മൊബൈൽ ഫോൺ
മൊബൈൽ ഫോൺ
പതിവില്ലാതെ അന്ന് നേരത്തെ എണീറ്റു. അടുക്കളയിൽ അമ്മ ദോശ ചുടുന്നുണ്ടായിരുന്നു. ഇന്ന് ഞാൻ ചുടാം എന്ന് പറഞ്ഞു പണി തുടങ്ങി. 'നിനക്ക് ദോശ ചുടാൻ ഒക്കെ അറിയുമോ?' എന്ന് ചേച്ചി. അങ്ങനെ എന്റെ എല്ലാ കഴിവുമെടുത്ത് നല്ല ആഫ്രിക്കയുടെയും അന്റാർട്ടിക്കയുടെയും ഒക്കെ മാപ് ഞാൻ വരച്ചുണ്ടാക്കി ദോശ ചുട്ടു. കഴിക്കാൻ ഇരുന്നപ്പോൾ എനിക്ക് ഇന്ത്യ മതി ആഫ്രിക്ക മതി എന്നൊക്കെ പറഞ് അച്ഛനും അനിയത്തിയും ഒക്കെ എന്റെ കഴിവിനെ അനുമോദിച്ചു.
ഭക്ഷണ ശേഷം പെങ്ങളുടെ മോന്റെ കൂടെ കുറെ നേരം ക്രിക്കറ്റ് കളിച്ചു. അവന്റെ കൂടെ കളിക്കാൻ പ്രത്യേക രസമാണ്. അവനു ഞാൻ ആണ് വിരാട് കോഹ്ലി. എന്റെ ഓരോ ഷോർട്ടും അവൻ അത്ഭുതത്തോടെയാണ് നോക്കി കാണാറ്. ഒട്ടും കുറയ്ക്കാതെ ഞാനും എന്നെ കുറെ പൊക്കും.
അനിയത്തിക്ക് പ്രോജെക്ടിന് വേണ്ടി വെട്ടാനും ഒട്ടിക്കാനും ഒക്കെ കൂടെ കൂടിയപ്പോ ആണ് ഇതൊക്കെ എനിക്ക് ഇത്ര ഇഷ്ടമുള്ള പണി ആണെന്ന് ഞാൻ അറിഞ്ഞത്. കിട്ടിയ അവസരം മുതലെടുത്ത് അവൾ ഏറെ കുറെ എന്നെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു.
അച്ഛന്റെ വണ്ടി നന്നായി തേച്ചു മിനിച്ചു കൊടുത്തു. അച്ഛന്റെ വണ്ടി ഒക്കെ ഓടിച്ച കാലം മറന്നു. പിന്നെ ഒന്നും നോക്കീല അതുമായി കറങ്ങാൻ ഒരുങ്ങി. വരുമ്പോ എന്റെ വക ബിരിയാണി എന്ന് പറഞ്ഞു പാർസൽ വാങ്ങി.
വൈകിട്ട് അച്ഛന്റെ സുഹൃത്തുക്കളൊക്കെ ഉണ്ടായിരുന്നു ചായക്ക്. പണ്ടത്തെ കഥകൾ പറഞ്ഞു പറഞ്ഞു അവർക്കൊന്നും ഒരു മടുപ്പും വരുന്നില്ല. കേട്ട കഥകൾ ആണെങ്കിലും അവരുടെ സന്തോഷം കണ്ട് ഇരുന്നു പോയി. നാരായണേട്ടന്റെ വീട് കുറച് പോകാൻ ഉണ്ട്. രാത്രി ആയോണ്ട് ഞാൻ തന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞു വണ്ടിയെടുത്തു.
'അച്ഛനിപ്പോൾ പ്രായമായി വരാണ്, രാത്രിയൊന്നും അച്ഛനെ തനിയെ വിടരുത്' എന്ന ഉപദേശവും പോകുന്ന വഴിയിൽ തരാൻ മൂപ്പരു മറന്നില്ല.
വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സന്ധ്യയായി. ഭക്ഷണം കഴിക്കാൻ എല്ലാരും എന്നെ കാത്തിരിക്കുകയായിരുന്നു. പിറ്റേന്ന് സ്കൂളും ജോലിയും ഒക്കെ ഉണ്ടായത് കൊണ്ട് ഞായറാഴ്ച എല്ലാരും നേരത്തെ കിടക്കും.
കിടന്നപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. കാലങ്ങൾക്ക് ശേഷം നല്ലൊരു ഞായറാഴ്ച കിട്ടിയത് പോലെയുള്ള അനുഭവം. കുടുംബമെന്ന സ്നേഹവും വീടെന്ന സ്വർഗവും ആസ്വദിച്ച നിമിഷങ്ങൾ. കണ്ണ് പൂട്ടി അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് ഓർമ വന്നത്
ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ടു കണ്ടു സ്വിച്ച് ഓഫ് ആയ മൊബൈൽ ഫോൺ, ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു.
