Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

വൈഗ വസുദേവ്

Drama Romance


3  

വൈഗ വസുദേവ്

Drama Romance


ഏഴ്

ഏഴ്

4 mins 184 4 mins 184

"നന്ദേട്ടാ. വിട്."

വസുധ നന്ദൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചു. അവൾ കണ്ടു വീടിൻെറ അകത്തും പറത്തുമായി ആളുകൾ തിങ്ങി നിൽക്കുന്നു.

"നന്ദേട്ടാ... എന്താ അവിടെ...?"ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

"അറിയില്ല... വാ, ചെന്നുനോക്കാം," നന്ദൻ പറഞ്ഞു.

രാവിലെ പത്രത്തിൽ കണ്ടത് എങ്ങനെ പറയും...? അപമാനഭാരത്താൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കാര്യം...


"ആഹാ, എത്തിയോ കുലദ്രോഹി... ശവം കാണാൻ വന്നിരിക്കുന്നു. ത്ധൂ...!"

ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞുകൊണ്ട് ആട്ടിത്തുപ്പി.

"നന്ദേട്ടാ എനിക്ക് പേടിയാവുന്നണ്ട്... ആരുടെ ശവം...? നന്ദേട്ടാ..." വസു അവനു കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു.

കൂടിനിന്നവർ അവർക്ക് കടക്കാനായി ഒതുങ്ങി നിന്നു...


അവൾ കണ്ടു മുറ്റത്ത് തറയിൽ വാഴയിലയിൽ കിടക്കുകയാണ് തന്റെ അച്ഛനും അമ്മയും

"അച്ഛാ...അമ്മേ..." വസുധ നന്ദൻ്റെ കൈവിടുവിച്ചു. ഓടി മൃതദേഹത്തിനരികിലെത്തി.

"തൊട്ടുപോകരുത്..." ഒരു അലർച്ച.

വസുധ ഞടുങ്ങിപ്പോയി.


"ഓപ്പേ..."

"ഇത് കാവുംപുറം ചന്ദ്രശേഖരനും ഭാസുരയുമാണ്. അവർക്ക് രണ്ടു മക്കളും. ഇത് ഞങ്ങളുടെ കാര്യം... നിനക്ക് പോകാം..."

"ഓപ്പേ... എന്നോട് ക്ഷമിക്കൂ... ഞാനൊന്നു കണ്ടോട്ടെ അവരെ..."വസുധ കരഞ്ഞു പറഞ്ഞു...

"പോകുന്നോ അതോ...?"

"സുകു, അവൾ ഒന്നു കണ്ടോട്ടെ..." ആരോ പറഞ്ഞു.

"ഇല്ല..ഞാൻ സമ്മതിക്കില്ല. ഇങ്ങനെയൊരു മകൾ അവർക്കില്ല.... ഇവിടെ ബാക്കി ചടങ്ങുകൾ ഉണ്ട്... തടസ്സമുണ്ടാക്കാതെ പോയിതരിക..." സുകു അവസാന വാക്കെന്നോണം പറഞ്ഞു.


വസു...കുഴഞ്ഞു വീണു. നന്ദൻ അവളെ താങ്ങിയെടുത്തു.

"ഈ ചടങ്ങിനു തടസ്സം വരുത്താതെ നിങ്ങൾ ഒന്നു പോകൂ... നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഉദ്ദേശിച്ചപോലെ നടന്നില്ലേ...?ഇനി ഇവരുടെ കാര്യം നടക്കട്ടെ... "കൂട്ടത്തിൽ പ്രായം കൂടിയ ആൾ നന്ദനോട് പറഞ്ഞു.

മറത്തൊരക്ഷരം പറയാതെ നന്ദൻ വസുധയേയും കുട്ടി കാറിൽ വന്നു ഇരുന്നു. വസുധ മയക്കം വിട്ടില്ല. ബാക്ക് സീറ്റിൽ കിടത്തി. ചടങ്ങുകൾ കഴിഞ്ഞു. ചിതയ്ക്ക് തീ കൊളുത്താറായപ്പോളാണ് വസുധ ഉണർന്നത്...


"നന്ദേട്ടാ... എനിക്ക് ഒന്നു കാണാൻ പറ്റിയില്ലല്ലോ..."

"നീ കരയാതെ... ഇനി കരഞ്ഞിട്ട് എന്തുകാര്യം?"

നന്ദൻ കാർ തിരിച്ചു.


