ദ ഫിസിഷ്യൻ (ഭാഗം-8)
ദ ഫിസിഷ്യൻ (ഭാഗം-8)
അപ്പോഴേക്കും റിയർവ്യൂ മിററിലൂടെ പിറകേ രണ്ടു വാഹനങ്ങൾ വരുന്ന ഹെഡ്‍ലൈറ്റുകൾ അഞ്ജലി കണ്ടു. അടുത്ത നിമിഷം, അതിൽ മുന്നിലെ വാഹനം ഒരു താർ ആണെന്ന് അവൾക്കു ഉറപ്പിക്കാനായി.
തന്റെ ഫോണുമെടുത്തു വേഗം ഇറങ്ങിയോടാനുള്ള തയ്യാറെടുപ്പിൽ, അതെടുത്തു തല പൊക്കിയ വഴി സ്റ്റിയറിങ്ങിൽ അവളുടെ സ്‌പെക്ടസ് ഇടിച്ചു. അത് താഴെ വീഴുകയും ആ ആഘാതത്തിൽത്തന്നെ മൊബൈൽ വഴുതി അതിനടുത്തായി വീഴുകയും ചെയ്തു. വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങും വഴി, അവളുടെ ഇടതുകാല് കൊണ്ട് സ്പെക്ടസും മൊബൈലും സീറ്റിനടിയിലേക്കെന്ന പോലെ തെന്നി മാറി.
ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കുവാനവൾക്കു സമയമില്ലായിരുന്നു. കീ പോലും എടുക്കാതെ അവൾ ഇടതു വശത്തേക്ക് കണ്ട ഔട്ടിങ്ങിലൂടെ നിലാവിന്റെ വെളിച്ചത്തിൽ ഓടി. ഉദ്ദേശം ഒരു മണിക്കൂറോളം അവൾ ഡ്രൈവ് ചെയ്തിരുന്നു, ആമോസിൽ നിന്നും രക്ഷപെടുവാനായി. ഏതാണ്ട് ഒരു അര മണിക്കൂറോളം ഓടിയ അവൾ കിതച്ചു വല്ലാതായി നിന്നതു ഒരു പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിന്റെ കോർണറിൽ അതിന്റെ ചുറ്റുമതിലിനു പുറത്തായി മുന്നിലാണ്.
ഓടി പോന്ന വഴി തനിക്കെതിരെ നടന്നു വന്നിരുന്ന ആളുകളിൽ ചിലർ എന്തോ പറയുവാനും ചോദിക്കുവാനുമൊക്കെ തുനിഞ്ഞത് ഇപ്പോളാണ് അവൾക്കു ഓർമ വന്നത്. വലിയ കിതപ്പോടെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു കൊണ്ടു അവൾ ചുറ്റുമൊന്നു നോക്കി. ആരൊക്കെയോ സംസാരിക്കുന്നതു പോലെ കേട്ടതോടെയാണ് അവൾ മനസ്സിലാക്കിയത്- താനിപ്പോൾ ഗ്രണ്ടിന്റെ സൈഡിലൂടെയുള്ള ചെറുവഴിയിലാണെന്ന്. ഒരു നിമിഷം ഒരിക്കൽക്കൂടി കിതച്ച ശേഷം അവൾ, മുകളിൽ ഗ്രില്ലിട്ടിരിക്കുന്ന ചുറ്റുമതിലിനു വശം ചേർന്നു തന്റെ വലത്തേക്കും സംസാരം കേട്ട ഭാഗത്തിന്റെ ഓപ്പോസിറ്റുള്ളതുമായ വഴിയിലൂടെ ഒരു മുടന്തിയെപ്പോലെ തളർന്നു ഓടി.
