Hibon Chacko

Romance Crime Thriller

4  

Hibon Chacko

Romance Crime Thriller

ദി ഫിസിഷ്യൻ (ഭാഗം-10)

ദി ഫിസിഷ്യൻ (ഭാഗം-10)

6 mins
236


കോരിച്ചൊരിയുന്ന മഴയിൽ ഡോർ തുറന്നിറങ്ങിയ അവൾ അല്പസമയം ഒന്ന് നിവർന്നു നിന്ന ശേഷം തന്റെ ചുരിദാറിന്റെ ഷാൾ ഒന്നുകൂടി ഷോൾഡറിനും നെഞ്ചിനും മറയായി, വട്ടത്തിലായി ചുറ്റിവെച്ചു. പിന്നെ പതിയെ വീടിനുള്ളിലേക്ക് നടന്നു തുടങ്ങി.


നനഞ്ഞു കുതിർന്നു തന്റെ മുന്നിലെത്തിയ ജെഷിയെ കണ്ടു ആമോസ് അമ്പരന്നു. അവൾ, എബിന് ചുറ്റുമായി കരഞ്ഞു കൊണ്ടിരിക്കുന്ന അഞ്ജലിയെയും ഡെയ്‌സിനേയും നോക്കി. അഞ്ജലിക്ക് കരച്ചിലോടു കൂടിത്തന്നെ അവളെ തിരികെയൊന്നു നോക്കുവാനേ കഴിയുമായിരുന്നുള്ളൂ. ആമോസ് പതിയെ ജെഷിയുടെ മുന്നിലേക്ക് ചേർന്നു വന്നു. പതുക്കെ അവളോടായി പറഞ്ഞു;


"വാവ്... നിന്നെ കൊല്ലാനാടി വിളിച്ചത്. പക്ഷെ, ഇനി എനിക്കതിനു പറ്റുമെന്ന് തോന്നുന്നില്ല! നീ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. 

ഐ ലവ് യൂ ജേഷി, നിന്നെ വേണം..."


 ശേഷം അവൻ രണ്ടു സ്റ്റെപ് പിറകോട്ടു നീങ്ങി, പിറകിലായുള്ള നാൽവർ സംഘത്തോടായി പറഞ്ഞു;


"രാത്രി കുറേ ആയില്ലേടാ ഉവ്വേ!? മഴ ഉടനെയൊന്നും കുറയുന്ന ലക്ഷണമില്ല. നിങ്ങൾ അപ്പുറത്തെങ്ങാനുമിരുന്നു ഡിന്നർ കഴിക്ക്. എന്റെ ജെഷിമോള് വന്നു, ഞാനൊന്നു റിലാക്സ് ചെയ്യട്ടെ. അവള് കഷ്ട്ടപ്പെട്ടു ഈ പാതിരാത്രിയിൽ ഒറ്റയ്ക്ക് ഇത്ര ദൂരം ഡ്രൈവും ചെയ്ത്, അതുമീ നിലത്തുകിടക്കുന്ന മണ്ടന്റെ വാക്കും കേട്ടു വന്നതാവണം...

എന്തായാലും നന്നായി. ഞാൻ ജെഷിയെ ഒന്ന് ചെക്ക് ചെയ്തു മെഡിസിൻ കൊടുക്കാം. അല്ലെ ജെഷി...!?"


 ജെഷി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ആമോസിന്റെ കൂട്ടാളികളായ നാലുപേർ അപ്പുറത്തെ റൂമുകളിലേക്കെന്ന പോലെ നടന്നകന്നു. അവൻ ജെഷിയുടെ അടുക്കലേക്കു വീണ്ടും തന്റെ ചുവടുകൾ ചലിപ്പിച്ചു. ഉടനെ കരഞ്ഞു കൊണ്ടിരുന്ന അഞ്ജലി വികാരഭരിതയായി ജെഷിയോടായി അലറി പറഞ്ഞു;


"ജെഷീ, കൊന്നുകൂടെ അവനെ നിനക്ക്...?"


