sasi kurup Kurup

Tragedy Crime Thriller

3  

sasi kurup Kurup

Tragedy Crime Thriller

ബുഖാരിയുടെ മുടി

ബുഖാരിയുടെ മുടി

3 mins
165



(ഇത് ഒരു സാങ്കൽപിക കഥയാണ്. പേരുകളും സംഭവങ്ങളും ഒന്നും യാഥാർത്ഥ്യമല്ല)


ജഹാംഗീറിന്റെ ചേല ചർമ്മം ഛേദിച്ചതല്ലെന്ന സത്യം മുംതാസ് അറിയുന്നത് ഇരുൾ പുതച്ച പ്രേമ രാവുകൾ ഒട്ടനവധി കഴിഞ്ഞ് വെളിച്ചം അണയാതെ പ്രഭ ചൊരിഞ്ഞ ഒരു രാത്രിയിലാണ്.


വിഭജനകാലത്ത് ഹിന്ദുക്കളെ സഹായിച്ച ഹാജി ഹസ്സൻ സാഹിബിന്റെ കുടുംബത്തെ മൃഗീയമായി കലാപകാരികൾ കൊലപ്പെടുത്തി , കാലം കരുണയോടെ പുതപ്പിനുള്ളിൽ സൂക്ഷിച്ച ജഹാംഗീറിനെ അവർ കണ്ടില്ല.


 പ്രഭാതത്തിൽ പാൽ വാങ്ങാൻ പുറത്തിറങ്ങിയ ഗോകുൽദാസ്, ഹാജി സാഹിബിന്റെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടേക്ക് ഓടി എത്തി.

ഗോകുൽദാസിന്റെ വീട്ടിൽ മോഹൻദാസായി വളർന്ന ബാലൻ, താൻ കൊല ചെയ്യപ്പെട്ട ഹാജി സാഹിബിന്റെയും നസ്രത്ത് ബീഗത്തിന്റെയും മകനാണെന്ന് അറിയുമ്പോൾ പൊട്ടിക്കരഞ്ഞു.

അന്നു രാത്രി വളർത്തമ്മയും വളർത്തച്ചനും അറിയാതെ മോഹൻദാസ് വീടുവിട്ടു.

കാണാത്ത അമ്മയേയും, തന്റെ ജീവനു തുല്യം സ്നേഹിച്ച യശോദയെയും ഓർത്ത് എവിടേക്കോ പോകുന്ന ട്രയിനിൽ അവൻ വിലപിച്ചു.


എച്ചിൽ പാത്രങ്ങൾ കഴുകിയും കൂലിപണി ചെയ്തും ഹാജി മസ്താന്റെ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കുന്ന കടയിൽ പരിചാരകനായി എത്തുമ്പോൾ ജഹാംഗീറിന് ആശ്വാസം തോന്നി. കരുണയുടെ കെടാവിളക്കായിരുന്ന ഹാജി അണഞ്ഞു പോയപ്പോൾ കുൽസു ബീഗം ജഹാംഗീറിന് കടയുടെ ചുമതല നൽകി.


നഗരത്തിലെ തിരക്കേറിയ ബസാർ റോഡിലെ ജഹാംഗീറിന്റെ സുഗന്ധവ്യഞ്ജന കടയിൽ പല തവണ സാധനങ്ങൾ വാങ്ങിയിരുന്ന മുംതാസിനെ ആദ്യ മാത്രയിൽ തന്നെ അയാൾക്ക് ഇഷ്ടമായി.

വെള്ളിയാഴ് നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ജഹാംഗീറിനെ ബാങ്ക് വിളിക്കുന്ന ഹക്കിം ഷാ വിളിച്ചു .

അതങ്ങുറപ്പിച്ചു.

ഷായുടെ മകളാണ് മുംതാസ് .


മേഖങ്ങളിൽ തങ്ങി നിന്ന സല്ലല്ലാഹു അലൈഹി അസ്സല്ലത്തിന്റെ സങ്കീർത്തനങ്ങൾ ചെറു മഴത്തുള്ളികളായി കനിവോടെ ജഹാംഗീൽ കൃപ ചൊരിഞ്ഞു.