വർഷങ്ങൾ അഞ്ച് കടന്നുപോയി. വീണ്ടും ഞാൻ ആ പടി കടന്നു... ആക്സിഡന്റിൽ നന്ദേട്ടൻ മരിച്ചപ്പോൾ... അന്ന് ഒരു വയസ് മാത്രമുള്ള ദേവും ഞാനും. ഞങ്ങൾ ചെല്ലുമ്പോൾ കാവുംപുറംവീട്ടിൽ മാറ്റം വന്നിരുന്നു. ഞങ്ങളെ കണ്ട് ലളിതേച്ചി ഓടിയിറങ്ങി വന്നു.

"കേറി വാ വസൂ..."

"നിൻ്റെ മോൻ മിടുക്കനാണല്ലോ... നിൻ്റെ ഭർത്താവ് എവിടെ...?"

വസുധയുടെ കണ്ണുകൾ ഓപ്പയെയും സരസയേയും തിരയുകയായിരുന്നു.


"നീ ആരേയാ നോക്കുന്നത്...?"

"ഓപ്പയും സരസയും എവിടെ...?"

"അവളുടെ കല്ല്യാണം കഴിഞ്ഞു..."

"എന്ന്...?" ലളിതേച്ചി.


"അച്ഛനും അമ്മയും പോയിട്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെതന്നെ നിൻ്റെ സ്ഥാനത്ത് സരസ ആയെന്നു മാത്രം."

വസുധ തലതാഴ്ത്തി നിന്നു...

"കുടിക്കാൻ എടുക്കട്ടെ...? നീ ഇരിക്ക്... ഓപ്പ ഇപ്പോൾ വരും..."


ജനിച്ചു വളർന്ന വീട്ടിൽ വിരുന്നുകാരിയേപ്പോൽ ഇരിക്കേണ്ടി വരുന്നു.

"അതേ വസൂ... നിൻ്റെ ഭർത്താവ് എന്തേ വന്നില്ല...? "ലളിത അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.

"വരാൻ പറ്റില്ല ലളിതേച്ചി..."വസു നിറഞ്ഞ കണ്ണുകൾ തുടച്ചു.

"അതെന്തേ ലീവ് കിട്ടില്ലേ...?"

"ഇല്ല ലളിതേച്ചി... "

"ലീവ് കിട്ടുമ്പോൾ കൂട്ടി വരണം. "

"ഇനി ഒരിക്കലും വരില്ല ലളിതേച്ചി."

മറുപടി ലളിതയ്ക്ക് കേൾക്കാൻ പറ്റിയില്ല. വസുധയുടെ ശബ്ദം നേർത്തിരുന്നു.


"വാ സംഭാരം എടുത്തു..." ലളിത സംഭാരവുമായി ഉമ്മറത്തേയ്ക്കു വന്നു.

"ആരാ ലളിതേ വിരുന്നുകാർ...?" എന്നു ചോദിച്ചു കൊണ്ട് സുകു കയറി വന്നു.

"ഓപ്പെ..."വസുധ കുഞ്ഞിനെ എടുത്ത് എണീറ്റു നിന്നു.

ഒരു നിമിഷം.


"ലളിതേ... വഴിയെ പോകുന്നവരെ വിളിച്ചു വീട്ടിൽ കേറ്റാൻ നിന്നോടാരാ പറഞ്ഞത്ഇ? ത് സത്രം അല്ല. പുറത്തു നിർത്തേണ്ടവരെ പുറത്തു നിർത്തണം."

വസുധ നിറകണ്ണുകളോടെ പറഞ്ഞു... "എന്നോട് ക്ഷമിക്കൂ, ഓപ്പേ. എൻ്റെ തെറ്റിനുള്ള ശിക്ഷ ഞാനനുഭവിച്ചു. ഇനിയും ശിക്ഷിക്കല്ലേ..."

"ഛെ... ഓരോ മാരണങ്ങൾ എത്തിക്കോളും, സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല. ലളിതേ... ഞാൻ പുറത്തേക്ക് പോകുന്നു. കതകടച്ചു കുറ്റിയിട്ടോളൂ... ഇല്ലേൽ ഇതുപോലെ ഒരോന്നു കയറി വരും..."


"സുകുവേട്ടാ... അവളോട് പൊറുക്ക്... അവളും കുഞ്ഞും ഇവിടെ അല്ലാതെ എവിടേയ്ക്കാ വരേണ്ടത്...?"

"പറയുന്നത് അനുസരിക്കുക... അതാ നല്ലത്... എനിക്ക് പുതിയ ബന്ധങ്ങൾ ആവശ്യമില്ല. പൊട്ടിയത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നും."

"ഓപ്പെ... ഞാൻ വന്നത് ഒരുകാര്യം പറയാനാണ്... കേൾക്കാൻ മനസ്സ് കാണിക്കണം..."