അതു കേട്ടു അവളോ ആമോസോ അനങ്ങിയില്ല. അവൻ അവളുടെ ഷാൾ തന്റെ ഇരുകരങ്ങൾ കൊണ്ടും പതുക്കെ അഴിച്ചുമാറ്റിക്കൊണ്ടിരിക്കുന്ന സമയത്തിനുള്ളിൽ, തന്റെ അരയുടെ പിറകിലായി ടോപ്പിന്റെയും ബോട്ടത്തിന്റെയും സഹായത്തോടെ ഒളിപ്പിച്ചിരുന്ന രണ്ടു മൂർച്ചയേറിയ കത്തികളെടുത്തു ജെഷി അവന്റെ ഇടുപ്പിന്റെ ഇരുവശത്തും ആഴത്തിൽ കുത്തിയിറക്കി. 


നിമിഷനേരത്തിനുള്ളിൽ നടന്ന ഈ പ്രക്രിയയ്‍ക്കൊടുവിൽ, ഊരിമാറ്റാറായ ഷാളുമായി അവന്റെ ഇരുകരങ്ങളും ഉയർന്നു നിന്നു. അവന്റെ വായ തുറന്നു, അവൻ കണ്ണുകൾ മിഴിച്ചു. ശബ്ദം എന്തെങ്കിലും പുറപ്പെടുവിക്കുവാൻ അവനു ശ്രമം നടത്തുവാൻ പോലും അവസരം നൽകാതെ അവൾ, അവനിലെ കത്തികളെ ഊരി തന്റെ ഇടതുകൈയ്യിലെ കത്തി അവന്റെ തൊണ്ടയിൽ കുത്തിയിറക്കി കൊണ്ടു അവനെ നിലത്തേക്ക് മലർത്തിയിട്ടു- പിറകിലേക്കായി. ഉടൻ തന്റെ വലതുകൈയിലെ കത്തി അവന്റെ ഹൃദയഭാഗത്തേക്കു കൂടി അവൾ കുത്തിയിറക്കി. ആ നിമിഷം തന്നെ അവൻ ചലനമറ്റു നിശ്ചലനായി.


ക്ഷണനേരം കൊണ്ടു പിന്നിട്ട ഈ രംഗങ്ങളെ വിശ്വസിക്കുവാനാകാതെ അഞ്ജലി വാ പൊത്തി തന്റെ കണ്ണുകൾ മിഴിപ്പിച്ചു നിന്നു. ഡെയ്‌സാകട്ടെ ഞെട്ടിത്തരിച്ചു എഴുന്നേറ്റു നിന്നു. ആമോസിന്റെ ചുറ്റും രക്തം പടർന്നു തുടങ്ങി. അവന്റെ വായിലൂടെ രക്തം ഊർന്നിറങ്ങി. 


ജെഷി അവന്റെ ശരീരത്തിലുള്ള കത്തികളെ ഒരിക്കൽക്കൂടി ഊരിയെടുത്തു പിടിച്ചു കൊണ്ടു കൂട്ടാളികളെ തേടി അവർ നീങ്ങിയ വഴി ചലിച്ചു. അടുത്തൊരു റൂമിലായി ഡിന്നറിനൊപ്പം മദ്യപാനത്തിന്റെ ആരംഭത്തിലായിരുന്നു അവർ. പെട്ടെന്നു തന്നെ അവൾ ചെന്ന് റൂമിന്റെ ഡോർ പുറത്തു നിന്നും വലിച്ചടച്ചു. അപ്പോഴേക്കും അവിടെ എത്തിയ ഡെയ്‌സ് അവർ ഡോർ വലിച്ചു തുറക്കാതെ പുറത്തു നിന്നും ശക്തിയോടെ വലിച്ചു പിടിച്ചതും കൈയ്യിൽ ഗണ്ണുമായി സ്ഥലം എസ്. ഐ. യും നാല് പോലീസുകാരും അവരുടെ അടുക്കലേക്കെത്തിയതും ഒപ്പമായിരുന്നു. ശക്തിയോടെ കോരിച്ചൊരിയുന്ന മഴ പുറത്തു പെയ്തു കൊണ്ടിരിക്കുന്ന ആ സമയം ആമോസിന്റെ കൂട്ടാളികൾ ഒച്ചയിട്ടു കൊണ്ടു ഡോർ തുറക്കുവാനുള്ള ശക്തിപ്രകടനങ്ങൾ തുടങ്ങിയിരുന്നു.


