Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Romance Action Thriller


3  

Hibon Chacko

Romance Action Thriller


ദി ഓപ്പറേറ്റർ (ഭാഗം - 4)

ദി ഓപ്പറേറ്റർ (ഭാഗം - 4)

4 mins 147 4 mins 147

തൊട്ടടുത്തൊരു പഴയ സ്വിമ്മിംഗ് പൂൾ ആയിരുന്നു. അധികം വെള്ളമില്ലാതിരുന്ന ആ പൂളിലേക്ക് അവളെ അയാൾ വലിച്ചെറിഞ്ഞ ശേഷം അതിലിറങ്ങി അവളുടെ അടുത്തെത്തി. അവൾ പിടച്ച് വെള്ളത്തിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും തന്റെ വലതുകൈയ്യാൽ വെള്ളം കോരി വന്ന് അരാമിയുടെ കരണത്ത് അയാൾ ആഞ്ഞടിച്ചു. ഒരു നിമിഷം കണ്ണുകൾ മിഴിപ്പിച്ച് അനക്കമില്ലാതെ നിന്ന ശേഷം അവൾ തിരികെ വെള്ളത്തിലേക്ക് വീണു. അയാൾ അവളെ പൂളിൽ നിന്നും വലിച്ചുകയറ്റി ലാഘവത്തോടെ അവളെ തോളിലെടുത്ത് ഇരുട്ടിലേക്ക് നടന്നു. വിജനമായ ആ സ്ഥലത്താകെ അയാളുടെ ബൂട്ടിന്റെ ശബ്ദം ഭീകരത കലർന്ന ഗാംഭീര്യം പടർത്തി. 


സമയം രാത്രി 1 മണി 


ഡ്യൂട്ടി കഴിഞ്ഞു ആരാധന ക്ഷീണത്തോടെ തന്റെ ഹോസ്റ്റൽ റൂമിന്റെ പടികൾ കയറിയെത്തി. വഴിയാകെ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ- പരസ്പരം പരിചയമുള്ളവർ പോലും കണ്ടാൽ തമ്മിൽ തിരിച്ചറിയുവാൻ പതറും. റൂമിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറിയതും അരാമിയെ കാണാത്തതിൽ ഞെട്ടി -തന്റെ തളർച്ചയിലും, ശക്തിയോടെ. റൂമിൽ കാണാതെ വന്നതോടെ ബാത്‌റൂമിൽ നോക്കിയ ആരാധയ്ക്ക് നിരാശയായിരുന്നു ഫലം! കൃത്യതയില്ലാതെ പലതരം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നു പോയി തുടങ്ങി. റൂമിലെ കണ്ണാടിയുടെ മുന്നിൽ ചിന്തകളിൽ മയങ്ങി അവളങ്ങനെ നിന്നു. 


കാരണമില്ലാതെയുള്ള ആ നില്പിന് ഡോറിലുണ്ടായ രണ്ടു മൂന്നു കൊട്ടുകൾ ഇളക്കം വരുത്തി. ചിന്തിക്കാതെ തന്നെ ആരാധന വേഗം ചെന്ന് ഡോർ തുറന്നു പോയി. അപ്പോഴതാ, അരണ്ടവെളിച്ചത്തിൽ വെള്ളത്തിൽ കുതിർന്ന അരാമി കിടക്കുന്നു! അവൾ പരിശോധന നടത്തി, ബോധമില്ല. ചുറ്റുമൊന്ന് കണ്ണോടിക്കുകയും സാഹചര്യത്തിൽ നിന്നുമുണ്ടായ പ്രഷർ മൂലം അവിടമാകെയൊന്ന് ഓടി നടന്ന് നോക്കിപ്പോവുകയുമൊക്കെ ചെയ്തിട്ടും ഒന്നും കണ്ടെത്തുവാനോ കാണാനോ ആരാധനയ്ക്ക് സാധിച്ചില്ല. അവൾ തിരിച്ചോടി വന്നു തന്റെ സുഹൃത്തിനെ വലിച്ചെടുത്ത് ബെഡ്‌ഡിലേക്കിട്ടു. ശേഷം സ്വന്തം കണ്ണുകൾ അടച്ചുപിടിച്ചും-മുഖം തിരിച്ചുമൊക്കെ ഒരു വിധം, അരാമിയുടെ നനഞ്ഞ ഡ്രസ്സ്‌ മാറ്റി, വലിയൊരു പുതപ്പെടുത്ത് മൂടിയിട്ടു. അപ്പോഴാണ് അവളൊരു കാര്യം ഓർത്തത് -അവൾ തന്റെ ഫോണെടുത്ത് അരാമിയെ വിളിച്ചു. ഫോൺ പക്ഷെ റിങ് ചെയ്തത് അരാമിയുടെ സ്വന്തം ഡ്രോയറിൽ നിന്നു തന്നെയായിരുന്നു! 


