവന്റെ നെഞ്ചിലേക്ക് മുഖമാമർത്തി വിരഹവേദന ഉള്ളിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ അറിയുന്നുണ്ടായിരുന്നു ഞാനും എതിരെ നിൽക്കുന്നവന്റെ ഉള്ളം വിങ്ങുന്നത്.
അൽപ്പനേരം അങ്ങനെ നിന്നതിനു ശേഷം അവൻ അകന്നു മാറി പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് പുറത്തെടുത്തു. അതിൽ നിന്നും ഒരു മെമ്മറി കാർഡ് നീട്ടി.
" ഇന്ദു ഇതിൽ നിനക്ക് വേണ്ടി ഞാൻ പാടിയ പാട്ടുകൾ ആണ്.. നിനക്ക് എന്നെ മിസ് ചെയ്യുമ്പോൾ ഇതാ ഇതിലെ പാട്ടുകൾ കേട്ടാൽ മതി.. നീ ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ ഒരു ശബ്ദമായി നിനക്ക് അരികിൽ ഞാൻ ഉണ്ടാവും "
അവൻ എനിക്ക് വെച്ചുനീട്ടിയ ആ മെമ്മറികാർഡ് ഞാൻ വാങ്ങി അപ്പോൾ തന്നെ എന്റെ ഫോണിൽ ഇട്ടു.
അവനെ പിരിഞ്ഞിരിക്കാൻ വയ്യ.. പക്ഷെ ഈ വിരഹം അനിവാര്യമാണ്..
" പോവട്ടെ.. "
"ഊം " ഒന്ന് മൂളാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
അവൻ രണ്ടുകൈകൾ കൊണ്ടും എന്റെ മുഖം കോരിയെടുത്തു നെറ്റിയിൽ മൃദുവായി മുത്തി. ബാഗ്പാക്കും തൂക്കി എന്നിൽ നിന്നും നടന്നകന്നു.
അറിഞ്ഞിരുന്നില്ല ഞാൻ ആ നിമിഷം ഇത് ഒരു ശിശിരത്തിന്റെ തുടക്കമാണെന്ന്.. ഇനി ഒരു വസന്തം ഞങ്ങൾക്ക് അന്യമാണെന്ന്..
ഋതുക്കൾ മാറിമറിഞ്ഞെങ്കിലും അകലങ്ങളിൽ ഇരുന്നും ഞങ്ങൾ സ്നേഹിച്ചു. ഒറ്റക്കാവുന്ന വേളകളിൽ അവന്റെ സംഗീതം എനിക്ക് സ്വാന്തനമായി .
എനിക്കായ് അവൻ മൊഴിഞ്ഞ വാക്കുകൾ എന്നിലെ പ്രതീക്ഷയായി... രാവേറെ നീളുന്ന സംഭാഷണങ്ങൾ എനിക്ക് ഊർജ്ജമായ് .. ഫോണിൽ തെളിയുന്ന നീല വരകൾ എന്റെ സന്തോഷത്തിന്റെ താക്കോൽ ആയി...