പള്ളിയുടെ മുന്നിലെത്തപ്പെട്ട അവൾ ചുറ്റും നോക്കിയതിൽ നിന്നും ആരെയും കാണാത്തതു മൂലം പതുക്കെ പാർക്കിംഗ് പ്ലോട്ട് ലക്ഷ്യമാക്കി നടന്നു. ഇരുട്ടിന്റെ മറവിലൊളിച്ചു ഒരു കോർണറിലായി കിടന്നിരുന്നൊരു കോണ്ടസ്സ കാറിന്റെ, മതിലിനോട് ചേർന്നുള്ള ഗ്യാപ്പിൽ പിറകിലായി അവൾ ചാരിയിരുന്നു. തനിക്കിനി അനങ്ങുവാൻ പോലുമുള്ള ആരോഗ്യം അവശേഷിക്കുന്നില്ലെന്നു അവൾക്കു മനസ്സിലായി. മറ്റൊന്നും ചിന്തിക്കുവാൻ പോലുമാകാതെ കിതച്ചു കൊണ്ട്, അമിതമായ ശാസോഛ്വാസത്തോടെ, വിയർത്തൊഴുകി, അഴിഞ്ഞു പടർന്ന മുടിയുമായി, 'വെള്ളം' എന്ന് സ്വയമറിയാതെ മന്ത്രിച്ചു കൊണ്ടു അഞ്ജലി കണ്ണുകളടച്ചു ഇരുന്നു.
ഈ സമയം, അവൾ രക്ഷപെട്ട ദേഷ്യത്തിൽ ആമോസും കൂട്ടാളികളും അവളുടെ കാർ അടിച്ചു തകർക്കുകയായിരുന്നു. അവൻ അതിന്റെ കീ എടുത്തു ദൂരെ വലിച്ചെറിഞ്ഞ ശേഷം തന്റെ കൂട്ടാളികളെ കൂട്ടി തിരിച്ചു പോയി, വിജനമായ ആ കവലയിൽ നിന്നും.
ഫെബ്രുവരി 7; 6:30 am
"എനിക്ക് ജീവിക്കണം എബിൻ. അത് നിന്റെ ഭാര്യയായിട്ടാണേൽ അങ്ങനെ..."
തന്റെ കഥ മുഴുവൻ പറഞ്ഞു തീർത്ത ശേഷം അഞ്ജലി അവനോടു പറഞ്ഞു. ശേഷം അവൾ അവനോടു ചേർന്ന് അവനെ ശ്രവിച്ചു കിടന്നു, മറുപടിയ്ക്കായല്ലെങ്കിലും. എല്ലാം കേട്ടു കഴിഞ്ഞ ഈ അവസരത്തിലും മറുപടിയൊന്നുമില്ലാതെ ചലനമറ്റു നഗ്നനായി കിടന്നു എബിൻ. കണ്ണുകൾ തുറന്നു തന്നെയിരുന്ന അവനു സമയം ഒരുപാട് വേഗത്തിൽ മുൻപോട്ടു പോകും പോലെ അനുഭവപ്പെട്ടു. അവന്റെ മേനിയിൽ നിന്നും കിട്ടിയ ചൂടിന്റെയും അതിൽ നിന്നുടലെടുക്കുന്ന സ്നേഹനിർവൃതിയുടേയും അകമ്പടിയോടെ അഞ്ജലിയുടെ കണ്ണുകൾ സാവദാനം അടഞ്ഞു പോയി.
അഞ്ജലി ഉറങ്ങിയെന്നു മനസ്സിലാക്കി എബിൻ അവളുടെ മുഖത്തേക്ക് നോക്കി. ചെറിയ വെളിച്ചത്തിലും അവളുടെ മുഖത്തു നിന്നും നിഷ്കളങ്കത തുളുമ്പുന്നതായി അവനു കാണുവാനായി. ചിന്തകളെ തേടി അവൻ- 'തനിക്കു എല്ലാവരോടും വളരെ വേഗം അടുത്തു പെരുമാറുവാൻ കഴിയുന്നതെങ്ങനെയാണ്... അതൊരുപക്ഷേ എല്ലാവരെയും, ഏതൊരാളെയും ഉൾക്കൊള്ളുവാൻ തന്റെ മനസ്സിന് കഴിവുള്ളതുകൊണ്ടാവില്ലേ...? പലരും ഒരുപക്ഷെ തന്റെ പ്രവർത്തനങ്ങൾ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടാകാം... തന്റെ ഇതു വരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്നും താൻ നെയ്തെടുത്ത തന്റെയീ മനസ്സ്, ഏതൊരു സാഹചര്യത്തിലും ഇനിയും മുന്പോട്ടു തന്നെ തന്റെയൊപ്പം നിന്ന് തന്നെ നയിക്കും.'