"ലളിതേ കതകടച്ചോളൂ ഞാൻ പോകുന്നു."

ഒട്ടുംദയവില്ലാതെയുള്ള സുകുവിൻ്റെ സംസാരം വസുധയ്ക്ക് സഹിക്കാനായില്ല.


"പോകുവല്ലേ...? എന്നാൽ ഇതുംകൂടി കേട്ടിട്ടു പോകൂ... ഞാൻ വന്നത് ഒന്നും ആവശ്യപ്പെടാനല്ല. ക്ഷമ ചോദിക്കാനാണ്.

എൻ്റെ ഭർത്താവ് മരിച്ചിട്ട് രണ്ടു മാസം ആയി. മുഴച്ചിരിക്കാതെ ഈ ബന്ധം ഞാൻ കൂട്ടിക്കെട്ടും ഓപ്പെ കണ്ടോളൂ... എനിക്ക് മകനാണുള്ളത്. എൻ്റെ മഹാദേവനാണെ സത്യം! ഓപ്പയ്ക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ അവളായിരിക്കും എൻ്റെ മകളായി വരുന്നത്. ഈ വാക്കുകൾ ഓപ്പ ഓർത്തു വച്ചോളൂ..."

"അതിനുള്ള വെള്ളം വാങ്ങിവച്ചേരെ..."സുകു പരിഹസിച്ചു പറഞ്ഞു.

"ഇറക്കി വിടേണ്ട, ഞാൻ പോകുന്നു."

ആ നിമിഷം തന്നെ ഞാൻ അവിടുന്ന് ഇറങ്ങി.


എനിക്ക് നന്ദേട്ടൻ്റെ ജോലി കിട്ടി... ആരേയും ആശ്രയിക്കാതെ ജീവിച്ചു. പിന്നെയും നാലു വർഷം കഴിഞ്ഞാണ് നീ ജനിച്ചത്.

എന്നാലും ഞാൻ അറിഞ്ഞു കൊണ്ടിരുന്നു കാവും പുറത്തെ വിവരങ്ങൾ. നിൻ്റെ ജനനം മുതൽ ഇവിടെ എൻ്റെ അടുത്ത് എത്തുംവരയുള്ള കാര്യങ്ങൾ വരെ.


ഓപ്പയ്ക്ക് ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു മഹാദേവൻ്റെ അനുഗ്രഹം എനിക്കുണ്ടെന്ന്. നീ എൻ്റെ ദേവിനുള്ളതാണെന്നും അന്നു മുതലുള്ള എൻ്റെ പ്രാർത്ഥനയാണ്... നിന്നെ ഇവിടെ എത്തിച്ചത്.

വസുധ മനസ്സിൽ ചുമന്നിരുന്നതെല്ലാം പറഞ്ഞു തീർത്തു.


കുറെ നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി. ഇടയ്ക്കിടെ അച്ചുവിൻ്റെ ഏങ്ങലടി മാത്രം.

ദേവ് ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അമ്മയുടെ അടുത്തെത്തി...

"അമ്മേ... ഇത് കുടിക്ക്..."

"അച്ചു...നീ എന്നെപ്പറ്റി കേണ്ടിട്ടുണ്ടോ...?"വസുധ ചോദിച്ചു.

"ഇല്ല... ആരും പറഞ്ഞിട്ടില്ല. സരസച്ചിറ്റ പോലും പറഞ്ഞിട്ടില്ല."


"അപ്പച്ചി എൻ്റെ അച്ഛനോട് ക്ഷമിക്കണം..."അച്ചു വസുധയുടെ കാലിൽ തൊട്ടു.

"എന്താ അച്ചു...? എനിക്ക് ആരോടും പിണക്കമില്ല... നീ ദേവിൻ്റെ പെണ്ണാണ്, അതു മറക്കാതിരിക്കുക."

അച്ചു അതിനു മറുപടി പറഞ്ഞില്ല...

അച്ചു ഒന്നും പറയാതിരുന്നത് വസുധയെ വേദനിപ്പിച്ചു.

"ദേവേട്ടാ... എനിക്ക് പോകണം... ഞാൻ പോട്ടെ അപ്പച്ചി..."


കേട്ടതിൻ്റെ മറുവശം അറിയാനുള്ള ആകാംക്ഷയോടെ അച്ചു തിരിച്ചു വീടെത്തി.

നാലുമണി സമയം...

"അമ്മേ, അച്ഛനെന്തിയേ...?" അച്ചു അടുക്കളയിൽ എത്തി.

"സുഖമില്ലാന്നു പറഞ്ഞു കിടക്കുന്നു..."

"എന്തി പറ്റിയെന്നു അമ്മ ചോദിച്ചില്ലേ..?"