അത്രമേൽ സ്നേഹിച്ചിരുന്നു ഞങ്ങൾ ഇരുവരും.. കണ്ണകന്നാൽ മനസ് അകലും പറയുന്നത് വെറുതെയാണ് പൂച്ഛിച്ചു തള്ളിയ ദിവസങ്ങൾ... പിന്നെ എന്നായിരുന്നു നമ്മൾ എന്നതിൽ നിന്നും ഞാനും നീയുമായി മാറിയത്. ഒരു വിവാഹലോചനയുടെ രൂപത്തിൽ വിധി എന്റെ മുൻപിൽ ക്രൂരത കാണിച്ചപ്പോൾ നിന്നോട് എനിക്ക് ഉള്ള ഇഷ്ടം പറയേണ്ടി വന്നു എല്ലാവരോടും.. ജാതിയുടെയും പണത്തിന്റെയും വേലികെട്ടുകൾ മതിൽ തീർത്തപ്പോൾ ആരും അറിയാതെ പോയി
ചെങ്കല്ലിനുമേൽ ചെങ്കൽ വെച്ച് ഞങ്ങൾ പണിത ഞങ്ങളുടെ ആത്മബന്ധത്തെ . അത്രയും വിലക്കുകൾക്ക് ഇടയിലും അവനെ ഒന്ന് കാണാൻ ഞാൻ ഓടിവന്നചെന്നപ്പോൾ എനിക്ക് മുൻപിൽ ഒരു ജീവിതം വെച്ച് നീട്ടി അവൻ.. അവനൊരാൾക്ക് വേണ്ടി ഇന്നുവരെ എന്റെ സ്വന്തമായത് എല്ലാം ഉപേക്ഷിച്ചു ഒരു ജീവിതം. ഒരുപാട് പേരെ കണ്ണീർകുടിപ്പിച്ചു ജനിപ്പിച്ചു എന്ന കുറ്റത്താൽ മാതാപിതാക്കളെ തലതാഴ്ത്തിച്ചു ഒരു ജീവിതം... എന്തോ സ്വീകരിക്കാൻ തോന്നിയില്ല.. പ്രാണനാണ് അവൻ പക്ഷെ മറുപുറം എനിക്ക് ജീവൻ നൽകിയവർ ആണ്.. ആരെ തള്ളണം ആരെ കൊള്ളണം എന്ന ചോദ്യത്തിന് മുൻപിൽ പതറി പോയി ഞാൻ ഒരു നിമിഷം.. മുൻപിൽ നിൽക്കുന്നവൻ ഈ ജീവിതം മുഴുവൻ ജീവിച്ചു തീർക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നവൻ ആണ്..
ഇവിടെ തീരുമാനം എന്റേത് ആണ്.. ഒരുപാട് സ്വപ്നങ്ങൾ പങ്കുവെച്ചവർ ആണ്.. ഒരുപാട് കാലം ഒന്നിച്ചു ജീവിക്കണം ആഗ്രഹിച്ചവർ.. അവനെ മറന്നൊരു ജീവിതം ഇനി എനിക്ക് ഇല്ല.. എന്റെ മറുപടി അറിയാൻ അത്രമേൽ ആകാംഷയോടെ നോക്കുന്നവനോട് ഞാൻ എന്ത് പറയും..
" സാം.. ഇഷ്ടമാണ് നിന്നെ ഒരുപാട് ഒരുപാട്.. നീയില്ലായ്മ എനിക്ക് ചിന്തിക്കാൻ കഴിയില്ല . പക്ഷെ പണ്ടാരോ പറഞ്ഞത് പോലെ നിന്നെ സ്നേഹിക്കുന്നവർക്ക് നിന്നെയും എന്നെ സ്നേഹിക്കുന്നവർക്ക് എന്നെയും നഷ്ടപ്പെടാതിരിക്കാൻ നമ്മുക്ക് നമ്മളെ നഷ്ടപ്പെടുത്താം.. "
" ഇന്ദു...... "
അതൊരു അലർച്ചയായിരുന്നു.. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം കേട്ടപ്പോൾ ഹൃദയം വിങ്ങി അവന്റെ നാവ് ഉച്ചരിച്ചത്..
" അതെ സാം.. ഇതാണ് എന്റെ തീരുമാനം.. ഇങ്ങനെ വേദനിക്കാൻ ആയി കണ്ടുമുട്ടേണ്ടിയിരുന്നില്ല അല്ലെ സാം.. നമ്മൾ തമ്മിൽ കാണാതെ ഇരുന്നെങ്കിൽ ഇത്രമേൽ അടുക്കാതെ ഇരുന്നെങ്കിൽ ഈ നിമിഷം ഞാൻ ആശിച്ചു പോവുകയാണ്.. "
" എന്തിനാ ഇന്ദു എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത്.. ഇതിലും നല്ലത് നീ എന്നെ കൊല്ലുന്നത് ആയിരുന്നു.. "
"ഓരോ പ്രഭാതത്തിലും എന്റെ ശ്വാസത്തിന്റെ താളം പതിഞ്ഞുണരണം എന്ന് പറഞ്ഞവൾ അല്ലെ നീ.. എന്റെ ചുണ്ടുകൾ വിശ്രമമില്ലാതെ നിന്നെ ചുംബിക്കണം ആഗ്രഹിച്ചവൾ അല്ലെ നീ.. ആ നിനക്ക് എങ്ങനെയാണ് ഇന്ദു എന്നെ വേണ്ടവെക്കാൻ കഴിയുന്നത്.."