ഫെബ്രുവരി 21; 3:30 am 


മഴ ഏകദേശം തോർന്ന നേരം രണ്ടു ജീപ്പ് നിറയെ പോലീസുകാർകൂടി എത്തി. അപ്പോഴേക്കും, സന്നിഹിതമായിരുന്ന രണ്ടു പോലീസ് ജീപ്പുകളിലായി ഡോക്ടർ ആമോസിന്റെ കൂട്ടാളികളായ നാലുപേരെ പോലീസുകാർ സ്ഥലം എസ്. ഐ. ജിതേന്ദ്ര പണിക്കരുടെ നേതൃത്വത്തിൽ കയറ്റി ഇരുത്തുകയായിരുന്നു. ഉടനെ ഒരു ആംബുലൻസ് കൂടി എത്തി.


പുതുതായെത്തിയ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങിവന്ന നാല് ലേഡീ പോലീസുകാർ വിലങ്ങുമായി വീടിനകത്തേക്ക് കയറി ചെന്ന ശേഷം പോലീസുകാരാൽ ചുറ്റപ്പെട്ടു നിൽക്കുകയായിരുന്ന ജെഷിയെ വിലങ്ങണിയിച്ചു. അപ്പോൾ, മർദ്ധനമേറ്റു കിടന്ന എബിനെ രണ്ടു പോലീസുകാരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി ഒരു ചെയറിൽ ഇരുത്തിയതിനു ഇരുവശവും നിൽക്കുകയായിരുന്നു തളർന്ന മുഖത്തോടെ അഞ്ജലിയും മ്ലാന മുഖവുമായി ഡെയ്‌സും. എബിൻ തളർച്ചമൂലം തന്റെ തല പിന്നോട്ട് ചായ്ച്ചു അനങ്ങാതെ ഇരുന്നു.


 അപ്പോൾ എസ്. ഐ. അവിടേയ്ക്കു കയറിവന്നു. ജെഷിയെ വനിതാ പോലീസുകാർ കൊണ്ടു പോകുവാനായി തുനിഞ്ഞു. ഡോക്ടർ ആമോസിന്റെ മൃതദേഹത്തിന് ചുറ്റും ചുറ്റിപ്പറ്റിയും കാവൽ നിന്നിരുന്ന പോലീസുകാർ എസ്. ഐ. യെ ശ്രദ്ധിച്ചു നിന്നു. വിങ്ങിയ മുഖത്തോടെ അഞ്ജലി തന്നെ നോക്കി നിൽക്കുന്നതു കണ്ട ജെഷി, വിലങ്ങുവെച്ച കൈകളുമായി പതിയെ ചുവടുവെച്ചു അവളുടെ അടുക്കലേക്കു ചെന്നു.


"നിനക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ലതും വലുതുമായ കാര്യമാ ഞാനീ ചെയ്തത്; എന്നെ സംബന്ധിച്ച്. ഞാൻ അവനോടു കൂടി പാപങ്ങൾ ചെയ്തു കൂട്ടി. ശിക്ഷയായി അവനിൽ നിന്നു തന്നെ എനിക്ക് ലഭിച്ചു. എന്നെ വേണ്ടതു പോലെ ഉപയോഗിച്ച ശേഷം അവൻ എന്നെ ഉപേക്ഷിച്ചു. 

പുതിയൊരു കുടുംബജീവിതത്തിലേക്കു പ്രവേശിച്ച എന്നെ തകർക്കുവാൻ അവൻ വീണ്ടുമെത്തി; ഭർത്താവിനെ എന്റെ ചരിത്രമെല്ലാം അറിയിച്ചു കൊണ്ട്... വിവാഹം കഴിഞ്ഞു അധികം കഴിയും മുന്പേ അയാൾ എന്നെവിട്ടു മറ്റൊരു സ്‍ത്രീയുമായി താമസം തുടങ്ങി."