കോൾ കട്ട്‌ ചെയ്തു ഇരുകൈകളും അരയ്ക്കു കൊടുത്തു ആരാധന, ബോധമറ്റു കിടക്കുന്ന അരാമിയെ നോക്കി ഇങ്ങനെ പറഞ്ഞു; 


“ഹെന്റെ പൊന്നോ... നിന്നെ സമ്മതിച്ചിരിക്കുന്നു...” 

ഒന്ന് നിർത്തി അവൾ തുടർന്നു പറഞ്ഞു; 

“ഒരു കാര്യം ചെയ്യ്, റസ്റ്റ് എടുക്ക് നീ... നല്ല ക്ഷീണം കാണും.” 

ഇത്രയും പറഞ്ഞപ്പോഴേക്കും ആരാധന സ്വന്തം ക്ഷീണത്തിൻ പുറത്ത് ഒരു കോട്ടുവായിട്ടു പോയി! അടുത്ത നിമിഷം അവൾ തന്റെ മനസ്സുമാറ്റി; 


“അങ്ങനെയിപ്പോൾ നീ തത്കാലം റസ്റ്റ് എടുക്കണ്ട! എന്താ വിശേഷങ്ങളെന്ന് ഞാനും കൂടിയൊന്ന് അറിയട്ടെ, എന്തായാലും എനിക്ക് ചിലതൊക്കെ ഉറപ്പായി ഏതാണ്ട്...” 


ഇങ്ങനെ സ്വയം പറഞ്ഞശേഷം ടേബിളിലിരുന്ന ഒരു ഹാഫ്-ബോട്ടിൽ മിനറൽ വാട്ടറെടുത്തു അവൾ, ഒരു കൈ വെള്ളമാകെ അരാമിയുടെ മുഖത്തേക്കൊഴിച്ചു. അവൾ ഞെട്ടിയുണർന്നിരുന്നു, വർദ്ധിച്ച ശ്വാസോച്ഛാസത്തോടെ. അരാമിയുടെ കിതപ്പു കണ്ട ആരാധന, ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് വേഗം അവൾക്ക് നൽകി. ഊർന്നു മാറിയ പുതപ്പിനു പുറമെ, അർദ്ധനഗ്നയായിരുന്ന വെള്ളം മുഴുവനായും കുടിച്ചുതീർത്ത അരാമിയോട് അവൾ ചോദിച്ചു; 


“എന്തുവാടീ ഇത്‌...?” 


തന്റെ നഗ്നതയിലേക്ക് ഊന്നിയ ഈ വാചകങ്ങൾക്ക് മറുപടിയായി ലക്ഷ്യമില്ലാത്ത രോക്ഷം കലർന്ന മുഖഭാവവുമായി അരാമി തന്റെ സുഹൃത്തിനെ നോക്കി. പിന്നെ പുതപ്പിനാൽ തന്റെ നഗ്നത മറച്ചു രൗദ്രഭാവത്തിൽ ചോദിച്ചു; 

“എവിടെടീ ആ പന്നി?!” 