വാക്കുകൾ കൊണ്ട് അറത്തുമാറ്റാനെ പറ്റു, നീ എന്നും എന്നിൽ ഉണ്ടാവും ഞാൻ മൗനമായി മൊഴിഞ്ഞു..
ഒത്തൊരുപുരുഷൻ എന്റെ മുൻപിൽ നിന്നു ഹൃദയം തകർന്നു കണ്ണീർ വാർക്കുമ്പോൾ ആ മിഴിനീർ ഒപ്പണം എന്നുണ്ട്.. അതിന് ഈ കൈകൾക്ക് ബലം പോരാ.. മനസിന് ഉറപ്പും. എന്റെ മൗനം അവനെ കൂടുതൽ വേദനിപ്പിച്ചിട്ടുണ്ടാം..
" നീ നിന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ് അല്ലെ.. വേണ്ട അത് മാറ്റേണ്ട.. അങ്ങനെ തന്നെ ഇരുന്നോട്ടെ.. പിരിയാൻ ആയിരുന്നു എങ്കിൽ എന്തിന് എന്നെ സ്നേഹിച്ചു നീ.. " സാമിന്റെ ചങ്കുതകർന്നുള്ള ചോദ്യത്തിന് മുൻപിൽ സ്വയം നഷ്ടപ്പെട്ടുപോയിരുന്നു
ആർത്തലച്ചു അവനെ പുണർന്നു കരയുമ്പോളും വാക്കുകൾ പെറുക്കി കൂട്ടി അവനുള്ള ഉത്തരം ഞാൻ നൽകിയിരുന്നു.
"പിരിയാൻ വേണ്ടിയല്ല നിന്നെ ഞാൻ സ്നേഹിച്ചത് സാം.. എന്നും എന്റേത് എന്ന് പറഞ്ഞു ചേർത്തുനിർത്താൻ വേണ്ടിതന്നെയാണ്.. ബന്ധങ്ങൾ ബന്ധനങ്ങൾ ആണ് സാം.. നമ്മളെ ഒന്നിപ്പിച്ച വിധി തന്നെയാണ് ഇന്ന് നമ്മളെ പിരിക്കുന്നതും "
"അടങ്ങാത്ത ജ്വലിക്കുന്ന പ്രണയം ആണ് പെണ്ണെ നിന്നോട് തോന്നുന്നത്.. ഞാനായിട്ടല്ല നമ്മളായിട്ടാണ് ഞാൻ എന്നിൽ നിന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് അത് എന്നും അങ്ങനെ തന്നെയായിരിക്കും. നിന്റെ ഒരു ചെറിയ ശ്വാസം പോലും എന്റെ കൂടെ ഇല്ലെങ്കിൽ ഞാനില്ലെന്ന് എനിക്ക് ഉറപ്പാണ്.നിന്നെ എന്നിൽ നിന്നും നഷ്ടമായാൽ ചത്ത മനസുമായിട്ടായിരിക്കും ഞാൻ ജീവിക്കുന്നത്..നീ പറഞ്ഞ പോലെ ആർക്കൊക്കെയോ വേണ്ടി നമ്മുക്ക് നമ്മളെ നഷ്ടപ്പെടുത്താം.. "
കണ്ണുനീർ ഉപ്പുകലർന്ന ചുംബനം എന്റെ നെറ്റിയിൽ ഏകി അവൻ.ഹൃദയം മുറിഞ്ഞ അവന്റെ ചിരി എന്റെ ഉള്ളിലേക്ക് ആണ് ആഴ്ന്നിറങ്ങിയത്. ഒന്നും പറയാതെ തിരിഞ്ഞു നോക്കാതെ അവൻ നടന്നകന്നു എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി.