അപ്പോഴേക്കും, അരുണും ബിനുച്ചേട്ടനും ആ വലിയ വീടാകെ മൂന്നു നാലു പോലീസുകാരുടെ കൂടെ പരിശോധിച്ച ശേഷം തിരികെ എല്ലാവരും നിൽക്കുന്ന വലിയ ഹാളിലേക്കെത്തി.


ജെഷി തുടർന്നു;


"അന്നുതൊട്ട് എന്റെ സമനിലയാകെ താളം തെറ്റിയതു പോലെ എനിക്ക് തോന്നിത്തുടങ്ങി. പഴയതിനെയെല്ലാം ഞാൻ മറക്കുവാനും, പുതിയൊരു നല്ല ജീവിതം തുടങ്ങുവാനും ഒരുപാട് ശ്രമിച്ചു മാനസികമായും ശാരീരികമായും പരാജിതയായി. നിന്നെ വന്നു കാണണമെന്ന് ഒരുപാട് 

ആഗ്രഹിച്ചിരുന്നു... നിന്നോട് ക്ഷമ പറയണമെന്ന വെമ്പൽ ആയിരുന്നു ആകെ. പക്ഷെ, അതിനൊന്നും എന്നെ നിന്റെ അടുക്കലെത്തിക്കുവാൻ സാധിച്ചില്ല. തളർന്നു വീടിനുള്ളിൽത്തന്നെയായിരുന്നു ഞാൻ. ചെയ്തു പോന്നിരുന്ന തെറ്റുകളെയും നഷ്ടമായ ജീവിതത്തിന്റെയും ദുഃഖഭാരം താങ്ങുവാനാകാതെ എല്ലാ ദിവസവും ഞാൻ അലറിക്കരഞ്ഞിരുന്നു; ആശ്വാസത്തിനായി."


 ഇതിനിടയിൽ എസ്. ഐ. യുടെ നേതൃത്വത്തിൽ കൃത്യവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ടായിരുന്നു.


ജെഷി തുടർന്നു;


"എന്റെ ജീവിതം, ഞാൻ പോലും ആഗ്രഹിക്കാതെ ജീവിച്ചു തീർക്കുമ്പോഴായിരുന്നു നീ അപകടത്തിലാണെന്ന് അറിയുന്നത്."


അപ്പോഴേക്കും ഇതെല്ലം ശ്രവിച്ചു നിന്നിരുന്ന അരുണിന്റെ ചിന്ത പിറകിലേക്ക് പോയി. തങ്ങൾ വന്ന കാറിൽ ബിനുച്ചേട്ടന്റെ കൂട്ടുകാരനെ തിരികെ പറഞ്ഞു വിടുന്ന സമയം, എന്തോ ഉറപ്പിച്ച മട്ടിൽ തന്റെ വീടിനുള്ളിലേക്ക് ജെഷി കയറിപ്പോകുന്നത് അവൻ ശ്രദ്ധിച്ചിരുന്നു-അല്പസമയം കഴിഞ്ഞു ഒരു ഷാൾ തന്റെ ഷോൾഡറിനു വട്ടം മൂടിയിട്ടാണവൾ തിരികെ വന്നത്.


"എന്റെ പപ്പയും മമ്മിയും തമ്മിൽ ഒരുമിച്ചു. അവർ തമ്മിലുള്ള വഴക്കുകളൊന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി കാണാനില്ലായിരുന്നു. പക്ഷേ, ഞാൻ അവർക്കു ഇപ്പോഴും അപ്പോഴും ഇനിയും ഒരു മോശം സന്താനമായിരിക്കുന്നല്ലോ എന്നോർക്കുമ്പോഴാ അഞ്ജലി വേദന...

എനിക്കൊരു ഡോക്ടറാകുവാൻ കഴിഞ്ഞില്ല, ഒരു നല്ല ഡോക്ടർ. എല്ലാമെന്റെ പ്രവർത്തികളുടെ ഫലം...എന്റെ തെറ്റുകൾ. നിനക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ... ഇപ്പോൾ എന്റെ മനസ്സിനാകെ സമാധാനവും ശരീരത്തിന് ഉണർവ്വും അനുഭവിക്കുവാനാകുന്നുണ്ട് അഞ്ജലി."


