Hibon Chacko

Romance Action Thriller

3  

Hibon Chacko

Romance Action Thriller

ദി ഓപ്പറേറ്റർ (ഭാഗം - 7)

ദി ഓപ്പറേറ്റർ (ഭാഗം - 7)

3 mins
185


“മതി, ഒന്ന് നിർത്തി താ. ഞാൻ കെട്ടാൻ തന്നെയാ ഉദ്ദേശം! പോരെ!?” 


മറുപടിയായി എന്തോ സംശയം പ്രകടമാക്കുവാൻ തുടങ്ങവെ ആരാധനയെ, അവശത പിടികൂടി അലസയാക്കിക്കളഞ്ഞു. അവളാകെയൊരു വല്ലായ്മ പ്രകടമാക്കി അതിലും അസംതൃപ്തയായ വിധം അരാമിയ്ക്കരുകിലായി ഇരുന്നു. ഇരുവരും, നേരം ഇരുട്ടും വരെ നിശ്ചലമായി അവിടെ ഇരുകണ്ണുകളും മുന്നോട്ട് നട്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഒരുനേരം അരാമി പറഞ്ഞു; 


“വാടീ, എഴുന്നേറ്റ് വാ... സമയം എന്തായെന്നാ...” 

ആരാധന മറുപടിയില്ലാതെ എഴുന്നേറ്റു. 


സമയം വൈകുന്നേരം 6 മണി 


തന്റെ മുന്നിലിരിക്കുന്ന യുവാവിന്റെ നിർമലത തോന്നിക്കുന്ന ചിരിയിൽ കണ്ണുംനട്ട് അൽപനേരം മദർ മറിയം ത്രേസ്യ ഇരുന്നു പോയി. 

“എനിക്കിതങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല... പക്ഷെ... പക്ഷെ, മോൻ പറയുന്നതെല്ലാം എനിക്ക് വിശ്വാസമാണ്!” 

തലയനക്കി ഇങ്ങനെ പറഞ്ഞു മദർ അത്ഭുതം പ്രകടമാക്കി. 


“കുറച്ചധികം വർഷങ്ങളായി ഞങ്ങൾ ഇഷ്ടത്തിലായിട്ട്... കൃത്യമായി പറയുന്നേൽ അവൾക്ക് എല്ലാമൊരു വാശിയാണ്. വാശിയോടെയേ എന്തും ചെയ്യൂ... പറയൂ... ചില സമയങ്ങളിൽ അവളുടെ പെരുമാറ്റം ഒരു മനസികരോഗിയെപ്പോലെയാണ്!” 

യുവാവ് പുഞ്ചിരി വിടാതെ ഇങ്ങനെ പറഞ്ഞു, തിളക്കമാർന്ന മിഴികളോടെ! 


“പക്ഷെ... അവള്... ശരിയാ പറഞ്ഞത്!” 

അത്ഭുതം വിടാതെ മദർ പറഞ്ഞൊപ്പിച്ചു കൊടുത്തു. 

“ഞങ്ങൾ സംസാരിക്കുന്ന സമയം, വാശി വരുന്ന സമയത്ത് അവൾ എന്തെങ്കിലുമൊരു കാര്യം ചെയ്യുമെന്ന് തറപ്പിച്ചു പറയുകയും ആ പറച്ചിലിൽ നിന്നു കൂടി ഉണ്ടാകുന്ന മറ്റൊരു വാശിക്ക് അവ ചെയ്തു കൂട്ടുവാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.” 


യുവാവിന്റെ വാചകങ്ങൾ മദറിന് കേൾക്കുന്നതിനൊപ്പം അമ്പരപ്പ് പ്രകടമാക്കുവാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല. അയാൾ തുടർന്നു; 

“... പക്ഷെ, ഞാൻ അവളെ മനസ്സാലെ ഒരിയ്ക്കലും കുറ്റപ്പെടുത്തില്ല. അവളെ ഞാൻ സ്നേഹിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ അവളുടെ എല്ലാ കാര്യങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ് എന്നു ഞാൻ വിശ്വസിക്കുന്നു. കാരണം, സ്നേഹത്തേക്കാളും വിശ്വാസത്തെക്കാളും വലുതല്ലല്ലോ ഒന്നും... ഇവയ്ക്ക് രണ്ടിനും ലോകത്തിൽ പകരമായി മറ്റൊന്നും ഇല്ല താനും!” 