"ചോദിച്ചപ്പോൾ അല്ലേ സുഖമില്ലാന്നുപറഞ്ഞത്..."ലളിതയുടെ ശബ്ദം ഗൗരവത്തിലായി.

"എന്താ ഇപ്പോൾ തിരക്കിയത്...?"

"വെറുതെ..."


അച്ചു മുറിയുടെ വാതിക്കൽ ചെന്നുനോക്കി. കിടപ്പാണ്... ഉറക്കമല്ല.

"അമ്മേ, ചായ എടുക്ക്. അച്ഛൻ ഉറക്കമല്ല."

അവൾ ചായയുമായി മുറിയിൽ എത്തി.

"അച്ഛാ...ചായ. "

"ഉംം.. അമ്മ എവിടെ..?"


"അടുക്കളയിൽ... അച്ഛന് എന്തുപറ്റി? സുഖമില്ലെന്ന് അമ്മ പറഞ്ഞു."

"ഒന്നുമില്ല... ഒരു ക്ഷീണം അത്രേ ഉള്ളൂ..."

സുകു എണ്ണീറ്റിരുന്നു...

"മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ഹോസ്പിറ്റലിൽ പോകാം."

"സാരമില്ല അച്ചു..."സുകു ഗ്ലാസ് എടുത്തു.

അച്ചുവിൻ്റെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നോരോന്നായി പൊന്തിവന്നു.


"നീ എന്താ ആലോചിക്കുന്നത്...? ആകെ അസ്വസ്ഥയാണല്ലോ...?"

എല്ലാം പറയാനുള്ള സമയമായി... അച്ചുവും ശരത്തും അറിയണം. മറ്റുള്ളവർ പറഞ്ഞറിയാതെ ഇത്രയും നാളും ശ്രദ്ധിച്ചു. മക്കൾ തമ്മിൽ സ്നേഹത്തിൽ കഴിയട്ടെ... ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദന കൊണ്ടേപോകൂ എന്നായിട്ടുണ്ട്. സുകു ചിന്തിച്ചു.

"അച്ചൂ... അമ്മേ വിളിക്ക്, ശരത്തിനേയും."

അവൾ അടുക്കളയിൽ ചെന്നു..."അമ്മേ, അച്ഛൻ വിളിക്കുന്നു."

"ഞാൻ ശരത്തിനെ വിളിച്ചോണ്ടുവരാം."

ലളിത മുറിയിലേയ്ക്ക് നടന്നു...

അച്ചു പുറത്തേയ്ക്കും...


"സുകുവേട്ടാ... നമുക്ക് ഹോസ്പിറ്റലിൽ പോകാം... ഇങ്ങനെ കിടന്നാൽ പറ്റില്ല."

"വേണ്ട ലളിതേ... ഇനി എല്ലാം മക്കളോട് പറയാൻ സമയമായി... എവർ തീരുമാനിക്കട്ടെ..."

"പറയണോ സുകുവേട്ടാ...? എന്തിന് ഇത്രയും കാലം മറച്ചുവെച്ചു എന്നു ചോദിക്കില്ലേ...?"

"ചോദിക്കണം..."

അച്ചു ശരത്തിനെ കൂട്ടി വരുമ്പോൾ കണ്ടു രണ്ടുപേരും കാര്യമായ സംസാരത്തിലാണെന്ന്

"രണ്ടുപേരും വാ.."സുകു വിളിച്ചു.


ശരത് അച്ചുവിൻ്റെ മുഖത്തുനോക്കി...

എനിക്കറിയില്ല... എന്ന് അച്ചു ആഗ്യം കാണിച്ചു.

"എങ്ങനെ തുടങ്ങണം എന്ന് അച്ഛനറിയില്ല... ചെയ്തതൊക്കെ ശരിയായിരുന്നോ എന്നും. കുറച്ചു ദിവസം മുമ്പുവരെ ശരിയാണെന്നായിരുന്നു മനസ്സിൽ. എന്നാൽ ഇപ്പോൾ തെറ്റാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു." സുകു പറഞ്ഞു.

അച്ചു അമ്മയെ നോക്കി... അച്ഛൻ്റെ മുഖത്തെ അതേഭാവം ആണ്...

"ലളിതേ... അലമാരയിൽ നിന്നും ഫയൽ ഇങ്ങടുക്കൂ..."

ലളിത ഫയൽ എടുത്ത് സുകുവിൻ്റെ കയ്യിൽ കൊടുത്തു...


തുടരും...


Rate this content
Log in

More malayalam story from വൈഗ വസുദേവ്

Similar malayalam story from Drama