ഇത്രയും പറഞ്ഞ ശേഷം ജെഷി എബിനെയൊന്നു നോക്കി. പഴയപടി ഇരിക്കുകയായിരുന്നു അവൻ. അഞ്ജലിയോട് അവൾ വീണ്ടും തുടർന്നു;


"നിനക്ക് നന്മയും സമാധാനവും വരട്ടെ അഞ്ജലി. സമയം പോലെ എന്റെ പപ്പയെയും മമ്മിയെയും നിങ്ങളൊന്നു ചെന്നു കണ്ടു ആശ്വസിപ്പിക്കണം. തിരികെ വരുമ്പോൾ, എന്നെ സ്നേഹിക്കുവാനും 

എനിക്ക് സ്നേഹിക്കുവാനും അവരെ വേണം എനിക്ക്. വരട്ടെ..."


ജെഷി ഇത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ധൃതികൂട്ടി രണ്ടു വനിതാ പോലീസുകാർ അവളുടെ അടുത്തേക്കു വന്ന ശേഷം, അവളെ ഹാളിനു വെളിയിലേക്കു കൊണ്ടു പോയി. മഴ പൂർണ്ണമായും അപ്പോഴേക്കും അവസാനിച്ചിരുന്നു. ഉദ്ദേശം, വെളുപ്പിനെ നാല് മണിയോളമായ ആ സമയം എസ്. ഐ. വന്നതൊഴികെയുള്ള ജീപ്പുകൾ സ്റ്റേഷനിലേക്ക് പുറപ്പെട്ടു, ജെഷിയേയുമായി. അത്യാവശ്യം എല്ലാമൊന്ന് ഒതുങ്ങിയെന്നു തോന്നലായ ജിതേന്ദ്ര പണിക്കർ സർ എബിന്റെയും അഞ്ജലിയുടെയും അടുക്കലേക്കു വന്നു. ഉടനെ അരുണും ബിനുച്ചേട്ടനും അവിടേയ്ക്കു വീണ്ടും ശ്രദ്ധചെലുത്തി.


എസ്. ഐ. എല്ലാവരോടുമെന്ന പോലെ പറഞ്ഞു;


"ഇവനൊക്കെ ഇതു തന്നെയാ അവസാനം. അതാ ഞാൻ ഹോസ്പിറ്റലിലേക്ക് എടുപ്പിക്കാത്തത്. എനിക്കീ ആമോസ് എന്നു പറയുന്നവനെ നേരത്തെ അറിയാം, പണിയൊക്കെ വേണ്ടതെല്ലാം എന്റെ കയ്യിലുണ്ട്. പിന്നെ, ഞാൻ വന്നപ്പോൾ അവനു ജീവനില്ലായിരുന്നല്ലോ... അരുണും ബിനുവും സ്റ്റേഷനിലെത്തി കാര്യങ്ങൾ ചുരുക്കി ധരിപ്പിച്ച ശേഷമാണ് ഞങ്ങളൊരുമിച്ചു വേഗമിങ്ങു എത്തിയത്. അപ്പോഴേക്കും... കണ്ടല്ലോ...

ജെഷി എന്ന ഈ യുവതി ഒരു കൊലപാതകത്തിന് മുതിർന്നാണിവിടെ എത്തിയതെന്ന് ഇവർ പോലും അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ, യുവതി ഇവരെ കൃത്യത്തിനായി ഒഴിവാക്കിയതാവാം, പോരുംവഴിയുള്ള സ്റ്റേഷനിലേക്ക് ഇവരെ നയിച്ചിട്ട്. എന്തായാലും അപ്പോൾ ഞങ്ങൾ വന്നതു കൊണ്ട് മറ്റൊരു വലിയ നേട്ടം ഉണ്ടായി. ഇല്ലെങ്കിൽ മറ്റുള്ള അവന്മാരുമായി നിങ്ങൾ എത്ര നേരം മല്ലിട്ടു നിൽക്കും!"


