Binu R

Abstract Drama

4.0  

Binu R

Abstract Drama

കഥ :-കേസ്. രചന-ബിനു.ആർ

കഥ :-കേസ്. രചന-ബിനു.ആർ

3 mins
531


കെട്ടിച്ചമച്ച കേസാണിതെന്ന് സംശയലേശമന്യേ കോടതിക്ക് ബോധ്യപ്പെട്ടതിനാൽ വെളിയനാട് കൊട്ടാരം വീട്ടിൽ രാമചന്ദ്രനെ നിരുപാധികം വിട്ടയക്കാൻ ഈ കോടതി ഉത്തരവിടുന്നു. 


 അയാൾ തരിച്ചിരുന്നു. സ്വപ്നങ്ങളുടെ ആറാട്ടുകടവിൽ ഒരു സ്വപ്നം പോലും നെയ്തുകൂട്ടാനാവാതെയിരുന്ന ഒരു പ്രഭാതത്തിലാണ് ജോർജ് എന്ന എസിപി തന്നെ വന്നു കണ്ട് കൂട്ടിക്കൊണ്ടുപോയത്.ഒരു കാര്യവും പറഞ്ഞിരുന്നില്ല. പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. അമ്മയും അച്ഛനും തന്റെ കുടുംബവും തരിച്ചിരുന്നു. ഒന്നു നിലവിളിക്കുവാൻ പോലും ആവാതെ. പോലീസ് സ്റ്റേഷനിൽ ഒരു കുറ്റവാളിയെപോലെ നിന്നപ്പോഴാണ് ഭാര്യയും അച്ഛനും തന്നെ കാണാൻ വന്നത്. അവരോട് എച്ച്സി കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് താൻ ചെയ്ത കുറ്റം എന്തെന്ന് താൻ പോലും അറിഞ്ഞത്. 


മേലേപ്പടിക്കലെ രാജീവ്കുമാർ സാറിന്റെ മകളെ കഴിഞ്ഞ രാത്രിയിൽ കണ്ടാലറിയാവുന്ന മറ്റു മൂന്നുപേരോടുമൊപ്പം ചേർന്ന് അപമാനിക്കുവാൻ ശ്രമിച്ചുവത്രെ.  ഈ രാജീവ്കുമാർ സാറിനെ തനിക്കറിയാം. അയാൾ തന്റെ നാട്ടിലെ ഒരു പ്രമുഖനാണ്. അത്യാവശ്യം പൈസയും അതിൽക്കൂടുതൽ പൊങ്ങച്ചവും ഉള്ളൊരാൾ. വിദേശത്തു സ്വന്തമായ കൺസ്ട്രക്ഷൻ കമ്പനിയും മറ്റു ബിസിനസ്സുകളും ഉണ്ട്. 

നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയതിനു ശേഷം, തൊഴിൽ തേടിയലഞ്ഞു നടന്നിരുന്ന കാലത്ത്, ജോലിക്കായി പലതവണ ഈ രാജീവ്‌കുമാർ സാറിനെ കാണാൻ അദ്ദേഹത്തിന്റ വീട്ടിൽ പോയിട്ടുണ്ട്.


 അങ്ങിനെയിരിക്കെ ഒരു നാൾ അയാൾ പറഞ്ഞു, ഒരു ലക്ഷം രൂപ തന്നാൽ വിദേശത്ത് ജോലിയും അതിനുള്ള വിസയും ഏർപ്പാടാക്കിത്തരാം. ഒപ്പം അഞ്ചു പേരെയും കൂട്ടണം. അയാളുടെ സ്വന്തം കമ്പനിയിൽ. ശമ്പളം നാൽപതിനായിരം രൂപ. ആലോചിച്ചപ്പോൾ നല്ല കാര്യം തന്നെ. ഇവിടെ എങ്ങനെയെല്ലാം പരിശ്രമിച്ചാലും കൂടിയത്, പന്തീരായിരം രൂപയുടെ ജോലിയെ കിട്ടുകയുള്ളു. നാലു പേരും, ഒരുലക്ഷം രൂപയും നേടാനായി പല വഴിക്കും അലഞ്ഞു. അവസാനം മൂന്നു പേരെക്കിട്ടി. പണം മാത്രം കിട്ടിയില്ല. മറ്റു പലരോടും കൈ വായ്‌പ്പാ വാങ്ങിയും മറ്റും അമ്പതിനായിരം ഒരു വിധം സംഘടിപ്പിച്ചു. 