പിന്നീട് ഒരു വാശി ആയിരുന്നു എല്ലാവരോടും എല്ലാത്തിനോടും..
" ഏയ് എന്താ ഇങ്ങനെ കരയുന്നെ.. "
ആരുടെയോ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്.. മുൻപിൽ നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇത്രയും നേരം കരയുകയാണ് അറിഞ്ഞത്.. ഇത്ര കാലം ആയിട്ടും എന്റെ കണ്ണുനീർ വറ്റിയില്ല എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി..
" Are you okay "
അയാൾ പോയിട്ടില്ല എന്ന് ഇപ്പോൾ ആണ് ശ്രദ്ധിച്ചേ.
"ഊം "
മൂളലിൽ മറുപടി ഒതുക്കി.. എന്റെ മിഴിനീർ ഞാൻ തുടച്ചു മാറ്റി. അയാൾക്ക് ഒരു പൂഞ്ചിരി നൽകി.വേദനയിൽ കുതിർന്ന പുഞ്ചിരി.
വീണ്ടും എന്റെ നോട്ടം എന്റെ പ്രിയപ്പെട്ടന്റെ നേരെ നീണ്ടു. പൂഴിമണലിനെ ചവിട്ടി മേതിച്ചു അവന്റെ കൈകൾക്ക് ഉള്ളിൽ വിരൽ കോരുത്ത് നടക്കുന്ന ആ പെൺരൂപത്തിൽ എന്റെ കണ്ണുകൾ ഉടക്കി. അവന്റെ ഒരു കൈ ഇടക്ക് ഇടക്ക് ഉന്തി നിൽക്കുന്ന അവളുടെ വയറിനെ താങ്ങിയിരുന്നു. എന്റെ പ്രാണന്റെ പ്രിയപ്പെട്ടവൾ.. എന്തോ ഹൃദയം വിങ്ങുന്നു. ഞാനില്ലാതെ ജീവിതം ഇല്ല പറഞ്ഞവൻ ആണ് ഇന്ന് മറ്റൊരുവൾക്ക് സ്വന്തമായത്. ജീവിതാവസാനം വരെ ഞാൻ കൊരുത്ത് പിടിക്കണം എന്നാഗ്രഹിച്ച കൈകൾ ആണ് ഇന്ന് മറ്റൊരുവളുടെ കൈ പിടിക്കുന്നത്. അവന് ഇന്ന് ഒരു അവകാശി ഉണ്ട്.. ഇനി എന്റെ ഓർമകളിൽ പോലും അവൻ ഉണ്ടാവരുത്. മറക്കണം.. അവനെ മറന്നു ഒരു ജീവിതം എനിക്ക് സാധ്യമാണോ? അറിയില്ല.. അവന്റെ ജീവിതത്തിൽ ഒരു കരടാവരുത്..
ഫോണിൽ നിന്നും അവൻ നൽകിയ മെമ്മറി കാർഡ് ഊരിമാറ്റി.. തീരത്തെ ആവേശത്തോടെ പുണരുന്ന തിരയിലേക്ക് ഞാൻ അത് സമർപ്പിച്ചു. എന്റെ നഷ്ടപ്രണയത്തിന്റെ അടയാളം ആയി ഇനി എനിക്കത് വേണ്ട..
അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഒരുവട്ടം തിരിഞ്ഞു നോക്കി അസ്തമയസുര്യനെ സാക്ഷിയാക്കി അവളുടെ നെറ്റിയിൽ അമരുന്ന അവന്റെ ചുണ്ടുകൾ.. പറയാതെ പറയുന്നുണ്ടായിരുന്നു എന്നോട് അവൾ അവന് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന്. ആ കാഴ്ച നിറഞ്ഞ മിഴികളോടെ ഞാൻ എന്റെ ഉള്ളിൽ നിറച്ചു. ഇനി അവനിലേക്ക് ഒരു തിരിച്ചുപോക്ക് എനിക്ക് അസാധ്യമാണ് എന്ന് ഓർമിച്ചു കൊണ്ട്..