ഇതു പറഞ്ഞു കൊണ്ടു അദ്ദേഹം ഡെയ്‌സിനെ ഒന്ന് നോക്കി ഗൗരവം പ്രകടിപ്പിച്ചു. പിന്നെ തുടർന്നു;


"ബിനുവിന്റെ അളിയനെ എനിക്കറിയാം. ഞങ്ങളൊരുമിച്ചു ഒരുകാലത്തു വർക്ക് ചെയ്തിട്ടുണ്ട്, ഇപ്പോൾ വർഷങ്ങളായി കേട്ടോ. ഇത് സ്ഥലം ആലപ്പുഴയല്ലേ, ഞാൻ കോട്ടയം എസ്. ഐ. യുമായി ബന്ധപ്പെട്ടു കൊള്ളാം. വേഗം നല്ലൊരു വക്കീലിനെ ഏർപ്പാടാക്കുക. നിങ്ങൾക്കെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ടു ജീവിക്കുവാനുള്ള എല്ലാ വകുപ്പുകളും ഈ കേസിലുണ്ട്. മൊഴികളെല്ലാം നേരത്തെ രേഖപ്പെടുത്തിയതല്ലേ, പ്രതിയെ കൊണ്ടു പോകുന്നതിനൊക്കെ മുൻപേ... ഞങ്ങൾ നിങ്ങളെ ഹോസ്പിറ്റലിലാക്കാം. പ്രതിയുടെ വാഹനം ഞങ്ങൾ കസ്റ്റഡിയിലെടുക്കും."


ശേഷം അദ്ദേഹം ഒരു കോൺസ്റ്റബിളിനെ വിളിച്ചു.


"ഏയ്... ഇവരെ അടുത്തൊരു ഹോസ്പിറ്റലിലാക്കി വേഗം വാ. അവരുടെ വണ്ടി ഇപ്പോൾ വിട്ടു കൊടുക്കാനാവില്ല. ഞാനിവിടെ വേണം... നേരം വെളുത്താൽ ഇങ്ക്വൊസ്റ് നടത്തി ബോഡി എടുക്കാം. അപ്പോഴേക്കും എല്ലാവരും അറിഞ്ഞു എത്തിക്കൊള്ളും."


ഡെയ്‌സും അരുണും ചേർന്ന്, എബിനെ താങ്ങിയെടുത്തു നടത്തിച്ചു തുടങ്ങി. അഞ്ജലിയും ബിനുച്ചേട്ടനും അവരെ അനുഗമിച്ചതും എസ്. ഐ. അല്പം ഉറക്കെ എല്ലാവരോടുമായി പറഞ്ഞു;


"എന്നാലും... നിങ്ങളോരോരുത്തരും സ്വയം തോന്നിയത് എന്തു കണ്ടിട്ടു ചെയ്തു കൂട്ടിയെന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല കേട്ടോ. ദൈവാനുഗ്രഹം എല്ലാം നന്നായി കലാശിച്ചതിൽ. ഇല്ലേൽ... വേഗം ഒരു വക്കീലിനെ തേടിപ്പിടിക്ക്. ഇന്നത്തെ ഉറക്കം ഉൾപ്പെടെ ഇത് തീരും വരെയുള്ളതു പോയിക്കിട്ടി എനിക്ക്. ആലോചിച്ചു വട്ടാകാൻ കൂടി പറ്റില്ല, വക്കീലിനോട് എന്നെ കോൺടാക്ട് ചെയ്യാൻ പറയണം എത്രയും വേഗം."


ഏതു ഭാവം പ്രകടിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിൽ എസ്. ഐ. ജിതേന്ദ്ര സാറിനെ നോക്കിയ ശേഷം അവർ കോൺസ്റ്റബിളിനെ അനുഗമിച്ചു.


ജൂൺ 21; 12:30 am 


"ഹോഹ്... ഇങ്ങനൊരു ഫസ്റ്റ് നൈറ്റ് ലോകത്തിൽ ആർക്കെങ്കിലും ഉണ്ടായിക്കാണുമോ എന്തോ...!"


ഇരുട്ടിന്റെ അകമ്പടിയിൽ എബിന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് തന്റെ ഇടതുകൈയ്യാൽ അവനെ വലയം ചെയ്തു അഞ്ജലി പറഞ്ഞു.