അങ്ങനെ മൂന്നുപേരും കിട്ടിയ പണവുമായി അദ്ദേഹത്തിനെ ചെന്നുകണ്ട് കാര്യംപറഞ്ഞു. അവരുടെ പണവും എന്റെ പകുതിപ്പണവും അയാളെ ഏൽപ്പിച്ചു. ഞങ്ങളുടെ സെർട്ടിഫിക്കറ്റിന്റെ കോപ്പികളും അയാളെ ഏൽപ്പിച്ചു. എന്റെ പകുതിപണം പോകുന്നതിനു മുമ്പ് തന്നാൽ മതിയെന്നായി. ഞങ്ങൾ മടങ്ങിപ്പോന്നു. വന്ന് അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. അച്ഛൻ ഒന്നേ പറഞ്ഞുള്ളു. ദൈവം കാക്കും. ഞങ്ങൾ വിസയ്ക്കായി കാത്തിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി. വിവരങ്ങൾ ഒന്നുമില്ലെന്നായി. ഞങ്ങൾ പലതവണ രാജീവ്‌ സാറിന്റെ വീട്ടിൽ ചെന്നു . അയാൾ ഗൾഫിലാത്രേ. മറുപടിയും കേട്ട് ഞങ്ങൾ മടങ്ങി. പല തവണ ഇതു തുടർന്നപ്പോൾ ആ ഒരുദിവസം അയാളുടെ വീട്ടിൽ ചെല്ലുമ്പോൾ അയാളുടെ മകൾ ദേവിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.


 കോളേജിൽ പഠിക്കുന്ന ഒരേയൊരു മകൾ, സുന്ദരി എന്ന ഭാവം കാൽനഖം മുതൽ മുടിത്തുമ്പോളം കൊണ്ടു നടക്കുന്നവൾ. അവളുടെ ഒഴിവുകഴിവുകൾക്കിടയിൽ ഞങ്ങൾക്ക് പരുഷമായി സംസാരിക്കേണ്ടിവന്നു. മടങ്ങുമ്പോൾ പുറകിൽ അവളുടെ ഗാഗ്വ വിളികൾ കേട്ടു. 

രാമചന്ദ്രൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. നഷ്ട്ടപ്പെട്ടു പോയ വർഷങ്ങൾ അയാളെ നോക്കി കൊഞ്ഞനം കുത്തി. ഇനിയെന്തു ചെയ്യണമെന്നറിയാതെ താൻ ജഡ്ജിക്കുമുമ്പിൽ കൈയും കെട്ടി ഇതികർത്തവ്യതാമൂഢനായി നോക്കി നിന്നു. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമങ്ങൾ തന്നെ നോക്കി പുലഭ്യം പറഞ്ഞത് അയാളുടെ മനസ്സിൽ തികട്ടി വന്നു . 


 പിടിച്ചുകൊണ്ടുപോയതിനു ശേഷം ഒമ്പതു മാസങ്ങൾ പോലീസിന്റെ പീഡനത്തിന്റെ കാലമായിരുന്നു. നഖത്തിൽ മൊട്ടുസൂചി കുത്തിക്കയറ്റലും കണങ്കാലുകളിൽ ലാത്തികൊണ്ടുരുട്ടലും മുറപോലെ നടന്നു. മരണം പലപ്പോഴും പടിവാതിൽക്കലോളം വന്നു മടങ്ങി. 

ഒരിക്കൽ ആശുപത്രിക്കിടക്കയിൽ, കാണാൻ വന്ന അച്ഛൻ പറഞ്ഞു. സുജാത അവളുടെ വീട്ടിലേക്ക് പോയി. അയല്പക്കക്കാരുടെ അടക്കിപ്പറച്ചിലുകൾ അവൾക്കടക്കാൻ കഴിയുന്നിലത്രെ. നല്ലൊരു തൊഴിൽ ഇല്ലാതിരുന്നിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായതാണ് അവൾ, സുജാത.  ഗൾഫിൽ പോകാൻ തയ്യാറെടുത്തപ്പോൾ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയതും അവളായിരുന്നു. തികയാതെ വന്ന അമ്പതിനായിരം രൂപയ്ക്കായി അവളുടെ അവകാശം ചോദിച്ചു വാങ്ങി വിറ്റു.ആയിടയ്ക്കായിരുന്നു തന്റെ ജീവൻ അവളിൽ തുടിക്കുന്നുണ്ടെന്നറിഞ്ഞത്. ആ പിറക്കാത്ത കുഞ്ഞാണ് ഞങ്ങൾക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് അവൾ ഇടയ്ക്കിടെ പറയുമായിരുന്നു. എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. 