"ഹിന്ദു കുട്ടികളുടെ ചേലാ ചർമ്മം ഛേദിക്കില്ലല്ലോ മുംതാസ്, അതാ .."

അയാളുടെ മാറിലേക്ക് ചാഞ്ഞു മുംതാസ്.

"ആരും അറിയേണ്ട ." അടക്കിയ സ്വരത്തിൽ അവൾ പറഞ്ഞു.


അനേകം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള ഒരു വംശവൃക്ഷം നാട്ടു പാത അവസാനിക്കുന്നിടത്ത് കുടവിടർത്തി നിന്നു. കാറ്റു വീശുന്നോൾ മരത്തിലെ ഇലകൾ പ്രായഭേദം മറന്ന് കഴിഞ്ഞു പോയ കാലത്തിന്റെ നൊമ്പരങ്ങൾ ആലപിക്കും.

ആ മരത്തണലിൽ സൈക്കിൾ വെച്ച് ആരും സാധാരണ നടന്നു പോകാത്ത ദുർഗട മുൾച്ചെടികൾ നിറഞ്ഞ വിഴിയിലൂടെ ബുഖാരി എന്നും നടന്നു പോകുന്നത് ജഹാംഗീറിൽ കൗതുകമുളവാക്കി.

.വെളുത്ത ഉടുപ്പും കറുത്ത പാൻസും തലയിൽ തൊപ്പിയും ധരിച്ച് അയാൾ എവിടെയാകും പോകുന്നത്. 

 ബുഖാരിയിൽ നിന്ന് തനിക്ക് എന്തോ അറിയേണ്ടതുണ്ടെന്ന ചിന്ത അയാളിൽ മുളച്ചു വന്നു.


 പടർന്നു പന്തലിച്ച വൻമരത്തിൽ നിന്ന് എല്ലാ കാലവും സുഗന്ധമുളള ജലം പുറത്തേക്ക് ഒഴുകി . സ്ത്രീകൾ കുടങ്ങളിൽ അത് ശേഖരിച്ച് കുളിക്കാൻ കൊണ്ടുപോകും.

" ഉമ്മ, ഉമ്മ , മരങ്ങൾ ഗസ്സൽ വായിക്കുമോ" നാലു വയസ്സുകാരി ഫൗസിയ ചോദിച്ചു. വെള്ളിയാഴ്ചകളിൽ ജഹാംഗീർ വീട്ടിൽ തന്നെ ഉള്ളതിനാൽ മുംതാസും സുഗന്ധ ജലത്തിൽ കുളിക്കും.


" അതെ മക്കളെ .

ദോഷങ്ങൾ അകറ്റീടണമേ എന്ന് സല്ലള്ളാഹു അലൈഹി അസ്സല്ലത്തോട് പ്രാർത്ഥിക്കുകയാണവർ.

 ബുഖാരി കവലയിലുള്ള ബാർബർ ഷോപ്പിൽ നിന്നും ഇറങ്ങുന്നത് ജഹാംഗീർ ശ്രദ്ധിച്ചു.

ജഹാംഗീർ ഉടനെ ഷോപ്പിനുള്ളിൽ കയറി.  

മുടി വെട്ടി തിരികെ പോരുന്നതിനു മുമ്പായി ബുഖാരിയുടെ ഒരു പിടി മുടിയും അയാൾ ശേഖരിച്ചു.


വാണിജ്യ ആവശ്യങ്ങൾക്ക് പലപ്പോഴും ജഹാംഗീർ വിദേശത്ത് പോകും. ഒരാഴ്ച കഴിഞ്ഞ് മടങ്ങി എത്തും. പോകുന്നതിന് മുമ്പ് മുൻതാസിനേയും

മകളേയും കൂട്ടി അറേബ്യൻ മർഹബയിൽ പോകും. അവരുടെ കടായി ഗോസ്റ്റ് ഉം ചിക്കൻ തിക്കയും പ്രശസ്തമാണ്.