കാത്തിരുന്നെന്നപോലെ വന്നു ആരാധനയുടെ മറുപടി; 

“നിന്നെയിവിടെ കുളിപ്പിച്ച് കൊണ്ടിട്ടിട്ട് മര്യാദക്ക് തിരിച്ചു പോയി. ദേ, കവിൾ ചുവന്നു കിടക്കുന്നു...” 

ഒന്നു നിർത്തി അവൾ തുടർന്നു; 

“എന്റെ ക്ഷീണമെല്ലാം ഇത്രയും നേരം കൊണ്ട് പോയി. എന്തായാലും, നിനക്ക് പറ്റിയ ആളാ... ഒന്ന് ട്രൈ ചെയ്തോ വേണേൽ, എല്ലാം കൊണ്ടും എന്റെ സുഹൃത്തിന് നല്ലതിനാ... എന്നാ എനിക്ക് തോന്നുന്നത്!” 


അരാമിക്ക് ദേഷ്യം കയറിയ പോലെയായി ആകെ മൊത്തം; 

“എവിടെടീ ആ പന്നീന്ന്...?” 

ആരാധന നെറ്റിചുളുപ്പിച്ചു കൊണ്ട് പറഞ്ഞു; 

“ഹ്ഹ... എന്റെയടുത്തു ചൂടായിട്ടെന്താ കാര്യം!? അയാൾ നിന്റെ മുൻപിൽ വന്നപ്പോൾ കാണിക്കാൻ മേലായിരുന്നോ ഇതൊക്കെ...” 


മറുപടിയില്ലാതെ സ്വയം പല്ലിറുമ്മിക്കൊണ്ട് അരാമി തന്റെ ബെഡ്‌ഡിൽ ഇരുന്നു. 

“പിന്നേയ്, നിന്റെ ഫോണിൽ ആരുടെയൊക്കെയോ മിസ്ഡ് കോൾസ് 

വന്നു കിടപ്പുണ്ടെന്ന് തോന്നുന്നു.” 

അരാമി തന്റെ ഫോൺ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി ഒരു കാരണമില്ലാത്ത താല്പര്യമില്ലായ്മ പ്രകടമാക്കി. 


ഒരുനിമിഷത്തെ ഇടവേളക്കുശേഷം ആരാധന വീണ്ടും അരാമിയോട് ചോദ്യങ്ങൾ തുടങ്ങി; 

“എന്നാലും ആരായിരിക്കുമെടീ അത്...! നിന്നോട് സ്നേഹമുള്ള ആരോ ആണ്. അല്ലാതെ, നിന്നെ ഉപദ്രവിക്കാനൊന്നും നോക്കാതെ... ഇങ്ങനൊക്കെ ചെയ്യണമെങ്കിൽ!” 


അരാമി ദേഷ്യത്തോടെയെന്ന പോലെ മുഖം ആരാധനയ്ക്കു നേരെ കൂർപ്പിച്ചു മറുപടി നൽകി; 

“ഇങ്ങനെ, സ്നേഹമുള്ളൊരു തെണ്ടിയും തത്കാലം എന്റെ ലൈഫിലില്ല. 

ഈ പന്നി എവിടുന്ന് വരുന്നെന്നു എനിക്കറിയില്ല!” 


ഇത്രയും കൊണ്ട് അരാമി പെട്ടെന്ന് നിർത്തി ചിന്തയിലാണ്ടിരുന്നു, ദേഷ്യത്തോടെ. അവളെ നോക്കി അല്പസമയം നിന്നതോടെ ആരാധന ചോദിച്ചു; 

“സത്യം പറ, എന്താ നിന്റെ ആവശ്യം?! ഇത്‌ ശരിയാവില്ല... ഇങ്ങനെ...” 


പെടുന്നനെ തലതിരിച്ച് ആരാധനയെ ഒന്നുരണ്ടു നിമിഷം നോക്കിയിരുന്ന ശേഷം അരാമി പറഞ്ഞു; 

“എനിക്ക് ഒരാളുടെ കൂടെ ബെഡ് ഷെയർ ചെയ്യണം! അതും, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച്...” 