മനസ്സ് അല്പംനേരം നിലച്ചശേഷം തുടർന്നു- 'ഇത്രയും കാലം ഇവിടെ താമസിച്ചിട്ടും അയല്പക്കക്കാർ പോലുമിവിടെ, തന്നെയൊരു സമൂഹജീവിയായി കണ്ടിട്ടില്ല. താനെന്നും പ്രാർത്ഥിക്കുന്ന മിശിഹാ സർവ്വോപരി തന്നോടൊപ്പമുണ്ട്.'
ചിന്തകളുടെ നിർവൃതിയോടെ അവൻ അവളുടെ നെറുകയിൽ ചുമ്പിച്ചു കിടന്നു.
ഫെബ്രുവരി 7; 12:30 pm
അഞ്ജലി കണ്ണുകൾ തുറന്നപ്പോൾ എബിൻ ഫ്രഷായ മട്ടിൽ, അവളെ നോക്കി ഇരുകൈകള് കൊണ്ട് തന്റെ മുഖത്തെ താങ്ങി ബെഡിന്റെ അരികിലായുള്ള ചെയറിൽ ഇരിക്കുകയായിരുന്നു. ഇന്നലെ വരെ കണ്ട എബിൻ ആണോ തന്റെ അരികിൽ ഇപ്പോഴുള്ളത് എന്ന് അവൾ തെല്ലു സംശയിച്ചു പോയി. അതിൻ പുറത്തു സ്നേഹം നിറഞ്ഞ മുഖഭാവത്തോടെ അവൾ ഒന്ന് ചിരിച്ചു, അവനെ നോക്കി. അതു കണ്ടതോടെ അവൾ തന്റെ സഖിയായിക്കഴിഞ്ഞിരിക്കുന്നുവെന്നു അവനു തോന്നിപ്പോയി.
"പോയി ഫ്രഷായി റെഡിയാക്. കുറച്ചു കാര്യങ്ങളുണ്ട്..."
ഇങ്ങനെ അവളോട് പറഞ്ഞ ശേഷം അവൻ എഴുന്നേറ്റു ഉച്ചത്തിൽ 'ഡെയ്‌സ്' എന്ന് വിളിച്ചു. അവൻ വീടിന്റെ ഏതോ ഭാഗത്തു നിന്നും തിരികെ എബിന് വിളികേട്ടു. അപ്പോഴേക്കും ഫ്രഷാകാൻ ഒരിക്കൽക്കൂടി ആംഗ്യം കാണിച്ചു അവൻ അഞ്ജലിയെ.
അവൾ ബാത്റൂമിലേക്കു കയറി പോയ സമയം അവൻ അവളുടെ മൊബൈലെടുത്തു അതിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നു. ഒരു വേള അവളുടെ സ്‌പെക്ടസ് തന്റെ കണ്ണുകളിൽ അവൻ വെച്ചു നോക്കിയതോടെ കോഫിയുമായി അവിടേയ്ക്കു ഡെയ്‌സ് എത്തി.
"ചെറിയൊരബദ്ധം പറ്റിയെടാ... ഇപ്പോൾ വേണ്ടായിരുന്നു... തണുക്കും..."
എബിൻ അമളിപറ്റിയ മുഖഭാവത്തോടെ പറഞ്ഞു.
"ഏയ്... അതൊക്കെ റെഡിയാക്കാം..."
ഡെയ്‌സ് കൂസലന്യേ പറഞ്ഞു.
"ആ...എടാ...നീ കഴിക്കാൻ എടുത്തുവെക്കണം. പിന്നെ റെഡിയാകണം. പുറത്തുപോകാൻ..."
എബിൻ അല്പം തലയുയർത്തി ഡെയ്‌സിനോട് പറഞ്ഞു.
ഫെബ്രുവരി 7; 2:30 pm
"പപ്പയെയും മമ്മിയെയും നീയൊന്നു വിളിക്കണം. നമ്മുടെ കല്യാണം തീരുമാനിക്കാൻ പറയണം. പറയേണ്ട പോലെയങ്ങു പറഞ്ഞാൽ മതി... അവരുടെ അനുഗ്രഹം വേണം. തെറ്റുകൾ നമുക്ക് ശരിയിലേക്കു എത്തിക്കേണ്ടേ...!"
കോണ്ടസ്സ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന അഞ്ജലിയോട് അടുത്ത സീറ്റിലിരുന്നു എബിൻ, അവസാന വാചകം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,
"വിളിക്കാം."