"അത് നേരാടീ ഡോക്ടറേ... ഫസ്റ്റ് നെറ്റിൽ പ്രഗ്നൻറ് ആയ ഭാര്യക്കെന്താ കാര്യം! ഫസ്റ്റ് നൈറ്റ് കുളമായി... ചളമായി..."


എബിൻ ചെറുചിരിയോടെ, മലർന്നു കിടക്കെ മറുപടി നൽകി.


അൽപ നേരം ആ രാത്രിയിൽ നിശബ്ദത പരന്നു. അവൾ വീണ്ടും സംസാരിച്ചു തുടങ്ങി;

"ലവ് യൂ. ഞാൻ വളരെ ഹാപ്പിയാ... പപ്പയും മമ്മിയും, അവരെ ഒന്നിച്ചു നീയെനിക്കു തന്നല്ലോ തിരികെ..."


അവൻ മറുപടിയായി പറഞ്ഞു;

"രണ്ടിനെയും ഒന്ന് ഒരുമിച്ചു കിട്ടിയാൽ, ഒന്നു കൂടി പിടിച്ചു നിർത്തി 'കെട്ടിക്കാൻ' വേണ്ടി കൂടിയാ അവരെ കല്യാണത്തിന് വിളിക്കാൻ ഞാനന്ന് പറഞ്ഞത്. വല്ലതും ഓർമ്മയുണ്ടോ!?"


അവൾ അപ്പോളൊരു കുറുമ്പത്തിയായി;

"അയ്യടാ... അവനു ചുളുവിലൊരു അപ്പനും അമ്മയുമായി. എനിവേ എബിൻ... എനിക്ക് വിശ്വസിക്കുവാനാകുന്നില്ല. അകന്നു കഴിഞ്ഞിരുന്ന ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ മകളുടെ വിവാഹം കൂടുവാനെത്തി 

പരസ്പരം വീണ്ടും ഒരുമിച്ചത്!?"


അപ്പോൾ അവൻ കൂട്ടിച്ചേർത്തു;

"എന്റെ റിലേറ്റിവ്സ് എന്നും പറഞ്ഞു നടക്കുന്നതിനെയെല്ലാം ഞാൻ കല്യാണത്തിന് ഒപ്പിച്ചെടുത്തത് എങ്ങനെയുണ്ടായിരുന്നു...? എല്ലാംകൂടി വന്നു കേമമാക്കിയില്ലേ..."


മറുപടിയായി അഞ്ജലി അവന്റെ ചെവിയിൽ പതിയെ പറഞ്ഞു;

"നീ സൂപ്പർ അല്ലേടാ...കള്ളാ..."


ഇതു കേട്ട് അവൻ ചെറുതായൊന്നു കുലുങ്ങി ചിരിച്ചു പോയി. അവൾ അവന്റെ മുഖത്തൊരു ഞുള്ളു വച്ചു കൊടുത്തു.


പിന്നെയും ചെറിയൊരു നിശബ്ദത ആ റൂമിനെ ബാധിച്ചു.


ശേഷം അഞ്ജലി;

"എന്നാലും എന്റെ എബിനേ... നീ എന്ത് ധൈര്യത്തിലാടാ കയ്യുംവീശി അന്ന് ഞങ്ങളെ രക്ഷിക്കുവാനങ്ങു വന്നത്!? ഒരു പിടിയുമില്ല എനിക്ക്..."


ഇതു കേട്ടതോടെ അവൻ ഇടത്തേക്ക് ചെരിഞ്ഞു ഗൗരവത്തിൽ അവളോടായി മറുപടി പറഞ്ഞു;

"എടീ, നീ ജീവിക്കുവാൻ കൊതിച്ചിരിക്കുന്നൊരാൾ... ഞാൻ നിന്നെ ഇഷ്ടമുള്ളൊരാൾ... അതിൻ പ്രകാരം, എനിക്ക് നിന്നോട് ചെയ്യാനുള്ളവയെല്ലാം എന്നാൽ സംഭവിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും എന്ന് കരുതിയാൽ മതി."