ജയിലിൽ കിടക്കുമ്പോൾ വക്കീൽ കരുണാകരൻ തന്നെ കാണാൻ വന്നു. നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും തന്റെമോചനത്തിനായി അവർ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. അവരാണ് ഈ കേസിനെ കുറിച്ച് പറഞ്ഞതെന്നും അയാൾ പറഞ്ഞപ്പോൾ, താൻ വക്കാലത്ത് ഒപ്പിട്ടുകൊടുത്തു. കേസ് സെഷൻ കോർട്ടിൽ തോറ്റു. രാജീവ്കുമാറിന്റ സ്വാധീനത്തിനും പണക്കൊഴുപ്പിനും മുമ്പിൽ നീതി ദേവത തന്നെ കൈയ്യൊഴിഞ്ഞു.  ആറു കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. അതൊരു മരണ വാറണ്ട് പോലെയായിരുന്നു. ജയിലിൽ ആർക്കും മുഖം കൊടുക്കാതിരുന്ന പകലുകൾ, രാത്രികൾ, ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ. അതിനിടയിൽ വക്കീൽ കരുണാകരൻ അപ്പീലുകൾ മുറക്ക് തുടർന്നുകൊണ്ടേയിരുന്നു. തോറ്റു,..... തോറ്റു.... തോറ്റു.... എന്ന ശബ്ദങ്ങൾ മാത്രം വന്നു കൊണ്ടേയുമിരുന്നു. 


ഒരിക്കൽ കരുണാകരൻ വന്നുപറഞ്ഞത്, നിരാശക്കിടയിലും നേരിയൊരാശ മനസ്സിൽ സംഗീതം പൊഴിച്ചു. സിപി ജോർജ് സസ്പെൻഷനിൽ. അയാൾ വക്കീലിനോട് എല്ലാം തുറന്നു പറഞ്ഞുവെന്ന്...! വഴിവിട്ട് ചെയ്യേണ്ടി വന്നു. കോടതിയിൽ മാറ്റിപ്പറയാം. കേസ് വീണ്ടും മുകൾ തട്ടിൽ. വാദപ്രതിവാദങ്ങൾക്കിടയിൽ കോടതിക്ക് ബോധ്യം വന്നു. കേസ് കെട്ടിച്ചമച്ചത്. രാമചന്ദ്രൻ വക്കീലിനുമുമ്പിൽ നിശ്ചേഷ്ടനായി ഇരുന്നു. മുഖമുയർത്തി ചോദിച്ചു.


 "ഇനിയെന്ത്..?. "


വക്കീൽ പറഞ്ഞു. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല. വിശ്വാസങ്ങൾ, അഭിമാനം, കുടുംബത്തിന്റെ സൽപ്പേര്, മനം നൊന്തുമരിച്ച അമ്മ, ആത്മഹത്യ ചെയ്ത അച്ഛൻ, നാട്ടിൽപരന്ന അപമാനതീച്ചൂളയിൽ നാടുവിട്ടുപോയ ഭാര്യയും മകളും ഒന്നും തിരിച്ചുകിട്ടില്ല. 

 "എങ്കിലും "... 


രാമചന്ദ്രൻ പറഞ്ഞു നിറുത്തി.


 ഇന്നലെയാണ് രാജീവ്കുമാറിനെയും മകളെയും കോടതി ശിക്ഷിച്ചത്. നിരപരാധിയായ ഒരു മനുഷ്യനെ കള്ളക്കേസിൽ കുടുക്കി, ജീവിതവും മനസ്സികത്വരയും നശിപ്പിച്ചതിന്, നീതിദേവതയെ പരിഹസിച്ചതിന്. അനേകം നിയമപാലകരെയും നിയമസംവിധാനത്തെയും നീതിപീഠത്തെയും അവഹേളിച്ചതിന്, വാർത്താചാനലുകളിൽ സ്വയം സ്വരഭേദങ്ങൾ വളച്ചൊടിച്ചതിന്. ഈ ലോകത്തെ ജനങ്ങളെ മുഴുവനും നോക്കുകുത്തികളാക്കിയതിന്....... 



Rate this content
Log in

Similar malayalam story from Abstract