ഒന്ന് നിർത്തിയ ശേഷം അയാൾ വീണ്ടും തുടർന്നു; 

“ഞാൻ പറഞ്ഞില്ലേ മദർ? എല്ലാ ദിവസവും സംസാരിക്കുമ്പോഴും ഫോൺ വിളിക്കുമ്പോഴുമൊക്കെ വാശിയോടെ ഓരോന്ന് പറയും എന്നോട്. അതിലെ കഴമ്പില്ലായ്മ മനസ്സിലാക്കിയുള്ള, എന്റെ വാക്കുകൾ ഇല്ലാത്ത അല്ലെങ്കിൽ ഞാൻ സ്വയമറിയാത്ത എന്റെ മറുപടികൾ പോലും തിരിച്ചറിഞ്ഞു അവൾ വാശിക്ക് ഇറങ്ങി പുറപ്പെടും. അവൾക്ക്, വരുന്ന വാശിയും ദേഷ്യവും തീർക്കണം.” 


വീണ്ടുമൊരിക്കൽക്കൂടി നിർത്തിയ ശേഷം യുവാവ് തുടർന്നു; 

“ഞാൻ ആലോചിക്കുമ്പോൾ... ഇതൊക്കെ തലയിൽ വെക്കാൻ അവൾക്കാരാ ഉള്ളത്! അവളോടൊപ്പം ഞാൻ നിന്നില്ലെങ്കിൽ...” 

ഇത്രയുമായപ്പോഴേക്കും മദറിന് വല്ലാത്ത സന്തോഷമായി. യുവാവിനെ വീണ്ടും കേൾക്കുവാനായി അവർ നോക്കിയിരുന്നു. 


“അത്യാവശ്യം ആയോധന കല ചെറുപ്പത്തിലേ ശീലമാണ്, പിന്നൊരു മിലട്ടറിക്കാരനും! ഇവ രണ്ടും എന്നിൽ സമ്മേളിച്ചിരിക്കുന്നതിനാലുള്ള പയറ്റാണ് ഇവിടെ വരെ ഈ കാര്യത്തിൽ എന്നെ എത്തിച്ചത്, കുറച്ചു ഭാഗ്യവും. ദേഷ്യവും വിഷമവും മടുപ്പും അവളുടെ പ്രവർത്തികൾ 

സമ്മാനിക്കുമ്പോൾ -അവയെല്ലാം എന്റെ മനസ്സിൽ കൂടിച്ചേർന്ന് 

പുറത്തു വരുന്നത് അവളോടുള്ള സ്നേഹവും ചുണ്ടിൽ വിരിയുന്നൊരു പുഞ്ചിരിയുമായാണ് അമ്മേ.” 


അവന്റെ ഈ വാചകങ്ങൾക്ക് മദർ സന്തോഷത്തോടെ മറുപടി തുടങ്ങി; 

“എനിക്കെല്ലാം വിശ്വാസമാണ്... അവളെനിക്കെന്റെ മകളാണ്, ഇനിയിപ്പമൊരു മകനും കൂടിയാകട്ടെ! മോനെ ദൈവമായിട്ട് എനിക്ക് തന്നതാ, അവൾക്കായി. എന്താ ഇപ്പോൾ പറയുകയെന്ന് എനിക്ക് അറിയില്ല...” 

ഇത്രയും പറഞ്ഞു ഒരു വിധമെന്ന പോലെ മദർ ഇരുന്നു. 


അവൻ ഉടൻ പറഞ്ഞു; 

“എന്റെ ലീവ്, അമ്മേ ഏകദേശം കഴിയാറായി. എനിക്കവളെ വിവാഹം ചെയ്തുകൊള്ളാമെന്ന് ആഗ്രഹം ഉണ്ട്. അതിനായിട്ടാ ഞാൻ അമ്മയെ കാണുവാൻ ഇവിടെ ഇപ്പോൾ വന്നത്. ബാക്കി കാര്യങ്ങളെല്ലാം എനിക്ക് കൈകാര്യം ചെയ്തു ഇപ്പോൾ ശീലമായി...” 


വാചകങ്ങൾ അവസാനിക്കുമ്പോഴേക്കും ഒരു കള്ളപ്പുഞ്ചിരി അവന്റെ മുഖത്തു നിന്നും പൊഴിഞ്ഞു വീണു. മദറാകട്ടെ, സന്തോഷത്തോടെ അവനെ നോക്കിയിരുന്നു. ചിരിയോടെ അവനും അമ്മയുടെ മുൻപിൽ ഇരുന്നു. 