ഒന്ന് നിർത്തിയ ശേഷം എബിൻ തുടർന്നു;

"ഞാൻ എന്നുമീ പ്രാർത്ഥിക്കുവാൻ പോകുന്നത് വെറുതെയാകുമോടീ? താൻ പാതി, ദൈവം പാതി. പുള്ളിക്കാരന്റെ കയ്യിൽ കറക്റ്റായി 

കണക്കുകളെല്ലാം ഉണ്ട്. അതുവെച്ചു പുള്ളി കൊടുക്കേണ്ടത്... അല്ലല്ലോ- പേഷ്യന്റ്‌സിനെ ചെക്ക് ചെയ്തു കൃത്യമായി ഡോസ് കൊടുക്കുവാൻ 

മൂപ്പരെക്കാൾ ബേസ്ഡ് ഡോക്ടർ വേറെയാരാടീ ഉള്ളത്..!?"


ഒന്നു കൂടി നിർത്തിയ ശേഷം അവൻ തുടർന്നു;

"ഹ...! എടീ, നീ കൃത്യമായി എന്റെയടുത്തു വന്നു... ഞാൻ നിന്നെ സ്നേഹിച്ചു... നിനക്ക് വേണ്ടതെല്ലാം ചെയ്തു തന്നു കൂടെ നിന്നു...അങ്ങനെ നീയെന്ന വ്യക്തി രക്ഷപെടുവാൻ, നിനക്കൊരു പുതിയ ലൈഫ് കിട്ടുവാൻ കാരണമായത് ഞാനല്ലേടീ... ഒന്ന് നന്നായി ഓർത്തു നോക്കിക്കേ, ഞാനല്ലേ റിയൽ ഹീറോ!?"


അഞ്ജലി ഉടൻ മറുപടി നൽകി;

"അതൊക്കെ എനിക്കറിയാം എന്റെ എബിൻ ജോസഫ്, മൈ റിയൽ ഫിസിഷൻ. ഹാ... പിന്നൊരു കാര്യം കേൾക്കണോ...!"


'എന്താ' എന്ന അർത്ഥത്തിൽ അവൻ മൂളി.


"പത്രമെടുത്തു ഇന്നും അരിച്ചുപെറുക്കുന്നതു കണ്ടു നമ്മുടെ വികാസ് ഭായ്. എന്റെ പൊന്നോ... അന്ന് ജെഷിയുടെ വീട്ടിൽ നിന്നും, അരുണും മറ്റും പോയ കാർ തിരികെ പുള്ളിയുടെ കയ്യിൽ കൊടുത്തു വിട്ടതിൻ പുറത്തു, കേസ് നടന്നപ്പോൾ വിറച്ച വിറയാ... ഇപ്പോഴും അത് മാറിയിട്ടില്ല... പാവം!"


അഞ്ജലി ഇങ്ങനെ ലാഘവത്തിൽ മറുപടി നൽകി.


"ദൈവാനുഗ്രഹം കൊണ്ടു എല്ലാം ഭംഗിയായി. വക്കീല് കലക്കി... ജെഷിക്കു പരമാവധി ചെറിയ ശിക്ഷ... പിന്നെ മറ്റവന്മാർക്കു ചെറിയൊരു 

പണിയുമായി, ജയിലിൽ തൽക്കാലം! എന്തൊക്കെയാണല്ലേ...!"

എബിനും കാണിച്ചു ലാഘവത്വം, തന്റെയീ വാചകങ്ങളിൽ.


"എന്നാലും എന്റെ എബിൻജീ, എന്തോ ഒരു മിസ്സിംഗ് പോലെ... അല്ലെ!?"

അവൾ ഉടനെ തന്റെയൊരു ചെറുസംശയം തമാശരൂപേണ പ്രകടമാക്കി.

"അത് നല്ലതാടീ, മുന്നോട്ടു ജീവിക്കുവാൻ. പിന്നേ... പ്രഗ്നന്റായിപ്പോയി... ആ... കിടന്നോ വേഗം..."


എബിൻ ഇങ്ങനെ മറുപടി നൽകിക്കൊണ്ട് അഞ്ജലിയുടെ നെറുകയിൽ ചുംബിച്ചു. അവൾ പുഞ്ചിരിതൂകി തന്റെ കണ്ണുകൾ ഇറുക്കിയടച്ചു.


അവസാനിച്ചു. 


Rate this content
Log in

Similar malayalam story from Romance