ഇങ്ങനെ നിർത്തി, മൗനം ഭജിച്ചു നിൽക്കുന്ന ആരാധനയുടെ മുഖത്തു നിന്നും കണ്ണുകളെടുക്കാതെ നോക്കിയിരുന്നു അരാമി. ആരാധന അല്പസമയം അങ്ങനെ തന്നെ ചലനമില്ലാതെ നിന്നു. ശേഷം പറഞ്ഞു; 

“ഞാനന്വേഷിക്കട്ടെ, കാശുകൊടുത്താൽ ഇവിടെ ആളെ കിട്ടും.” 


ഇത്രയും പറഞ്ഞ ശേഷം അവൾ മുകളിലേക്ക് നോക്കിയെന്ന പോലെ സ്വയം പറഞ്ഞു; 

“ഈശ്വരാ..., കൂട്ടിക്കൊടുപ്പുവരെയായല്ലോ!” 

ഉടനെ എന്തോ ആലോചിച്ചെന്ന പോലെ അരാമി കേറി പറഞ്ഞു; 

“കാശുകൊടുത്ത് വാങ്ങിയാൽ എനിക്ക് പറ്റില്ല. എനിക്ക് തോന്നുന്നയാളെ വേണം. അതും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച്!” 


ആരാധന ഇടയ്ക്കുകയറി; 

“മുഖത്ത് കുറേ അടിവീഴും, എങ്ങനെയായാലും!” 

ശേഷം, അല്പസമയം കൂടി ഇരുവരും കാരണമില്ലാതെ പരസ്പരം നോക്കി സമയംകളഞ്ഞു. ആരാധന ചലിച്ചു; 

“നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അരാമി! ഞാനെന്തു പറയാനാ... 

നീയൊരുതരം, നിന്റെ ചിന്തകളും പ്രവർത്തികളും മറ്റൊരുതരം... 

ഇതില്... ഞാനെന്തു പറയാനാ...? ഇതു തന്നെയേ എനിക്ക് പറയാനുള്ളൂ!” 


വീണ്ടും ഒരിക്കൽക്കൂടി ഇരുവരും പരസ്പരം നോക്കി മൗനം ഭജിച്ചു സമയത്തെ മുന്നോട്ടു നീക്കി. ഒരു നിമിഷം, പെട്ടെന്ന് ആരാധന പറഞ്ഞു; 

“അയ്യോ, എന്റെ സമയം പോയതറിഞ്ഞില്ല! പല പരിപാടികളുമുണ്ട്, കഴിച്ചിട്ട് കിടന്നുറങ്ങുവാനുള്ളതാ... ഉറങ്ങുവാൻ കിടക്കുമ്പോഴുള്ള ഒരാശ്വാസം മാത്രമേ ഉള്ളൂ ആകെപ്പാടെ.” 


ഇതു കേട്ട് അരാമി പരിഹാസം കലർന്ന മുഖഭാവേന ആരാധനയെ നോക്കിയപ്പോൾ കരണമില്ലാതെയെന്ന പോലെ തന്റെ കൈയ്യിലെ വാച്ചിലേക്ക് നോക്കിയ ആരാധന വാചകമിങ്ങനെ നിർത്തി. ശേഷം അവൾ തന്റെ ടർക്കിയും ഡ്രെസുമെടുത്ത് ബാത്റൂമിലേക്ക് പോയി. അരാമിയാകട്ടെ, ചിന്താമഗ്നയായി സ്വന്തം ബെഡ്‌ഡിൽ തുടർന്നു. 


അല്പസമയം അങ്ങനെ തന്നെ കടന്നു പോയി. പെട്ടെന്നൊരു നിമിഷം ഡ്രോയറിൽ നിന്നും തന്റെ ഫോൺ റിങ് ചെയ്യുന്നത് അരാമി കേട്ടു. 