പതിവ്‌ സായാഹ്നങ്ങളിൽ വരാറുള്ള, കടൽക്കരയിലെ പരന്നു നീണ്ടു കിടക്കുന്ന മതിലിൽ ഇരിക്കുകയായിരുന്നു അരാമി. പാകതയോടെയെന്ന പോലെ അവൾ, മറയുവാൻ തുടങ്ങുന്ന സൂര്യനെ നോക്കിയിരുന്നപ്പോൾ ഒരു സ്വരം തേടിയെത്തി. 


“അമ്മ നിന്നെ വിളിക്കുന്നുണ്ട്... കൂട്ടിക്കൊണ്ട് പോകാൻ പറഞ്ഞെന്നെ അയച്ചതാ, ഇപ്പോൾ വിളിച്ചു കാണുമല്ലോ നിന്നെ?” 

സ്വരം കേട്ടിടത്തേക്ക് അവൾ നോക്കി- കറുത്ത വേഷധാരി, എന്നാൽ മുഖം മാത്രം ആർക്കുമറിയാത്ത തന്റെ രഹസ്യകാമുകന്റെ! 


അവൾ ചാടിയെഴുന്നേറ്റു പോയി, ഹൃദയമിടിപ്പോടെ. അടുത്ത നിമിഷം അവനുടൻ തന്റെ കയ്യിലെ, മുഖം മറയ്ക്കുവാൻ ഉപയോഗിക്കുന്ന കറുത്ത തുണി വലിച്ചെറിഞ്ഞുവിട്ടു. ആ നിമിഷം തന്റെ മുഖത്ത് സ്ഥിരമായി പ്രഹരമേൽക്കുന്ന ഭാഗം അറിയാതെ തടവിപ്പോയി അരാമി- അവനെ നോക്കി നിന്ന്. കുറച്ചു നിമിഷം അവരങ്ങനെ പരസ്പരം നോക്കി നിന്നു. 


അടുത്ത നിമിഷം അവൻ അവളുടെ കയ്യിൽ ചാടിക്കയറി പിടിച്ച് തിരിഞ്ഞു നടക്കുവാനാഞ്ഞു- അവളാകട്ടെ, അവനെ നോക്കിത്തന്നെ ബലംപിടിച്ചവിടെ നിൽക്കുവാനും. അവനുടനെ തിരിഞ്ഞ് ഒരു നിമിഷം, കൈവിടാതെ തന്നെ അവളെ നോക്കി നിന്നു. 


അടുത്ത നിമിഷം, പരിസരം ഗൗനിക്കാതെ അവനവളെ വലിച്ചടുപ്പിച്ച് ചേർത്തിറുക്കി ഇരുകവിളിലും ചുംബിച്ചു- അടുത്ത നിമിഷം അവളെ പിടിവിട്ടു. അവൾ ശ്വാസം വലിച്ചു കണ്ണുകൾ മിഴിച്ച് അവനെ നോക്കി നിന്നു പോയി. 


അവനവളെ തന്നോടു ചേർത്തു പിടിച്ചു തിരിഞ്ഞു നടന്നു തുടങ്ങി. 

“മുയൽക്കുഞ്ഞിനെപ്പോലെ എന്നത് പോകട്ടെ, നീയീ 

കോഴിക്കുഞ്ഞുങ്ങളെപ്പോലെ ആകുവാൻ തുടങ്ങിയാൽ...” 

ഒന്നു നിർത്തിയ ശേഷം അവൻ മുഴുമിപ്പിച്ചു; 

“...എങ്ങനെയാടീ മാലൂ ശരിയാവുക!?” 

മറുപടിയായി അവൾ കുറുമ്പ് മുഖത്തു വരുത്തി പറഞ്ഞു; 

“ഒന്നുപോടാ നീ ഇച്ചായാ...” 


അവനൊന്നു ചിരിച്ചു, പുഞ്ചിരി അവളും തൂകി. സായാഹ്നത്തിലെ, കടൽക്കരയുടെ തിരക്കിൽ നിന്നുമെല്ലാം ഒഴിയുവാനെന്നവണ്ണം അവർ മെല്ലെ ചേർന്ന് നടന്നു തുടങ്ങി. 


“എന്താടീ വല്ലാത്തൊരു സന്തോഷം നിനക്ക്!?” 

ഒരുവേള അവനിങ്ങനെ ചോദിച്ചു. 

“അല്ല, ഇനിയെനിക്ക് ധൈര്യമായി പകരം വീട്ടാമല്ലോ എന്നോർത്തതാ... 

ഊം നടക്ക്...” 

അവൾക്ക് മറുപടിയായി, അവൻ തുറിച്ചവളെ നോക്കി- പുഞ്ചിരിയോടെ. 


അവസാനിച്ചു.


Rate this content
Log in

Similar malayalam story from Romance