ഭാസ്കറും ഭാസ്കരേട്ടനും
ഭാസ്കറും ഭാസ്കരേട്ടനും


ബ്ലാങ്കെറ്റിൽ നിന്നും കാലൊന്ന് പുറത്തായപ്പോൾ ഭാസ്കർ എഴുന്നേറ്റു. പുറത്തു നല്ല തണുപ്പ്. മഴ അതിന്റെ ഏറ്റവും തീവ്രതയിൽ പെയ്തു കൊണ്ടേയിരിക്കുന്നു. മൂടി പുതച്ചു കിടക്കാൻ നല്ല സുഖം.
''ഇന്ന് ഇനി ജോലിക്കൊന്നും പോണ്ട നാളെ പോവാം''. അയാൾ തന്നോടായി തന്നെ പറഞ്ഞു.
സമയം ഏഴു മണിയായി. വെയിലിന്റെ ഒരു രശ്മി പോലും പതിക്കാത്തതിനാൽ വീട്ടിൽ എല്ലാരും നല്ല ഉറക്കമാണ്. റൂമിലെ ലൈറ്റ് ഓൺ ആക്കി. മഴയുടെ ഭംഗി ആസ്വദിക്കുവാൻ വേണ്ടി പെട്ടെന്ന് തന്നെ പ്രഭാത കർമങ്ങൾ ഒക്കെ തീർത്തു. വേഗം പോയി ഒരു ചായ ഉണ്ടാക്കി.
ചൂടുള്ള ചായയുമായി ബാൽക്കണിയിൽ പോയി ഇരുന്നു. ചായയുടെ ഓരോ സിപ്പും ഭാസ്കർ ആസ്വദിച്ചു കുടിച്ചു. അല്ലാത്ത ദിവസം ഒന്നും ചായ കുടിക്കാറില്ല.
"മഴയും ചായയും തമ്മിൽ പ്രത്യേക ആത്മ ബന്ധമാണ്. ഓരോ തുള്ളിയും മണ്ണിനെ പോലെ നമ്മളെയും തണുപ്പിക്കുന്നു. നമ്മിലെ ഉന്മേഷത്തെ ഊർജം പകരുന്നു." ഭാസ്കർ അങ്ങനെ ചിന്തിച്ചിരുന്നു .
കുറച്ചു ദിവസം കൂടി ഈ മഴ ഇങ്ങനെ പെയ്തിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചു.
മഴ കണ്ടു കണ്ടു ചായ തീർന്നതറിഞ്ഞില്ല.
പിന്നെ ശബ്ദം കൂടി വന്നു. മഴക്കൊപ്പം ഇടിയും മിന്നലും ശക്തമായ കാറ്റും.
കാറ്റടിച്ചപ്പോൾ മഴ പാറലുകൾ മേലേക്ക് വീഴാൻ തുടങ്ങി. ഇനി ഇവിടെ ഇരുന്നാൽ ശെരി ആവില്ലെന്ന് തോന്നി, ഭാസ്കർ ഉള്ളിലേക്ക് കയറി ബാൽക്കണി അടച്ചു.
അപ്പോഴേക്കും വീട്ടിൽ എല്ലാരും ഉണർന്നിരുന്നു . മക്കളോടൊപ്പം ഭക്ഷണം കഴി
ക്കാൻ ഉള്ള തിരക്കായി...
വെള്ളം മേലേക്ക് ഇറ്റിയിറ്റ് വീഴുമ്പോ ആണ് ഭാസ്കരേട്ടൻ എഴുന്നേറ്റത്. പുറത്തു മഴ തിമിർത്തു പെയ്യുന്നു. തന്റെ കൊച്ചു വീടിന്റെ പല ഭാഗത്തായി ചോർന്നൊലിക്കുന്നുണ്ട്. അപ്പോൾ തന്നെ ഭാര്യയും എണീറ്റു.
" രണ്ടു മണി ആവുന്നേ ഉള്ളു. മക്കളുടെ മേലേക്ക് വെള്ളം വീഴാതെ നോക്കണം അവർ ഉറങ്ങിക്കോട്ടെ" ഭാര്യയോടായി അയാൾ പറഞ്ഞു.
വെളിച്ചമില്ലാത്തതിനാൽ അവൾക്കതിനു കഴിയുന്നുണ്ടായിരുന്നില്ല. പ്രാർത്ഥനയോടെ അവർ രണ്ടുപേരും കഴിച്ചുകൂട്ടി.
"നിങ്ങൾക്ക് ചായ വേണ്ടേ.. രാവിലെ ഒരു കട്ടൻ നിർബന്ധമല്ലേ.." നനഞ് കിടക്കുന്ന അടുപ്പ് നോക്കി ഭാര്യ ചോദിച്ചു. അതിന്റെ മറുപടിയെന്നോണം ഒരു ചെറു പുഞ്ചിരി ഭാസ്കരേട്ടൻ നൽകി.
ഏഴു മണിയായി മഴക്ക് ഒരു ശമനവുമില്ല. "ഇന്ന് പണിക്ക് പോവാൻ കഴിയില്ലെങ്കിൽ നാളെ മക്കൾ പട്ടിണി ആവുമോ.. താൻ കഷ്ടപെട്ട് അദ്ധ്വാനിച്ച ഈ വീടും അതിലുള്ളതും നഷ്ടപ്പെടുമോ" ഓരോ ചിന്തകൾ ഭാസ്കരേട്ടനെ വല്ലാതെ പരിഭ്രാന്തനാക്കി.
ഈ മഴ ഒന്ന് പെട്ടെന്ന് നിന്നിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചു.
പിന്നെ ശബ്ദം കൂടി വന്നു. മഴക്കൊപ്പം ഇടിയും മിന്നലും ശക്തമായ കാറ്റും.
കാറ്റടിച്ചപ്പോൾ അയാളുടെ മേൽക്കൂര പാറി പോയി. ഇനി ഇവിടെ നിന്നാൽ ശെരി ആവില്ലെന്ന് തോന്നി, കയ്യിൽ കിട്ടിയതുമെടുത്തു ഭാസ്കരേട്ടൻ മക്കളെയും കൂട്ടി രക്ഷാ പ്രവർത്തകർക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേക്ക് നടന്നു.