സമാധാനപരമായ ഗൗരവത്തിൽ ഇങ്ങനെ മറുപടി നൽകിയ അവൾ, അവനെ ഒന്ന് നോക്കിയശേഷം ഡ്രൈവിങ്ങിലേക്കു തിരിഞ്ഞു.
"നീയെന്തെടുക്കുവാടാ ഡെയ്‌സ്?" അവൻ നേരെയിരുന്നു തന്നെ ചോദിച്ചു.
"വെറുതെ, ഫോണിലാ"
തന്റെ മൊബൈലിൽ എന്തൊക്കെയോ തിരക്കിട്ടു ചെയ്യുന്നതിനിടയിൽ ഒന്ന് തലയുയർത്തി അവൻ ഇങ്ങനെ മറുപടി നൽകി.
"നീ... മനുഷ്യരെല്ലാം ജീവിക്കാൻ കടപ്പെട്ടവരല്ലേ! പേരന്റ്സ് നിന്റെയൊപ്പം വേണമായിരുന്നു. നീ നിന്നെത്തന്നെ ശ്രദ്ധിക്കണമായിരുന്നു."
അല്പമൊന്നു നിർത്തിയ ശേഷം എബിൻ നേരെയിരുന്നു തന്നെ അഞ്ജലിയോട് തുടർന്നു;
"തിരുത്തലിനു അവസരം എല്ലാവരും അർഹിക്കുന്നുണ്ട്. അതിലേക്കു എത്തിച്ചേർന്നിട്ടുണ്ട്. തെറ്റുകൾക്ക് ശിക്ഷയും ആ ശിക്ഷ ഒരു നല്ല തിരുത്തലിലേക്കും നയിച്ചെന്നു കരുതുക. ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകും ഇതിനോടകം... സമൂഹം... സംസ്കാരം ഇവയൊക്കെ വെറുതെയല്ല എന്ന് മനസിലായില്ലേ!?"
എബിൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ കാർ ഒരു ട്രാഫിക് സിഗ്നലിനു മുന്നിലെത്തി നിന്നു, സിഗ്നൽ കാത്ത്. അവൻ തുടർന്നു;
"തെറ്റുകളും ശരികളുമെല്ലാം നിന്നോടു കൂടി അവസാനിക്കട്ടെ. നമുക്കൊരു പുതിയ ലൈഫ് വേണം. നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ല. പക്ഷെ, നഷ്ടമായതിനെ തിരിച്ചെടുക്കാം."
അവൾ എല്ലാം ശ്രദ്ധയോടെ ശ്രവിച്ചു കൊണ്ടിരുന്നു. ഇത്തരത്തിലുള്ള ഉപദേശം ഈ സമയത്തു അവൾക്കു അരോചകമായി തോന്നി. കാരണം, അവൾ അവനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അപ്പോഴേക്കും സിഗ്നൽ വീണു. അവൾ കാർ മുന്നോട്ടെടുത്തു. അവൻ തുടർന്നു;
"ചില സമയത്തു തിരിച്ചറിവുകൾ ദോഷം ചെയ്യും. അത് നമ്മളെ നഷ്ടങ്ങളിലേക്കു നയിച്ച് വേദന സമ്മാനിക്കും. എല്ലാം തിരിച്ചറിയുവാനും ഉൾക്കൊള്ളുവാനും കഴിവുള്ളവർക്ക്, സാധിക്കുന്നവർക്കു ജീവിതം ഒരു തരത്തിൽ വലിയ വിരസത സമ്മാനിക്കും. ജീവിതമൊരു ഭാരമാണെന്നു തോന്നുന്ന ആ നിമിഷങ്ങൾ തിരിച്ചറിഞ്ഞു ഉൾക്കൊള്ളുക എന്നതേ ആകെ ചെയ്യാനൊക്കൂ."
അവസാന വാചകം അഞ്ജലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞാണ് അവൻ നിർത്തിയത്.
"ലൈഫ് തുടങ്ങട്ടെ അല്ലെ!?"
പ്രത്യേകമായി അവളോടിങ്ങനെ കൂട്ടിച്ചേർക്കാനും അവൻ മറന്നില്ല.
മറുപടിയായി, 'എനിക്ക് നിന്നെ വേണം' എന്നുമാത്രം ഗൗരവത്തിൽ അഞ്ജലി പറഞ്ഞു.