 അന്ന് വൈകുന്നേരവും കുടുബ സമേതം അവർ ആ ഹോട്ടലിൽ പോയി.


ഇനിയും നാലു മണിക്കൂർ പിന്നിടുമ്പോൾ യാത്രയാണ്.

ഭാര്യയോടും മകളോടും യാത്ര പറഞ്ഞ് എയർപോർട്ടിലേക്ക് തിരിച്ചു.


നഗരത്തിലെ വർണ്ണ പൊലിമ പിന്നിട്ട് , ചെറിയ നാല്ക്കവലകളും കൂരകളും കടന്ന്, മങ്ങിയ വെളിച്ചമുള്ള റോഡുകളിലൂടെ എയർപോർട്ട് റോഡിൽ പ്രവേശിച്ചു.

വൃക്ഷങ്ങളുടേയും വീടുകളുടേയും നിഴലുകൾ , ശിരസ്സറ്റ ശരീരങ്ങൾ ചിതറിക്കിടക്കുന്ന പോലെ തോന്നി ജഹാംഗീറിന്.


ഡൈവർക്ക് പണം നൽകി ജഹാംഗീർ പുറപ്പെടൽ കവാടത്തിലേക്ക് നടന്നു.

*********************

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങിയ മേജർ സീതാപതിയെ ആയുധധാരികളായ കമാൻഡോകൾ വിനയത്തോടെ സായുധ സേനയുടെ വാഹനത്തിലേക്ക് ആനയിച്ചു.

ഇന്റലിജൻസ് ആസ്ഥാനത്തെ പച്ച കാർഡ് ഉള്ളവർക്ക് മാത്രം പ്രവേശനമുള്ള കോറിഡോർ വഴി മേധാവിയുടെ മുറിയിൽ എത്തിച്ച കമാൻഡോകൾ പിൻവലിഞ്ഞു.

മേജർ സീതാപതിയെ അദ്ദേഹം ആലിംഗനം ചെയ്തു മുമ്പിലുള്ള കസേരയിൽ ഇരുത്തി.


കൊമ്പുകളോട് കൂടിയ പോത്തിന്റെ തലയോട്ടിയും രണ്ട് വാളകളും അദ്ദേഹമിരിക്കുന്ന കസേരയുടെ പിറകിൽ ഭിത്തിയിൽ തറച്ചു വെച്ചിട്ടുണ്ട്. ഭിത്തിയിൽ ഭയത്തിന്റെ കർട്ടൺ തൂക്കിയിട്ടിരിക്കുന്നതു പോലെ തോന്നി സീതാപതിക്ക്.


" തലമുടിയിൽ റേഡിയേഷന്റെ അംശങ്ങൾ കണ്ടുപിടിച്ചപ്പോഴെ ഞങ്ങൾ ഉറപ്പിച്ചു. അദ്ദേഹം ആഹ്ലാദത്തോടെ പറഞ്ഞു.


" മേജർ . സീതാപതി , അങ്ങയ്ക്ക് ഇനിയും വിശ്രമം ആവശ്യമാണെന്ന് മന്ത്രാലയത്തിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ട്. പതിനഞ്ച് വർഷം ജീവൻ പണയം വെച്ചാണ് നിങ്ങൾ സേവനം അനുഷ്ടിച്ചത്. രാഷ്ട്രം താങ്കളോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ, സർവീസ് റൂൾ നിങ്ങൾ ലംഘിച്ചു "


അങ്ങേക്ക് ഇനിയും പോകാം. നന്ദി.വീണ്ടും മേധാവി സീതാപതിയെ ആലിംഗനം ചെയ്തു.


താഴേക്ക് ഇറങ്ങുന്ന ആദ്യ പടിയിൽ കാൽവെച്ചപ്പോഴേക്കും പിന്നിൽ നിന്നും ചീറി പാഞ്ഞ വെടിയുണ്ട മേജർ സീതാപതിയുടെ കഴുത്തിന്റെ പിറകുഭാഗത്തുകൂടി തുളച്ച് കടന്നുപോയി.


ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മേജർ സീതാപതി വീരമൃത്യു വരിച്ച ദാരുണ സംഭവം മുഖ്യ ദിനപത്രങ്ങൾ ആദ്യ പേജിൽ തന്നെ രണ്ടു ദിവസം കഴിഞ്ഞ് പ്രസിദ്ധീകരിച്ചു.


ഗോതമ്പ് വയലുകൾ പിന്നിട്ട് കുളങ്ങളും തോടുകളും കിണറുകളും ഉള്ള ഗ്രാമത്തിൽ ഈ വാർത്ത എത്തിയില്ല.


ശിവൻ ആരതി ഉഴിഞ്ഞു പ്രഭാ ദേവി .


ത്വമേവ ശരണം മമ

രക്ഷ: രക്ഷ: മഹേശ്വര:


മക്കളെ വിളിച്ചു.

"നവീൻ, ദേവനന്ദ

മറ്റന്നാൾ ഡാഡി വരും. മുറികൾ അടുക്കി പെറുക്കി വെയ്ക്കണം.

" മമ്മി, ഡാഡിയുടെ ഇഷ്ടപ്പെട്ട പാലക് പനീർ , ദാൽ മഖൻ വാലാ , രോഗ ഗോഷ്, ക്യാരറ്റ് ഖീർ ഉണ്ടാക്കില്ലേ ?"

 രണ്ടു പേരും ഒരുമിച്ച് ചോദിച്ചു.

തീർച്ചയായും. പ്രഭാ ദേവി മക്കളെ ചേർത്ത് പിടിച്ച് തലോടി.

അവധിക്ക് വന്നാൽ ഒന്നടുത്തിരിക്കാൻ പോലും പിള്ളേർ സമ്മതിക്കില്ല. സീതാപതിയെ പോലെ ഒരു ഭർത്താവിനെ ലഭിച്ചതിൽ സന്തോഷവതിയായിരുന്നു പ്രഭാവതി .


മേജർ സീതാപതിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ എത്തി. അവിടെ നിന്നും സായുധ അകമ്പടികളോട് ഗ്രാമത്തിലേക്ക് യാത്ര തുടർന്നു. 

ഗ്രാമത്തിന് പ്രിയങ്കരനായ സീതാപതിയുടെ ചേതനയറ്റ ശരീരം വഹിക്കുന്ന ശവമഞ്ചം കണ്ട് നീരുറവകൾ വറ്റി. വൃക്ഷങ്ങൾ ഇല പൊഴിച്ചു. ദേശാടന പക്ഷികൾ വിഷാദ ഗാനങ്ങൾ ആലപിച്ചു മടങ്ങി. കറുത്ത മേഘം സൂര്യനെ മറച്ചു .


ഉമ്മറപടിയിൽ മുംതാസ് വിദൂരദയിലേക്ക് നോക്കിയിരുന്നു.

" ഉമ്മ, ഉമ്മ, ബാപ്പ എന്നു വരും.

മുംതാസ് മക്കളെ കെട്ടിപ്പിടിച്ച് തേങ്ങി .

മുറ്റത്തെ ഈന്തപ്പയോലയിൽ ദൂരെ നിന്ന് പറന്നെത്തിയ ദേശാടനകിളികൾ കലപില ശബ്ദിക്കാതെ മൂകരായി .

ശക്തിയായി പെയ്ത മഴയിൽ മുംതാസിന്റെ കണ്ണീർ ഒലിച്ച് വംശവൃക്ഷ ചുവട്ടിൽ അലിഞ്ഞുചേർന്നു. അസഖ്യം സ്ത്രീകളെ സുന്ദരികളാക്കിയ മരത്തിലെ സുഗന്ധ ജലപ്രവാഹം നിലച്ചു. വിദൂരത്തിലെ സ്ഥലരാശികളിൽ മറഞ്ഞു നിന്ന ഇരുട്ട് പതിവു തെറ്റിക്കാതെ സമാഗതമായി.


Rate this content
Log in

Similar malayalam story from Tragedy