“ഹാ, അമ്മാ... സുഖമായിട്ടിരിക്കുന്നു.” 

പെട്ടെന്നു തന്നെ തന്റെ ഭാവമാകെ മാറ്റി അരാമി കോളെടുത്ത്, വന്ന ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. 


“അറിയാം അമ്മാ, അമ്മ പ്രാർത്ഥനയൊക്കെക്കഴിഞ്ഞു ഇപ്പോഴേ ഫ്രീ ആകൂ എന്നെനിക്ക് അറിയാവുന്നതല്ലേ,” 

ചെറുതായൊന്നു തണുത്തു കൊണ്ട് അവളുടെ അടുത്ത മറുപടി ഇങ്ങനെയായിരുന്നു! 


 പിന്നീട് അല്പസമയം മറുപടി പറയുവാനാകാത്ത വിധം അവളുടെ ചെവിയിലേക്ക് ധാര-ധാരയായി വാചകങ്ങൾ മൃദുലമായിത്തന്നെ എത്തിക്കൊണ്ടിരുന്നു. 

“അമ്മാ, അമ്മയല്ലേ ആരുമില്ലാത്ത എന്നെ വളർത്തി ഇത്രയും വലുതാക്കിയത്, ഇവിടെവരെ എത്തിച്ചത്! ഇപ്പോഴും അമ്മയ്ക്കെന്നോടുള്ള കരുതലിനു മുന്പിൽ എങ്ങനെ പ്രതികരിക്കണമെന്നു പോലും എനിക്കറിയില്ല. അമ്മയ്ക്കറിയാമല്ലോ എന്നെ...?” 


ഇത്രയുമവൾ മറുപടി പറഞ്ഞപ്പോഴേക്കും ഇടയ്ക്കു കയറി വാചകങ്ങൾ അവളുടെ ചെവിയിലേക്കെത്തി. 

“ഹമ്മ, ഞാൻ കഴിക്കാം... അമ്മ പറയുന്നയാളെത്തന്നെ കഴിക്കാം. ഞാൻ ജോലിക്ക് കയറിയതല്ലേയുള്ളൂ, കുറച്ചു സമയം മാത്രം എനിക്ക് താ... 

അതിനു മുൻപൊന്നും അമ്മയെ കർത്താവ് വിളിക്കില്ല... ഹഹ്...” 


ദയനീയത കലർന്ന വിനയഭാവത്തിൽ ഇങ്ങനെയായിരുന്നു അരാമിയുടെ ഈ മറുപടി. വീണ്ടും മറ്റൊരു മോഡിൽ അവളുടെ ചെവിയിലേക്ക് വാചകങ്ങൾ എത്തി. 

“ആ, ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ വന്നതേയുള്ളു. ഒരു ദിവസം അവിടേക്ക് ഇറങ്ങാം അമ്മാ... ശരി എന്നാൽ... അമ്മയ്ക്ക് ഉമ്മ്മ.” 


 ചെവിയിലേക്ക് ഉമ്മ എത്തുന്നതിനു മുന്പേ അവളിങ്ങനെ പ്രവർത്തിച്ച ശേഷം കോൾ കട്ട്‌ ചെയ്തു പുതച്ചുമൂടി ഇരുകണ്ണുകളും ഇറുക്കിയടച്ചു കിടന്നു. ബാത്‌റൂമിൽ നിന്നും, എന്തൊക്കെയോ ആലോചിച്ചു കൂട്ടി അല്പസമയം കഴിഞ്ഞു ആരാധന വന്നപ്പോഴേക്കും അരാമി സുഖമായി ഒരു മുയൽക്കുഞ്ഞിനെപ്പോലെ ചുരുണ്ടു കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഒന്ന് നിശ്വസിച്ചു കൊണ്ട് ആരാധന തന്റെ ഫോൺ കൈയ്യിലെടുത്ത ശേഷം ലൈറ്റ് അണച്ചു കിടന്നു. 


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Romance