"ഡെയ്‌സ്, നീയുണ്ടാവില്ലേടാ ഞങ്ങളുടെ കൂടെ കട്ടയ്ക്ക്!?"
എബിൻ കുസൃതി ഭാവത്തിൽ അവനോടു ചിരിയോടെ ചോദിച്ചു.
"പിന്നല്ലാതെ! കാര്യമൊക്കെ നല്ലതാ.. എന്നെ സമയമാകുമ്പോൾ ചേച്ചിയെപ്പോലൊരു ഡോക്ടറെക്കൊണ്ട് കെട്ടിച്ചേക്കണം രണ്ടും കൂടി."
തമാശ കലർത്തി അവൻ മറുപടി നൽകി എബിന്.
"ഞങ്ങള് കെട്ടാൻ പോകുവാടാ... വല്ലതും നീ അറിയുന്നുണ്ടോ..!?" അവൻ ഡെയ്‌സിനെ വിട്ടില്ല.
"സഹോദരാ, നിങ്ങളുടെ കൂടെ താമസിച്ചു ഞാൻ വഷളായിപ്പോകുമോന്നാ എന്റെ പേടി ഇപ്പോൾ!"
അവന്റെ മറുപടി കേട്ട് അഞ്ജലി ചിരിച്ചുപോയി.
"നിന്നെ ഞങ്ങളുടെ ആദ്യത്തെ കൊച്ചിന്റെ ആദ്യകുർബാനയ്ക്കു മുൻപ് കെട്ടിച്ചേക്കാമെടാ. അപ്പോഴല്ലേ തനിക്കു പ്രായമാകൂ മനുഷ്യാ..."
എബിൻ അവനെ വീണ്ടും തമാശയിൽ പിടിച്ചിട്ടു.
"മതിയേ... എന്റെ പൊന്നു ചേട്ടായി. ഒരു ജോലി വേണം അപ്പോഴേക്കും! വെക്കാനും വിളമ്പാനും പഠിച്ചു. ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയേക്കാം."
ഡെയ്‌സ് തമാശകലർന്ന ഗൗരവത്തിൽ മറുപടി നൽകി.
"അഞ്ജലി, നീ വണ്ടി അപ്പുറത്തു ചെന്നിട്ടു റൈറ്റിലേക്കു വിടണേ.. ഇവനെ നമുക്ക് അടുത്തയാഴ്ച കോളേജിൽ
ചേർത്തേക്കാം, ഹോട്ടൽ മാനേജ്മെന്റിന്. താൽക്കാലമിന്നു,എനിക്ക് എന്റെ കുറച്ചു റിലേറ്റിവ്‌സിനെ കാണാനുണ്ട്."
അവൾ കാറിന്റെ ഗിയർ ചേഞ്ച് ചെയ്തു, ചിരിച്ചു കൊണ്ട്.
ഫെബ്രുവരി 20; 9:15 pm
രാത്രി പള്ളി അടച്ചതിനു ശേഷം ദേവസ്സിച്ചേട്ടനുമായി അല്പനേരം വർത്തമാനം പറഞ്ഞു നിന്ന ശേഷമാണ് എബിൻ തന്റെ കാറിൽ വീട്ടിലെത്തിയത്. താൻ പള്ളിയിലായിരുന്ന സമയം വളരെ ശക്തിയേറിയ ഒരു മഴ പെയ്തുതോർന്നിരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. രാവിലെ മുതൽ യാത്രയായതിനാൽ എബിനും അഞ്ജലിയും ഡെയ്‌സും വളരെ ക്ഷീണിതരായിരുന്നു. അവരിരുവരെയും വീട്ടിലാക്കിയ ശേഷം അവൻ പള്ളിയിൽ പോയതായിരുന്നു, പതിവ് മുടക്കാതെ.
കാർ പാർക്ക് ചെയ്തു കോളിംഗ്ബെൽ അടിച്ച ശേഷവും ആരുടേയും അനക്കമില്ലാതെ വന്നപ്പോൾ അവൻ മെയിൻ ഡോറിൽ മുട്ടുവാനാഞ്ഞു. അവന്റെ കൈകളുടെ ആക്കം നിമിത്തം പക്ഷെ അത് തനിയെ തുറന്നു പോയതേയുള്ളു.
തുടരും...

